mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

how to tackle obesity

4 ചില കണ്ടെത്തലുകൾ

Read full

സുപ്രഭാതങ്ങളിൽ അല്പം നേരത്തെ ഉണരുക എന്ന ലക്ഷ്യവുമായി പട നയിച്ച ഞാൻ എത്തിച്ചേർന്നത് വളരെ വിചിത്രമായ മറ്റൊരു ഭൂമികയിലാണ്. ഉറങ്ങുന്നതോ ഉണരുന്നതോ അല്ല പ്രസക്തമായ കാര്യം എന്നുള്ള  തിരിച്ചറിവാണ് അതെനിക്ക് സമ്മാനിച്ചത്. 

തടി കുറയ്ക്കാൻ ഒരു എളുപ്പമാർഗം.

ഇത്തരം ശീർഷകങ്ങളോടുകൂടി പ്രത്യക്ഷപ്പെടുന്ന ഒറ്റമൂലി പരിഹാരങ്ങൾ ഇന്നു ധാരാളമായി ചുറ്റുപാടും ലഭ്യമാണ്. യൂട്യൂബ് നിറയെ ഇത്തരത്തിലുള്ള എളുപ്പവാഴികളുടെ വീഡിയോകളാണ്. പുസ്തകശാലകളിൽ പ്രചോദനപരമായ പുസ്തകങ്ങൾക്ക് പ്രത്യക അലമാരകൾ ഉണ്ട്. പക്ഷെ നിങ്ങൾ ഇത്തരത്തിലുള്ള വീഡിയോയോ പുസ്തകമോ വഴി ലഭിക്കുന്ന ഒറ്റമൂലി പ്രയോഗങ്ങൾ ശ്രമിച്ചു നോക്കൂ. പലപ്പോഴും നിങ്ങക്ക് ആവശ്യമുള്ള ഫലം നല്കണമെന്നില്ല. എന്താണ് കാരണം? ആലോചിച്ചുനോക്കൂ. പല പരിഹാരങ്ങളും നമ്മുടെ അടിസ്ഥാന പ്രശത്തെ സമീപിക്കുന്നില്ല. അടിസ്ഥാന പ്രശ്നത്തിനു പരിഹാരം നൽകുന്നില്ല.

നോൺ പ്രാക്ടിസിങ് അഡ്വൈസർ (NPA) എന്നു കേട്ടിട്ടുണ്ടോ? ഞാൻ അത്തരക്കാരനല്ല. സ്വയം പ്രവർത്തിച്ചതിന്റെ ഫലമാണ് ഞാൻ നിങ്ങളോടു പങ്കിടുന്നത്. ഇതെന്റെ പച്ചയായ അനുഭവമാണ്.

ജീവിതത്തിന്റെ ഏതു കാര്യത്തിലാണെങ്കിലും ബോധപൂർവമായ മാറ്റം വരുത്തുവാൻ അടിസ്ഥാനപരമായി ചെയ്യേണ്ട ഒന്നുണ്ട്. നിങ്ങളുടെ പൊണ്ണത്തടി കുറക്കുന്ന കാര്യമാണെങ്കിലും, ലഹരി ഉപയോഗത്തിൽ നിന്നും രക്ഷപ്പെടുന്ന കാര്യമാണെങ്കിലും, പരീക്ഷകളിൽ വിജയം വരിക്കുന്ന കാര്യമാണെങ്കിലും, ഇഷ്ടമുള്ള ജോലി സാമ്പാദിക്കുന്ന കാര്യമാണെങ്കിലും നമ്മൾ ആദ്യം ചെയ്യേണ്ടത് നമ്മുടെ മനസ്സിനെ അറിയുക എന്നതാണ്. മറ്റൊരാളായി മാറി നിന്നുകൊണ്ട് സ്വന്തം മനസ്സിനെ നിരീക്ഷിക്കുക. നമ്മൾ ആഗ്രഹിക്കുന്നതിനെയും നമ്മൾ എടുക്കുന്ന തീരുമാനത്തെയും നമ്മുടെ മനസ്സ് എങ്ങിനെയാണ് തകിടം മറിക്കുന്നതെന്നു തിരിച്ചറിയുക. ആ തിരിച്ചറിവ് വലിയ ഒരു പാഠമാണ്. നമ്മുടെ മനസ്സിന്റെ പൂർണ്ണ സഹകരണം ഇല്ലാതെ അല്പം ബുദ്ധിമുട്ടുള്ള ഒരു കാര്യവും നമുക്കു നേടാൻ കഴിയില്ല. ഇത് പല അന്വേഷികളും പല തവണ പറഞ്ഞിട്ടുള്ള കാര്യമാണ്. എന്റെ കണ്ടുപിടിത്തമല്ല. പക്ഷെ എനിക്കു ബോദ്ധ്യം വന്നതാണ്. 

സ്വന്തം മനസ്സിനെ അറിഞ്ഞുകഴിഞ്ഞാൽ ആ മനസ്സിനോട് ഒരു സുഹൃത്തിനോടെന്നപോലെ സംവദിക്കുക. "സുഹൃത്തേ, എനിക്കു വേണ്ടത് ഇതാണ്, പക്ഷെ നീ എനിക്കു തരുന്നത് മറ്റൊന്നാണ്. അതിനി നടക്കില്ല." നമ്മൾ നിരന്തരം മബസ്സിനോട് ഇങ്ങനെ പറഞ്ഞാൽ മനസ്സു നമ്മോടൊപ്പം നിൽക്കും. എന്തു കാര്യവും നമുക്കു നേടിയെടുക്കുവാൻ കഴിയും. 

മുൻപ് വിവരിച്ചതുപോലെ, ഞാൻ എന്റെ മനസ്സിനെ നിരീക്ഷിച്ചു. കൊച്ചു കൊച്ചു സുഖങ്ങൾ കാട്ടി, വലിയ തീരുമാനങ്ങളിൽ നിന്നും എന്നെ നിരന്തരം പിന്തിരിപ്പിച്ചിരുന്ന മനസിനോട് ഞാൻ പറഞ്ഞു, "മനസ്സേ, സുഖം വേണ്ടത് നിനക്കാണ്, നിന്നെ സുഖിപ്പിക്കലല്ല എന്റെ പണി. അതുകൊണ്ട് ഞാൻ ആവശ്യപ്പെടുന്നതുപോലെ എന്നോടൊപ്പം നിന്നു പ്രവർത്തിക്കുക." നിരന്തരമായ ഇത്തരം സംവാദങ്ങൾ പ്രയോജനം ചെയ്തു തുടങ്ങിയിരിക്കുന്നു. നിർദ്ദോഷമായ ചില ശീലങ്ങളിൽ നിന്നും ഞാൻ വിടുതൽ പ്രാപിച്ചു വരുന്നു. അതെന്നിൽ ആത്മവിശ്വാസം വളർത്തുന്നു.

ബഹുഭൂരിപക്ഷത്തെയും പോലെ സ്വാദിഷ്ടമായ ഭക്ഷണം എനിക്കും ഒരു ദൗർബല്യമായിരുന്നു.  ഇഷ്ടപ്പെട്ടത് സമയകാലങ്ങൾ നോക്കാതെ വലിച്ചുകേറ്റി ദഹനക്കേടിൽ തുടങ്ങി ഉറക്കനഷ്ടത്തിൽ കലാശിച്ച എത്രയോ എപ്പിസോഡുകൾ എനിക്കുണ്ടായിട്ടുണ്ട്. ഇത്തരം അനുഭവം നിങ്ങളിൽ ഭൂരിപക്ഷത്തിനും ഉണ്ടായടിക്കാണും. 

ഇന്നൊരു പാർട്ടി ഉണ്ടായിരുന്നു. പല പ്ലാറ്ററുകളിൽ രുചികരമായ സ്നാക്കുകൾ, പാനീയങ്ങൾ ഒക്കെ നിർലോഭം എടുത്തു കഴിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഞാൻ മനസ്സിനോട് പറഞ്ഞു, "എടേ, നീ ഇതെല്ലാം കൂടി എന്നെക്കൊണ്ട് തീറ്റിച്ചാൽ എന്റെ വയറ് കഷ്ടപ്പെടും. എന്റെ ഉറക്കം കുളമാകും, എന്റെ കൊളസ്‌ട്രോൾ ലെവൽ കുതിച്ചു കേറും. എനിക്കു കുറ്റബോധം ഉണ്ടാകും. ഞാൻ വിഷാദിയാകും. നീ ഉപദേശിക്കും 'ചുമ്മാ കിട്ടുന്നതല്ലേ, തട്ടിക്കൊ, വൈകിട്ട് അര മണിക്കൂർ exercise ചെയ്യാം.' എന്ന്. എനിക്കറിയാം വൈകുന്നേരമാകുമ്പോൾ നീ എന്നെ വിദഗ്ധമായി ഫേസ്ബുക് റീലുകളിലേക്ക് തിരിച്ചു വിടും. അതുകൊണ്ട്  വേണ്ട."

ഇന്നു ഞാൻ പറഞ്ഞത് മനസ്സു കേട്ടു. എന്നെ അവൻ അധികം നിർബന്ധിച്ചില്ല. അല്പം കഴിച്ചു. അതുകൊണ്ട് ഞാൻ ഇപ്പോഴും അസുഖാവസ്ഥയിൽ എത്താതെയിരിക്കുന്നു. അതല്ലേ സുഖം? നാക്കിലൂടെ കൂടുതൽ സുഖം നേടിയിട്ട്, വയറിലൂടെ ദുഃഖക്കയത്തിൽ വീഴുന്നതിലും എത്രയോ നല്ലതാണ്, കുറച്ചു സുഖം നാക്കിലൂടെ നേടി, അതു നിലനിർത്തുക എന്നത്. ഞാൻ എന്തായാലും പാഠം പഠിച്ചു, നിങ്ങളോ?

ദോഷമുണ്ടാക്കുന്ന ചില ദുശീലങ്ങളിൽ നിന്നും പിൻ തിരിയാനും ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കു ശേഷം അതിന്റെ ഗതി നിങ്ങളുമായി പങ്കിടാം. 

അപ്പോൾ പ്രിയപ്പെട്ട ചേട്ടന്മാരെ, ചേച്ചിമാരെ, ഞാൻ ശ്രമിച്ചതുപോലെ സ്വന്തം മനസ്സിനെ അറിയാൻ ശ്രമിക്കുക. നിർദേശങ്ങൾ സ്നേഹത്തോടെ മനസ്സിനും നൽകുക. അതു നിങ്ങളെ അനുസരിക്കും. അതു നിങ്ങളെ വിജയത്തിലെത്തിക്കും; പൊണ്ണത്തടി കുറയ്ക്കുന്ന കാര്യമാണെങ്കിലും ശരി കോടീശ്വരൻ ആകുന്ന കാര്യമാണെങ്കിലും ശരി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ