mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭൂതകാലത്തിലേയ്ക്ക് നോക്കി നമ്മൾ അറിയാതെ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവില്ലേ അന്ന് അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അത് എത്ര മനോഹരമായിരുന്നു അല്ലെങ്കിൽ അങ്ങനെ സംഭവിക്കാഞ്ഞത് എത്ര വലിയ നഷ്ടമായി എന്നൊക്കെ.

കാലചക്രം പിന്നിലേക്ക് കറങ്ങിതുടങ്ങുമ്പോൾ പോകാൻ ആഗ്രഹിക്കുന്ന ഒരുപാട് ഇടങ്ങൾ ഉണ്ട്. പക്ഷെ എന്നും മനസ്സിലൊരു നൊമ്പരമോ കുറ്റബോധമോ ഒക്കെയായി ഇടം പിടിച്ച ഒരു സംഭവം ആണ് എന്റെ മുന്നിലുള്ള ആദ്യത്തെ ചോയ്‌സ്..

കാരണം എനിക്ക് മാത്രം സാധിക്കാവുന്ന ഒരു കാര്യത്തെ ഞാൻ കൈ വിട്ടുകളഞ്ഞത് എത്ര നിസ്സാരമായിട്ടായിരുന്നു എന്ന ചിന്ത ഒരു നീറ്റലായി എന്നും എന്നോടൊപ്പം ഉണ്ടാവും.

അപ്പോൾ അത് അങ്ങനെ അല്ലായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്നൊന്ന് ചിന്തിച്ചെടുക്കാൻ ഞാനും കുറച്ചു നേരത്തേക്ക് പോകുന്നു ഭൂതകാലത്തിലേയ്ക്ക്!
ഒപ്പം നിങ്ങളെയും ക്ഷണിക്കുന്നു..

വർഷം കുറെ ആയിരിക്കുന്നു അത് നടന്നിട്ട്. ശരിക്കും പറഞ്ഞാൽ 26 വർഷങ്ങൾ! അന്ന് ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയം. തൊട്ടടുത്ത വീട് ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് കുറെ നാളുകൾ ആയിരുന്നു.
ആഗ്രഹിച്ചു പണിതിട്ട് അതിന്റെ ഉടമസ്ഥർക്ക് അത് എന്തോ കാരണത്താൽ പെട്ടെന്ന് വിൽക്കേണ്ടി വന്നു.. അവർ ആകെ ആ വീട്ടിൽ താമസിച്ചത് വെറും രണ്ട് വർഷം മാത്രമാണ്!

വീട് കാണാനും വാങ്ങാനുമായി ഒരുപാട് പേർ വന്നും പോയുമിരുന്നു. പക്ഷെ വീട്ടിലേക്കുള്ള വഴിയുടെ വീതി കുറവ് കൊണ്ട് ആയിരിക്കണം വീട് കച്ചവടം ആകാൻ കുറച്ചു താമസിച്ചത്.

ഒരു വൈകുന്നേരം ആ വീട് കാണാൻ ഒരു ഭാര്യയും ഭർത്താവും വരുന്നു. മധ്യവയസ്ക്കരായിരുന്നു അവർ.
ആ സ്ത്രീയുടെ പിന്നാലെ വന്ന ആളിന്റെ നടപ്പ് പക്ഷെ പക്ഷെ അത്ര പന്തിയല്ല എന്ന് തോന്നി. ഒരുമാതിരി ബാലൻസ് തെറ്റിയ പോലെ. കുഴഞ്ഞു പോകുന്ന ചുവടുകൾ! ഊർന്നു പോകാതെയിരിക്കാൻ വാരിപ്പിടിച്ച മുണ്ട്!
അവർ വീട് കണ്ടിട്ട് പോകുമ്പോൾ ആണ് അമ്മയുമായി സംസാരിക്കുന്നതും പരിചയക്കാരാണെന്ന് മനസ്സിലാകുന്നതും. ആ ആന്റിയുടെ സഹോദരനുമായി ഞങ്ങൾക്ക് നല്ല ബന്ധം ഉണ്ടായിരുന്നു.
അങ്ങനെ അവർ ആ വീട് വിലയ്ക്ക് വാങ്ങി.

കൽക്കട്ടയിൽ റയിൽവേയിൽ ആണ് അങ്കിളിനു ജോലി.രണ്ട് പേരും അവധിക്ക് വന്നതാണ്. ആന്റി സാംബിയയിൽ നഴ്സ് ആയിരുന്നു. പിന്നീട് അത് റിസൈൻ ചെയ്തു ഭർത്താവിനോടൊപ്പം കൽക്കട്ടയിൽ താമസമാക്കി.

താമസിക്കാൻ അവർ രണ്ട് പേര് മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഒരു വേലിയ്ക്ക് അപ്പുറവും ഇപ്പുറവും ആണ് ഞങ്ങളുടെ വീടുകൾ.ഞങ്ങൾ അവരുമായി നല്ല അടുപ്പത്തിൽ ആയി.പ്രത്യേകിച്ച് ഞാൻ.

എനിക്ക് ആ വീട്ടിൽ നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നും കോളേജിൽ നിന്ന് വന്ന് വൈകുന്നേരം അവരുടെ അടുത്ത് കുറച്ചു നേരം ഇരുന്നു കഥകളൊക്കെ പറയുന്നത് എന്റെ പതിവായിരുന്നു.
പിന്നീട് പതിയെ പതിയെ ആണ് ഞങ്ങൾ അവരുടെ ജീവിതത്തെ കുറിച്ച് മനസ്സിലാക്കിയത്.

ആണും പെണ്ണുമായി അവർക്ക് ആകെയൊരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോളേജിൽ എത്തിയതോടെ മകളെ അവർ നാട്ടിൽ അമ്മ വീട്ടിൽ നിർത്തി പഠിപ്പിച്ചു. കോളേജ് പഠനത്തിനിടയിൽ അന്യ ജാതിക്കാരനായ ഒരു യുവാവുമായി അവൾ പ്രണയത്തിൽ ആയി. പ്രേമം കൊടുമ്പിരി കൊണ്ടപ്പോൾ അയാൾ അവളോടൊപ്പം ഒളിച്ചോടുകയും ചെയ്തു. പയ്യനും അതെ നാട്ടു കാരനായിരുന്നു. പക്ഷെ ആർക്കും അവനെക്കുറിച്ച് നല്ല അഭിപ്രായം ഇല്ലായിരുന്നു.

വിവരം അറിഞ്ഞു അച്ഛനും അമ്മയും നാട്ടിലേയ്ക്ക് ഓടി എത്തി. അവളെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും സാധിക്കാത്തതിനാൽ എല്ലാവരും കൂടി തീരുമാനിച്ച് അടുത്തുള്ള ക്ഷേത്രത്തിൽ വെച്ച് ചെറിയ രീതിയിൽ താലികെട്ട് നടത്തി. അല്ലാതെ ആ നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ മറ്റ് വഴികളൊന്നുമില്ലായിരുന്നു.
എല്ലാം കഴിഞ്ഞ് അവർ തിരികെ കൽക്കട്ടയിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. പക്ഷെ അതോടെ അവരുടെ ജീവിതത്തിൽ സ്വസ്ഥത എന്നൊരു കാര്യമേ ഇല്ലാതാവുകയായിരുന്നു. പിന്നീട് ഓരോ ആവശ്യങ്ങൾ പറഞ്ഞു കൊണ്ട് മരുമകൻ കൽക്കട്ടയിലേക്ക് ടെലഗ്രാം അയക്കാൻ തുടങ്ങി. അന്നൊക്കെ ഏറ്റവും അടിയന്തിര ഘട്ടത്തിൽ മാത്രം ചെയ്യുന്ന കാര്യമാണ് ടെലഗ്രാം.

അത് കയ്യിൽ കിട്ടുന്നവർക്ക് വല്ലാത്തൊരു പേടിയാണ്. കാരണം നല്ലതൊന്നും ആയിരിക്കില്ല അതിനുള്ളിൽ..മിക്കവാറും മരണമോ അതുപോലെ സീരിയസ് വിഷയങ്ങളോ മാത്രം അറിയിക്കാനായിരുന്നു ടെലഗ്രാം അയച്ചിരുന്നത്.

മരുമകന്റെ ടെലഗ്രാം കയ്യിൽ കിട്ടുമ്പോൾ അവർ ആകെ പതറിപ്പോകും. മകൾക്ക് എന്തെങ്കിലും സംഭവിച്ചോ എന്നൊരു ഭയം. പോരെങ്കിൽ അതിൽ മകളെ ഉപേക്ഷിക്കും.. ചിലവിനു കൊടുക്കണമെങ്കിൽ പൈസ അയച്ചു കൊടുക്കണം എന്നൊക്കെയുള്ള ഭീഷണിപെടുത്തൽ മൂലം രണ്ട് പേരും മാനസീകമായി വല്ലാതെ തളർന്നിരുന്നു.

അമ്മായിയഛനും അമ്മായി അമ്മയും നല്ല കാശുകാരാണെന്നു മനസ്സിലാക്കി അയാൾ കാശിനു വേണ്ടി അവരെ നിരന്തരം ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു. ഭാര്യയെ ഓരോന്നും പറഞ്ഞു പീഡിപ്പിക്കാനും തുടങ്ങി.ഇതിനിടയിൽ ആദ്യത്തെ കുട്ടി ഉണ്ടായി. അതിന്റെ കാര്യങ്ങൾക്കും എല്ലാം അമ്മയും അച്ഛനും വന്ന് വേണ്ട വിധത്തിൽ എല്ലാം ചെയ്തുകൊടുത്തു..

പക്ഷെ ഒരു ജോലിക്കും പോകാൻ താല്പ്പര്യം ഇല്ലാതെ കള്ള് കുടിയും ചീത്ത കൂട്ടുകെട്ടുകളുമായി നടന്ന മരുമകനെ ഓർത്തു വേദനിക്കുന്നുണ്ടായിരുന്നു അപ്പോഴും അവർ.

അങ്കിളും ആന്റിയും അവധി കഴിഞ്ഞു തിരികെ പോകുമ്പോൾ വീടിന്റെ താക്കോൽ ഞങ്ങളുടെ കയ്യിൽ ആയിരുന്നു ഏൽപ്പിച്ചിരുന്നത്.

ഇടയ്ക്ക് അവിടെ പോയി വൃത്തിയാക്കി ഇടാൻ ഞങ്ങൾക്കും വലിയ താൽപ്പര്യമായിരുന്നു.
അവർ പോകുമ്പോഴും വരുന്ന ദിവസവും ഞങ്ങളുടെ വീട്ടിൽ നിന്ന് എല്ലാവരും ഒരുമിച്ചിരുന്നാണ് ആഹാരം കഴിച്ചിരുന്നത്.

മകളെക്കുറിച്ചുള്ള വിഷമം മാത്രമായിരുന്നു അവരെ അലട്ടിയിരുന്നത്.അങ്കിൾ ആ വിഷമം തീർക്കാനാണ് മദ്യത്തെ കൂട്ട് പിടിച്ചത്. അങ്ങനെ വർഷത്തിൽ ഒന്നോ രണ്ടോ തവണ മകളുടെ കാര്യങ്ങൾക്ക് വേണ്ടി അവർ വരികയും പോവുകയും ചെയ്തു.

ഒരിക്കൽ ആന്റി ഒറ്റയ്ക്കാണ് വന്നത്.മകളുടെ രണ്ടാമത്തെ പ്രസവം എടുക്കാൻ വന്നതായിരുന്നു..
പ്രസവത്തിനു മുൻപ് അവളെ വീട്ടിൽ കൂട്ടി കൊണ്ട് വരികയും പൊന്നുപോലെ നോക്കുകയും ചെയ്യ്തു.
പ്രസവം കഴിഞ്ഞു മകളെയും കൊച്ച് മകനെയും നോക്കി സന്തോഷത്തോടെ കഴിയുമ്പോൾ ആണ് അയാൾ എത്തിയത്.

ഓരോ കുറ്റങ്ങൾ കണ്ടു പിടിച്ചയാൾ അവരോട് വഴക്ക് കൂടി ഭാര്യയെയും കുഞ്ഞിനേയും കൂട്ടി കൊണ്ട് പോകുമ്പോൾ ഞങ്ങൾ എല്ലാത്തിനും സാക്ഷികളായിരുന്നു. ആന്റി നോക്കിയതിന്റെ കുഴപ്പം കൊണ്ട് ഭാര്യയുടെ ശരീരത്തിന്റെ ഷേപ്പ് നഷ്ടപ്പെട്ടെന്ന് പോലും വഴിയിൽ നിന്ന് അയാൾ വിളിച്ചു കൂവി.

അന്ന് ആകെ തകർന്ന അവർക്ക് കൂട്ടായി രാത്രി ഞാനും ആ വീട്ടിൽ ഉറങ്ങി.അന്ന് മാത്രമല്ല. അങ്കിൾ വരുന്നത് വരെ ആന്റിയെ ഒറ്റയ്ക്ക് ഇരുത്തിയിട്ടില്ല. പക്ഷെ അതിന് ശേഷം ആന്റിയുടെ മാനസീക നില തകരാറിലായി..

എപ്പോഴും ആരൊക്കെയോ വഴക്കുണ്ടാക്കാൻ വീട്ടിനു വെളിയിൽ നിൽക്കുന്നു എന്നൊക്കെ പറഞ്ഞു പേടി കിട്ടിയത് പോലെ ആയി അവർ. ശരിക്കും അവർക്ക് മരുമകനെ വല്ലാത്ത ഭയമായിരുന്നു. എന്നെ വിളിച്ചിട്ട് പറയും മോള് കേൾക്കുന്നില്ലേ അവൻ അവിടെ കിടന്നു ബഹളം വെയ്ക്കുന്നത്. എന്നെ തല്ലാൻ ആളെയും കൂട്ടി വരുന്നുണ്ട് എന്നൊക്കെ പിച്ചും പേയും പറയാൻ തുടങ്ങിയപ്പോൾ അച്ഛനും അമ്മയും അങ്കിളിനോട്‌ കാര്യങ്ങൾ പറഞ്ഞു . ആന്റിയെ ഏതെങ്കിലും ഡോക്ടറെ കാണിക്കാമെന്ന് തീരുമാനിച്ചു.

അവരോടൊപ്പം അമ്മയും അച്ഛനും കൂട്ട് പോയി. ഉറക്കം കിട്ടാനും മാനസീക അസുഖത്തിനുമുള്ള മരുന്നുകൾ വാങ്ങിയാണ് അവർ തിരികെ എത്തിയത്.

അന്ന് ഒരു പകൽ ആന്റിയുടെ കൂടെ ജോലി ചെയ്തിരുന്ന കൊഴഞ്ചേരിക്കാരായ ഒരു ഫാമിലി ആന്റിയെ കാണാൻ വന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു. ചോറും കറികളുമൊക്കെ തയ്യാറാക്കി അവരെ ഊണ് കഴിപ്പിച്ചു വിടുമ്പോൾ ഞങ്ങളെയും അവർക്ക് പരിചയപ്പെടുത്താൻ ആന്റി മറന്നില്ല. ഞാൻ കോളേജിൽ നിന്ന് വരുമ്പോൾ അവർ പോകാനായി ഇറങ്ങിയിരുന്നു. പക്ഷെ ചിരിച്ചു കളിക്കുമ്പോഴൊക്കെ, ആന്റിയുടെ മനസ്സ് പുകയുന്നുണ്ടെന്ന് ആരും മനസ്സിലാക്കിയിരുന്നില്ല..

അന്ന് രാത്രിയിൽ എനിക്ക് ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. പല്ല് വേദന എന്നെ വല്ലാതെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. വേദന കൂടി കൂടി ചെവിയിലേക്ക് പടരുന്നത് പോലെ തോന്നിയപ്പോൾ കിടക്കാൻ കഴിഞ്ഞില്ല.

ഉറങ്ങുന്നവരെ ശല്യം ചെയ്യാനും മനസ്സ് വന്നില്ല. അടുക്കളയിൽ പോയി ഒരു ഗ്രാമ്പൂ എടുത്തു വേദന ഉള്ളയിടത്തു കടിച്ചു പിടിച്ചു കൊണ്ട്, ഞാൻ ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി .
അപ്പോഴാണ് തൊട്ടപ്പുറത്ത് വെളിയിൽ ഒരു വലിയ ശബ്ദം കേട്ടത്. എന്തോ വീഴുന്നത് പോലെ.
സമയം അപ്പോൾ പന്ത്രണ്ട് മണിയും കഴിഞ്ഞിരുന്നു.

ഒരു സംശയം കൊള്ളിയാൻ പോലെ മനസ്സിലൂടെ പാഞ്ഞു പോയി. ശബ്ദം കേട്ടത് ആന്റിയുടെ വീടിന്റെ ഭാഗത്ത്‌ നിന്നായിരുന്നു. ഞങ്ങളുടെ വേലിയോട് ചേർന്നായിരുന്നു അവരുടെ കിണർ.

ദൈവമേ ആന്റിയെങ്ങാനും കിണറ്റിൽ ചാടിയതാണോ. ആരോ അങ്ങനെ മനസ്സിൽ പറയുന്നത് പോലെ തോന്നി. മനസ്സ് ശരിയല്ലാതെ ഇരിക്കുന്ന അവസ്ഥയിൽ അവര് എന്തെങ്കിലും അവിവേകം കാണിച്ചതാണോ.

എനിക്ക് വല്ലാത്ത പേടി തോന്നി.ഞാൻ കൂടുതൽ ഒന്നും ആലോചിക്കാതെ ഹാളിലെ ലൈറ്റ് ഓഫ്‌ ചെയ്തു എന്റെ മുറിയിൽ കയറി വാതിലടച്ചു പുതച്ചു മൂടി കിടന്നു. എന്തോ ഒന്ന് സംഭവിച്ചു എന്നൊരു തോന്നൽ എന്റെ ഉള്ളിലിരുന്നു കുറുകുന്നുണ്ടായിരുന്നു. പാതിരാത്രി വരെ ഉറങ്ങാതെയിരുന്നത് കൊണ്ട് കിടന്നതും ഉറങ്ങിപ്പോയി.

പിന്നെ എപ്പോഴോ ആരോ ഉറക്കെ അമ്മയെ വിളിക്കുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്.

ശ്രദ്ധിച്ചപ്പോൾ അങ്കിൾ അമ്മയെ ചേച്ചി ചേച്ചി എന്നുറക്കെ അടുക്കള ഭാഗത്ത്‌ നിന്ന് വിളിക്കുന്നത് ആണെന്ന് മനസ്സിലായി. അമ്മ ആ സമയത്തു വെളുപ്പിനെ അമ്പലത്തിൽ തൊഴുതു വന്ന് സാരി മാറുകയായിരുന്നു.

പിന്നെ ഞാൻ കേൾക്കുന്നത് ഇതാണ്.
"ചേച്ചി അവള് കിണറ്റിൽ കിടക്കുന്നു."
അത് കേട്ടതും ചാടിയെഴുന്നേറ്റ് ഞാൻ ഓടി ചെന്നു.

"അയ്യോ ഞാൻ കേട്ടതാണ്."

അങ്കിൾ കരയുന്നുണ്ടായിരുന്നു . രാവിലെ ഉണർന്നപ്പോൾ അവളെ കണ്ടില്ല. വാതിൽ തുറന്നു കിടപ്പുണ്ടായിരുന്നു . എല്ലായിടത്തും നോക്കിയിട്ട് ഒടുവിൽ കിണറ്റിൽ വെറുതെ ഒന്ന് നോക്കിയതാണ്.
ബാക്കി പറയാനാവാതെ വിങ്ങിപ്പൊട്ടുന്ന അങ്കിളിനെ കണ്ട് എന്റെ ഹൃദയം കുറ്റബോധം കൊണ്ട് വല്ലാതെ പിടഞ്ഞു. ഞാനും കരയാൻ തുടങ്ങി..

പിന്നെ എല്ലാവരും ഉണർന്ന് അവിടേക്ക് ഓടാൻ തുടങ്ങി.. ഞാൻ മാത്രം കാണാൻ പോയില്ല. ആ കിടപ്പ് കാണാനുള്ള ശക്തി എനിക്കില്ലായിരുന്നു. അപ്പോഴും ഞാൻ അമ്മയോടും അടുത്ത വീട്ടിലെ ചേച്ചിയോടുമൊക്കെ പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു. ഞാൻ കേട്ടതാണ്.. ഞാൻ കേട്ടതാണ്.

എന്ത് കൊണ്ടാണ് അപ്പോൾ എനിക്ക് ആ വിവരം അമ്മയോടും അച്ഛനോടും പറയാൻ തോന്നാതിരുന്നത് എന്ന ചോദ്യത്തിന് അമ്മയ്ക്ക് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. അവർക്ക് അത്രയേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.

അതായിരിക്കും സത്യം. ദൈവത്തിന്റെ ആയുസ്സിന്റെ പുസ്തകത്തിൽ അവർക്ക് എന്തെങ്കിലും ഇളവ് ബാക്കി ഉണ്ടായിരുന്നുവെങ്കിൽ കാര്യങ്ങൾ ഒരുപക്ഷെ ഇങ്ങനെ ആയിരുന്നിരിക്കണം നടക്കേണ്ടിയിരുന്നത്.

ആ പാതിരാത്രിയിൽ ഞാൻ മാത്രം ഉണർന്നിരിക്കുകയും കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് എല്ലാവരെയും വിളിച്ചുണർത്തി എന്തെങ്കിലും രക്ഷാ പ്രവർത്തനം ചെയ്ത് ആ ജീവനെ തിരികെ കൊണ്ടുവരാൻ ഒരു ശ്രമം നടത്തുകയും ചെയ്യണമായിരുന്നു.

ഭൂതകാലത്തിന്റെ പടിവാതില്ക്കൽ നിന്ന് ഞാൻ മടങ്ങുകയാണ് . എനിക്ക് ചെയ്യാമായിരുന്ന ഒരു കാര്യം നടത്താൻ പറ്റാതെ പോയ ദുഃഖഭാരത്തോടെ തന്നെ.

ചിലതൊന്നും, പ്രത്യേകിച്ച് ജനിമരണങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ അല്ലായെന്നുള്ള തിരിച്ചറിവോടെ..

ഈ ഭൂമിയിലുള്ള ഓരോ പുൽക്കൊടി തുമ്പിന്റെയും അവസാനം ആ വലിയ ശക്തിയുടെ അറിവോടെയല്ലാതെ നടക്കുകയില്ല.
കാലചക്രം എത്ര വട്ടം പുറകോട്ട് പാഞ്ഞാലും..!!

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ