സഹപാഠികളായ കൂട്ടുകാർ ഏറെ കഷ്ടപ്പെട്ട് ഒരുപാടു നമ്പറൊക്കെ ശേഖരിച്ച് ഒരു വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഈയിടെയാണ്. എല്ലാവരും കാര്യ ഗൗരവമുള്ള കുടുംബനാഥന്മാരും, കുടുംബിനികളും
ആയിരിക്കുന്നു. എങ്കിലും ഈ കൂട്ടുകാർക്കൊപ്പമെത്തി സമയം ചിലവഴിക്കുമ്പോൾ പ്രായവും പക്വതയും മറന്ന് അന്നത്തെ കുട്ടിത്തം തിരിച്ചു കിട്ടുന്നതു പോലെ. ചിലരൊക്കെ സ്ക്കൂളോർമകൾ, അദ്ധ്യാപകർ എന്നിങ്ങനെ വാചാലരാവുന്നു. എങ്കിലും ഇനിയുമുണ്ട് ഗ്രൂപ്പിലിതുവരെ കിട്ടാത്ത പലരും. അതിലൊരാൾ എൻ്റെ ഇഷ്ടതാരവുമാണ്. പ്രിയ കൂട്ടുകാരീ... നീയെവിടെയെന്നറിയില്ല ... എവിടെയാണെങ്കിലും സുഖമായിരിയ്ക്കാൻ പ്രാർത്ഥിക്കുന്നു. എന്താണിവൾക്കു മാത്രമിത്രയും പ്രത്യേകത എന്നു തോന്നിയോ..?
പറയാലോ ...
ആകെ സന്തോഷത്തോടു കൂടി ക്ലാസ്സിലിരുന്ന് ശ്രദ്ധിച്ചിരുന്ന വിഷയം മലയാളം മാത്രമായിരുന്നു. അതിങ്ങനെ കഥകളും കവിതകളും നാടകവുമൊക്കെയായി അരങ്ങു തകർക്കുന്ന മലയാളം ക്ലാസ് എന്നും ഒരു ഹരമായിരുന്നു. ഒരു പിടുത്തവും കിട്ടാതെ നാലുപാടും നോക്കി അന്തം വിട്ടങ്ങനെ ഇരിക്കുന്ന ഗണിതമായിരുന്നു എൻ്റെ തലവേദന. എട്ടാം ക്ലാസ്സിലെത്തിയതോടെ ഫിസിക്സ് പഠിക്കാനും കണക്കിൻ്റെ ഏ-ബി.സി.ഡി.യെങ്കിലും അറിയണമെന്ന അവസ്ഥ വന്നതോടെ പെട്ടു പോയി അക്ഷരാർത്ഥത്തിൽ. അതു മാത്രമോ? സിക്സ് പഠിപ്പിച്ചിരുന്നത് ഹംസ മാഷായിരുന്നു. സത്യം പറയാലോ... അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ ഇദ്ദേഹത്തിൻ്റെ ആത്മാർത്ഥത കൊണ്ട് ഞാനേറെ വിഷമിച്ചിട്ടുണ്ട്. എല്ലാവരേയും ഫിസിക്സ് പഠിപ്പിച്ചേ അടങ്ങൂ എന്നു മാഷും, ഒരുപിടുത്തവും കിട്ടാത്ത ഞാനും എന്നെപ്പോലെ ചില കുട്ടികളും.
ഉയരം കുറഞ്ഞ ഞാൻ എപ്പോഴും മുൻ ബഞ്ചിൽ പ്രതിഷ്ഠിക്കപ്പെടുന്നത് എക്കാലത്തും പതിവായിരുന്നു. അസംബ്ലിയിൽ വരിയുടെ ഏറ്റവും മുന്നിലാവും എൻ്റെ സ്ഥാനം. അതിലൊക്കെ എൻ്റെ ഉയരക്കുറവിൽ അജ്ഞാനിയായ ഞാനിത്തിരി അഹങ്കരിച്ചിരിരുന്നു എന്നതാണ് രസം. അതെല്ലാമങ്ങ് മാറിയത് എട്ടാം ക്ലാസ്സിലെത്തിയപ്പോഴാണ്. ഹംസമാഷടെ ചൂരൽപ്രയോഗം പ്രസിദ്ധവുമായിരുന്നു. മുൻ ബഞ്ചിലെ ഇരുത്തം അത്ര പന്തിയല്ലെന്നു മനസ്സിലാക്കി ലാസ്റ്റ് ബഞ്ചിൽ പോയി ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലിരിക്കുമ്പോൾ ഏറെ ആശ്വാസം തോന്നി. ഇങ്ങിനെയൊരാൾ ഇവിടിരിക്കുന്നത് ആർക്കും അത്ര പെട്ടെന്നൊന്നും കണ്ടെത്താനാവില്ലല്ലോ. വേണെങ്കിൽ ചില്ലറ കലാ പരിപാടികൾ (ക്ലാസ്സെടുക്കുമ്പോൾ സംസാരിയ്ക്കൽ ,ചിത്രം വരയൽ എന്നിവ)ക്കും നല്ല സൗകര്യം. പക്ഷേ ക്ലാസ് ടീച്ചറെത്തി ആദ്യത്തെ പീരീഡു തന്നെ എന്നെ പൊക്കി. എങ്കിലും ഭാഗ്യമുണ്ട്. രണ്ടാമത്തെ ബഞ്ചിലിരിക്കാൻ പറഞ്ഞപ്പോഴും സമാധാനമാണു തോന്നിയത്. ഫസ്റ്റ് ബഞ്ചിൽ നിന്നും രക്ഷപ്പെട്ടല്ലോ. പിന്നീട് എൻ്റെ ബുദ്ധി കൊണ്ട് കിണഞ്ഞാലോചിച്ച് ഒരു വഴി കണ്ടു പിടിച്ചു. ഫിസിക്സ് പീരീഡ് മാത്രം എനിക്ക് അഭയം തരാൻ എൻ്റെ നിസ്സഹായാവസ്ഥ കണ്ട് ആ മഹാമനസ്ക്കർ തയ്യാറായി. ഭാഗ്യത്തിന് എൻ്റെയീ സൂത്രപ്പണി ആരും ഒറ്റിക്കൊടുത്തില്ല.. അത്രക്കു പാവങ്ങളാഈ മൊതലുകൾ. ഫിസിക്സ് പീരീസ് ഹംസമാഷ് പ്രോബ്ലംബോർഡിലെഴുതിയിട്ട് ചെയ്യാൻ പറയും. ചെയ്തില്ലെങ്കിൽ അടി ഉറപ്പും. അക്കങ്ങൾ എന്നെ നോക്കിയ ങ്ങനെ കോക്രി കാണിക്കുമ്പോൾ നിസ്സഹായയായി ഞാനിരുന്നു. നേരെ മുൻ ബഞ്ചിലൊരു പഠിപ്പിസ്റ്റുണ്ട്. പക്ഷേ ആളു വളരെ സ്ട്രിക്റ്റാണ്. ആ കുട്ടിയുടെ തൊട്ടടുത്താണ് ഞാൻ നേരത്തെപ്പറഞ്ഞ മുത്ത്. അവൾ കണക്കെല്ലാം അടുത്താളുടെ പുസ്തകം നോക്കി കോപ്പിയടിക്കുന്നത് തെല്ലസൂയയോടെ നോക്കിയിരുന്നു.
ആലോചിക്കാനധി കം നേരമില്ല. ചൂരലുമായി മാഷിപ്പൊ ക്ലാസ്സുമുഴുവൻ നടക്കാൻ തുടങ്ങും..
യുറേക്കാ.... കിട്ടിപ്പോയ്... ആയാലൊരാന, പോയാലൊരു വാക്ക് എന്നല്ലേ...
ഞാൻ എൻ്റെ മുന്നിലെ കുട്ടിയെ മെല്ലെയൊന്നു തോണ്ടി. വേഗമവൾ തിരിഞ്ഞു നോക്കി.. എല്ലാവിധ ദയനീയതയും മുഖത്തു ഫിറ്റു ചെയ്ത് ആകണക്കൊന്നു കാണിച്ചു തരാനായി ആംഗ്യം കാണിച്ചു. എൻ്റെ പൊന്നുമോള് ഒരു മടിയുമില്ലാതെ ഡസ്കിനു താഴേക്ക് പേജ് ഇറക്കിയിട്ട് ഒരു പ്രത്യേക രീതിയിൽ പുസ്തകം വെച്ച് ഞാനൊന്നുമറിഞ്ഞിലേ എന്ന ഭാവത്തിലിരുന്നു. ഗ്രഹണിപ്പിള്ളേര് ചക്കക്കൂട്ടാൻ കണ്ടതുപോലെ എന്നു കേട്ടിട്ടില്ലേ... എൻ്റെ അപ്പോളത്തെ അവസ്ഥ അതുക്കും മേലെ ... ക്ഷണനേരം കൊണ്ട് ഞാനെല്ലാം പകർത്തിയെഴുതി വലിയ ബുദ്ധിജീവിയെപ്പോലെ സംഖ്യകളെയങ്ങനെ വീണ്ടും വീണ്ടും താലോലിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സാറിൻ്റെ വരവായി. പുസ്തകം നോക്കി. ഇതൊക്കെയെന്ത് എന്ന ഭാവത്തിലിരിക്കുന്ന എൻ്റെ പുസ്തകവും നോക്കി... Good... എന്നൊരു അഭിപ്രായ പ്രകടനം ''സത്യം പറയാലോ .. പിൻബഞ്ചിലുള്ളവർക്കൊക്കെയും പകർപ്പാവകാശം കൊടുക്കാനും എൻ്റെ മഹാമനസ്ക്കത തയ്യാറായി.
അങ്ങനെ ഞാനതൊരു സ്ഥിരം കലാപരിപാടിയാക്കിയതിനാൽ അടിയിൽ നിന്നും രക്ഷപ്പെട്ടു പോന്നു.
എന്നാൽ 'പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ ' എന്നല്ലേ...
ഒരിയ്ക്കൽ പ്രോബ്ളം ബോർഡിലെഴുതി മാഷ് എന്നെ വിളിച്ചു...
എൻ്റെ കൈകാലുകൾ തളർന്നു. തൊണ്ട വരണ്ടു. ഹൃദയം പടപടാന്നു ചെണ്ടകൊട്ടുന്നത് ക്ലാസ്സുമുഴുവനല്ല സ്ക്കൂളാകെ മുഴങ്ങുന്നതു പോലെ തോന്നി..
യാന്ത്രികമായി ഞാനങ്ങനെ സ് ലോ മോഷനിൽ ബോർഡിനരികിലേക്കൊഴുകിയെത്തി..ബോധം കെടും എന്നു തോന്നിയ നിമിഷങ്ങളിലൊന്നിൽ മാഷു തന്ന ചോക്ക് കൈയ്യിലേറ്റു വാങ്ങി..
ഡീം.. ചോക്കതാ താഴെ., രണ്ടു കഷണം..
അവ പെറുക്കിയെടുത്ത് ബോർഡിലേക്കു നോക്കി... കണ്ണു മങ്ങുന്നു... അക്കങ്ങളോ .. അക്ഷരങ്ങളോ ... അതോ ചിത്രങ്ങളോ ...
എനിക്കു തീരെ പരിചയമില്ലാത്ത ഒരു ലോകത്തെത്തിയ പോലെ മിഴിച്ചു നിൽക്കുമ്പോൾ മാഷ് കരുതിക്കാണും ഞാൻ ഉത്തരം ആലോചിച്ച് ബുദ്ധിപൂർവ്വം നിൽക്കുകയാണെന്ന്... എൻ്റെ ഭഗവതീ... രക്ഷിക്കണേ...ന്നു പ്രാർത്ഥിച്ച നേരം.. ണീം .. ണീം ... ബെല്ലടിച്ചു... .... ഹാവൂ... തൽക്കാലം രക്ഷപ്പെെെെട്ടു.. ഒരു ഒന്നൊന്നര രണ്ടര രക്ഷപ്പെടൽ...