നാലാംക്ലാസ്സുവരെ വിദ്യാഭ്യാസം എ.ഡി.എൽ.പി.സ്ക്കൂൾ എഴുവന്തലയിലായിരുന്നു. അമ്മയുടെ വീടിന് വളരെ അടുത്താണിത്. അതുകൊണ്ടായിരിക്കാം അമ്മയും ഞാനുമൊക്കെ അമ്മയുടെ
വീട്ടിൽത്തന്നെയായിരുന്നു. കുറച്ചു മുതിർന്നപ്പോൾ എനിക്കു ഗ്രഹിക്കാൻ കഴിഞ്ഞിരുന്ന കുറേ കാര്യങ്ങളുടെ കൂട്ടത്തിൽ ഞാനവിടെ വളരേണ്ടവളല്ല എന്ന അതിപ്രധാനമായ ഒന്നും ഉണ്ടായിരുന്നു.
എങ്കിലും അവിടെയുള്ളവരായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം എനിക്കു പ്രിയപ്പെട്ടവർ. കാരണം ഓർമ വെച്ച നാൾ മുതൽ അവരോടൊപ്പമാണ് ഞാൻ കഴിഞ്ഞിരുന്നത്. അച്ഛന്റേയും അമ്മയുടേയും വീടുകൾ തമ്മിൽ അത്ര ദൂരമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ഒറ്റയ്ക്ക് അങ്ങോട്ടു പോവാനുള്ള ധൈര്യവും കേവലം രണ്ടാം ക്ലാസ്സുകാരിയായ കുട്ടിക്കുണ്ടായിരുന്നില്ല. ഒടുവിൽ ഒരു ദിവസം തനിച്ചങ്ങു പോവാൻ തന്നെ തീരുമാനിച്ചു.അമ്മയോടു ചോദിച്ചാൽ ഒറ്റയ്ക്കു പോവാൻ സമ്മതിക്കില്ലെന്നറിയാം. അമ്മയുടെ കണ്ണുവെട്ടിക്കാനെളുപ്പവുമാണ്. മിക്കവാറും സമയങ്ങളിൽ എന്തെങ്കിലും പണിയിലായിരിക്കും അമ്മ.
അങ്ങനെ പതുങ്ങിപ്പതുങ്ങി ഒരു വിധം വീടിനു പുറത്തുള്ള റോട്ടിലെത്തി. വീട്ടിൽ നിന്നുമിറങ്ങിയാൽ വിശാലമായ മുറ്റമാണ്. പിന്നീട് രണ്ടു പടികൾ കയറിയാൽ ചെറിയൊരു മുറ്റം ... അതിനു തെക്കുവശത്തായി തൊഴുത്ത്. പിന്നെയുമുണ്ട് നീണ്ടു നിവർന്നങ്ങനെ മുറ്റം. അതിനുമപ്പുറമെത്താൻ അതും ആരുടേയും കണ്ണിൽപ്പെടാതെ .. ഇത്തിരി പണി തന്നെയാണ്. റോഡിലെത്തണമെങ്കിൽ അത്യാവശ്യം ഉയരമുള്ള കഴലുണ്ട്. (ഗേറ്റില്ല അന്നൊന്നും) പ്രവേശന കവാടം കയറി മറിഞ്ഞു കടക്കാൻ ഇത്തിരിപ്പോന്ന കുട്ടികൾക്ക് കുറച്ചു പരിശ്രമം തന്നെ വേണം. ഒരു വിധം കെട്ടിമറിഞ്ഞു കയറിയിറങ്ങി അപ്പുറത്തെത്താൻ പെട്ട പാട്! എന്നിട്ടോ ... റോഡിനെതിരെ വരുന്നവർക്കൊക്കെ യാത്രോദ്ദേശമറിയണം. എങ്ങട്ടാ കുട്ട്യേ എന്ന ചോദ്യങ്ങൾക്ക് എങ്ങടൂല്യ എന്ന ഒറ്റ മറുപടി. വടക്കുഭാഗത്തുള്ള റോഡിലൂടെ കുറെ നടന്ന്പിന്നെ പടിഞ്ഞാറു ഭാഗത്തേക്ക്... നിറയെ കൃഷിയിടങ്ങൾ ... നെൽപ്പാടവരമ്പിലൂടെയങ്ങനെ സ്വാതന്ത്ര്യ മാസ്വദിച്ച് ഒരു യാത്ര... ആഹാ... എന്തു രസം! ഇത്രയും സൗന്ദര്യാത്മകമായൊരു പ്രപഞ്ചത്തെ എന്നിൽ നിന്നുമകറ്റിയ അമ്മേ... ഇനി ഇതെല്ലാമൊന്നാസ്വദിക്കട്ടെ എന്നിട്ടു ബാക്കി കാര്യം.. എന്നു മനസ്സിൽ കരുതി... നീലമേലാപ്പു പോലെ വിശാലമായ വിരിമാനം ...അങ്ങിങ്ങ് പഞ്ഞിക്കെട്ടുകൾ പോലെ കുഞ്ഞുമേഘങ്ങൾ ... അവയും അമ്മയോടു പറയാതെ അച്ഛന്റെ വീട്ടിലേയ്ക്കു പോവുകയാവാം... എന്നെപ്പോലെ '... ഓർത്തപ്പോൾ ചിരി വന്നു.... പാടത്ത് സുവർണ സൗഗന്ധികനെൽക്കതിരുകൾ എന്നെ തലയാട്ടി സ്വാഗതം ചെയ്തു... അങ്ങിങ്ങ് പക്ഷികളുടെ മനോഹര കൂജനങ്ങളും കുയിലിന്റെ പഞ്ചമഗാനവും... നിരനിരയായി നിൽക്കുന്നതെങ്ങുകൾ പ്രൗഢഗംഭീരമായി മെല്ലെ ഇളകുന്നുണ്ട്...ഹായ്.... സന്തോഷമടക്കാനാവാതെ ഞാനൊന്ന് പാടിപ്പോയി....
"നീലാകാശം പീലികൾ വീശും പച്ചത്തെങ്ങോല "
അടുത്ത വരി പാടാൻ അനുവദിക്കാതെ എങ്ങുനിന്നോ കുരച്ചെത്തിയ ഒരു ശുനകൻ തൊട്ടുപിന്നിൽ... എന്റെ പാട്ടുകേട്ട് അതിന്റെ ഉറക്കം പോയ ദേഷ്യാണെന്നു തോന്നുന്നു... ഈശ്വരാ.... ഞ്ഞി എന്താ ചെയ്യാ ...ന്റെമ്മേ ....ന്നു വിളിച്ച് ഒരൊറ്റ ഓട്ടം.... ശ്വാന പുത്രൻ തൊട്ടുപിറകെ... ഞാനുണ്ടോ വിട്ടുകൊടുക്കുന്നുന്നു.... ഓടടാ... ഓട്ടം.... നായയ്ക്കു മനസ്സിലായി ഇത് പി.ടി.ഉഷ ടെ അനിയത്തിയാണെന്ന്... എന്തായാലും രണ്ടു മിനിട്ടു കൊണ്ട് വീടെത്തി എന്നു പറഞ്ഞാ മതിയല്ലോ...
അച്ചമ്മ ആകെ പരിഭവിച്ച് അമ്മ എവടേ...ന്നു ചോദിച്ചു... ഞാനൊറ്റയ്ക്കാ വന്നത് എന്ന് നെഞ്ചുവിരിച്ചു പറഞ്ഞതു കേട്ട് അവർക്കു വിശ്വാസം വന്നില്ല... കുറെ നേരം കഴിഞ്ഞിട്ടും ആരെയും കാണാതായപ്പോൾ അവർ '' ന്റീശ്വരന്മാരേ... വല്ല പട്ടീം നായേം കടിയ്ക്കാത്തതു ഭാഗ്യം... "ന്നു സമാധാനിച്ചു... കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്നെ അന്വേഷിച്ച് വന്നെത്തി. ഭാഗ്യത്തിന് വഴക്കൊന്നും പറഞ്ഞില്ല... കാരണം ... അപ്പോഴേയ്ക്കും ചുട്ടുപൊള്ളുന്ന ശരീരവുമായി വിറച്ചുപനിയ്ക്കുന്ന എന്നെ എന്തു പറയാൻ... രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴും പനി മാറിയില്ല... ബാലൻ വൈദ്യരുടെ ചികിത്സയുണ്ടായിരുന്നെങ്കിലും പനിക്കു തെല്ലും ശമനമില്ല... നാലഞ്ചു ദിവസം കഴിഞ്ഞപ്പോ ൾ മേലാസകലം തണർത്തുപൊങ്ങി... കുനുകുനിന്ന്.... മണലാണ് എന്നൊക്കെ ആരൊക്കെയോ പറയുന്നത് പനിക്കിടക്കയിൽ കിടന്ന് കേൾക്കുന്നുണ്ടായിരുന്നു ... അപ്പോഴും ഞാൻ ചിന്തിച്ചത്... നീലാകാശം, പച്ചത്തെങ്ങോല ... ഇതിലേതായിരിക്കാം ആ ശുനകനെ പ്രകോപിതനാക്കിയത്... എന്നായിരുന്നു ...
അതോ... ശാരീരം ഒക്കാത്ത എന്റെ പാട്ടുകേട്ട് ഉറക്കമുണർന്നതിനിത്രയുംദേഷ്യമോ ...?
സംഗീതബോധം അശേഷം ഇല്ലാത്ത ശുനകപുത്രൻ എന്നു പറഞ്ഞാൽ മതിയല്ലോ...!