ജേഷ്ഠന്റെ വിളി കേട്ടാണ് ഉണർന്നത് . പരിസര ബോധം തിരിച്ചു കിട്ടാൻ കുറച്ചു സമയം എടുത്തു. തല മറിച്ചു നോക്കിയപ്പോൾ തലക്കലാം ഭാഗത്ത് ജേഷ്ഠൻ. എന്താണ് സംഭവിച്ചതെന്നറിയാതെ അസ്ത പ്രജ്ഞനായി കിടന്നപ്പോൾ
വാതിലിനരികിൽ ഭാര്യയും മൂന്നു വയസ്സായ മോനും നിൽക്കുന്നു.
ഒന്നും മനസ്സിലാകാതെ ചുറ്റും നോക്കി. കർട്ടൻ ഇട്ട് മറച്ച ബെഡ്ഡുകളും, ഡ്രിപ്പും ഓക്സിജനും കൊടുത്ത് കിടത്തിയ കുറേ വൃദ്ധരായ രോഗികളും. ആരുടെയോ അടുത്ത് പുറം തിരിഞ്ഞുനിൽക്കുന്ന ഒരു നഴ്സ് ആണ് പിന്നെ കണ്ണിൽ പെട്ടത്.
പതിയെ കാര്യങ്ങൾ മനസ്സിലായി തുടങ്ങി. താൻ ഇപ്പോൾ ഹോസ്പിറ്റലിലാണ്. പെട്ടെന്ന് കൈത്തണ്ടയിൽ വേദന തോന്നി നോക്കിയപ്പോൾ ഐ.വി ആണ് കാരണം എന്ന് മനസ്സിലായി. ഉയർത്തിവെച്ച സ്റ്റാൻഡിൽ നിന്നും തുള്ളി തുള്ളിയായി പ്രവഹിക്കുന്ന മരുന്ന് കലർത്തിയ ഗ്ലൂക്കോസ് ബോട്ടിലും ശ്രദ്ധയിൽപ്പെട്ടു.
എഴുന്നേൽക്കാനുള്ള ശ്രമത്തിൽ എന്തോ തന്നെ കിടക്കയിലേക്ക് തിരികെ പിടിച്ചു വലിച്ചു. കഴുത്തു ചെരിച്ചു പരിശോധിച്ചപ്പോൾ മാറിൽ സിനിമയിൽ മാത്രം കണ്ടു പരിചയമുള്ള ഈ സി ജി യന്ത്രത്തിൻറെ നീരാളിക്കൈകൾ ദൃഢമായി അള്ളിപിടിച്ചിരിക്കുന്നു.
അപ്പോൾ ചിത്രം വ്യക്തമായി.
ഞാനിപ്പോൾ കുടുംബഡോക്ടരുടെ ആശുപത്രിയിലെ ഐ സി യു വിലെ
തടവുകാരനാണ്. എല്ലാ ചലന സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെട്ട , ഒരു പക്ഷേ , ജീവിതം തന്നെ നഷ്ടപ്പെട്ട ഒരു ഹതഭാഗ്യൻ . വീണ്ടും ഭാര്യയെയും മകനെയും നോക്കി .കണ്ണുനിറഞ്ഞു അവരുടെ രൂപങ്ങൾ തന്നെ മങ്ങി പോയി.
ഡോക്ടറുടെ നിർദ്ദേശം കിട്ടിയിട്ടായിരിക്കണം സംസാരിക്കേണ്ട എന്ന് ജേഷ്ഠൻ ഉപദേശിച്ചു. ഇളകാതെ കിടക്കാനും ഡോക്ടർ പറഞ്ഞിട്ടുണ്ട് എന്ന് മനസ്സിലായി. ഇടറിയ ശബ്ദത്തിൽ സമയം ചോദിച്ചു . സന്ധ്യ കഴിഞ്ഞിട്ടുണ്ടാകും എന്ന് മനസ്സിൽ കണക്കു കൂട്ടി.
കുറച്ച് സമയം കഴിഞ്ഞപ്പോൾ സന്ദർശന സമയം അവസാനിച്ചു. അവരെല്ലാം പോയി തനിച്ചായപ്പോഴാണ് എല്ലാം ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിച്ചത്.
എല്ലാത്തിന്റെയും തുടക്കം തലേന്ന് കാലത്ത് ആറു മണിയോടുകൂടി ആയിരുന്നു. ഒരു ബുദ്ധിമുട്ട് തോന്നി കണ്ണുതുറന്നപ്പോൾ മുറിയിൽ മുഴുവൻ പുക നിറഞ്ഞ പോലെ തോന്നി. അപ്പോഴാണ് കത്തിച്ചുവെച്ച കൊതുകുതിരിയുടെ കാര്യമോർത്തത്. അടച്ചിട്ട ജനലുകളും വാതിലും പെട്ടെന്ന് കാര്യം പറഞ്ഞു തന്നു. ഉടനെ എണീറ്റ് ജനലുകളും വാതിലും തുറന്നിട്ട് കിടക്കയിൽ തന്നെ സുഖമായി ഉറങ്ങുന്ന മകൻറെ അരികിൽ കിടന്നു.
അപ്പോഴേക്കും പതിവില്ലാത്ത ഒരു അസ്വസ്ഥത മാറിടത്തിൽ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു . ഒരു നീറ്റൽ പോലെ . പിന്നീട് ശ്വാസംമുട്ടലിലേക്ക് വഴി മാറിയ ഒരുതരം വിമ്മിഷ്ടം. വീടിന് പുറത്തുവന്നിരുന്നപ്പോൾ കുറച്ച് ആശ്വാസം അനുഭവപ്പെട്ടു. അതിന് കുറചേ ആയുസ് ഉണ്ടായിരുന്നുള്ളൂ.
ബുദ്ധിമുട്ട് കൂടിയപ്പോൾ ഓട്ടോറിക്ഷക്കാരൻ ആയ അയൽവാസിയെ വിളിച്ച് അടുത്തുള്ള ഡോക്ടറെ കാണാൻ പോയി. പ്രാഥമിക പരിശോധനക്ക് ശേഷം വായു കോപത്തിനുള്ള മരുന്ന് കുറിച്ച് തന്നു. വീട്ടിലെത്തി മരുന്ന് കഴിച്ചിട്ടും അസ്വസ്ഥത നീണ്ടു നിന്നു. തുടർന്ന് അകലെയുള്ള കുടുംബ ഡോക്ടറുടെ ആശുപത്രിയിലേക്ക് യാത്രതിരിച്ചു. സമയം ഉച്ചയ്ക്ക് പന്ത്രണ്ടര ആയിട്ടുണ്ടാവും ഡോക്ടർ പരിശോധിക്കുമ്പോൾ. പിന്നീടുണ്ടായത് ഓർക്കാൻ ശ്രമിച്ചു. ഒന്നും ഓർമ്മയില്ല .
ജീവിതപുസ്തകത്തിലെ എഴുതാത്ത ഒരു ഏടായി ഇന്നും ആ ദിവസം ഓർമ്മയിൽ നിൽക്കുന്നു. ഒരു പക്ഷേ, മരണത്തിലേക്കുള്ള ഒരു യാത്ര പോയതായിരിക്കും. ദേഹം വിട്ട് പൂർണ്ണ സ്വതന്ത്രനായി എല്ലാ ഭാരങ്ങളും ഇറക്കിവച്ച് പിറന്ന മണ്ണിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും വിണ്ണിലേക്ക് ഒരു ഊളിയിടൽ. ഓർമ്മകളുടെയോ ബന്ധങ്ങളുടെയോ ബന്ധനങ്ങളില്ലാത്ത സ്വപ്ന സദൃശമായ അനന്തതയിലേക്കുള്ള ഒരു പ്രയാണം . പുരാണകഥകളിലെ സത്യവാന്റെ യമലോക സന്ദർശനം പോലെ ഒരനുഭവം. എന്നാൽ ഒന്നു മാത്രം അറിയാം , തൻറെ തിരിച്ചുവരവ് അല്ലെങ്കിൽ പുനർജന്മം പ്രിയപ്പെട്ടവരുടെ പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രമായിരിക്കണം . അല്ലെങ്കിൽ അത് ഒരു ദിനരാത്രത്തിൽ ഒതുങ്ങുമായിരുന്നില്ല.
എന്തായാലും ജീവിതത്തിലെ കറുത്ത അധ്യായമായി ഇന്നും അത് ഓർമ്മയിൽ നിൽക്കുന്നു . ഉണങ്ങിയിട്ടും മാഞ്ഞുപോകാത്ത ഒരു മുറിപ്പാട് പോലെ .ഓർത്തിട്ടുണ്ട് , അന്ന് മരിച്ചിരുന്നെങ്കിൽ ഉണ്ടാകാമായിരുന്ന കാര്യങ്ങൾ. വിവാഹം കഴിഞ്ഞ് 4 വർഷം മാത്രമായ ചെറുപ്പക്കാരിയായ ഭാര്യ. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കൊച്ചുമകൻ... പിന്നീടങ്ങോട്ട് സങ്കല്പിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ട് അതിന് മെനക്കെട്ടിട്ടില്ല.
ഇപ്പോൾ ജീവിതം ശാന്തമായൊഴുകുന്ന പുഴ പോലെയാണ്. ചെറിയ ഓളങ്ങളും പതിവുള്ള വേലിയേറ്റങ്ങളും ഒക്കെയുള്ള സ്വാഭാവികമായ ഒഴുക്ക്.മുപ്പതാം വയസ്സിൽ കൈവിട്ടു പോകുമായിരുന്ന ഒരു ജീവിതം തിരിച്ചുപിടിച്ചതിന്റെ ക്രെഡിറ്റ് പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾക്കു പുറമേ ദൈവത്തിൻറെ അദൃശ്യമായ കരങ്ങൾക്കും അവകാശപ്പെട്ടത് തന്നെ.