മറവിയുടെ ഗർത്തങ്ങളിൽ നിന്നും മൈനാകപർവ്വതത്തെ പോലെ ഉയർന്നു വരുന്ന സ്മരണകളിൽ പലപ്പോഴും സഹപാഠികളും സഹപ്രവർത്തകരും വിരുന്നുകാരെപോലെ വന്നും പോയ്‌കൊണ്ടും ഇരിക്കുന്നു. വിരഹത്തിനു ശേഷം
വരവറ്റവർ, വരവേറ്റവർ, വിടചൊല്ലാതെ വേർപിരിഞ്ഞവർ, തടുക്കാനാവാത്ത വിധിക്ക് കീഴടങ്ങിയവർ, അങ്ങിനെ വിവിധ ഗണങ്ങളിലായി അനേകം പേർ. സഹപാഠികളിൽ ചിലർ ഇപ്പോഴും ജീവിതചുഴിയിൽ ശ്വാസം എടുക്കാൻ കിട്ടുന്ന നിമിഷങ്ങളിൽ സൗഹൃദങ്ങൾ പങ്കുവെക്കാറുണ്ട്. തിരിച്ചും അങ്ങനെ തന്നെ.
ഗ്രാമവിദ്യാലയത്തിൽ ഒരുമിച്ച് പഠിച്ച പലരും ഓട്ടപാച്ചിൽ നിർത്തി സ്വസ്ഥമായി കഴിയുന്നതായി അറിഞ്ഞിച്ചിട്ടുണ്ട്. ആയകാലം ചോര നീരാക്കി ഉറ്റവരെയും ഉടയവരെയും വിട്ട് മരുഭൂമിയിൽ വര്ഷങ്ങളോളം സ്വപ്നകൂടുകെട്ടി ജീവിതം ഹോമിച്ച സാധാരണക്കാരിൽ സാധാരണക്കാരാണധികവും . അവസരങ്ങൊളൊന്നും ആഗ്രഹിച്ചിട്ടും അനുഗ്രഹിക്കപെടാത്ത, എന്നാൽ പെടാപാടുപെട്ടു സ്വയം എരിഞ്ഞു തീർന്നുകൊണ്ടിരിക്കുന്ന മെഴുകുതിരികൾ കണക്കു വേറെ ഒരു വിഭാഗം എന്നും എന്ന് പറഞ്ഞപോലെ നാട്ടിലെ യാത്രകളിൽ കണ്ടുമുട്ടാറുണ്ട്. തിരക്കിലായതു കൊണ്ടും എപ്പോഴും കാണുമെന്നു കരുതുന്നത് കൊണ്ടും അവരാണ് ശരിക്കും അപരിചിതരായിപ്പോയത്.
ആധുനികതയുടെ അലങ്കാരം.
കലാശാലയിലെ ഹാജർ പട്ടികയിൽ പലരും പതിവിലും നേരത്തെ പേരുവെട്ടി പോയിക്കഴിഞ്ഞു. ആലോചിച്ചപ്പോൾ അകാലത്തിലുള്ള വേര്പാടിന് മുന്നേ തന്നെ അവരെല്ലാം ജീവിതം മറ്റുള്ളവരെക്കാൾ കൂടുതൽ ആഘോഷിച്ചവരാണെന്നു തോന്നി.ക്ലാസ്സിലും കോളേജിലുമൊക്കെ അറിയപെട്ടിരുന്നവർ.
വിവാഹത്തിലേക്ക് കാലെടുത്തു വെക്കുന്നതിനു തൊട്ടു മുൻപ് തനിയെ നടന്നു പോയ ഡെന്നിസ്, ഉന്നത വിദ്യാഭ്യാസം നേടിയിട്ടും പരമ്പരാഗതമായ ആത്മീയ പരിവേഷത്തിൽ ജീവിച്ച അനിൽ, ഏറ്റവും ഒടുവിൽ നാട്ടിലെ അറിയപ്പെടുന്ന ഒരു കോൺഗ്രസ് പാരംമ്പര്യമുള്ള കുടുമ്പത്തിൽ ജനിച്ചു ഏതാണ്ട് രാഷ്ട്രീയം വിട്ട് ജീവിച്ച സുധീർ. അവസാന വർഷ പരീക്ഷക്ക് മുൻപ് കൂട്ടുകാരോടൊപ്പം താമസിച്ചു പഠിച്ചിരുന്ന വീട്ടിലെ മുരളി ആയിരുന്നു ഈ വിലാപയാത്രക്ക് തുടക്കം കുറിച്ചത്.
രോഗിയായ മകനെ ജീവന് തുല്യം സ്നേഹിച്ചിരുന്ന മുരളിയുടെ അമ്മയെ വലിയ ഇഷ്ടമായിരുനെങ്കിലും മുരളിയുടെ മരണശേഷം ഒരു പ്രാവശ്യം മാത്രമേ അവിടെ പോയുള്ളു. സന്ദർശനം ഉണങ്ങിത്തുടങ്ങിയ മുറിവുകളെ ഉണർത്തിയെങ്കിലോ എന്ന് കരുതി വേണ്ടെന്നു വെച്ചതാണ്.
യാത്രകൾ എന്നും എല്ലായ്‌പോഴും അങ്ങനെയാണ്. ആരംഭത്തിൽ ചേർന്ന് സഞ്ചരിച്, ഇടയ്ക്കു വെച്ച് പല കൈവഴികളായി പിരിഞ്ഞു മുന്നേറേണ്ടി വരും. കൂടെയുണ്ടാകും എന്ന് കരുതിയവർ ജീവിതമെന്ന മഹാപ്രസ്ഥാനത്തിൽ ഇടയ്ക്കിടയ്ക്ക് വീണുകൊണ്ടേയിരിക്കും. തിരിഞ്ഞു നോക്കാനോ യാത്ര വേണ്ടെന്നു തീരുമാനിക്കാനോ കെല്പില്ലാതെ നിസ്സഹായനായി മറ്റെന്തിനാലോ നിയന്ത്രിക്കപ്പെട്ട് ഒരു യെന്ത്രത്തെപോലെ മുന്നോട്ട് ഗമിക്കേണ്ടി വരും. ജീവിതത്തിൽ വിതച്ചതും വിധിച്ചതും സ്വീകരിക്കലല്ലാതെ തമസ്കരിക്കാൻ ആകില്ലലോ. മറ്റൊരു തിരെഞ്ഞെടുപ്പാണെങ്കിൽ തികച്ചും അസാധ്യവും.