മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പതിവുപോലെ ഫേസ്ബുക് പോസ്റ്റിനായി മണിക്കൂറുകൾ ചിലവഴിച്ചു ഒരു സന്ധ്യ കൂടെ കടന്നുപോയപ്പോൾ, കുറച്ചു നേരം ടീവി ഓൺ ചെയ്ത് ന്യൂസ്‌ കേൾക്കാമെന്ന് വെച്ചു. ഏഷ്യാനെറ്റിൽ സാധാരണ ഈ സമയത്തു വാക്പോരുകൾ കാണാറുണ്ട്. പാനൽ നോക്കിയപ്പോൾ വെടിക്കെട്ടിന് യാതൊരു സാധ്യതയും കണ്ടില്ല.

ചാനൽ മാറ്റി ഓരോ ന്യൂസ്‌ ചാനലിലുമുള്ള അവതാരകരെയും രാഷ്ട്രീയ വക്താക്കളെയും ചർച്ചാവിഷയങ്ങളെയും നോക്കിയപ്പോൾ അവിടെ എവിടെയും ഒരു ട്വന്റി ട്വന്റിയുടെ യാതൊരു ലക്ഷണവും കാണാനില്ലായിരുന്നു.

സീരിയൽ കാണാൻ വെമ്പിനിൽക്കുന്ന വാമഭാഗം അക്ഷമയോടെ തൊട്ടടുത്തു എന്നെയും നോക്കിയിരിക്കുന്നു. റിമോട്ട് കൈമാറി വീണ്ടും മൊബൈലിനായി പരതി. വെച്ചിടത്തു തന്നെയുണ്ട്. ഭാഗ്യം.

താനിട്ട പോസ്റ്റിനു കൂട്ടുകാരുടെ കമന്റ്സ് വന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു. ചിലരുടെ ലൈക്‌സും അഭിപ്രായവുമൊക്കെയുണ്ട്. സ്ഥിരം വായനക്കാരൊന്നും പ്രതികരിച്ചതായി കണ്ടില്ല. നിരാശയോടെ ഷെയർ ചെയ്തതും പരിശോധിച്ചു. നിരാശ തന്നെ ഫലം. പോസ്റ്റിന്റെ റീച് വർധിക്കുന്നത് ഷെയർ ബട്ടണിൽകൂടെയാണല്ലോ. എന്തായാലും ഇനി രണ്ടു ദിവസം കഴിഞ്ഞാകാം. അല്ലെങ്കിൽ വായനക്കാർ ഒരു പക്ഷെ വായിച്ചെന്നിരിക്കില്ല. ആർക്കറിയാം വായിക്കാതെ ചിലർ താൻ ചെയുന്നത് പോലെ ഒരു ലൈക്‌ ഇട്ടതാണെങ്കിലോ. എന്തോ കൂടുതൽ ആലോചിച്ചിട്ട് കാര്യമില്ല.

ചിലപ്പോൾ കോളേജിൽ പഠിക്കുന്ന മക്കൾ വാട്സ്ആപ്പ് സന്ദേശങ്ങൾ നോക്കാൻ എന്റെ മൊബൈൽ എടുക്കാറുണ്ട്. ഇന്നെന്തോ പരീക്ഷക്കുള്ള തയാറെടുപ്പിലായതിനാലാകാം അവർ മറ്റൊരു ലോകത്താണ്. ഭാര്യയുടെ ശ്രദ്ധ മുഴുവൻ കണ്ണീർക്കായലിലും.

അടുത്തെങ്ങും റിമോട്ട് പ്രതീക്ഷിക്കണ്ട. ഇനി ബിഗ് ബോസ് തുടങ്ങുന്ന സമയം വരെ എന്ത് ചെയ്യും.

പുകവലി ഇല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് ചായ ഒരു ശീലമാണ്. കുക്കിങ്ങിൽ ഞാനൊരു കിങ് ആണെന്നുള്ളത് വീട്ടിലുള്ളവരെ കാണിക്കാൻ ചായ തനിയെ ഇടുന്ന ഒരു സ്വഭാവം പണ്ടുമുതലേ ഉള്ളതാണ്. വേണ്ടിവന്നാൽ മത്തിക്കറിയും സാമ്പാറും ഉപ്പേരിയുമൊക്കെ ഉണ്ടാക്കി കുട്ടികളുടെ മുന്നിൽ മമ്മിയേക്കാൾ ഒട്ടും മോശമല്ല അവരുടെ ഡാഡി എന്ന് വീണ്ടും വീണ്ടും തെളിയിക്കാറുമുണ്ട്. ഭാര്യയും എന്റെ നളപാചകത്തിൽ ഇമ്പ്രെസ്സ്ഡ് ആണ്. ഞാനുണ്ടാക്കിയ കറികൾ കൂട്ടി പതിവിലും കൂടുതൽ കഴിക്കുന്നത്‌ പലപ്പോഴും നോക്കിനിന്നിട്ടുണ്ട്. അവർക്കും ഇടക്കൊന്നു കൈ മാറി കഴിക്കണ്ടേ. ചിലപ്പോൾ ഹോട്ടലിൽ നിന്നു ചിക്കൻ വിഭവങ്ങൾ ഓർഡർ ചെയ്യും. അടുക്കളയിൽ ഒടുങ്ങാനുള്ളതല്ലലോ പെൺ ജന്മങ്ങൾ. ഒരു പെൺകുട്ടി ജനിച്ചതിൽ പിന്നെയാണ് സ്ത്രീസ്വന്തന്ത്ര്യത്തിന്റെ വില മനസ്സിലായത്. അത് വരെ മറ്റ് പലരെയും പോലെ പുരുഷാധിപത്യമാണ് ശരിയെന്നു വിശ്വസിച്ചിരുന്നു. മകളെ ലിംഗസമത്വത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് വിവാഹം കഴിച്ച് കൊടുക്കണം എന്ന് തന്നെയാണാഗ്രഹവും. ദൈവം സഹായിക്കട്ടെ.

ചായ കുടിച്ച് സമയം നോക്കി.ഒന്പതരയാകാറായിരിക്കുന്നു. ഇനി
തന്റെ ഊഴം.

ഇനി മിനിസ്‌ക്രീനിൽ എല്ലാ മര്യാദകളും മാറ്റി പരസ്പരം ഒളിഞ്ഞും തെളിഞ്ഞും പാര വെക്കുന്ന ടീവി താരങ്ങളും മറ്റ് പ്രമുഖ വ്യക്തികളും നടത്തുന്ന അക്രമണപ്രത്യാക്രമണങ്ങളുടെ തുടർച്ച ആരംഭിക്കാറായിരിക്കുന്നു. കരച്ചിലും പിഴിച്ചിലും പിടിവലിയും ചൂടേറിയ വാക്‌വാദങ്ങളും ഫെമിനിസവും പ്രേമസാലാപങ്ങളും ഒക്കെ ഒരുമിച്ച് ഒരു ഫ്രെയ്മിൽ. എവിടെകിട്ടും ഇങ്ങനെ എല്ലാം ഒരുമിച്ച്? നേരെ ചെന്ന് റിമോട്ടിന് കൈ നീട്ടി. മനസ്സില്ലാമനസ്സോടെ തിരികെ കിട്ടിയ റിമോട്ടിൽ മുറുകെ പിടിച്ച് ടീവിയിൽ നോക്കിയിരുന്നു. ഇനി 11 മണി വരെ വേറൊന്നും ചെയാനോ ചിന്തിക്കാനോ ഇല്ല.

പരിപാടി തുടങ്ങി.

ഇപ്പോൾ ഭക്ഷണവും ഈസമയത് തന്നെ.
കൊണ്ടുവന്ന ആഹാരം യാന്ത്രികമായി കഴിച്ച് പുതിയ പ്രശ്നങ്ങളുടെ ജനിമൃതികളിൽ അങ്ങിനെ കണ്ണും നട്ടിരുന്നു നേരം പോയതറിഞ്ഞില്ല.എല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ മറ്റൊരു തനിയാവർത്തനം ഏതാനും മണിക്കൂറുകൾക് ദൂരെ മാത്രം തന്നെ കാത്തുനിൽക്കുന്നത് ഒരു നിർവികാരതയോടെ ഓർത്തു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ