അറിയില്ല, ഒന്നുമറിയില്ല. എന്തുപറയണമെന്നറിയില്ല, എന്തു ചെയ്യണമെന്നറിയില്ല. മനസ്സില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത എന്തോ ഒന്ന്, അത് എങ്ങനെ പറയും... പറഞ്ഞാലോ? എന്തായിരിക്കും സംഭവിക്കുക. ഫലം വിപരീതമായാല്‍ എന്തു
ചെയ്യും. ഒരു പക്ഷേ ഇങ്ങോട്ടും അങ്ങനെ തന്നെയാണെങ്കിലോ. ഞാന്‍ പറയുമെന്ന് ആഗ്രഹിക്കുകയാണെങ്കിലോ. എന്നോട് എങ്ങനെ പറയും; പറഞ്ഞാല്‍ എന്തായിരിക്കും ഫലം എന്ന് ചിന്തിച്ച് മനസ്സ് വിഷമിച്ച് നടക്കുകയാണെങ്കിലോ. എനിക്കങ്ങോട്ട് ഉണ്ട്. അത് എന്താണെന്ന് അറിയില്ല. അവസാനം ദിനചര്യയായ കളിചിരികള്‍ക്കും തമാശകള്‍ക്കും ഇടയില്‍ ഞാന്‍ അത് പറഞ്ഞു. ഒരിക്കലും പിരിയാത്ത കൂട്ടുകാരായിരിക്കണമെന്ന്. വെറും കൂട്ടുകാരായിരിക്കണമെന്ന്. പക്ഷെ, അതാണോ ഞാന്‍ പറയുവാനാഗ്രഹിച്ചത്. അടുത്തുവരുമ്പോള്‍ ഹൃദയം കൂടുതലിടിക്കുന്നു. രണ്ടുപേരുടയും കവിളിണകള്‍ ചുവക്കുന്നു. പറയുവാനുള്ള വാക്കുകള്‍ കിട്ടാതെ വരുന്നു. ഇതായിരുന്നു ആദ്യലക്ഷണം. എന്‍റെ ഹൃദയവും മനസ്സും തുറന്നിട്ടു. വാതിലില്ലാത്ത വീടുപോലെ. കുടുംബത്തെപ്പറ്റി പരമാവധി മനസ്സിലാക്കി. ചില ദിനങ്ങളില്‍ വരാതിരുന്നപ്പോള്‍ വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു. കൂട്ടമായി നിന്നു വര്‍ത്തമാനം പറയുമ്പോഴും എന്‍റെ കണ്ണുകള്‍ ആ മുഖത്തേയ്ക്ക് നീണ്ടു. ആ കണ്ണിനെ മനസ്സിലാക്കാന്‍ ശ്രമിച്ചു. ഇത് സ്നേഹമാണോ... അറിയില്ല. ദിനങ്ങള്‍ പിന്നിട്ടു. എന്തോ ചെറിയ അകല്‍ച്ച അനുഭവപ്പെട്ടു. അവസാനം മനസ്സിന്‍റെ വേദനയറിഞ്ഞ സുഹൃത്ത് ചെന്ന് ഇരതേടി വാ പിളര്‍ന്നു കിടക്കുന്ന ഈ മുതലയുടെ കണ്ണീര്‍ക്കഥ പറഞ്ഞു. തിരിച്ചുള്ള മറുപടി ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. ഇത്രയും കാലം അവന്‍റെ ഒരു വാക്കിനെ പ്രതീക്ഷിച്ചു. എനിക്കും അവന്‍റെ മനസ്സിന്‍റെ അതേ വിങ്ങലായിരുന്നു. അത് എന്താണെന്ന് എനിക്കും അറിയില്ലായിരുന്നു. അവന്‍ അതിനെ പ്രേമമെന്ന് നിര്‍വ്വചിക്കാന്‍ ഞാനും കൊതിച്ചിരുന്നു. എന്‍റെ ഉടമ്പടി വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചു കഴിഞ്ഞു. ഇനി എനിക്ക് ഒന്നിനും കഴിയില്ല. എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു. കാരണം ഇപ്പോള്‍ എനിക്കവളുടെ വൈരൂപ്യവും കുറവുകളും മനസ്സിലാക്കാന്‍, നന്നായി മനസ്സിലാക്കുവാന്‍ സാധിക്കുന്നു.