ഞാൻ പഠിച്ചതും വളർന്നതുമൊക്കെ എന്റെ അമ്മയുടെ നാട്ടിൽ ആണ്. അമ്മയുടെ തറവാട്ടിലെ ഓണമാണ് എന്റെ ഓർമകളിലെന്നുമുള്ളത്. തറവാട്ടിൽ, ചിങ്ങം പിറക്കുമ്പോഴേ ഊഞ്ഞാലിടാനുള്ള ബഹളമാണ്.. എന്റെ അമ്മൂമ്മക്ക്
അതൊക്കെ വല്യ ഇഷ്ടമായിരുന്നു. രണ്ടു ഊഞ്ഞാൽ ആണ് തറവാട്ടിൽ സാധാരണ ഇടാറ്. ഒന്ന് മുൻവശത്തുള്ള മാവിലും, പിന്നൊന്ന് കിഴക്കുവശത്തുള്ള പ്ലാവിലും. ആളിനെ വിട്ടു കരിപ്പട്ടികയറു വാങ്ങുന്നതും, മുറ്റത്തെ പടിഞ്ഞാറു വശത്തെ മാവിന്റെ കൊമ്പിൽ ഊഞ്ഞാലിടാൻ പണിക്കരപ്പൂപ്പനെ ഉന്തി തള്ളി കയറ്റുന്നതും, ഒക്കെ അമ്മൂമ്മയാണ്.
തറവാട്ട് വീടിന്റെ ദർശനം പടിഞ്ഞാറേക്കാണ്. കുറേ മരങ്ങളുണ്ടെങ്കിലും പടിഞ്ഞാറെ വശത്തുള്ള മാവിൽ മാത്രേ പ്രധാന ഊഞ്ഞാൽ ഇടാറുള്ളൂ. മാവിന്റെ കൊമ്പിലുരഞ്ഞു കയറു വേഗം പൊട്ടാതിരിക്കാനായി, വലിയ ചണച്ചാക്കു വച്ചിട്ട് അതിന് മുകളിലായാണ് പണിക്കരപ്പൂപ്പൻ കയറു കെട്ടുന്നത്.. ഇരിക്കാനുള്ള കമ്പായി വക്കുന്നത് ഒരു വലിയ ഉലക്കയായിരുന്നു. രണ്ടു വശങ്ങളിലും ഇരുമ്പ് കെട്ടിയ വലിയ ഉലക്ക. ഒരേ സമയം മൂന്ന് പേർക്ക് വരെ ഇരുന്നാടാൻ പറ്റുന്ന യമണ്ടൻ ഊഞ്ഞാൽ ആയിരുന്നു അത്.
ഇനിയുള്ളത് പിന്നാമ്പുറത്ത്, അതായത് കിഴക്കേ വശത്തുള്ള ഊഞ്ഞാൽ ആണ്. അത് ഒരു ഇടത്തരം ഊഞ്ഞാൽ എന്നെ പറയാൻ പറ്റു. തുടക്കക്കാർക്ക് ആടാനുള്ളതാണത്. അതിൽ ആടി തഴക്കം വന്നാലേ പടിഞ്ഞാറെ മാവിലെ ഊഞ്ഞാൽ തരൂ... വീട്ടിൽ തന്നെയുള്ള എനിക്ക് ഊഞ്ഞാലിലെ അഭ്യാസങ്ങളൊക്കെ വലിയ ഇഷ്ടം ആയിരുന്നു. ചില്ലാട്ടം പറക്കുമ്പോൾ മേൽക്കൂരയിലെ ഓടുകൾ കയ്യെത്തും ദൂരത്തായിരിക്കും.
പൂരാടത്തിനു മുൻപ് തന്നെ എല്ലാ വിധത്തിലുള്ള പലഹാരങ്ങളും ഉണ്ടാക്കി കഴിയും. ഉപ്പേരി, ശർക്കരവരട്ടി, മുന്തിരിക്കൊത്ത്, ചീട, അച്ചപ്പം, അരിയുണ്ട, അവലോസ് പൊടി തുടങ്ങി എല്ലാം ഉണ്ടാക്കും... അമ്മയും അമ്മൂമ്മയും ചേർന്നാണ് എല്ലാം ഉണ്ടാക്കുന്നത്. എല്ലാത്തിനും കൂട്ടത്തിൽ ഞാനും കാണും.. ഒരിക്കൽ, അരിയുണ്ടക്കു ഉണ്ട പിടിക്കുമ്പോൾ കൈയിൽ ചൂട് തട്ടി എന്നും പറഞ്ഞ് , ബാക്കി ഉണ്ടകളൊക്കെ അവർ പിടിച്ചു തീരുന്നതു വരെ ഞാൻ, വെള്ളത്തിൽ കൈ മുക്കിയിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു..
ഓണസമയത്തു മാത്രം വരുന്ന വിരുന്നുകാരാണ് മാമന്റെ മക്കൾ. ഉത്രാടത്തിന്റെ അന്ന് രാവിലെ തന്നെ എല്ലാവരും വരും.. തിരുവോണദിവസം രാവിലെ ഇളയ മാമനാണ് പൂക്കളം ഇടുന്നത്. തിരുവോണസദ്യ കഴിഞ്ഞ് എല്ലാരും കൂടെ കുറേ കളികൾ കളിക്കും.. ഊഞ്ഞാലാട്ടം ഒഴിച്ചു കൂടാനാവാത്തതാണ്.. ഊഞ്ഞാലാട്ടത്തിൽ ഉണ്ടയിടലാണ് രസം. അമ്മയെ കൊണ്ടും മാമന്മാരെ കൊണ്ടുമൊക്കെ ഉണ്ടയിടീക്കും. പിന്നെ ഞങ്ങൾ കുട്ടികൾ പരസ്പരം ഉണ്ടയിടും.
രണ്ടു ദിവസമേ ഈ സന്തോഷം ഒക്കെ കാണൂ. എല്ലാരും അവിട്ടത്തിന്റെ അന്ന് രാവിലെ പോകും.. പിന്നാകെയൊരു ശൂന്യതയാണു്.. എല്ലാരും പോയിക്കഴിഞ്ഞാൽ അമ്മൂമ്മയും ഞാനും ഊഞ്ഞാലുകളും ബാക്കിയാകും. അടുത്ത ഓണത്തിനുള്ള കാത്തിരിപ്പ് അവിടെ തുടങ്ങും....
ഇന്നും, എന്റെ ഓർമയിൽ ഉള്ള മനോഹരമായ ഓണം, എന്റെ കുട്ടിക്കാലത്തുള്ള ഞങ്ങളുടെ തറവാട്ടിലെ ആ ഓണമാണ്. ഓഹരി വക്കലൊക്കെ കഴിഞ്ഞ് എല്ലാവരും പല വഴിക്കായി പിരിഞ്ഞു പോയി, തറവാട്ടുവീട് ഇളയ മാമന് കിട്ടി. ഇന്ന് അമ്മൂമ്മയില്ല, ഊഞ്ഞാലുമില്ല, ഒത്തുചേരലുകളുമില്ല. എങ്കിലും, വർഷങ്ങൾക്കിപ്പുറവും, അന്നത്തെ ഓർമകളിലെ ഊഞ്ഞാലിലാടുമ്പോൾ, ഞാനിന്നും ആ കൊച്ചുകുട്ടിയാകുന്നു....