mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഇത്തിരി ഉയരത്തിൽ പടർന്നു വളർന്നു കിടക്കുന്ന കുന്നിക്കാട്. എന്നും കൗതുകം അടക്കാനാവാതെ മതിലു ചാടിക്കടന്നു ഞാനെപ്പോഴും ഓടി എത്താറുള്ളത് ആ കുന്നി ചെടി  പടർന്നുപിടിച്ച കാട്ടിലേക്കാണ്. കുന്നി വള്ളിചെടികളിൽനിന്ന് പൊഴിഞ്ഞുവീണ കുന്നിക്കുരു പെറുക്കിയെടുത്തു കണ്ണിമവെട്ടാതെ സാകൂതം നോക്കി വീക്ഷിക്കുന്നത് എന്റെ ദൗർബല്യമായിരുന്നു.  പകുതിയിലേറെ  ചുവപ്പും ബാക്കിഭാഗം കറുപ്പും കൂടെ വെള്ള ഒരു പൊട്ടും ചേർന്ന നിറങ്ങളുടെ സമന്വയമാണ് കുന്നിക്കുരു.

കുന്നിക്കുരു എനിക്ക് പലപ്പോഴും സുഖദുഃഖ സമ്മിശ്രമായ ജീവിതത്തിന്റെ രണ്ടറ്റം പോലെ തോന്നിച്ചു.

ഭൂരിഭാഗവും  ചുവന്നുതുടുത്ത സ്വപ്നങ്ങളും അറ്റത്തായി കുറച്ചു ഭാഗത്ത് കരിഞ്ഞുണങ്ങിയ കിനാക്കളുടെ അവശേഷിപ്പെന്നോണം ഏഴഴകുള്ളൊരു കറുപ്പും കണ്ണു തട്ടാതിരിക്കാനായി ഒരു കുഞ്ഞു വെള്ള പൊട്ടും ചേർന്ന് സുന്ദരിയായ കുന്നിമണി.മറ്റുചിലപ്പോൾ കുന്നിമണി എനിക്ക് കറുപ്പും ചുവപ്പും ചേർന്ന അലോപ്പതി ക്യാപ്സൂൾ പോലെയും തോന്നാറുണ്ട് .കുന്നിച്ചെടിയുടെ ബീൻസ് പോലെയുള്ള കായയുടെ അകത്താണ് കുന്നിക്കുരു. കുന്നിച്ചെടിയുടെ വിത്താണ്  കുന്നിമണി എന്നെനിക്ക് പതിയെ പതിയെ ആണ് മനസ്സിലായത്. ചുവപ്പിൽ കറുത്ത പൊട്ടോടുകൂടിയോ വെളുപ്പിൽ കറുത്ത പൊട്ടോടു കൂടിയൊ ഉരുണ്ട ഭംഗിയുള്ള വിത്തുകൾ. അഴകേറും മിഴിയിണകളെ കുന്നിമണികളോട് ഉപമിക്കുന്നത് വെറുതെയല്ലെന്ന് എനിക്ക്  തോന്നിയിരുന്നു. 

അപ്പോഴൊക്കെ   'കുന്നിമണിച്ചെപ്പ് തുറന്നെന്നെ നോക്കും നേരം' എന്ന പാട്ട് മനസ്സിലേക്കോടിയെത്തികൊണ്ടിരിന്നു . കുട്ടിക്കാലത്തെ ഓർമ്മച്ചെപ്പിൽ സ്വരുക്കൂട്ടി വെച്ച കുന്നി മണികൾ എന്നുമെന്നെ ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും.

 ഞങ്ങളുടെ തറവാടിന് അടുത്തായുള്ള ഒരു  കുറ്റിക്കാട്ടിൽ ആണ് കുന്നിക്കുരു ഞാൻ ആദ്യമായി കാണുന്നത്. മഞ്ചാടിക്കുരു കൊണ്ട്  കുറേ കളിച്ചിട്ടുണ്ടെങ്കിലും കുന്നിക്കുരു അന്നാദ്യമായിട്ടായിരുന്നു കാണുന്നത്.

പിന്നെ ഒട്ടും വൈകിയില്ല ബാല സഹജമായ കൗതുകത്തോടെ പ്രിയപ്പെട്ട കുന്നി  കുരുവിനെക്കുറിച്ചങ്ങു ഗവേഷണം തന്നെ നടത്തി.

 ആദ്യം തന്നെ പറയട്ടെ പേര് കൊണ്ട് തന്നെ കുന്നിമണികൾ എന്റെ മനസ്സിനെ കീഴടക്കി. ആ കുന്നിമണികൾ ഹൃദയത്തിന്റെ കോണിൽ ഇടംപിടിച്ചു കൊണ്ട്  എന്റെ മോഹങ്ങൾക്ക്  നിറം ചാർത്തി ഉതിർന്നു വീണു കൊണ്ടിരുന്നു. കുന്നിക്കുരുവിനെ പറ്റി കൂടുതൽ  കൂടുതൽ അറിയുന്തോറും അവയെന്റെ പ്രിയപ്പെട്ട വസ്തുക്കളിൽ ഒന്നായി പിന്നീട് അത് എന്റെ ദൗർബല്യവും ആയി മാറി.

 വിഷാംശം ഉള്ളതാണെങ്കിലും ഏറെ ഔഷധഗുണമുള്ളതാണത്രേ കുന്നി ചെടിയും കുരുവും.

 പൊഴിഞ്ഞുവീണ കുന്നിമണികൾ പെറുക്കിയെടുത്തു എത്ര കുപ്പികളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയാമോ? ഇന്നും ആ കുപ്പികളിലെ കുന്നിമണികൾ എന്റെ ബാല്യകാല സ്മരണകളുടെ ഓർമ്മച്ചെപ്പിൽ തിളക്കം മങ്ങാതെ കിടപ്പുണ്ട്.

ജീവിതം അങ്ങനെയാണ് പലപ്പോഴും ഓരോ  മനുഷ്യന്റെയും  അടിത്തറപാകിയ കുട്ടിക്കാലത്തെ ഓർമ്മക യാത്ര ചെയ്യാൻ ഏറെ കൊതിക്കും. വരിക്കപ്ലാവിലെ ഊഞ്ഞാലിൽ മത്സരിച്ചു  കുതിച്ചാടി ആർത്തുല്ലസിച്ചത് മനസ്സിനെ എന്നും പുളകം കൊള്ളിക്കുന്നതു പോലെ.

തിരിച്ചു കിട്ടാത്ത ബാല്യം നൽകിയ ഉത്സവ പ്രതീതിയുള്ള ഓർമ്മയുടെ രസ മേളങ്ങൾ പൊട്ടാത്ത ബലൂണുകളായി ഇന്നും കൊണ്ടുനടക്കുന്നു. കുന്നിക്കുരുവോളം ഇഷ്ടത്തോടെ!

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ