ഞാൻ ഇന്നും പതിവ് പോലെ ഓഫീസിലോട്ട് പോവുകയാണ് ധാരാളം ആളുകൾ വാഹനങ്ങളിൽ ചിറി പാഞ്ഞു പോകുന്നു, എല്ലാവരും എന്തോ തിരക്കിലാണ്. ഞാനും എന്റെ പാതയിൽ നോക്കി വാഹനം ഓടിച്ചു അപ്പോൾ അതാ എതിർ
വശത്ത് ഒരു ചെറിയ പൂച്ചകുഞ്ഞ് ഏതൊ വാഹനം ഇടിച്ചു കിടക്കുന്നു, ഞാൻ ചുറ്റും നോക്കി അത് കണ്ടിട്ട് ആരും വാഹനം നിർത്തുകയോ, ഒന്ന് നോക്കുകപോലുമോ ചെയ്യുന്നില്ല. ഞാൻ ആ പൂച്ച കുഞ്ഞിനെ നോക്കി അത് അതിലെ യാത്ര ചെയ്യുന്ന എല്ലാവരെയും നോക്കിക്കൊണ്ട് മൗനമായി എന്തോ പറയുന്നത് പോലെ എനിക്ക് തോന്നി. ഞാൻ എന്റെ വണ്ടി ഒരു ഓരം ചേർത്ത് നിർത്തി അതിന്റെ അടുത്തേക്ക് ചെല്ലുവാനായി നോക്കി. റോഡ് ക്രോസ്സ് ചെയ്യണം വാഹനങ്ങളുടെ തിരക്ക് കാരണം കടക്കുവാൻ പറ്റുന്നില്ല. അങ്ങനെ ഒരു കണക്കിന് ഞാൻ അപ്പുറത്ത് എത്തി. ആ പൂച്ചയെ റോഡിൽ നിന്ന് മാറ്റി ഒരു ഓരം ചേർത്ത് കിടത്തി അപ്പോൾ അടുത്തുള്ള വീടുകളിൽ നിന്ന് ചിലർ വന്നു നോക്കി ചിലര് ചില ചോദ്യങ്ങൾ ചോദിക്കുന്നു എന്ത് പറ്റിയതാണ്? വണ്ടിഇടിച്ചോ? ചത്തോ അങ്ങനെ കുറെ ചോദ്യങ്ങൾ ഞാൻ ആ പൂച്ച കുഞ്ഞിനെ ഒന്ന് നോക്കി അത് എന്നോട് എന്തോ കണ്ണുകൾ കൊണ്ട് പറയുന്നുപോലെ എനിക്ക് തോന്നി. ഒരു 10 മിനിറ്റ് കഴിഞ്ഞു കാണും എന്റെ കാൽച്ചുവട്ടിലോട്ട് പതിയെ തല താഴ്ത്തി. അടുത്തുള്ള ഒരു വീട്ടുകാരുടെ സഹായത്തോടെ അതിന് റോഡ് സൈഡിൽ തന്നെ ഒരു കുഴി ഒരുക്കി. ആളുകൾ പിന്നെയും അവിടെ വന്ന് എന്തൊക്കയോ പറയുന്നു. ഞാൻ ആരോടും ഒന്നും മിണ്ടാതെ അവിടെ നിന്ന് യാത്ര തിരിച്ചു. ഓഫീസിൽ എത്തുന്നത് വരെ എന്റെ മനസ്സിൽ ആ പൂച്ചകുഞ്ഞിന്റെ കണ്ണുകൾ ആയിരുന്നു എന്തായിരിക്കും അത് മൗനമായി അതിലെ യാത്ര ചെയ്തവരോടും അവസാനമായി എന്നോടും കണ്ണുകൾ കൊണ്ട് പറഞ്ഞത്? എന്റെ മനസ് പതിയെ പതിയെ അത് വായിച്ചറിഞ്ഞു. പക്ഷെ ആ വാക്കുകൾ അത് ഞാൻ ഇവിടെ കുറിക്കുന്നില്ല. അത് മൗനം ആയി തന്നെ നിൽക്കട്ടെ.
ഇത് വായിക്കുന്ന ആളുകൾക്ക് അവരവരുടെ യുക്തിക് അനുസരിച് ആ പൂച്ച കുഞ്ഞിന്റെ മൗനസംഭാഷണം വായിച്ചെടുക്കുവാൻ കഴിയട്ടെ.