അങ്ങനെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നഓണവും കടന്നു പോയി. എന്തെല്ലാമായിരുന്നു മോഹങ്ങൾ ! കടിഞ്ഞാണില്ലാത്ത കുതിര പോലാണ് മനുഷ്യ മനസ്സ് എന്നാരോ പറഞ്ഞത് എത്ര ശരിയാണ്. ഇതിലും നന്നായി മനസ്സിൻ്റെ സ്വഭാവത്തെ നിർവ്വചിക്കാനാർക്കു കഴിയും?
എത്ര വേഗത്തിലാണ് ലക്ഷ്യസ്ഥാനത്തേയ്ക്കും അലക്ഷ്യസ്ഥാനത്തേക്കുമുള്ള തൻ്റെ പര്യടനം പൂർത്തിയാക്കി അതങ്ങനെ ഊർജ്ജസ്വലമായി നിലകൊള്ളുന്നത്. നിലകൊള്ളുന്നു എന്നും പറയാൻ കഴിയില്ല. കുപ്പിയിൽ നിന്നും തുറന്നു വിട്ട ഭൂതത്തെപ്പോലെ ഇനിയെന്തുണ്ട് ചെയ്യാൻ എന്നു ചോദിച്ച് അടങ്ങിയിരിക്കാനിഷ്ടമില്ലാതങ്ങനെ ഉത്തരവും കാത്ത് നിൽക്കും. ഉത്തരവിനു കാക്കാതെയും പാഞ്ഞു പോകും പലപ്പോഴും എന്നതാണ് സത്യം .
ഓണസ്സദ്യയൊരുക്കണം എല്ലാരുമൊത്ത് കളി ചിരികളും പാട്ടുകൂത്തുമൊക്കെയായി ഒരു ദിവസം സ്വന്തം വീട്ടിൽ. പിന്നെ പിറ്റേന്ന് തറവാട്ടുവീട്ടിൽ. അതിനിടക്ക് ഗുരുവായൂരൊന്നു പോണം, കണ്ണനെ കൺകുളിർക്കെ കണ്ടു തൊഴണം.
ഏറെ നാളത്തെ ഒരാഗ്രഹമുണ്ട് പറശ്ശിനിക്കടവു പോയി മുത്തപ്പനെ തൊഴണം. ഡൽഹിയിൽ നിന്നും അനിയത്തിയും വരുമെന്നതിനാൽ പിതൃകർമങ്ങൾ ചെയ്യാൻ തിരുനെല്ലിയിലും പോണം. തട്ടകത്തെ ദേവീക്ഷേത്രത്തിൽ എന്തായാലും പോയി തൊഴണം ഇക്കുറി അവധിയിൽ. ഇങ്ങോട്ടു വരാൻ തിരക്കുള്ളവരെ അങ്ങോട്ടു പോയിക്കണ്ട് ഞെട്ടിക്കണം... അങ്ങനെയങ്ങനെ എന്തെന്തു മോഹങ്ങളായിരുന്നു. ...
അനിയത്തിയുടെ മോളുടെ പിറന്നാളായതിനാൽ നേരെയെത്തിയത് തറവാട്ടിലേക്കായതിനാൽ അതു നടന്നു. തിരികെ സ്വന്തം തട്ടകത്തിലെത്തിച്ചേർന്നതും അതാ കൂടെക്കൂടുന്നു...ആര്? മടി തന്നെ. അലസത .ഇവിടെ വന്നാൽ വല്ലാത്തൊരു സ്വാസ്ഥ്യമാണ്. രാവിലെ എണീറ്റ് കുളിച്ച് ദേവീ സന്നിധിയിലെത്തി.'' അമ്മേ...മഹാമായേ.. ജഗദീശ്വരീ.. കാത്തനുഗ്രഹിക്കണേ ദേവീ ..'' എന്നു പ്രാർത്ഥിച്ചു കഴിയുമ്പോൾ കിട്ടുന്ന സുരക്ഷിതത്വബോധമൊന്നു വേറെത്തന്നെയാണ്.
പലപ്പോഴും അടുക്കാൻ മടി കാണിച്ച് വിട്ടു നിൽക്കുന്ന നിദ്രാദേവി വന്നങ്ങ് ആലിംഗനം ചെയ്യുകയായി. ''ഉറങ്ങിക്കോളൂ..'' എന്നങ്ങനെ സ്നേഹത്തോടെ തലോടി പറയുമ്പോൾ ഉറങ്ങാതിരിക്കുവതെങ്ങനെ?
കാലത്തെണീറ്റ് കുളിച്ച് ഓണസ്സദ്യയൊരുക്കിക്കഴിഞ്ഞ് വീണ്ടും ഉറക്കം. ഉണരുന്നു. സദ്യയുണ്ണുന്നു.. ഉറങ്ങുന്നു.
പകലൊന്നു പേരിനു കണ്ണടച്ചാൽ പിണങ്ങി നിൽക്കുമായിരുന്ന നിദ്രാദേവി രാവും പകലും വിട്ടുപിരിയാതെ കൂടെക്കൂടിയിരിക്കയാണ്.
ഇപ്പൊ പെയ്യും എന്ന മട്ടിൽ മൂടിപ്പിടിച്ചു നിൽക്കുന്ന അന്തരീക്ഷവും കൂട്ടിന്. ബെസ്റ്റ് .. നല്ല കോമ്പിനേഷൻ !
എന്നാപ്പിന്നെ ഇനി പിന്നീടാവാം അല്ലേ മറ്റു യാത്രകളൊക്കെ ... എന്തായാലും ഇനിയും ഞാനുറങ്ങട്ടെ!