ഒരു പൂച്ചപുരാണം കേട്ടാലോ .. പണ്ടു പണ്ട് നടന്നതൊന്നുമല്ല കെട്ടോ .. ഈ അടുത്ത കാലത്തുണ്ടായ ചില സംഭവ വികാസങ്ങളാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും ഒന്നും സാങ്കല്പികമല്ല. ആർക്കെങ്കിലും ഇതവരെപ്പറ്റിയാണെന്നു തോന്നിയാൽ അതൊട്ടും യാദൃശ്ചികവുമല്ല.
കുറച്ചു കൊല്ലങ്ങൾക്കു മുമ്പാണ്. ഇളയ മോന് അന്ന് മൂന്നു വയസ്സേയുള്ളൂ. അവൻ്റെ പ്രായത്തിലുള്ള കുട്ടികളൊന്നും അന്ന് അവിടെയടുത്ത വീടുകളിൽ ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ, അവനും കിട്ടി ഒരു കൂട്ടുകാരിയെ. നല്ലൊരു സുന്ദരിപ്പൂച്ച.
പട്ടാളക്കാരനായ അച്ഛൻ ലീവിൽ വരുമ്പോൾ മാത്രമേ മക്കൾ രണ്ടാൾക്കും അച്ഛനുമായി ഒരുമിച്ചു കഴിയാനായിരുന്നുള്ളൂ. ലീവിനു വന്ന് ഒന്നു രണ്ടു ദിവസം കഴിഞ്ഞാൽ അച്ഛനും മക്കളും നല്ല കൂട്ടാവും. പക്ഷേ വേഗച്ചിറകിലേറി ദിവസങ്ങൾ പെട്ടെന്നു പറന്നു പോകും. അന്ന് ഇന്നുള്ളതുപോലെ വീഡിയോകാൾ ചെയ്യാനുള്ള സൗകര്യമൊന്നുമായിട്ടില്ല. പിന്നെയും അടുത്ത തവണ അച്ഛൻ ലീവിനെത്തുന്നതുവരെ അമ്മയും മക്കളും അങ്ങനെ ഞങ്ങളുടേതായ ലോകത്ത് കഴിഞ്ഞുകൂടും.
എന്നാൽ ചെറിയ മോന് ഒന്നര രണ്ടു വയസ്സുള്ളപ്പോഴാണ് വി.ആർ .എസ് .എടുത്ത് അച്ഛൻ മക്കൾക്ക് നിത്യസാന്നിദ്ധ്യമായത്. അതു കൊണ്ടു തന്നെ പുളളി ഇളയവനെ കൊഞ്ചിച്ച് ഒന്നു വഷളാക്കിയോ എന്നൊരു സംശയം. ലാളിച്ചു എന്നല്ല ട്ടോ ഇതിനർത്ഥം. ആ പട്ടാളക്കാരന് അതൊന്നും അറിയാഞ്ഞിട്ടോ അതോ ഒരു കുറച്ചിലായിത്തോന്നിയിട്ടോ എന്നറിയില്ല ഓമനിയ്ക്കലൊന്നും ഇല്ലേയില്ല. പിന്നെ എന്താണ് കാര്യമെന്നു വെച്ചാൽ ഇവൻ പറയുന്നതെന്നും സാധിച്ചു കൊടുക്കാൻ ശ്രമിക്കുമായിരുന്നു.
അദ്ധ്യാപികയുടെ വേഷം ഇടക്കിടെ നമ്മൾ വീട്ടിലും കെട്ടിയാടാറുണ്ടല്ലോ. അതിനാൽത്തന്നെ വാശി പിടിക്കുന്നതിനു മുമ്പെ ആവശ്യമുള്ള സാധനങ്ങൾ കൊടുക്കാനാവുമെങ്കിൽ കൊടുക്കും. അല്ലെങ്കിൽ കുട്ടികൾ കരുതും ഒന്നു വാശി പിടിച്ചു കരഞ്ഞാൽ അവർക്കെന്തും നമ്മൾ വാങ്ങിക്കൊടുക്കുമെന്ന്. ആര്യപുത്രനോട് ഇതിനെക്കുറിച്ച് എത്രയോ സ്റ്റഡി ക്ലാസ്സെടുത്തിട്ടും ഫലം നഹി.
വിഷയം വിട്ടു പോയതല്ല കെട്ടോ.. ആമുഖമായി പറഞ്ഞതാണേ.. ഇനിയാണ് കാര്യത്തിലേക്ക് മന്ദം മന്ദം പ്രവേശിക്കുന്നത്.
സുന്ദരിപ്പൂച്ചയെ മോന് ഏറെ ഇഷ്ടായി. മീൻകാരൻ വരുന്ന സമയം അയൽവീട്ടിലെ ആളുകൾ മീൻ പാത്രവുമായെത്തും. ആവശ്യമുള്ളവ വാങ്ങി തിരികെ പോകും. നമ്മുടെ പൂച്ചയെ ആരും മൈൻ്റു ചെയ്യുന്നതു പോലുമില്ലെന്ന് കണ്ട് മോന് സങ്കടം. അവൻ അച്ഛൻ്റെയടുത്തെത്തി അതിനു മീൻ വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടു. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും എന്നു പറഞ്ഞതുപോലെ കേൾക്കേണ്ട താമസം പുള്ളിക്കാരൻ മീൻ വാങ്ങി പൂച്ചയ്ക്കു കൊടുത്തു. ആളൊരു പ്രകൃതി സ്നേഹിയാണേയ്...
പിന്നീട് ഇതൊരു പതിവായി .
എനിയ്ക്കിതിനോട് യോജിക്കാൻ കഴിഞ്ഞില്ല. ഞാൻ ശക്തിയുക്തം എതിർത്തു. ആരു കേൾക്കാൻ ..
മീൻ വാങ്ങി നന്നാക്കുമ്പോൾ അതിൻ്റെ അവശിഷ്ടങ്ങൾ കൊടുത്താൽ മതിയെന്നും ഇതൊന്നും ശരിയല്ലെന്നും ഞാൻ പറഞ്ഞതൊന്നും ആരും ഗൗനിച്ചില്ല എന്നു പറയാൻ കഴിയില്ല. വേസ്റ്റ് കൊടുത്താൽ അതിനു സങ്കടാവും എന്ന് മോൻ പ്രഖ്യാപിച്ചു.
(തുടരും)