mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Shameera ummer

വീട് വെക്കാനൊരു സ്ഥലം വാങ്ങാനൊരുങ്ങിയപ്പോൾ എനിക്കാകെയുള്ള ആവശ്യം വഴിയും വെള്ളവും വേണം എന്നതായിരുന്നു. ഒരുപാട് സ്ഥലങ്ങൾ കണ്ടെങ്കിലും വഴിയുടെയും വെള്ളത്തിന്റെയും അപര്യാപ്തത മൂലം ഒന്നും ശരിയായില്ല. ഒടുവിൽ കുറച്ചു വില കൂടുതലാണെങ്കിലും മനസ്സിനിങ്ങിയ സ്ഥലം തന്നെ വാങ്ങി.

മറവഞ്ചേരി എന്ന ഈ പ്രദേശം വെള്ളത്തിന്റെ ലഭ്യത വളരെ തുച്ഛമായ ഒരു പ്രദേശമാണ്. ഇവിടങ്ങളിൽ കിണറുകൾ വളരെ കുറവാണ്; ഉള്ള കിണറുകളിലാകട്ടെ വെള്ളവും കുറവ്. (മാർച്ച് മാസം തുടങ്ങുമ്പോഴേക്കും വില കൊടുത്ത് വാങ്ങുന്ന വെള്ളത്തിന്റെ വണ്ടികൾ റോഡിലെ നിത്യ കാഴ്ചയാണ്).

ഞാൻ  വാങ്ങാനുദ്ദേശിച്ച സ്ഥലത്തിന്റെ ആധാരം വെള്ളത്തിന്റെ ലഭ്യത നോക്കുന്ന തങ്ങളെക്കാണിച്ചപ്പോൾ ആ പറമ്പിൽ ഇന്ന സ്ഥലത്ത് വെള്ളമുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. ആ ധൈര്യത്തിലാണ് ഞാൻ ആ സ്ഥലം വാങ്ങാൻ തീരുമാനിക്കുന്നത്. സ്ഥലം വാങ്ങിയതറിഞ്ഞ് ഒരുപാട് അഭ്യുദയകാംക്ഷികൾ "എന്തിനാണ് ആ സ്ഥലം വാങ്ങിയത് ? ആ പറമ്പിൽ വെള്ളമില്ലാത്തതു കൊണ്ടാണ് അവർ അത് വിറ്റത് തന്നെ" എന്നൊക്കെ പറഞ്ഞു . ഞാനീ സ്ഥലം വാങ്ങുന്നതിന്ന് മുമ്പ് ഈ പറയുന്ന ആരും എന്നോട് ഇങ്ങിനെയൊരഭിപ്രായം പറഞ്ഞിരുന്നില്ല. എന്തായാലും തങ്ങൾ തന്ന ഉറപ്പിൽ ദൈവത്തിന്റെ അപാരമായ അനുഗ്രഹത്തിൽ വിശ്വസിച്ച് കിണർ പണി തുടങ്ങാൻ ഞാൻ തീരുമാനിച്ചു.

കിണർ പണി തുടങ്ങി രണ്ടാമത്തെ ദിവസം മുതൽ ആളുകൾ "വെള്ളം കണ്ടോ"? എന്ന് ചോദിക്കാൻ തുടങ്ങി. ആകാംക്ഷയാണോ പരിഹാസമാണോ ആ ചോദ്യങ്ങളിൽ മുഴച്ചു നിന്നിരുന്നതെന്ന് എനിക്കറിയില്ല. ആളുകൾ എന്നെയൊരു വിഡ്ഢിയായ തുഗ്ലക്കായിട്ടാണ് കണക്കാക്കുന്നതെന്ന് എനിക്കറിയാമായിരുന്നു.

കിണർ പണി അതിവേഗം മുന്നോട്ട് പോയി. ഓരോ ദിവസവും പ്രാർത്ഥനകളുടേതായിരുന്നു. മടുപ്പിക്കുന്ന വാക്കുകളിൽ മനം തളരുമ്പോഴും , "മട്ടി കണ്ടു ടീച്ചറേ..നല്ലോണം പ്രാർത്ഥിക്കൂ, ഈ നാട്ടുകാർ എന്നും വന്ന് മട്ടി കണ്ടാൽ വെള്ളം കിട്ടില്ല എന്ന് പറഞ്ഞ് ഞങ്ങളെക്കൂടി സംശയത്തിലാക്കുന്നു" എന്ന പണിക്കാരുടെ വാക്കുകൾ  വേവലാതിപ്പെടുത്തുമ്പോഴും "ഒരു ടെൻഷനും വേണ്ട അള്ളാവിന്റെ അനുഗ്രഹത്താൽ നമ്മുടെ കിണറ്റിൽ വെള്ളം കിട്ടും " എന്നാശ്വസിപ്പിക്കുന്ന ഭർത്താവും "പാറ കണ്ടാലും നീ പേടിക്കണ്ട വെള്ളം കിട്ടുന്നവരെ നമ്മൾ പാറ പൊട്ടിക്കും " എന്ന് ധൈര്യം തന്ന സഹോദരൻമാരും, എന്റെ നന്മയാഗ്രഹിക്കുന്ന ഒരുപാട് നല്ല സൗഹൃദങ്ങളും പ്രാർത്ഥനകളോടെ എനിക്ക് തുണയായി നിന്നു.

അവസാനം നാട്ടുകാരുടെ എല്ലാ മുൻവിധികളെയും കാറ്റിൽ പറത്തിക്കൊണ്ട് പന്ത്രണ്ട് കോൽ താഴ്ചയിൽ ഉറവയും പാറയും ഒരുമിച്ച് കണ്ടു. ഞാനോടിച്ചെല്ലുമ്പോൾ എന്നെ നിരുത്സാഹപ്പെടുത്തിയ  നാട്ടുകാരടക്കം ഒരുപാട് പേർ അവിടെയുണ്ടായിരുന്നു. എല്ലാവർക്കും കിണറ്റിലെ വെള്ളം കൊണ്ട് ഞാൻ ചക്കര വെള്ളം കലക്കി നൽകി.

പിന്നീട് വെള്ളം നിലനിർത്താനായി മൂന്ന് തവണ പാറ പൊട്ടിച്ചു. ഇന്ന് എനിക്കും ചുറ്റുമുള്ളവർക്കും ഉപയോഗിക്കാൻ മതിയാകുന്ന വെള്ളം ആ കിണറ്റിലുണ്ട് (ദൈവത്തിന് സ്തുതി) .

വെള്ളം കണ്ട ദിവസം ഒരാൾ പറഞ്ഞത് "നിങ്ങൾക്ക് പന്ത്രണ്ട് കോലിൽ വെള്ളം കിട്ടുമെന്ന് ഞാനന്നേ പറഞ്ഞില്ലേ " എന്ന്. പടച്ചോനാണേ  ഞാനയാളെ കാണുന്നത് തന്നെ ആദ്യമായിട്ടായിരുന്നു. ഞങ്ങൾക്ക് സ്ഥലം വിറ്റ വീട്ടുടമസ്ഥ പറഞ്ഞു "മോളേ ... ഈ പറമ്പിൽ ഞങ്ങൾ ആറ് സ്ഥലത്ത് കിണർ കുത്തി ലക്ഷങ്ങൾ ചിലവായതല്ലാതെ വെള്ളം കിട്ടിയില്ല. നീ കിണർ കുഴിക്കുമ്പോൾ നിന്നേക്കാൾ ബേജാറ് എനിക്കായിരുന്നു. ഞാനത് പറഞ്ഞ് നിന്നെയും ബേജാറാക്കിയില്ലെന്നേയുള്ളൂ.."അത് സത്യമാണ്. കാരണം പലപ്പോഴും കാരണമറിയാത്ത ഒരു ടെൻഷൻ ആ ഉമ്മയുടെ മുഖത്ത് ഞാൻ കണ്ടിരുന്നു.

വെള്ളം ദൈവത്തിന്റെ അപാരമായ അനുഗ്രഹമാണ്. ഇല്ലാത്തവർക്ക് മാത്രം മൂല്യമറിയാവുന്ന, വിലമതിക്കാനാകാത്ത സമ്പത്ത് . അതിനായി ഇറങ്ങിത്തിരിച്ച നാളുകളെ ഞാനെങ്ങിനെ അതിജീവിച്ചു എന്ന് എനിക്കിന്നുമറിയില്ല. വിധി നൽകിയ ഒരുപാട് വെല്ലുവിളികളെ മറികടന്ന് തോൽക്കില്ലെന്നുറപ്പിച്ച് അതിജീവനത്തിനായുള്ള എന്റെ പോരാട്ടത്തിനിടയിൽ തളർത്താനും തകർക്കാനും നെഗറ്റീവ് എനർജി വാരിവിതറാനും ഒരുപാട് പേരുണ്ടായിരുന്നുവെങ്കിലും "നീ തളരില്ല ; ഞങ്ങളുണ്ട് കൂടെ " എന്ന് പറഞ്ഞ് ചേർത്ത് നിർത്താൻ കുറച്ചു പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവർ തന്ന പോസിറ്റിവ് എനർജി വലുതായിരുന്നു. കഷ്ടപ്പെടുന്നവനെ ദൈവം ഒത്തിരി പരീക്ഷിച്ചാലും കൈവിടില്ലെന്ന അചഞ്ചലമായ വിശ്വാസം പതറിപ്പോയേക്കാവുന്ന പല നിമിഷങ്ങളിലും എന്റെ ധൈര്യമായിരുന്നു.

ഇതെന്റ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട സംഭവത്തിൽ നിന്നുരുത്തിരിഞ്ഞ എന്റെ ചിന്തകളിലെ വേദനകളും സന്തോഷങ്ങളും പ്രതീക്ഷകളും എന്റെ മാത്രം വിശ്വാസങ്ങളുമാണ്. എനിക്ക് ചുറ്റുമുള്ള ബന്ധങ്ങളിൽ എനിക്ക് വെളിപ്പെട്ട നേരുകളും നുണകളും മാത്രമല്ല; അഭിപ്രായങ്ങളിൽ നിന്നും തിരിച്ചറിയപ്പെട്ട യാഥാർത്ഥ്യങ്ങളും വീൺവാക്കുകളും കൂടിയാണ്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ