ആന ചെരിഞ്ഞാൽ അതിൻ്റെ ആത്മാവ് അലഞ്ഞു തിരിഞ്ഞു നടക്കുമോ? അലഞ്ഞു തിരിയുമെന്ന് ഒരു കൂട്ടരും, അതല്ലാ വെറുതെ പറയുന്നതാണന്ന് മറ്റൊരു കൂട്ടരും. എന്തായാലും നാട്ടിലെ ഒരു പ്രമാണിയുടെ
ആന ചെരിഞ്ഞപ്പോൾ ജനങ്ങളുടെ ആവശ്യപ്രകാരം പോസ്റ്റുമോട്ടം വേണ്ടിവന്നു. അതു നാട്ടുകാർ കാണാതിരിക്കാനായി മറകെട്ടിയിരുന്നു. എന്നാൽ മറക്കുള്ളിലൂടെ നൂണ്ടുകയറി, ഇരുപത്തിരണ്ടു വയസ്സുള്ള സന്ദീപ് എന്ന ചെറുപ്പക്കാരൻ.
ആനയെ കീറി മുറിക്കുന്നതു കണ്ട സന്ദീപ് അപ്പോൾ തന്നെ ബോധരഹിതനായി. ഉടൻ തന്നെ അവനെ ആശുപത്രിയിലാക്കി. ബോധം തെളിഞ്ഞതു മുതൽ സന്ദീപ് പരസ്പ്പര വിരുദ്ധമായി സംസാരിക്കുവാൻ തുടങ്ങി. ആനയുടെ ആത്മാവ് അവൻ്റെ ശരീരത്തിൽ പ്രവേശിച്ചതായി ആൾക്കാർ വിധിയെഴുതി. ഒപ്പം വീട്ടുകാരും.
ഡോക്ടർമാരുടെ മരുന്നിൽ വിശ്വാസമില്ലാത്ത വീട്ടുകാരും അയൽവാസികളും കൂടി മന്ത്രവാദത്തിലേക്ക് തിരിഞ്ഞു. ഒരു ചാകര കൈവന്ന ആവേശത്തോടെ കടന്നു വന്ന മന്ത്രവാദി പറഞ്ഞു - "ആനയുടെ ആത്മാവ് കറങ്ങി നടക്കുകയാണ്. അതിന് സ്ഥിരമായ ഒരു ഇരിപ്പിടം വേണം. ഇപ്പോൾ അത് സന്ദീപിൻ്റെ ദേഹത്ത് പ്രവേശിച്ചിട്ടുണ്ട്. അതിനെ നമ്മുക്ക് ആവാഹിച്ച് പിടിച്ച് ഒരു തേങ്ങയിൽ കുടിയിരുത്തി വെള്ളത്തിൽ ഒഴുക്കാം."
"ആനയുടെ ആത്മാവിനെ പിടിക്കുക അത്ര എളുപ്പമല്ല. എങ്കിലും ഒന്നു ശ്രമിച്ചു നോക്കാം. ഞാൻ പിടിച്ചുകെട്ടിയാൽ തെളിവു തരാം." - ഇത്രയും കേട്ട മാത്രയിൽ വീട്ടുകാർക്ക് സന്തോഷമായി. മന്ത്രവാദത്തിനുള്ള തയ്യാറെടുപ്പുമായി.
മന്ത്രവാദത്തിൻ്റെ ദിവസമെത്തി. മന്ത്രവാദി വേണ്ട സാധനങ്ങളുമായി വന്ന് ചടങ്ങുകൾ ആരംഭിച്ചു. സന്ദീപിനെ മുന്നിലിരുത്തി, ബസുക്കളും, അയൽവാസികളും ചുറ്റും കൂടി നിന്നു. മന്ത്രവാദം അതിൻ്റെ അവസാന ഭാഗത്തേക്ക് കടന്നു.
എല്ലാവരും പ്രാർത്ഥനയോടെ നിൽക്കുമ്പോൾ, മന്ത്രവാദി തൻ്റെ ബാഗിൽ നിന്നും ഒരു മൂട്ടയെ എടുത്ത് കൈ കൊണ്ട് ഞെക്കി ഒരു തുള്ളി ചോരയെടുത്ത് തേങ്ങായിൽ തേച്ചു.! എന്നിട്ട് കൂടി നിന്നവരോട് പറഞ്ഞു "നോക്കൂ! ഇതാ ആനയുടെ ആതാവ് തേങ്ങായിൽ കൂടിയിരിക്കപ്പെട്ടിരിക്കുന്നു. എല്ലാം ശുഭകരമായി അവസാനിച്ചിരിക്കുന്നു. സന്ദീപ്, ഒന്നുറങ്ങി എണീറ്റു കഴിയുമ്പോൾ പഴയ രീതിയിൽ ആയിക്കോളും."
മന്ത്രവാദി പറഞ്ഞുറപ്പിച്ച പണവുമായി സ്ഥലം വിട്ടു. ഒന്നുറങ്ങിയിട്ടല്ല, ഒരുപാടുറങ്ങിയിട്ടും സന്ദീപിന് മാറ്റം ഒന്നും വന്നില്ല. ഇന്നും നാട്ടിൽ കൂടി അലഞ്ഞു തിരിഞ്ഞു നടക്കുന്നു.''