പാടത്തു പോയി കന്നുപൂട്ടുകയും വളം ചേർക്കയും നിലം നെരത്തുകയും (നിരത്തുക എന്നും പറയും) വിത്തു വിതക്കുകയും ഞാറു പറിക്കയും നടീലും കളപറിക്കയും നെല്ലുകൊയ്യലും കറ്റ കെട്ടലും
മെതിക്കലും ചേറലും പാറ്റലും തുടങ്ങി നെല്ലു പുഴുങ്ങി ഉണക്കി കുത്തരിയാക്കി ചോറു വെക്കാൻ പാകത്തിൽ അരിയാക്കിയെടുക്കുന്നതു വരെ ഒരു പാട് ആളുകളുടെ അദ്ധ്വാനം ആവശ്യമുണ്ട്. ഇങ്ങനെയുള്ള പണി ക്കൊക്കെ ഏറെ നേരത്തെ ഇറങ്ങുമ്പോൾ കഞ്ഞി തന്നെയാവും ഭക്ഷണം. ചിലപ്പോഴൊക്കെ പഴങ്കഞ്ഞിയുമാവും. പഴയ കഞ്ഞി എന്നതിൻ്റെ ഈസമസ്ത പദം ഞങ്ങളുടെ നാട്ടിൻ പുറത്ത് "വെള്ളച്ചോറ് " എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.
തലേന്ന് അത്താഴത്തിന് ശേഷംമിച്ചം വന്ന ചോറ് വെള്ളമൊഴിച്ച് അടച്ചു സൂക്ഷിക്കുന്നു. രാവിലെ ഇത്തിരി മോരും രണ്ടു കാന്താരിമുളകും ഒരു നുള്ള് കല്ലുപ്പും കൂട്ടിച്ചേർത്ത് ഒന്നു വെറുംകൈ കൊണ്ട് ഞരടിക്കഴിയുമ്പോഴേക്കും രുചിഭേദവും വഹിച്ചുകൊണ്ട് ഹൃദ്യമായ ഗന്ധം ഏതാനും ദൂരമെത്തിയിരിക്കും. സ്വാദിഷ്ടവും ഏറെ വേഗം ദഹിക്കുന്നതുമായ ആ ഭക്ഷണത്തിൻ്റെ രുചിയോർമകൾ വല്ലാത്തൊരു ഗൃഹാതുരത്വമുണർത്തുന്നുണ്ട്. വെള്ളച്ചോറിത്തിരി കുറവായാൽ അതിനു വേണ്ടി ചെറിയൊരു വാശിയും ചിണുങ്ങലുമൊക്കെയുണ്ടാവും. അപ്പോൾപ്പിന്നെ എല്ലാർക്കും കഞ്ഞി തന്നെ ഇന്ന് ഒരു തീരുമാനമെടുക്കും ഹൈക്കമാൻ്റ്. അപ്പോൾ പിന്നെ തർക്കമില്ലാതെ എന്നാ എനിക്കു കഞ്ഞി മതി അവൾക്കു കൊടുത്തോളൂ എന്ന് ഓരോരുത്തരും ഉദാരമതികളാവും. രംഗം ശാന്തം ... പാവം.. .!
മാങ്ങാക്കാലമാകുമ്പോൾ കഞ്ഞിക്കുള്ള ഉപദംശങ്ങൾ പലതരത്തിലും രൂപാന്തരം പ്രാപിക്കുന്നതും പതിവാണ്. മാമ്പൂക്കൾ വിരിഞ്ഞ ഉണ്ണിമാങ്ങകൾ ഒന്നൊന്നര ആഴ്ച പിന്നിടുമ്പോൾ കണ്ണിമാങ്ങകളായി വളർന്നു വരും. എല്ലാ ഉണ്ണിമാങ്ങയും പാകതയാർന്ന് കിട്ടാറില്ലല്ലോ. തേര് അലങ്കരിച്ച മാതിരി ചമഞ്ഞൊരുങ്ങിയ മാവിലെ പൂങ്കുലകൾ പൂത്തിരി കത്തിച്ചു നിൽക്കുന്ന കാഴ്ച എത്ര ഹൃദ്യമാണ്! സാധാരണമകരമാസത്തിലാണ് മാവു പൂക്കുന്നത്. അതു കൊണ്ടു തന്നെയാവാം " മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും'' എന്ന ചൊല്ല് രൂപപ്പെട്ടതും. മഴയുടെ മുന്നൊരുക്കത്തിൽ മേഘങ്ങൾ മൂടി നിന്നാൽ ചൂടും പുഴുക്കവുമായി മാമ്പൂക്കളും കശുമാവിൻ പൂക്കളുമൊക്കെ ഉരുകിപ്പോകും. വലിയൊരു നഷ്ടം തന്നെ വരുത്തുന്ന അവസ്ഥയുണ്ടാകും. തന്നെയുമല്ല നെല്ലു വിളയെടുക്കാനുള്ള സമയത്ത് കതിരുകളുടെ ഭാരത്താൽ ചാഞ്ഞു കിടന്നു പോകാറുമുണ്ട് പലപ്പോഴും. കൊയ്ത്തുകാലത്ത് മഴ പെയ്താൽ ഏറെ ബുദ്ധിമുട്ടു തന്നെയാണ്. ചിലപ്പോൾ കതിരുകൾ മണ്ണിൽ വീണ് മുളയ്ക്കുക എന്ന അവസ്ഥ വരെയുണ്ടാവും. നെൽക്കൃഷിയെയും ചക്ക, മാങ്ങ എന്നിവയുടെ ഉൽപാദനത്തേയും പ്രതികൂലമായി ബാധിക്കുന്നതു കൊണ്ടു തന്നെയാണ് മകരത്തിലെ മഴ മലയാളം മുടിയ്ക്കുമെന്നു പറയുന്നതും. മലയാളം എന്നതുകൊണ്ട് മലയാളക്കര (കേരളം)യെയാണ് ഉദ്ദേശിക്കുന്നത് എന്ന് പറയേണ്ടതില്ലല്ലോ.
പറഞ്ഞു വന്നത് കണ്ണിമാങ്ങകൾ ഉപയോഗിച്ചുള്ള ഉപ്പിലിട്ടതും അച്ചാറുമൊക്കെ ഉണ്ടാക്കി കഞ്ഞിക്ക് രുചി ചേർക്കുന്നതിനെക്കുറിച്ചാണ്.
"കണ്ണിമാങ്ങ കരിങ്കാളൻ കനലിൽ ചുട്ട പപ്പടം കാച്ചിയ മോരുണ്ടെങ്കിൽ കാണാമൂണിൻ്റെ വൈഭവം'' എന്ന് നമ്മുടെ ജനകീയകവിയും തുള്ളൽ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവും ഹാസ്യ സാമ്രാട്ടുമായ കുഞ്ചൻ നമ്പ്യാരുടെ വരികൾ തീർത്തുംശരിയാണെന്ന് ഏതു മലയാളിയും സമ്മതിക്കുക തന്നെ ചെയ്യും.
ഇത്രയും നേരം പറഞ്ഞത് സാധാരണ കഞ്ഞിയെക്കുറിച്ച്.കഞ്ഞിക്കുമുണ്ട് ഏറെ വകഭേദങ്ങൾ.
കോരിച്ചൊരിയുന്ന മഴ ഭൂമിയെ തണുപ്പിക്കുന്ന കർക്കിടകത്തിൽ ഉലുവക്കഞ്ഞി കുടിക്കാത്തവർ കുറവായിരിക്കും. ഉലുവക്കഞ്ഞിയെന്ന് പേരേയുള്ളൂ.. സ്വാദിൽ പായസം പോലെയാണിത്. ഒണക്കലരി ( പച്ചരിയുടെ മറ്റൊരു പേര്) യും തലേന്ന് കുതിരാൻ വെള്ളത്തിലിട്ട ഉലുവയും ചേർത്ത് വേവിച്ച് ശർക്കരയിട്ട് നന്നായിളക്കി തേങ്ങാപ്പാൽച്ചേർത്താണിത് ഉണ്ടാക്കുന്നത്. ഓരോരുത്തർക്കും വെവ്വേറെയുള്ള പാചകരീതിയുമുണ്ടാവാം. നല്ല രുചിയാണിതിന്. പത്തു ദിവസം തുടർച്ചയായി കഴിച്ചേ ഫലമുള്ളൂ എന്നു പറയും. വെറും വയറ്റിലാണിത് കഴിക്കേണ്ടത്. എന്നു വെച്ചാൽ ചായ ,കാപ്പി എന്നിവക്ക് അന്നേ ദിവസങ്ങളിൽ പ്രവേശനമില്ലെന്ന് .
പിന്നൊന്നുള്ളത് കഷായക്കഞ്ഞിയാണ്. കുറുന്തോട്ടിവേര് ചെറുതായരിഞ്ഞ് അമ്മിയിലിട്ട് വെണ്ണപ്പരുവത്തിൽ അരച്ചെടുക്കുന്നു. പിന്നീട് വരട്ടുമഞ്ഞൾ, കുരുമുളക്, ജീരകം എന്നിവ ചേർത്ത് അരച്ചതോടൊപ്പം ഒണങ്ങല്ലരി ചേർത്ത് കനലടുപ്പിൽ വെച്ച മൺകലത്തിൽ നന്നായി വേവിച്ച് ഉടച്ചു ചേർക്കുന്നു .നല്ല ഔഷധ ഗന്ധം അന്തരീക്ഷമാകെ പടരുമപ്പോൾ എന്നു പറയേണ്ടതില്ലല്ലോ.
മുക്കുടിക്കഞ്ഞിയെക്കുറിച്ചു കൂടി പറഞ്ഞു കൊണ്ട് കഞ്ഞി വർത്താനം നിർത്താൻ പോവാണ്. പ്രസവ രക്ഷക്കായി തയ്യാറാക്കുന്നതാണ് ഇത്. കൂടാതെ അഞ്ചാംപനിയുണ്ടായിക്കഴിഞ്ഞാൽ കുടലിലെയും ആമാശയത്തിലെയും പുണ്ണുകരിയാനാണത്രെ മുക്കുടിക്കഞ്ഞി മറ്റു ചില ഔഷധക്കൂട്ടുകൾ ചേർത്തു തയ്യാറാക്കാറുണ്ട്.ഇതും ഒരാഴ്ചയോളം വെറും വയറ്റിൽ സേവിക്കാനുള്ള തു തന്നെ .ഈ കാലയളവിൽ എരിവ്, ഉപ്പ്, പുളി എന്നിവയൊക്കെ ഒഴിവാക്കുന്നതാണ് ഉത്തമം.
ഇതു കൂടി പറഞ്ഞില്ലെങ്കിൽ മനസ്സാക്ഷിയോട് നീതി പുലർത്താനാവില്ല. നല്ല പഴങ്കഞ്ഞിയിൽ ഇച്ചിരി മോരൊഴിച്ച് ചുട്ട വറ്റൽമുളക്, മൂന്നാല് ചൊമന്നുള്ളിയല്ലി എന്നിവ ഞരടിച്ചേർത്ത് കഴിക്കുമ്പോഴുള്ള സ്വാദൊന്നും മറ്റൊന്നിനും കിട്ടില്ല എന്നുറക്കെ പ്രഖ്യാപിച്ച് നേരെ അടുക്ക ളയിലേക്ക് പോവുകയാണ്. എന്തിനെന്നോ...ഇച്ചിരി ചോറെടുത്ത് വെള്ളമൊഴിച്ച് ചുട്ടവറ്റൽ മുളകും ചൊമന്നുള്ളിയും ചേർത്ത് ഒറ്റപ്പിടുത്തം... ഇന്നിനി ചായേം വേണ്ടാ .. അത്താഴോം വേണ്ടാ ...?