വഴി സൗകര്യം കുറവുള്ള ഗ്രാമപ്രദേശത്തെ ഒരു കുന്നിൽ മുകളിലാണ് ഞാൻ താമസിക്കുന്നത്. വേനൽ ആരംഭിച്ചു കഴിഞ്ഞാലുടൻ ഞങ്ങളുടെ പ്രദേശത്ത് വെളളക്ഷാമം രൂക്ഷമാകും. ഞങ്ങൾ
താമസിക്കുന്നിടത്തേക്ക് വെള്ളം വണ്ടികൾ വരുവാൻ ബുദ്ധിമുട്ടാണ്. തലച്ചുമടായിട്ടാണ് ആളുകൾ വെള്ളം കൊണ്ടുവരുന്നത്.
അങ്ങനെ ഒരു വേനൽക്കാലത്ത് ഞങ്ങൾ കുറച്ചു വീട്ടുകാർ ചേർന്ന് ഒരു തീരുമാനമെടുത്തു. കുറച്ചപ്പുറത്തുള്ള തോട്ടിൽ ഒരു ഓലി കുത്തുക. പിറ്റേ ദിവസം തന്നെ ഓലികുത്തൽ ആരംഭിച്ചു. ഭാഗ്യമെന്നു പറയട്ടെ ഓലിയിൽ ന്യായമായ വെളളം കിട്ടി. ഞങ്ങളുടെയെല്ലാം ബുദ്ധിമുട്ടുകൾ മാറി.
പകൽ സമയങ്ങളിൽ കൂടുതലും സ്ത്രീകളും, കുട്ടികളുമാണ് അലക്കും കളിയും. സന്ധ്യ കഴിഞ്ഞ് ഞങ്ങൾ ചെറുപ്പക്കാർ, ഓരോ ജോലിയും കഴിഞ്ഞ് വന്ന് വിശാലമായി കുളിക്കും.
ദിവസങ്ങൾ ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കെ ഒരു ദിവസം ഞങ്ങൾ രണ്ടു പേർ കുളിക്കുവാനായി ഓലിയുടെ അടുത്ത് എത്തിയപ്പോൾ അടുത്ത പറമ്പിൽ നിൽക്കുന്ന വാഴക്കിട്ട് ആരോ' എന്തോ കൊണ്ട് അടിക്കുന്നു 'ഒപ്പം വാഴ കുലുങ്ങുകയും ചെയ്യുന്നു. ഭയന്നു വിറച്ച ഞങ്ങൾ തിരിച്ചോടി പിറ്റേ ദിവസവും ഇതുതന്നെ ആവർത്തിച്ചു.
ഈ വാർത്ത നാട്ടിൽ പട്ടായി. പിന്നെ ഓരോരുത്തരും അതിനെപ്പറ്റി നിറം പിടിപ്പിച്ച കഥകൾ പറയാൻ തുടങ്ങി. അതിൽ പലതും പ്രേത കഥകൾ ആയിരുന്നു. മൂന്നാം ദിവസം ഞങ്ങൾ കുറെ ചെറുപ്പക്കാർ ഒത്തുകൂടി വലിയ വിളക്കുകളുമായി പോയി വെള്ളം കോരി. യാതൊരു ശബ്ദവും ഉണ്ടായില്ല. ഞങ്ങൾക്കു സമാധാനമായി.
വേനൽ കടുത്തു കൊണ്ടിരുന്നു. നാലാം ദിവസം ഞങ്ങൾ കുറച്ചു പേർ ഓലിക്കൽ ചെന്നപ്പോഴും പ്രശ്നങ്ങൾ ഒന്നും ഇല്ല. പക് ഷേ വെള്ളം കോരിയപ്പോൾ വെള്ളത്തിന് മണ്ണെണ്ണയുടെ ഗന്ധം. ആ വിവരവും നാട്ടിലറിഞ്ഞു. അപ്പോൾ കഥകൾക്കും വീര്യം കൂടി.
പിറ്റേ ദിവസം പകൽ ഞങ്ങൾ ഓലിയും പ്രദേശങ്ങളും അരിച്ചുപെറുക്കി പരിശോധിച്ചു. അപ്പോൾ ഒരു കാര്യം മനസ്സിലായി. ആരോ മണ്ണെണ്ണ ഒഴിച്ചതാണ്. പിന്നെ ഞങ്ങളുടെ അന്വേഷണം ആ വഴിക്കായി. അവസാനം ഞങ്ങൾക്ക് ഒരു കാര്യം ഉറപ്പായി. വാഴത്തോപ്പി നോട് ചേർന്നുള്ള വീട്ടിലെ ചേച്ചിയാണ് ഈ കടുംകൈ ചെയ്തതെന്ന്. കാരണം മാന്യതയുടെ മൂടുപടം അണിഞ്ഞു താമസിക്കുന്ന അവരുടെ വീട്ടിലെ നിത്യസന്ദർശകരെ ഞങ്ങൾ കാണാൻ പാടില്ലല്ലോ!
ഇന്നും ഒരനാഥ പ്രതം പോലെ പകുതി മൂടിയും മൂടാതെയും കാടും, പടലും പിടിച്ച് ഞങ്ങളടെ 'മണ്ണെണ്ണയോലി'' അവിടെത്തന്നെയുണ്ട്...