മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

വർഷങ്ങൾക്ക് മുൻപാണ്. ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടി തുവ്വൂർ സാഗർ തീയേറ്ററിൽ ഒരു സിനിമക്ക് പോകാൻ പ്ലാനിട്ടു. സെക്കൻഡ് ഷോ ആണ്. മനോജിന്റെ വീട് ആണ് കുറച്ചു ദൂരെ. അര മണിക്കൂറോളം

നടക്കാനുണ്ട്. പക്ഷെ കണിയാരുകുന്ന് മലയിലൂടെ കയറിയിറങ്ങിയാൽ വെറും അഞ്ചു മിനിറ്റ് കൊണ്ട് വീട്ടിലെത്താം. ആ ഭാഗങ്ങളിലുള്ള എല്ലാവരും അങ്ങാടിയിലേക്ക് പോകാൻ കണിയാരുകുന്നിനെയാണ് ആശ്രയിക്കാറ്. ഒരു ഭാഗത്ത് നിറയെ പറങ്കിമാവുകളും മറുഭാഗത്ത് നാടൻ മാവുകളും നടുവിൽ തെങ്ങിൻതോപ്പും മലഞ്ചെരിവുകളിൽ നിറയെ കാരമുള്ളുകളുമുള്ള വലിയ ഒരു മലയാണ് കണിയാരുകുന്ന്. മലയോര ഗ്രാമമായതുകൊണ്ട് ചുറ്റുപാടും ധാരാളം കൂപ്പുകളും മരമില്ലുകളുമുണ്ട്. അവിടേക്കാവശ്യമുള്ള ആനകളെ വിശ്രമിക്കാനും മറ്റും കണിയാരുകുന്നിലാണ് തളക്കാറ്.രാത്രിയിൽ യാത്ര ചെയ്യേണ്ടവർ ആനകളെ തളച്ച സ്ഥലം നോക്കി മാറിപോകുകയാണ് പതിവ്.

അങ്ങനെ സിനിമക്ക് പോകുന്നതിന് മുൻപ് തന്നെ മനോജ് പോയി ആനകളുടെ സ്ഥാനമെല്ലാം നോക്കി രാത്രിയിലേക്കുള്ള റൂട്ട്മാപ്പ് തയ്യാറാക്കി. സിനിമയെല്ലാം കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിക്ക് അങ്ങാടിയിൽ നിന്ന് എല്ലാവരും പലവഴിക്ക് പിരിഞ്ഞു. അതുവരെ രാത്രി എട്ടരക്കപ്പുറം കണിയാര്കുന്ന് ഉപയോഗിച്ചിട്ടില്ലാത്ത മനോജ് ധൈര്യം സംഭരിച്ച് കുന്നിലേക്ക് കാലെടുത്തു വെച്ചു. ശരീരം ചെറുതായിട്ടൊന്ന് വിറക്കുന്നുണ്ടോന്നൊരു സംശയം.ചുറ്റും നോക്കി. കുറച്ചപ്പുറത്ത് ശാന്തനായി നിക്കുന്ന ആന. കൂരാക്കൂരിരുട്ടായതുകൊണ്ട് ആനയുടെ കൊമ്പിന്റെ വെളുപ്പും പനമ്പട്ട ഞെരിയുന്ന ശബ്ദവും മാത്രമേ അറിയുന്നുള്ളൂ. മുൻകൂട്ടി തയ്യാറാക്കിയ വഴിയിലൂടെ മനോജ് തന്റെ പ്രയാണം തുടങ്ങി. നടന്ന് നടന്നു കുന്നിന്റെ നെറുകയിലെത്തി. കയ്യിലെ തീപ്പെട്ടിയിലെ കൊള്ളികൾ മുക്കാലും കഴിഞ്ഞിരിക്കുന്നു. ഇനി കൊള്ളികൾ സൂക്ഷിച്ചുപയോഗിക്കണം. രണ്ടുമൂന്നു തീപ്പെട്ടികൾ വാങ്ങാമായിരുന്നു. എന്തായാലും നാളെ തന്നെ ഒരു ടോർച്ച് വാങ്ങണം. അങ്ങനെ കൂലങ്കുഷമായ ചിന്തകൾക്കിടയിൽ താഴെ വീട്ടിലെ വെളിച്ചം കണ്ടു. മനസ്സിലൊരു കുളിർ മഴ. അറിയാതെ നടത്തത്തിന്റെ വേഗത കൂടി. പെട്ടന്ന് തൊട്ടുമുന്നിൽ ഒരു അപശബ്ദം! പനമ്പട്ട ഒടിയുന്നതിന്റെയോ മറ്റോ. ഒപ്പം ആരുടെയോ ഞരക്കവും. വയറിലൂടെ ഒരു ആളൽ. ഇനി ആനയുടെ ചങ്ങലയെങ്ങാനും? ധൈര്യം സംഭരിച്ച് തീപ്പെട്ടി കൊള്ളി ഉരച്ചുനോക്കി. പണ്ടാരം കത്തുന്നുമില്ല. എട്ടുപത്തു ശ്രമങ്ങൾക്കും മൂന്നുനാലു കൊള്ളികൾക്കുമപ്പുറം ഒടുവിൽ അഗ്നിദേവൻ കടാക്ഷിച്ചു. ആ മങ്ങിയ വെളിച്ചത്തിൽ മനോജ് കണ്ടു. തന്റെ മുന്നിലെ രണ്ടു വെളുത്ത കൊമ്പുകൾ! പനംപട്ടക്ക് മരണത്തിന്റെ ശബ്ദമാണെന്ന് അവൻ തിരിച്ചറിഞ്ഞു. വയറ്റിൽ നിന്നുയർന്ന ആളലിൽ തൊണ്ടയിലെ അലർച്ച കത്തിപ്പോയി.ചോർന്നു പോകാവുന്നതിന്റെ മാക്സിമം എല്ലാം ശരീരത്തിലൂടെ ചോർന്നുപോയി. പെട്ടന്ന് ശബ്ദം തിരിച്ചു കിട്ടിയതറിഞ്ഞ മനോജ് അലറിവിളിച്ചുകൊണ്ട് കാരമുള്ളുകൾക്കിടയിലൂടെ ഓടി എങ്ങനെയോ വീട്ടിന് മുമ്പിലെത്തി. ഓടിക്കൂടിയവരോട് ആന എന്ന രണ്ടു വാക്ക് മാത്രമേ അവന് പറയാൻ കഴിഞ്ഞുള്ളൂ. മഴക്കാലത്തെ കറന്റ് പോലെ ഇടക്കിടെ പോയിരുന്ന സ്വബോധം അതോടെ മുഴുവനായും പോയി. ചോരയിൽ കുളിച്ചു കിടക്കുന്ന മനോജിനെയും കൊണ്ട് വീട്ടുകാർ ആശുപത്രിയിലേക്കോടി. ഓപ്പറേഷൻ തീയേറ്ററിൽ ഡോക്ടർമാർ തിരിച്ചും മറിച്ചും നോക്കിയിട്ടും കാരമുള്ളിന്റെ പോറലുകളല്ലാതെ ആനക്കൊമ്പിന്റെ തുളകളൊന്നും കാണാനില്ല. ഒടുവിൽ മുറിവിന് പുരട്ടുന്ന ബെറ്റഡീൻ ഓയിൻറ്മെന്റ് കൊടുത്ത് വാർഡിൽ കൊണ്ടുപോയി കിടത്തി. അവൻ സിനിമക്ക് പോയതിനു ശേഷം അവിടെ കൊണ്ടുവന്നു കെട്ടിയ ആനയെ കണ്ടിട്ടാണ് അവൻ ഭയന്നെതെന്നും അതിന്റെ പാപ്പാൻ കൂർക്കം വലിക്കുന്ന ശബ്ദമാണ് കേട്ടതെന്നും ആദ്യത്തെ ആന സുരക്ഷിതമായി പഴയ സ്‌ഥലത്തു തന്നെ ഉണ്ടെന്നും പറയാൻ ഞങ്ങൾ അവൻ ഉറക്കമുണരുന്നതും കാത്തിരുന്നു. 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ