രാവിലെ വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും വന്ന ക്രിസ്മസ് ആശംസകൾക്ക് മറുപടി അയക്കുന്ന തിരക്കിലായിരുന്നു ഞാൻ. അന്നേരമാണ് വീട്ടിലേക്കൊരു അതിഥി കടന്നു വന്നത്, ക്ഷണിക്കപ്പെടാത്ത ഒരു അതിഥി. വീടിനു പുറകിൽ ശബ്ദങ്ങൾ
കേട്ട് അങ്ങോട്ട് ചെല്ലുമ്പോഴുണ്ട് അപരിചിതയായ ഒരു പെണ്‍കുട്ടി പേരമരത്തിൽ ചാടിക്കയറി പേരക്ക പറിക്കുന്നു. പഴുത്തു താഴെ വീണു പോയാൽ തിരിഞ്ഞു നോക്കാത്ത, അച്ഛനോ അമ്മയോ പറിച്ചു തൊലി കളഞ്ഞു കയ്യിൽ കൊണ്ട് തന്നാൽ കഴിക്കുന്ന എനിക്ക് ഈ രംഗം കൗതുകകരമായിരുന്നു. കാഴ്ചയിൽ എന്നേക്കാൾ പ്രായം തോന്നിപ്പിച്ചു. പൊരി വെയിലിൽ റോഡിന്റെ ഒരു വശത്ത് കുഴികൾ എടുത്തു ടെലിഫോണ്‍ കേബിൾ കുഴിച്ചിടാൻ വന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മകളാണ് എന്നമ്മ പറഞ്ഞറിഞ്ഞു. കൗതുകം തോന്നിയതുകൊണ്ടുതന്നെ ബംഗാളി കുട്ടിയെന്ന പൊതു ധാരണയിൽ അത്യാവശ്യം അറിയാവുന്ന ഹിന്ദിയിൽ പേര് ചോദിച്ചു. രണ്ടു തവണ ചോദിച്ചിട്ടും മറുപടി കിട്ടിയില്ല. തൊട്ടടുത്ത നിമിഷം എന്നെ അതിശയിപ്പിച്ചു കൊണ്ട് ആ കുട്ടി തമിഴിൽ എന്തോ പറഞ്ഞു. തമിഴു് പെണ്‍കൊടിയോട് ഹിന്ദിയിൽ സംസാരിച്ചതിന്റെ ജാള്യത മറച്ചു കൊണ്ട് ഞാൻ മുറി തമിഴിൽ സംസാരിക്കാൻ തുടങ്ങി. സേലം സ്വദേശിനി ജനിത. രൂപത്തിലും സംസാരത്തിലും എന്നേക്കാൾ പക്വത തോന്നിച്ചെങ്കിലും പറഞ്ഞു വന്നപ്പോൾ പ്രായത്തിൽ എന്നേക്കാൾ 6 വയസിനിളപ്പം ഉണ്ട്. ചോദിച്ചതിനു മാത്രം മറുപടി പറഞ്ഞു കൈ നിറയെ പേരക്കകളുമായി അവളോടി മറഞ്ഞു.
"തമിഴൊക്കെ എന്ത് "എന്ന ഭാവവുമായി ഒരു ദോശ കഴിച്ചെന്നു വരുത്തി വീടിന്റെ മുൻവശത്തേക്ക് ചെന്നപ്പോൾ അവൾ അവിടെ നിൽപ്പുണ്ടായിരുന്നു, പേരക്കയും കടിച്ചു കൊണ്ട്..പുൽക്കൂട്ടിലെ ഉണ്ണി യേശുവിനെ അനുസ്മരിപ്പിക്കുന്ന വിധം വീടിന്റെ മുൻപിലെ തൂണിൽ ഒരു തൊട്ടിലും അതിലൊരു കുട്ടിയും!ജനിതയുടെ കൂടെയുള്ളവരിൽ ആരുടേതോ ആണത്ര.
വീടിനു മുൻപിൽ ആഴത്തിൽ കുഴികൾ എടുക്കാൻ പണി ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ദൂരെ നിന്ന് മാത്രം വീക്ഷിച്ചിട്ടുള്ള ഇക്കൂട്ടരെ അടുത്ത് കാണുന്നത് ഇതാദ്യമാണ്. തലമുടി പിന്നികെട്ടി കമ്മലും മാലയും നിറം മങ്ങിയ വളകളും ഒരു പതിനഞ്ചുകാരിക്ക് ചേരാത്ത രീതിയിലുള്ള വലുപ്പമേറിയ ചുരിദാറുമായിരുന്നു വേഷം. പേരക്കയ്ക്ക് തമിഴിൽ എന്ത് പറയും എന്ന എന്റെ ചോദ്യത്തിനു പേരക്ക കടിച്ചു കൊണ്ട് തന്നെ "കോയക്ക" എന്ന് മറുപടി തന്നു. പിന്നീടങ്ങോട്ട് ഞങ്ങൾ ഒത്തിരി സംസാരിച്ചു. അവളുടെ അച്ഛനും അമ്മയും ചേട്ടനും ജോലി ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവളാകട്ടെ ഇടയ്ക്കൊക്കെ കഴിയും പോലെ അവരെ സഹായിക്കാനും കൂടുന്നുണ്ടായിരുന്നു. എട്ടാം ക്ലാസ്സുവരെ മാത്രം പഠിച്ചിട്ടുള്ളവൾ. രണ്ടു ചേച്ചിമാരുണ്ട്, അവരെയൊക്കെ കല്യാണം കഴിപ്പിച്ചയച്ചുവത്ര. മൂന്ന് കൊല്ലം കഴിയുമ്പോൾ അവളേയും.
അവൾക്ക് അറിയാത്ത മലയാളവും തമിഴും കലർത്തി ഞാനും എനിക്ക് മനസിലാക്കാൻ പാടുള്ള തമിഴും അത്യാവശ്യം മലയാളവും കലർത്തി ആ പെണ്‍കുട്ടിയും ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒരുപാട് വിശേഷങ്ങൾ പരസ്പരം പങ്കു വച്ചു. കോവിലും കോലവും സിനിമയും അഭിനേതാക്കളും പാട്ടുകളും ഒക്കെ സംഭാഷണത്തിൽ കടന്നു വന്നു. ചായ കുടിക്കാൻ പൈസ കൈയ്യിൽ ഇല്ലെന്നു പറഞ്ഞ അവൾ ഇന്ന് ഏതു ദിവസമാണെന്ന് ചോദിക്കുകയും രണ്ടു ദിവസങ്ങൾക്കപ്പുറം അചനുമ്മമ്മയ്ക്കും ശമ്പളം കിട്ടുമെന്ന് വർധിച്ച സന്തോഷത്തോടെ പറയുകയും ചെയ്തു. ഇരുപതു ദിനങ്ങൾ കഴിയുമ്പോൾ അവർ നാട്ടിലേക്ക് തിരിച്ചു പോകും. അവിടെ നിന്ന് വീണ്ടും മറ്റൊരിടത്തേക്ക്. ആശയ വിനിമയത്തിനു ഭാഷ തടസമാകുന്നില്ലെന്നു എനിക്ക് ബോധ്യപ്പെട്ടു!(ഇന്നത്തോടെ അവൾ തമിഴു വെറുക്കാതിരിക്കട്ടെ!)
"എന്താ പൊട്ടു തൊടാത്തെ, ഒറ്റ മകളാണോ, എന്താ പഠിക്കുന്നത്, കല്യാണം ആകാറായോ," തുടങ്ങി നിരവധി ചോദ്യങ്ങൾ അവൾ എന്നോടും ചോദിച്ചു. എന്നെ കൊണ്ട് ജനിതയും ആ കുട്ടിയെ കൊണ്ട് ഞാനും പാട്ടുകൾ പാടിപ്പിച്ചു. എന്റെ മലയാളം കേൾക്കാൻ നല്ല രസമുണ്ടെന്നും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നുവെന്നും അവൾ പറയുകയുണ്ടായി. ഫാൻസിയിലെ കമ്മൽ ഉണ്ടെങ്കിൽ കൊടുക്കാമോ എന്ന് ചോദിച്ചപ്പോൾ ഒരു തവണ പോലും ഇടാൻ ശ്രമിക്കാത്ത കമ്മലും ഒരിക്കൽ മാത്രം ഉപയോഗിച്ച വളകളും ഞാൻ അവൾക്കു കൊടുത്തു. ആ കണ്ണുകളിലെ തിളക്കം കാണേണ്ടതായിരുന്നു .പഴയ ഉടുപ്പുകളിൽ നിന്ന് നല്ലത് നോക്കി അമ്മയും എടുത്തു കൊടുക്കുന്നത് കണ്ടു.ഏതാണ്ട് 4.30 വരെ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു. ഒടുവിൽ യാത്ര പറഞ്ഞു അവൾ നടന്നകന്നപ്പോൾ മനസ്സിൽ ഓർക്കാതിരുന്നില്ല..ഇനി വരുന്ന ക്രിസ്മസ് ദിനങ്ങളിൽ മൈലുകൾക്കിപ്പുറം നിന്ന് നിന്റെ മുഖവും ഒരു നേർത്ത ഓർമ്മയായി ഉള്ളിലുണ്ടാകും...
ജീവിതം ആഘോഷമാക്കുന്ന ഞാൻ ഉൾപ്പെടെയുള്ള പുതു തലമുറയ്ക്ക്, ജീവിതത്തിലെ പരുക്കൻ യാഥാർത്ഥ്യങ്ങളുമായി പൊരുതുന്ന ഇത്തരക്കാർ ഒരോർമ്മപ്പെടുത്തലാണ്.