മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

സ്കൂൾ ബസ്സിലെ ജനാലക്കരികിൽ ഒറ്റക്കിരിക്കുന്ന ഒരുപെൺകുട്ടിയെ ഒന്ന് രണ്ട് ദിവസം ശ്രദ്ധിച്ചിരുന്നു. പഠിക്കുന്ന പുസ്തകത്തിൽ മുഴുകിയും ജനാലയിലൂടെ കാഴ്ചകൾ കണ്ടും തനിച്ചിരിക്കുന്ന ആ കുട്ടിയോട് എന്തോ സംസാരിക്കാൻ ഒന്നും തോന്നിയില്ല ആദ്യം.

ഒരു ദിവസം ബസിൽ ഇരിക്കാൻ ആകെയുണ്ടായിരുന്ന ഒരു സീറ്റ് ഈ കുട്ടിയുടെ അടുത്തായിരുന്നു. സീറ്റിലുണ്ടായിരുന്ന ബയോളജി പുസ്തകം ഒന്നെടുത്ത് മാറ്റാമോ എനിക്ക് ഇരിക്കാൻ ആയിരുന്നു എന്ന് പറഞ്ഞപ്പോള് കുട്ടി ചിരിച്ച മുഖത്തോടുകൂടി എടുത്തുമാറ്റി. സ്വാഭാവികമായും ബയോളജി ടെക്സ്റ്റ് ആയതുകൊണ്ട് പരീക്ഷ ആണോ എന്ന് ചോദിക്കുകയും എന്റെ വിഷയവും ബയോളജി ആണെന്ന് പറയുകയും ചെയ്തു. ചേച്ചി ടീച്ചർ ആണോ എന്ന് ചോദിച്ചപ്പോൾ ടീച്ചറാകാൻ പഠിക്കുന്ന കുട്ടി എന്ന് മറുപടിയും കൊടുത്തു.പരീക്ഷ ആയതു കൊണ്ട് അന്നാ സംസാരം അധികം നീണ്ടുനിന്നില്ല.അന്ന് വൈകിട്ട് ബസ്സിൽ കയറുമ്പോൾ ഈ കുട്ടി അടുത്ത് വന്നു സംസാരിക്കാൻ തുടങ്ങി, പണ്ടേ അറിയുന്ന പോലെ. അധികം വൈകാതെ തന്നെ ജനാലയ്ക്കരികിലെ പെൺകുട്ടി എനിക്ക് പ്രിയപ്പെട്ടവളായി മാറി.

അധികമാരോടും സംസാരിക്കാത്ത ആ കുട്ടി എന്നോട് നിർത്താതെ കലപിലാ സംസാരിക്കുന്നത് കണ്ടു പലപ്പോഴും അതിശയം തോന്നിയിട്ടുണ്ട്.പിന്നീട് ഓരോ ദിവസവും ബസ് വരുമ്പോൾ കണ്ണുകൾ ആദ്യം തിരയുന്നത് ഈ പെൺകുട്ടിയെ ആണ്, അവൾ തിരിച്ചും.. പതിയെ പതിയെ അവളുടെ ഉമ്മച്ചിയെ പോലെ അവളുടെ വിശേഷങ്ങൾക്ക് കാതോർക്കുന്ന ചേച്ചിയായി മാറി ഞാനും.പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു സാധാരണ ടീനേജ്കാരിയുടെ ഈ പ്രായത്തിലുള്ള സംസാരം ആയിരുന്നില്ല അവൾക്ക്.ഈ പ്രായത്തിൽ സംസാരിക്കാവുന്ന മേക്കപ്പ് സാധനങ്ങളെ പറ്റിയോ മാറിവരുന്ന വസ്ത്രങ്ങളിലെ ട്രെൻഡുകളെ കുറിച്ചോ ഒന്നുമായിരുന്നില്ല അവർക്ക് പറയാനുണ്ടായിരുന്നത്.ഇംഗ്ലീഷിൽ എഴുതുന്ന അവളുടെ കവിതകളെകുറിച്ച്.. പുസ്തകങ്ങളേയും എഴുത്തുകാരേയും കുറിച്ച്..പ്രകൃതിയെക്കുറിച്ച്.. അവളുടെ ക്ലാസിലെ വിശേഷങ്ങളെക്കുറിച്ച്.. യാത്രചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ച്... അവളെ ഒരുപാട് സ്വാധീനിച്ച വ്യക്തികളെക്കുറിച്ച്...അങ്ങനെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഞങ്ങൾ സംസാരിക്കാത്ത വിഷയങ്ങൾ ഇല്ലെന്നായി. ആകസ്മികമായി ചുറ്റും കണ്ടുമുട്ടുന്ന വ്യക്തികളെക്കുറിച്ചു തുടങ്ങി ആനുകാലികമായി നടക്കുന്ന വിഷയങ്ങളിൽ വരെ ഞങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങൾ പറയുമായിരുന്നു.ഒരു 17 വയസ്സുകാരിയും 24 വയസ്സുകാരിയും തമ്മിലുള്ള അന്തരം ഒന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല എന്നത് കൗതുകമായി തോന്നുന്നു.. എനിക്ക് ടെൻഷനും വിഷമവും വരുന്ന ദിവസങ്ങളിൽ അവളെനിക്ക് അനിയത്തിയാകും, അല്ലാത്ത ദിവസങ്ങളിൽ സമാന ചിന്താഗതിയും ഇഷ്ടങ്ങളുമുള്ള നല്ലൊരു സുഹൃത്തും...കൂട്ടുകാരുടെ ജന്മദിനങ്ങൾ ഓർത്തു വച്ച് അവരെ കുറിച്ച് കവിത എഴുതി നൽകാറുണ്ട് അവൾ. സീറ്റ് റിസർവ് ചെയ്യാത്ത ബസിൽ ഞങ്ങൾക്ക് വേണ്ടിയുള്ള സീറ്റുകൾ അലിഘിത നിയമം പോലെ ഒഴിഞ്ഞു കിടന്നു. അവളെന്നെയും ഞാൻ അവളെയും ശ്രദ്ധയോടെ കേട്ടു പോന്നു. ആ സ്കൂളിലെ ടീച്ചർമാരേയും കൂട്ടുകാരെയും കാണാതെ തന്നെ കണ്ടപോലെയാണ് എനിക്ക്.അത്ര മനോഹരമായാണ് ആ കുട്ടി വർണിക്കുന്നത്.  

പ്രകൃതിയേയും ജീവജാലങ്ങളേയും ഒരുപാട് സ്നേഹിക്കുന്ന ഈ പെൺകുട്ടി ഒരുദിവസം ബസ്സിലിരുന്ന എന്നെ ഓടി വന്ന് വിളിച്ചു. ഇറങ്ങി ചെല്ലുമ്പോൾ അവളുടെ കയ്യിൽ മരണത്തോട് മല്ലടിക്കുന്ന ഒരു അണ്ണാൻകുഞ്ഞ് ഉണ്ടായിരുന്നു. മേൽക്കൂരയിൽ നിന്ന് താഴെ വീണു മുറിവു പറ്റിയ, നിർദയനായ ഏതോ ഒരു കുട്ടി വാട്ടർബോട്ടിൽ എടുത്ത് എറിഞ്ഞ, കണ്ണു പോലും തുറന്നിട്ടില്ലാത്ത അണ്ണാൻ കുഞ്ഞിനെ പഞ്ഞി കൊണ്ട് തുടച്ച് ഒരു ചെറിയ പെട്ടിയിലാക്കി രക്ഷിച്ചു കൊണ്ടു വരുന്ന വഴിയാണ്. 'ചേച്ചീ നോക്കിക്കേ പാവമിത് ബ്രീത്ത് ചെയ്യുന്നുണ്ട്. എന്റെ ഈ കൂട്ടുകാരിയുടെ ആന്റി വെറ്റിനറി ഡോക്ടറാണ്. ആൻറിയുടെ കൈയ്യിലെത്തിച്ചാൽ രക്ഷപ്പെടും. അത് വരെ ജീവൻ നിലനിർത്താൻ എന്ത് ചെയ്യണം?' ശ്വാസം കഷ്ടിച്ചു വിടുന്ന അതിനെ കണ്ടപ്പോൾ തന്നെ അധികനേരം ജീവിച്ചിരിക്കില്ലെന്ന് മനസ്സ് പറഞ്ഞെങ്കിലും അവളുടെ മുഖത്തെ പ്രതീക്ഷ കണ്ടപ്പോൾ അങ്ങനെ പറയാൻ തോന്നിയില്ല. അവളാകട്ടെ അടുത്ത കൂട്ടുകാരിയുടെ കൈയ്യിൽ അതിനെ ഏൽപ്പിച്ച് രക്ഷപ്പെടണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ബസ്സിൽ കയറി. അവധി കഴിഞ്ഞു വന്ന ദിവസം കണ്ടപ്പോൾ വളരെ വിഷമത്തോടെയാണ് അവളെ കണ്ടത്‌, 'ചേച്ചി ആ squirrel ചത്തുപോയെന്നു' പറഞ്ഞു. സാരമില്ല, നമ്മൾ രക്ഷിക്കാൻ ശ്രമിച്ചല്ലോ അതു തന്നെ വലിയ കാര്യം എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു.

അവളുടെ ഉമ്മച്ചി സൈക്കോളജി എടുത്തു പഠിച്ച ആളായിരുന്നതുകൊണ്ട് തന്നെ അവൾക്ക് സൈക്കോളജി എന്ന വിഷയത്തോട് വല്ലാത്ത ഇഷ്ടം ആണ്.ഇപ്പോൾ സൈക്കോളജി പേപ്പർ പഠിക്കുന്ന എനിക്കും ആ വിഷയം ഇഷ്ടമുള്ളതു കൊണ്ട് തന്നെ ഞാൻ ക്ലാസ്സിൽ പഠിക്കുന്ന സൈക്കോളജി തിയറികൾ അവളെ പറഞ്ഞു കേൾപ്പിക്കുമായിരുന്നു.എത്ര താൽപ്പര്യത്തോടെയാണ് അവളത് കേട്ടിരിക്കുന്നത്.. വളരെ ലോജിക്കലായും ആയും ക്രിയേറ്റീവ് ആയും ചിന്തിക്കുന്ന, നല്ല നിരീക്ഷണ ബോധമുള്ള, നന്നായി പെരുമാറുന്ന, സ്നേഹവും മനുഷ്യത്വവും ഉളള സ്മാർട്ട് ആയ പെൺകുട്ടി.  

പിന്നൊരിക്കൽ അവൾ എന്നോട് വന്നുപറഞ്ഞു, അവളുടെ കൂട്ടുകാരിയുടെ ചെറിയ ക്ലാസിൽ പഠിക്കുന്ന അനിയൻ മറ്റു കുട്ടികളെപ്പോലെ ആക്റ്റീവ് ആയി ക്ലാസിൽ പെരുമാറുന്നില്ല നല്ല ബുദ്ധിയുള്ള കുട്ടിയാണ്, പക്ഷേ ആരും അവനെ കൂട്ടത്തിൽ കൂട്ടുന്നില്ല, അതെന്തു കൊണ്ടാകാം അങ്ങനെയൊരു പെരുമാറ്റം? ചേച്ചി പഠിച്ച സൈക്കോളജിയിലെ ഏതെങ്കിലും തിയറികളിൽ ഇങ്ങനെയുള്ള ഒരു കുട്ടിയെ കുറിച്ച് പറയുന്നുണ്ടോ എന്ന്. പിറ്റേന്ന് അവളെ കാണുമ്പോൾ അവളുടെ കയ്യിൽ ഒരു കൂട്ടം കഥാ പുസ്തകങ്ങൾ ഉണ്ടായിരുന്നു. കൂട്ടുകാരി അറിയാതെ കൂട്ടുകാരിയുടെ അനിയനോട് പറയാതെ അവളാ പുസ്തകങ്ങൾ അനിയന്റ ക്ലാസ് ടീച്ചറെ ഏൽപ്പിച്ചു, അവൾ തന്നതാണ് എന്ന് പറയാതെ അവന് കൊടുക്കാൻ. പുസ്തകം കിട്ടിയത് മുതൽ അതുവരെ അവനോട് മിണ്ടാതിരുന്ന കുട്ടികൾ പടങ്ങൾ നോക്കാനും മറ്റുമായി ആ കുട്ടിക്ക് ചുറ്റും കൂടിയത്ര! ഈ ഒരു ചെറിയ സംഭവം ആ കുട്ടിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ അറിയും തോറും അവൾ ഒരുപാട് സന്തോഷിച്ചു കണ്ടു, ഞാനും.   

മോഡൽ എക്സാം നടക്കുന്ന ദിവസങ്ങളിലൊന്നും ഞങ്ങൾ തമ്മിൽ കാണാതെയായി. എക്ട്രാ ക്ലാസുള്ള ദിവസങ്ങളിൽ അവൾ ആദ്യത്തെ ബസിലങ്ങു പോകും.ആ ദിവസങ്ങളിൽ എപ്പോഴൊക്കെയോ എനിക്ക് അവളെ മിസ് ചെയ്തു. അവളില്ലാത്ത സീറ്റിൽ ഒറ്റയ്ക്കിരിക്കുമ്പോൾ എന്തോ ഒരു വല്ലായ്മ.. കുറെ ദിവസത്തിനുശേഷം കഴിഞ്ഞദിവസം ഞാൻ അവളെ കണ്ടു. എന്നെ കണ്ട ഉടനെ അവളുടെ മുഖത്തെ സന്തോഷം കാണണമായിരുന്നു. 'എത്ര ദിവസമായി ചേച്ചിയെ കണ്ടിട്ട് എനിക്ക് വല്ലാതെ മിസ്സ് ചെയ്യുന്നു. സംസാരിക്കാതെ ഇരിക്കുമ്പോൾ എന്തോപോലെ..മഴയുള്ള ദിവസങ്ങളിൽ ഞാൻ ചേച്ചിയെ കുറിച്ച് കൂടുതൽ ഓർക്കും. ടീച്ചറിനോടു വരെ ഞാൻ ചേച്ചിയെക്കുറിച്ച് പറഞ്ഞു. ചേച്ചി പറയാറുള്ള കഥകൾ... കഥാപാത്രങ്ങൾ.' 

കേവലം ഒരു സെമസ്റ്ററിന്റെ ദൈർഘ്യം മാത്രമാണ് ഞങ്ങളുടെ പരിചയത്തിനുള്ളത്,എന്നിട്ടും....

ഇത്ര വേഗം പോകമെന്ന് കരുതിയില്ല..

അവരുടെ ക്ലാസ്സ് കഴിയാറായി. ഈ മാസം കൂടിയേയുള്ളു. 

എൻറെ ഒന്നാം സെമസ്റ്റർ ഇന്നു കൊണ്ട് അവസാനിച്ചു.

ഇത് അറിയാമായിരുന്ന അവൾ ഇന്ന് രാവിലെ എക്ട്രാ ക്ലാസിനു പോകാതെ രണ്ടാമത്തെ ബസ്സിൽ വന്നിരിക്കുകയാണ്, എന്നെ കാണാനും സംസാരിക്കാനും യാത്ര പറയാനും... 

അത്രയ്ക്ക് ഒരാത്മബന്ധം ആ കുട്ടിക്ക് ഉണ്ടെന്നറിഞ്ഞപ്പോൾ എന്തോ വല്ലാത്ത സന്തോഷം തോന്നി...

ജീവിതത്തിൽ ആകസ്മികമായി കണ്ടുമുട്ടുന്ന ചില മനുഷ്യർക്ക് നമ്മളെ ഇത്രയേറെ സ്വാധീനിക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞത് ഇന്നാണ്. 

നേരത്തെ പരീക്ഷ കഴിയുന്നത് കൊണ്ട് ചേച്ചിയെ വൈകിട്ടിനി കാണില്ലല്ലോ എന്നു പറഞ്ഞപ്പോൾ ഞാനൊന്നും മിണ്ടിയില്ല. പരീക്ഷ 12 മണിക്ക് കഴിഞ്ഞിട്ടും രണ്ടര ക്കുള്ള ബസ് ഉണ്ടായിട്ടും അതിലൊന്നും കയറാതെ ഞാൻ ലൈബ്രറിയിൽ ഇരുന്നു. അവളുടെ കൂടെ നാല് മണിക്കുള്ള ബസ്സിൽ ഒരുമിച്ചു പോകാൻ... 

പ്രതീക്ഷിക്കാതെ എന്നെ ആ സീറ്റിൽ കണ്ടപ്പോൾ അവൾക്കുണ്ടായ എക്സൈറ്റ്മെൻറ് ... പണ്ടത്തെ പ്ലസ്ടുക്കാരിയായ എന്നെ ഞാൻ അവിടെ കണ്ടു.. 

 ഒരുപാട് സന്തോഷത്തോടെ കണ്ടുമുട്ടിയത് മുതൽ ഇതുവരെയുള്ള വിശേഷങ്ങൾ അവളിങ്ങനെ ഓർത്തു പറയുന്നുണ്ടായിരുന്നു ഇന്ന്. 

'ചേച്ചിയുടെ പുസ്തകം ഇറങ്ങിയിട്ട് വേണം എനിക്ക് എന്റെ ചേച്ചി എഴുതിയ പുസ്തകമാണെന്ന് എല്ലാരോടും പറഞ്ഞു നടക്കാൻ.. ' 

എന്നെക്കാൾ എന്റെ സ്വപ്നത്തെ കൊണ്ടു നടക്കുന്നവൾ...

ഹിന്ദിയും ഇംഗ്ലീഷും അനായാസേന കൈകാര്യം ചെയ്യുന്ന മലയാളം വായിച്ചു മനസിലാക്കാൻ കുറച്ചധികം സമയമെടുക്കുന്ന അവളെനിക്ക് പക്ഷേ മലയാളത്തിൽ കത്ത് എഴുതി അയക്കാമെന്ന് പറഞ്ഞിരിക്കുകയാണ്! സ്റ്റോപ്പ് എത്താറായപ്പോൾ അയ്യോ ചേച്ചി പോണ്ടാ എന്ന് കുട്ടികളെപ്പോലെ പറയാൻ തുടങ്ങി. മനസ്സിൽ എന്തോ ഒരു വിഷമം തോന്നിയെങ്കിലും ചിരിച്ചുകൊണ്ട് അവളോട് യാത്ര പറഞ്ഞിറങ്ങി.ബസ് മറയുന്നത് വരെ അവൾ കൈ വീശി കാണിച്ചപ്പോൾ എനിക്ക് പെട്ടെന്ന് ടോട്ടോച്ചാനെയാണ് ഓർമ്മ വന്നത്. ബസ് പോയതും കണ്ണ് നിറയുന്നത് ആരും കാണാത്ത രീതിയിൽ മുഖം താഴ്ത്തി വീട്ടിലേയ്ക്ക് നടന്നു.

 ജനാലക്കരികിലെ പ്രകാശംപരത്തുന്ന ഈ പെൺകുട്ടി ഇടയ്ക്കിടയ്ക്ക് ചോദിക്കുമായിരുന്നു'ചേച്ചി എന്നാ എന്നെ കുറിച്ച് എഴുതുക എന്ന്'. 

ഇന്നല്ലാതെ പിന്നെ എന്നാണ് നിന്നെക്കുറിച്ച് ഞാൻ എഴുതുക? ?

ആഗ്രഹം പോലെ, സത്യവും നീതിയും മുറുകെപിടിക്കുന്ന, "നല്ലൊരു വക്കീൽ'' ആയി മാറട്ടെ കുട്ടീ... 

ഈ ലോകം ചെറുതല്ലേ, നമുക്ക് ഇനിയും കണ്ടുമുട്ടാമെന്നേ....

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ