വെക്കേഷനായിട്ട് പ്രത്യേകിച്ച് വലിയ പണിയൊന്നുമില്ലാതെ ബോറടിച്ചു ഇരിക്കുന്ന ഞാൻ. വല്ലപ്പോഴുമൊക്കെ വീട്ടിനു വെളിയിലിറങ്ങി പുറകു വശത്തെ മുറ്റത്തേക്കൊക്കെ ഒന്നു നടക്കാം എന്നു പറയുന്ന അമ്മ. അങ്ങനെ നടന്നപ്പോ ദാ
കിണറ്റിൻ കരയുടെ ചുറ്റുമായി മുല്ലപ്പൂവങ്ങനെ പൂത്തു വാരിക്കിടക്കുന്നു. ആരും പറിക്കാൻ ചെല്ലാത്തതിന്റെ പിണക്കത്തിൽ തറയിൽ നാലുപാടും ചിതറി കിടപ്പുണ്ട്. 'ഇപ്പോഴും ഇവിടെ മുല്ലപ്പൂവുണ്ടല്ലേ?'എന്റെ മുഖത്ത് അതിശയo; അമ്മയുടെ മുഖത്ത് അരിശം!
ആ ഡയലോഗ് വേണ്ടിയിരുന്നില്ലെന്നോർത്ത് വെറുതെ കുറച്ചു സമയം നൊസ്റ്റാൾജിയ അടിക്കാമെന്നോർത്ത് അവിടെയങ്ങനെ ഇരുന്നു. അടുത്തുള്ള മതിൽ മാഞ്ഞു അവിടെ വിശാലമായ ഒരു പറമ്പും ഓല മേഞ്ഞ ഒരു പഴയ വീടും ഓർമ്മയിൽ തെളിഞ്ഞു വന്നു, അമ്മുമ്മയുടെ വീട്. ഇന്നവിടെ മതിൽ കെട്ടി വേർ തിരിച്ച് കമ്പിക്കട വന്നെങ്കിലും ആ വീടും പരിസരവും അതേപടി മനസിലുണ്ട്. കറിവേപ്പിലത്തോട്ടവും കറിവേപ്പില പൂക്കുന്ന സമയത്ത് തേൻ കുടിക്കാൻ വരുന്ന പൂമ്പാറ്റകളും, പൂത്തു കിടക്കുന്ന സാധാരണ മുല്ലയും, കുറുക്കുത്തി മുല്ലയും, പനിനീർ റോസയും, പിച്ചിയും, കായ്ച്ചു കിടക്കുന്ന ആന മുന്തിരിയും, വരിക്ക പ്ലാവും, മാവും ഉണ്ട് ഉണ്ട്.
എല്ലാം ഓർമ്മയുണ്ട്. പറഞ്ഞു വന്നത് മുല്ലപ്പൂവിനെ കുറിച്ചാണ്. ഇതാണ് കുഴപ്പം, ഇഷ്ടമുള്ളതെന്തിനെയെങ്കിലും കുറിച്ചു സംസാരിച്ചാൽ കാടു കയറി പോകും. ഡിഗ്രിക്ക് ചേർന്നതിൽ പിന്നെയാണ് പൂവ് വയ്ക്കാനുള്ള താൽപ്പര്യം കുറഞ്ഞത്. എന്താണാവോ? അതു വരെ മുല്ലപ്പൂ എന്നു കേട്ടാൽ അത്യാഗ്രഹപ്പെട്ടു നടക്കുന്ന ആ പെൺകുട്ടിയെ എന്നെക്കാൾ നന്നായി അമ്മയും അടുത്ത വീട്ടിൽ ഉളളവരുo ഇപ്പോഴും ഓർത്തിരിക്കുന്നുണ്ട്! കുട്ടിക്കാലത്ത് എന്തു കിട്ടിയാലും മറ്റുള്ളവർക്കു കൂടി പങ്കു വച്ചു കൊടുക്കുമായിരുന്ന എന്നിലെ നല്ല കുട്ടിക്ക് മുല്ലപ്പൂവിന്റെ കാര്യത്തിൽ മാത്രം ആ ശീലം പാതിവല്ലായിരുന്നു. എത്ര കിട്ടിയാലും മതി വരാത്ത കൊച്ച്. അന്നത്തെ അവധിക്കാലങ്ങളിൽ പൂവ് പറിക്കലും കെട്ടലും വയ്ക്കലുമൊക്കെ ഞങ്ങൾ കുട്ടികളുടെ ആഘോഷം തന്നെയായിരുന്നു. ഏറ്റവും കൂടുതൽ പൂവ് സ്വന്തമാക്കുക എന്ന മത്സരം കൊച്ചാതിരയ്ക്ക് ഉണ്ടായിരുന്നു.വയലിൻ അരങ്ങേറ്റത്തിനു വാങ്ങിയ 30 രൂപയുടെ പൂവ് കണ്ട് കണ്ണു തള്ളിയ ഞാൻ ഓർക്കാതിരുന്നില്ല ഈ കണക്കിലാണേൽ പണ്ടു വീട്ടിലുണ്ടാകുന്ന പൂവിന് 30 ന്റെ കൂടെ രണ്ട് പൂജ്യം വരെയൊക്കെ ചേർക്കാം! ഒറ്റയ്ക്ക് അത്രയും പൂവ് പറിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ് (അത്തരം സാഹചര്യങ്ങളിലാണ് ഞാൻ ഒരേട്ടനെ ഒത്തിരി miss ചെയ്തിരുന്നത്) കളിക്കാൻ കൂടുന്ന കുട്ടികൾ പൂവ് പറിക്കാൻ സഹായിക്കുന്നത് ഇഷ്ടമായിരുന്നെങ്കിലും മനസിൽ വിചാരിക്കുമായിരുന്നു 'ശ്ശൊ ഇനിയിപ്പോ ഇവർക്ക് കൂടി വീതം വച്ച് കൊടുക്കണമല്ലോ!' എന്ന്. എന്നിലെ അതി ബുദ്ധിമതി ആദ്യമേ കൈയ്യെത്താവുന്നത്രയും മുല്ലപ്പൂ പറിച്ചു മാറ്റി വയ്ക്കും, അത്രയും കുറച്ച് വീതം വച്ചാൽ മതിയല്ലോ! കുട്ടികളല്ലേ എല്ലാർക്കും കൊതി കാണും പൂവ് വയ്ക്കാൻ. അവർക്കും കൂടി കൊടുക്കണമെന്ന് അച്ഛനുമമ്മയും പറയുമ്പോ നെല്ലിക്ക കടിച്ച ഭാവമാണ് എന്റെ മുഖത്ത്. ആരോ പറഞ്ഞു പൂമൊട്ട് എണ്ണാൻ പാടില്ല, പിന്നെ പൂക്കുമ്പോ എണ്ണം കുറയുമെന്ന്. ഓ പിന്നേ, പൂവ് പറിച്ചാൽ ആദ്യം ചെയ്യുക എണ്ണലാണ്. ഒറ്റ സംഖ്യയാണ് വരുന്നതെങ്കിൽ ഇരട്ടയാക്കാൻ പിന്നേം പോകും. എത്ര കഷ്ടപ്പെട്ടിട്ടാണേലും അതിനി കരി മൊട്ടു കൊണ്ടാണേലും ഇരട്ടയാക്കും. കമ്പിട്ടടിച്ച് കരിമൊട്ട് പൊഴിച്ചു കളയരുതെന്ന് പറയുന്നതൊക്കെ ആരു കേൾക്കാൻ? എണ്ണിയിട്ട് തുല്ല്യമായിട്ട് പങ്കു വയ്ക്കണം എന്നാണ് നിയമം. അതിനിടയ്ക്ക് എണ്ണത്തിൽ കള്ളത്തരം കാട്ടിയിട്ടുണ്ടോ എന്നൊന്നും എനിക്ക് ഓർമ്മയില്ല. അതെങ്ങനെ ഓർമ്മ കാണും? ഞാൻ കൊച്ചല്ലേ?!
കിണറ്റിലെ വെള്ളം കാണാൻ കൊതിയുള്ള എന്നെ എത്തി നോക്കുന്നതിൽ നിന്നും കഠിനമായി വിലക്കിയിരുന്ന അച്ഛന്റെം അമ്മേടേം കണ്ണു വെട്ടിച്ച് അമ്മുമ്മയുടെ വീട്ടിലെ കിണറിന്റെ മുകളിൽ കയറി നിന്ന് മുല്ലപ്പൂ പറിക്കുവായിരുന്ന എന്നെ ഞാനിന്നും ഓർക്കുന്നു. ആ രഹസ്യം ഇന്നാണ് ഞാൻ അമ്മയോട് പറഞ്ഞത്! അമ്മ മൂക്കത്ത് വിരൽ വച്ചു. 'എടി ഭയങ്കരീ'! സന്ധ്യ കഴിഞ്ഞാൽ പൂവ് പറിക്കാൻ പോകരുത് ഇഴ ജന്തുക്കൾ വരും എന്ന് പറഞ്ഞ് അച്ഛൻ കണ്ണുരുട്ടി പേടിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നെങ്കിലും ഒരു ദിവസം സന്ധ്യ സമയത്ത് ഞാനൊരു മൊട്ട് കൂടി സംഘടിപ്പിക്കാൻ ഒറ്റയ്ക്ക് പോയി. അന്ന് എന്തോ കൊണ്ട് എന്റെ കൈ ചെറുതായി മുറിഞ്ഞു. പാമ്പ് എന്ന് കേട്ടാൽ അന്നും ഇന്നും പേടിയുള്ള ഞാൻ ഉറപ്പിച്ചു, ഇതത് തന്നെ! അച്ഛൻ പറഞ്ഞതു കേട്ടാൽ മതിയായിരുന്നു. എന്തെങ്കിലും സംഭവിക്കും എന്നതിനേക്കാൾ എന്നെ അലട്ടിയത് ഇന്ന് കിട്ടിയ പൂവ് വയ്ക്കാൻ പറ്റില്ലല്ലോ എന്ന ചിന്തയാണ്. വീട്ടിലാരോടും ഒന്നും പറയാതെ സങ്കടത്തോടെ ഉറങ്ങാൻ കിടന്നു.രാവിലെ ഒന്നും സംഭവിക്കാതെ എണീറ്റതുo ആദ്യം പോയത് പൂവിന്റെ അടുത്തേക്കാണ്! അന്നൊക്കെ വീട്ടിൽ നിന്നാലും ഒരുങ്ങി പൂവ് ഒക്കെ വച്ച് നിൽക്കുമായിരുന്നു. ഇന്നെവിടെയെങ്കിലും പോകാനാണെങ്കിലും വയ്ക്കാൻ മടിയാണ്. പിന്നെയുള്ള വിഷമം പൂവ് കെട്ടാൻ അറിയില്ല എന്നുള്ളതായിന്നു. അമ്മ പഠിപ്പിക്കാൻ കുറേ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ഒരു കൂട്ടുകാരി കെട്ടുന്നത് സാകൂതം വീക്ഷിച്ച് മനസിലാക്കി പഠിച്ചെടുത്തു. എന്തായാലും നൊസ്റ്റാൾജിയ കൂടി പ്പോയതു കൊണ്ടാകാം പെട്ടെന്നുളളിൽ മുല്ലപ്പൂ കൊതിയുള്ള ആ പെൺ കുട്ടിയുണർന്നു .പിന്നെ ഒന്നും നോക്കിയില്ല, പറ്റുന്നത്രയും മുല്ലപ്പൂവ് പറിച്ചു കെട്ടി.