mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ബസ് യാത്ര ഇഷ്ടപെടുന്ന ഒരാൾ എന്ന നിലയിൽ ചില റൂട്ടിൽ യാത്ര ചെയ്യാൻ വളരെ ഇഷ്ടമാണ്. അതിലൊന്ന് ചാവക്കാട് കൊടുങ്ങല്ലൂർ റൂട്ട് ആണ്. ഈ റൂട്ടിൽ ചെറുപ്പത്തിൽ നിരവധി തവണ മാതാപിതാക്കൾ കൊണ്ടുപോയ ഓർമ്മകൾ

ഇപ്പോഴും ഇന്നലെ എന്ന പോലെ മനസ് പേറി നടക്കുന്നു. അമ്മയുടെ വീട് എങ്ങണ്ടിയൂർ എന്ന സ്ഥലത്താണ്. അതാണ് അങ്ങോട്ടു കൂടുതൽ പോകാനുള്ള കാരണം. ആ യാത്ര ചെറുപ്പത്തിൽ എപ്പോഴും കാത്തിരിക്കുന്ന ഒന്നായിരുന്നു.വല്യമ്മ, വല്യച്ഛൻ വല്യേട്ടൻ കുഞ്ഞേട്ടൻ. കുറെ കളി കൂട്ടുകാർ. അമ്മയോടൊപ്പമാണ് ഞങ്ങൾ കൂടുതലും പോയിരുന്നത്.

ചാവക്കാട് വരെ പതിവ് കാഴ്ചകൾ തന്നെ. എന്നാൽ അവിടന്നങ്ങോട്ട്‌ കാഴ്ചകൾ മാറി തുടങ്ങും. മുള്ളു വേലിക്ക് പകരം മെടഞ ഓല കൊണ്ട് ഉണ്ടാക്കിയ വേലിക്കെട്ടുകൾ ദൃശ്യമാകാൻ തുടങ്ങും. ഇന്ന് കാണുന്ന പടുകൂറ്റൻ സൗധങ്ങളുടെ സ്ഥാനത്തു അന്ന് ചെറിയ ഓല മേഞ്ഞ വീടുകൾ മാത്രം. ചേറ്റുവ പുഴ അടുക്കുംതോറും ഇത്തരം വീടുകൾ കൂടുതൽ കൂടുതൽ തെളിഞ്ഞു വരും. പടിഞ്ഞാറു ദിക്കിൽ വീടുകളുടെ പുറകിൽ തെങ്ങിൻ തോപ്പിൽ ഒളിച് കളിക്കുന്ന പുഴ കണ്ട് തുടങ്ങും. ഒരു ഡബിൾ മുണ്ട് ഉച്ചവെയിലിൽ ഉണക്കാനിട്ടതാണെന്നേ തോന്നൂ.മിക്കവാറും ഉച്ചക്കാണ് അവിടെ എത്തിച്ചേരുക. വേലിയെറ്റ സമയം ആയതുകൊണ്ട് പുഴയിൽ ഓളങ്ങൾ കൂടും. ഓളതലപിൽ മിന്നുന്ന വെള്ളികിരണങ്ങൾ ഒരു ഇളകുന്ന വെള്ളി പാദസരം പോലെ മനോഹരമായ കാഴ്ച്ച തന്നെ.

ബസ് പുഴയരികിലെക്ക് കുതിക്കുമ്പോൾ സീറ്റിൽ മുൻവശത്തെ സീറ്റിന്റെ കമ്പി പിന്നിലേക്ക് വലിക്കാറുളളത് ഇപ്പോഴും ഓർക്കുന്നു. അവിടെ ഇറങ്ങി കഴിഞ്ഞാൽ അക്കരെ K.K.മേനോൻ(ബസ് ) ബോട്ട് അടുക്കുനത് കാത്തു അക്കരെ കിടക്കുന്നത് കാണാം. ടിക്കറ്റ് എടുത്ത് ബോട്ടിലോ അല്ലെങ്കിൽ വഞ്ചിയിലോ ആണ് മറുകര പറ്റുന്നത്. ബോട്ടിൽ സുരക്ഷിതമായി യാത്ര ചെയ്യാം. ചങ്ങാടം ഉള്ളത് കൊണ്ട് ഒന്നോ രണ്ടോ കാറുകൾ ഉണ്ടാകും. മുതിർന്നവർ സിഗരറ്റ് വലിച്ച് ചങ്ങാടത്തിൽ നിന്നാണ് യാത്ര ചെയുക. ഞങ്ങmക്ക് വിലക്കപ്പെട്ട കനിയായിരുന്നു അത്. സീറ്റിൽ ഇരുന്നു ഓളങ്ങൾ തൊട്ടു നോക്കിയുള്ള കുറച്ചു സമയം. ഓളങ്ങൾ പലപ്പോഴും ജല കണങ്ങൾ അകത്തേക്കു എറിയുമായിരുന്നു. വഞ്ചിയിലാണെങ്കിൽ ജലനിരപ്പിനൊപ്പമായിരിക്കും തോണിയുടെ വശങ്ങൾ. ഇന്നാലോചിക്കുമ്പോൾ ഭയം തോനുന്നു. പിന്നെ ബസ് കയറി സ്റ്റോപ്പിൽ എത്തുമ്പോൾ സമയം രണ്ട് കഴിഞ്ഞിരിക്കും.

വല്യമ്മ മുരിങ്ങയും മുവാണ്ടൻ മാങ്ങയും പരിപ്പ് കൂട്ടി വെച്ചത് ഓർത്തു കാൽ പുതയുന്ന ചുട്ടു പഴുത്ത മണലിലൂടെ ഓടി വീടെത്തിയാൽ ഊണ് കഴിച്ചെന്നു വരുത്തി പുറത്തേക്ക്. അപ്പോഴേക്കും ചുറ്റുമുള്ള കുട്ടികളും കളിക്കാൻ എത്തിയിരിക്കും. അതൊരു കാലം.

വല്യമ്മയും ഇത്തിൾ പരന്ന മണൽ പരപ്പും ഓർമ്മകളായതിൽ പിന്നെ സന്ദർശനം മുടങ്ങി.

ജോലി സംബന്ധമായ   പാലത്തിലൂടെയുള്ള ഇപ്പോഴത്തെ  യാത്രകളിൽ ഒരു മിന്നൽ പോലെ കടന്നു പോകുന്ന ചേറ്റുവ പുഴയും നിമിഷാർധങ്ങൾ നൽകുന്ന മൈലാഞ്ചി മണക്കുന്ന മണൽപരപ്പിന്റെ മറക്കാനാവാത്ത ഗന്ധവും മാത്രമാണ്  ഓർമ്മകളിലെ അവശേഷിപ്പ്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ