mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Saraswathi

അങ്ങനെ വിഷുവും വന്നെത്തി. അസാധാരണമായുള്ള വേനൽച്ചൂട് അസഹനീയമായപ്പോഴേയ്ക്കും ഇടക്കിടെ പ്രകൃതിയുടെ വരദാനം പോലെ വേനൽ മഴ കുളിർ പെയ്തിറങ്ങിയതു കൊണ്ട് ചുറ്റുപാടും പ്രകൃതി മനോഹരമായ പച്ചപ്പ് അണിഞ്ഞു തന്നെയാണ് നിൽപ്.


ദാഹജലം തേടിയും വിശപ്പിൽ വയർ കത്തിയെരിഞ്ഞും കാടിറങ്ങിയ വന്യമൃഗങ്ങളെക്കുറിച്ചുള്ള വാർത്തയൊന്നും അസാധാരണമല്ലാതായിരിക്കുന്നു.
അങ്ങിങ്ങായി എവിടെയൊക്കെയോ നിന്ന് അമർന്ന ശബ്ദത്തിൽ ഓലപ്പടക്കം പൊട്ടുന്നത് കേൾക്കാം. വീടുകളിൽ കുട്ടികളും ചെറുപ്പക്കാരുമില്ലാതായിക്കൊണ്ടിരിക്കുന്നതുകൊണ്ടാവാം പണ്ടത്തെ ഊർജസ്വലതയൊന്നും ഇപ്പോഴില്ല. നമ്മുടെ മിക്ക വീടുകൾക്കും വയസ്സായിരിക്കുന്നു. അഥവാ വയസ്സായവർ മാത്രം താമസിക്കുന്നിടം ആയിരിക്കുന്നു മിക്ക വീടുകളും. മക്കളെല്ലാം ഉപജീവനമാർഗം തേടി മറ്റെങ്ങോ ആണ്. മുമ്പൊക്കെ ഉത്സവാഘോഷങ്ങളാൽ എങ്ങനെയെങ്കിലും എത്തിച്ചേരുമായിരുന്നു എല്ലാവരും. ഇപ്പോൾ അവർക്കും അവരുടേതായ പ്രയാസങ്ങളും തിരക്കുകളും കൊണ്ടാവാം  നാട്ടിലേക്കുള്ള വരവ് കുറഞ്ഞിരിക്കുന്നു.

വേനലിന്റെ കാഠിന്യമേറ്റ് വറ്റിവരണ്ട ജലാശയങ്ങളിൽ അങ്ങിങ്ങായി ഇത്തിരിയെങ്കിലും വെള്ളമൊക്കെയുണ്ട്. ഓർമകൾ ഓടിപ്പോവുന്നത് ബാല്യകാലത്തെ വിഷുക്കാലങ്ങളിലേക്കു തന്നെ.

വിഷുത്തലേന്ന് രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞതിനു ശേഷം കണിയൊരുക്കാൻ മാല കോർക്കാനാനുള്ള പൂക്കളിറുക്കാനായി പുറപ്പെടുകയായി. പ്രഭാത ഭക്ഷണം അന്നൊക്കെ കഞ്ഞിയും ചമന്തിയും പയറോ കയ്പക്കയോ കൊണ്ടുള്ള കൊണ്ടാട്ടം വറുത്തതുമൊക്കെയാവും. പലഹാരമുണ്ടാക്കുന്നത് വല്ലപ്പോഴുമേ പതിവുള്ളൂ.
പൂക്കൾ എവിടെയൊക്കെയുണ്ടെന്നുള്ളത് ആദ്യമേ നോക്കി വെച്ചിരിക്കും. ചെറിയൊരു തോട്ടിയും കൈയിൽ കരുതിയിട്ടുണ്ടാവും. ഉയരത്തിൽ നിന്നും പൂ പറിക്കാനാണിത്. അലറിപ്പൂവാണ് ആദ്യം ശേഖരിക്കുന്നത്. അതിന്റെ കൊമ്പിന് തീരെ ബലമില്ലാത്തതിനാൽ മരം കേറി പൊട്ടിക്കാനാവില്ല. അതിനാണ് തോട്ടി കൈയിൽ കരുതുന്നത്. വലിയൊരു സഞ്ചി നിറയെ പൂക്കൾ ശേഖരിച്ചുകൊണ്ട് വീട്ടിലെത്തിയാൽ ആദ്യം ചെയ്യുന്നത് വാഴയിലയിൽ പൂക്കൾ വിതറി വെള്ളം തളിക്കന്നതാണ്. പൂക്കൾ വാടിപ്പോകാതിരിക്കാനാണിങ്ങനെചെയ്യുന്നത്.
അടുത്ത യാത്ര എരുക്കിൻ പൂവും ഇലഞ്ഞിപ്പൂവും ശേഖരിക്കാനാണ്. താഴെ നിന്നു തന്നെ പറിച്ചെടുക്കാവുന്ന എരുക്കിൽ പൂവും നിലത്തു നിന്നും പെറുക്കിയെടുക്കുന്ന ഇലഞ്ഞിപ്പൂക്കളുമായി വീട്ടിലെത്തുമ്പോഴേക്കും ഉച്ചയൂണിനു നേരമായിട്ടുണ്ടാവും. വിശപ്പും ദാഹവുമൊന്നുമില്ലെങ്കിലും വഴക്കു കേൾക്കുന്നതു ഭയന്ന് കുറച്ചെങ്ങനെയൊക്കെയോ കഴിച്ചെന്നു വരുത്തി കണിക്കാഴ്ചയിൽ മിന്നും താരമായ കർണി കാരപ്പൂവെന്ന മനോഹരനാമമുള്ള കൊന്നപ്പൂ കൊണ്ടുവരാനുളള യാത്രയാണ്. 

എന്തായാലും മൂന്നര നാലുമണിയോടെ വീട്ടിൽ തിരിച്ചെത്തിയാൽ നേരമൊട്ടും കളയാതെ മാല കോർക്കുന്നതിരക്കിലാവും ഞങ്ങൾ കുട്ടികൾ. ഇതൊന്നും ആരും നിർബ്ബന്ധിച്ചതുകൊണ്ടു ചെയ്യുന്നതല്ല. അത്രമാത്രം ഇഷ്ടത്തോടെ തന്നെയാണ് എല്ലാരും കൂടി ഒരുക്കുന്നത്.

 വാഴനാരെടുത്ത് ക്രമത്തിൽ കുങ്കുമപ്പൂ (അലറി ) മാല, എരുക്കിൻ പൂമാല,ഇലഞ്ഞിപ്പൂമാല എന്നിവയെല്ലാം ഭംഗിയായി കെട്ടി വാഴയിൽ തന്നെ വെച്ച് വെള്ളം കുടഞ്ഞു കഴിയുന്നതോടെ ഞങ്ങളുടെ ദൗത്യം അവസാനിക്കുന്നു.

പിറ്റേന്ന് വിഷുക്കണി കാണാൻ പുലർച്ചെ വിളിച്ചുണർത്തി കൈനീട്ടവും തന്നതിനു ശേഷം പടക്കം പൊട്ടിക്കാനുള്ള സമയമാണ്. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മെത്താപ്പ്, പൂക്കുറ്റി, നിലച്ചക്രം എന്നിങ്ങനെ ഏതാണ്ട് ഒരുമണിക്കൂറോളം നല്ല തകൃതി തന്നെയായിരിക്കും. 

പിന്നീട് കുളി കഴിയുമ്പോഴേയ്ക്കും നേരം വെളുക്കും. പുതിയ വസ്ത്രങ്ങളൊക്കെയണിഞ്ഞ് വിഷുക്കഞ്ഞിയും പുഴുക്കും കഴിച്ച് വീണ്ടും മുറ്റത്തേക്ക് ഓടുന്നത് പൊട്ടാതെ കിടക്കുന്ന ഓലപ്പടക്കമോ മറ്റോ കിട്ടിയാലോ എന്നു കരുതിയാണ്.
സലിം കുമാർ പറഞ്ഞതുപോലെ അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ!

ഓർമകൾക്കെന്നുമെപ്പോഴും എന്തൊരു കുളിരാണല്ലേ!
എല്ലാവർക്കും ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസകൾ!!

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ