പൂർവ വിദ്യാർത്ഥി സംഗമത്തിന് എത്താൻ പറ്റുമോ എന്ന പേടിയായിരുന്നു മനസു മുഴുവൻ. അവസാനം കടലും കടന്ന് താൻ എത്തിയിരിക്കുന്നു. അപർണയ്ക്ക് വല്ലാത്ത സംതൃപ്തി തോന്നി. പണ്ട് ഒന്നാം ക്ലാസ്സിൽ പഠിച്ച ക്ലാസ്സിലാണ്
ഒത്തുകൂടിയത്. എല്ലാവരും എത്തിയിട്ടുണ്ട്. ഒരു മൂലയിൽ ഒതുങ്ങിയിരിക്കാം. ഇരുന്നപ്പോൾ ബഞ്ച് വല്ലാതെ ചെറുതായപോലെ. താൻ വളർന്നതാണെന്നു പെട്ടന്നു തോന്നിയില്ല. എല്ലാവരും പലപല ജോലികൾ പലയിടങ്ങളിൽ അതുകൊണ്ടുതന്നെ പരിചയപ്പെടുത്തലാണ് ആദ്യം. ശ്രീലക്ഷ്മിയാണ് തുടക്കമിട്ടത്. ഇന്ന് സ്‌പെഷ്യൽ സ്കൂളിൽ ടീച്ചറാണ് അവൾ. മനു ഇഫക്ട് ആണത്രേ...
മനു. ആ പേര് വീണ്ടും വീണ്ടും മനസിലേക്ക് വന്നു. ഓണാവധിക്കു ശേഷമുള്ള ഏതോ ഒരു ദിവസം വിദ്യ ടീച്ചറുടെ കൈപിടിച്ചു അവൻ ഞങ്ങളുടെ ക്ലാസ്സിലേക്ക് വന്നു.. മനുവിനിരിക്കാൻ അനൂപാണ് സ്ഥലം കൊടുത്തത്. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൻ തൊട്ടു മുമ്പിലിരുന്ന ഗോകുലിന്റെ അടുത്തു പോയിരുന്നു.. പിന്നെ ശ്രീലക്ഷ്മിടെ അടുത്ത്. അവൻ സ്ഥലം മാറികൊണ്ടേയിരുന്നു. അപ്പോഴേക്കും കളിക്കാൻബെൽ അടിച്ചു. ഞങ്ങളെല്ലാം പുറത്തേക്കോടി. തിരിച്ചു വന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച്ച ഞങ്ങൾ കണ്ടത്.. അനുവിന്റെ ചോറുപത്രം തുറന്ന് മനു മുട്ട കട്ടു തിന്നുന്നു..
അവനെ ഒന്നും പറയാൻ പറ്റില്ല, തടയാൻ പറ്റില്ല; അവൻ അടിക്കും.. പിന്നെ കടിക്കും.. ക്ലാസ്സിൽ ഒരു നിമിഷം അടങ്ങിയിരിക്കില്ല.. ഓടിനടക്കും.. പറയുന്നത് ഞങ്ങൾക്ക് മനസ്സിലാവാറിലെങ്കിലും എന്തൊക്കയോ ഞങ്ങളോട് മിണ്ടിക്കൊണ്ടേയിരിക്കും..
പക്ഷെ ഞങ്ങളെ അത്ഭുതപ്പെടുത്തിയ കാര്യം ഇതൊന്നുമല്ല.. മനു എന്ത് വികൃതികാട്ടിയാലും ടീച്ചർമാരാരും അവനെ വഴക്കു പറയാറില്ലായിരുന്നു. പക്ഷെ, ടീച്ചറെ കാണാൻ ഞങ്ങൾ കാത്തിരിക്കും അവനെക്കുറിച്ചുള്ള പരാതിപ്പെട്ടി തുറക്കാൻ..
രണ്ടു മൂന്നു ദിവസത്തിനുള്ളില്ലേ മനു ടീച്ചർമാർക്കൊരു തലവേദനയായി തുടങ്ങി. സഹികെട്ട് വഴക്കു പറഞ്ഞ വിദ്യ ടീച്ചറെ അവൻ കടിച്ചു... എന്നിട്ട് പിണങ്ങിപോയി വരാന്തയിലുള്ള തൂണുംപിടിച്ചു നിന്നു.
മനുവിന് പാട്ടു ഭയങ്കര ഇഷ്ടമായിരുന്നു.. പദ്യമോ പാട്ടൊ പഠിപ്പിക്കുമ്പോൾ മാത്രമാണ് അവൻ അടങ്ങിയിരുന്നു ഞാൻ കണ്ടിട്ടുള്ളത്. പിന്നെ ഇഷ്ടം മുട്ടയോടാണ്.. ആരു മുട്ട കൊണ്ടുവന്നാലും, അതു പുഴുങ്ങിയതോ പൊരിച്ചതോ ആയിക്കോട്ടെ അവൻ ആരോടും ചോദിക്കാതെ ചോറുപത്രം തുറന്നു കഴിക്കും. മുട്ടഅപ്പം ആണെങ്കിൽ പറയുകയും വേണ്ട.. അതു കണ്ടുപിടിക്കാൻ അവനു ഒരു പ്രത്യേക കഴിവാണ്. മുട്ട കൊണ്ടുവരുന്ന ദിവസങ്ങളിൽ അത് ഒളിപ്പിക്കാൻ ഞങ്ങൾ എത്ര കഷ്ടപ്പെടാറുണ്ടെന്നോ... എങ്കിലും അതു മനുന്റെ വയറ്റിലെത്തും.
സ്കൂളിലെ സംഭവവികാസങ്ങൾ വീട്ടിൽ അറിഞ്ഞ രക്ഷിതാക്കളും പരാതിയുമായി വന്നു തുടങ്ങി. പിന്നെ മനു ക്ലാസ്സിൽ വരാതെയായി.. അപ്പോഴേക്കും മനുവും അവന്റെ വികൃതികളും ഞങ്ങളുടെ ക്ലാസ്സിന്റെ ഭാഗമായി കഴിഞ്ഞിരുന്നു.. എന്തൊക്കെ കുറുമ്പു കാണിച്ചാലും അവൻ ഞങ്ങളുടെ സുഹൃത്തായി കഴിഞ്ഞിരുന്നു.. അവനെ കാണാതായപ്പോൾ ക്ലാസ്സിലൊരു ശൂന്യത തോന്നി.. അവൻ പോയത് ഞങ്ങളുടെ മനസ്സിലൊരു നീറ്റലായി..
മനു ഒരു സ്‌പെഷ്യൽ ചൈൽഡ് ആയിരുന്നു. മെന്റലി ഡിസേബിൾഡ് അല്ല ഡിഫറെന്റലി ഏബിൾഡ് ആയ കുട്ടി.. പക്ഷെ അന്നത് മനസ്സിലാക്കാനുള്ള അറിവ് ഞങ്ങൾക്കിലായിരുന്നു.
"അപർണ, നീ എന്ത് ആലോചിച്ചോടിരിക്യ? വാ, വന്നു നിന്റെ പുതിയ വിശേഷങ്ങൾ പറയൂ..."
അനൂപ് വിളിച്ചപ്പോൾ അപർണ ചിന്തയിൽനിന്നു ഞെട്ടിയുണർന്നു. ഒരു പുഞ്ചിരി മുഖത്തു വരുത്തി തന്റെ വിശേഷങ്ങൾ പറയാൻ അവൾ എഴുന്നേറ്റു.