കട്ടപിടിച്ച ഇരുട്ട്. പുറത്ത് കോരിച്ചൊരിയുന്നമഴ. ഇടയ്ക്കിടെയുള്ള മിന്നൽ പിണരുകൾ. പുഴയിൽ നല്ല കുത്തൊഴുക്ക് ഉണ്ടെന്ന് തോന്നുന്നു. വലിയ ഇരമ്പൽ. മഴ മാറി മാനം തെളിയുമെന്ന പ്രതീക്ഷിച്ചതാണ്. പക്ഷേ ഈ വർഷം മാത്രമെന്താ
ഇങ്ങനെ. ഡാമുകൾ എല്ലാം നിറഞ്ഞു കവിഞ്ഞു. പത്രത്തിലും ടിവിയിലും ഒക്കെ റെഡ് അലർട്ട് വന്നു കഴിഞ്ഞു. ഡാമുകൾ ഏത് നിമിഷം വേണമെങ്കിലും തുറന്നു വിടാം. ജനങ്ങളെല്ലാവരും സുരക്ഷിത താവളങ്ങളിലേക്ക് മാറാനുള്ള മുന്നറിയിപ്പുകൾ ടി വി യിൽ വന്നു കൊണ്ടേയിരിക്കുന്നു. അങ്ങനെ പോകേണ്ടിവന്നാൽ. കല്യാണത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കേണ്ട സമയത്ത് ഈശ്വരാ എന്ത് ചെയ്യും ?
ശ്രീധരനും ഭാര്യയും ആകെ ടെൻഷനിലാണ് .
''ഏട്ടാ കിടക്കാറായില്ലേ? മണി പതിനൊന്നായി ." സുമതിയാണ്.
"എനിക്ക് ഉറക്കം വരുന്നില്ല നീ കിടന്നോ ."
പുറത്ത് കട്ടപിടിച്ച ഇരുട്ടിൽ കോരിച്ചൊരിയുന്ന പേമാരിയും ഇടയ്ക്കിടെയുള്ള മിന്നൽ പിണരും നോക്കി അയാൾ വീടിന്റെ തിണ്ണയിൽ ഇരുന്നു. തണുത്ത കാറ്റടിക്കുന്നുണ്ടെങ്കിലും ഉള്ളിൽ ഒരു നെരിപ്പോട് എരിയുന്നുണ്ട്.
ഇളയ മകൾ തുഷാരയും സഹോദരിയുടെ മകൻ സുരേഷും തമ്മിലുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വധുവിനുള്ള സ്വർണ്ണവും വസ്ത്രങ്ങളും എടുത്തു. കല്യാണമണ്ഡപവും ബുക്കു ചെയ്തു. സദ്യക്കും മറ്റും ഓർഡർ കൊടുത്തു. തുന്നാൻ കൊടുത്ത വസ്ത്രങ്ങൾ മാത്രം ഇനി കിട്ടാനുണ്ട്. ബാക്കി എല്ലാ കാര്യങ്ങളും ഉദേശിച്ചതിലും ഭംഗിയായി നടന്നു.
ചെറിയ മയക്കത്തിലായ ശ്രീധരൻ എന്തോ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നു. വലിയ മുഴക്കമുള്ള ശബ്ദം, എന്തൊക്കെയോ തകരുന്നതുപോലെ. ഒരു നിമിഷം. അയ്യാൾ സ്തപ്തനായ് നിന്നു.
പെട്ടെന്നെന്തോ ഉൾവിളി പോലെ അയ്യാൾ അകത്തേക്കോടി. ഭാര്യയേയും മോളേയും വിളിച്ചുണർത്തി. ധൃതിയിൽ അയ്യാൾ അവരേം കൂട്ടി മുറ്റത്തിന്റെ വടക്കുവശത്തേക്കോടി. ഒരു ലൈറ്റ് പോലും എടുക്കാൻ സമയം കിട്ടിയില്ല.
അപ്പോഴേക്കും വലിയൊരു ഇരമ്പലും, മുഴക്കവും.
എന്തൊക്കെയോ തകർന്നടിയുന്ന ശബ്ദവും.
അയ്യാൾ പൊട്ടിക്കരഞ്ഞുകൊണ്ട് ഭാര്യയെയും മകളെയും മാറോട് ചേർത്ത് കനത്ത മഴയിൽ നനഞ്ഞു കുളിച്ചു നിന്നു. ഒരു മിന്നലിൽ അയ്യാളാ കാഴ്ച കണ്ടു. ഞെട്ടിപ്പോയി. അവരുടെ വീടിരുന്ന സ്ഥലത്ത് ഒന്നും അവശേഷിക്കുന്നില്ല. വീണു കിടക്കുന്ന കുറേ മരങ്ങൾ മാത്രം. നെഞ്ചു പൊട്ടിയുള്ള കരച്ചിൽ അവരിൽ നിന്നുയർന്നു. ഹൃദയം തകർന്ന നിലവിളിയോടെ ശ്രീധരൻ നിലത്തേയ്ക്ക് കുഴഞ്ഞു വീണു. മുള ചീന്തും പോലെ പൊട്ടിക്കരഞ്ഞ് അയ്യാളുടെ ഭാര്യയും മകളും .
അടുത്ത പ്രഭാതത്തിലെ കാഴ്ചകൾ അതിദയനീയമായിരുന്നു. മഴയും മണ്ണിടിച്ചിലും മൂലം വളരെയേറെ നാശനഷ്ടം സംഭവിച്ചു. റോഡുകൾ ഒഴുകിപ്പോയി. പാലങ്ങൾ തകർന്നു. കതിരണിഞ്ഞ വയലേലകൾ കുത്തിയൊലിച്ചു പോയി. കൃഷിത്തോട്ടങ്ങൾ ഒന്നാകെ മലവെള്ളത്തിൽ മുങ്ങിപ്പോയി. പക്ഷിമൃഗാദികൾ നഷ്ടപ്പെട്ടു . ഉരുൾപൊട്ടലിൽ അനവധി വീടുകൾ തകർന്നു. നല്ലൊരു നാളെയെ കരുതി ഹൃദയത്തിൽ സൂക്ഷിച്ച സ്വപ്നങ്ങളും.