അച്ഛൻ ജോലിയെടുക്കുന്ന അതേ സ്കൂളിലാണ് ഒന്നാം ക്ലാസ്സിൽ ചേർന്നത്. ഇന്നും ആദ്യമായി സ്കൂളിലേക്ക് പോയതിന്റെ സ്മരണകൾ കൈമോശം വന്നിട്ടില്ല. കിഴക്കേ കയ്യാലയിൽ കൂടി വളഞ്ഞു പടിഞ്ഞാറോട്ട് കേറി നേരെ സ്കൂളിലേക്കു
പോയ ദിവസം എങ്ങിനെ മറക്കും. പുത്തൻ ഷർട്ടും നിക്കറും പുതുപുത്തൻ പുസ്തകങ്ങളും സ്ലേറ്റുമായി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അനുഭവിച്ച ആ മാനസികസംഘർഷം പിനീടുണ്ടായ ദേശാടനകാലൊത്തൊനും കടന്നുപോയിട്ടില്ല.
ഞങ്ങളറിയാതെയാണ് വീട്ടിൽ സ്കൂളിലയക്കാൻ തീരുമാനിച്ചത്. തലേന്ന് വൈകീട്ട് മലയാളപാഠാവലി അച്ഛൻ കൊണ്ടുവന്നപ്പോളാണ് എന്തിന്റെയോ മണമടിച്ചത്. പത്തു അംഗങ്ങൾ ഉള്ള വീട്ടിൽ രാത്രി ഊണിനു മുൻപായി അച്ഛന്റെ ഉറക്കറയിൽ വലിയ ചർച്ച നടന്നത് കൊണ്ടുവന്ന പുസ്തകത്തെ കുറിച്ചായിരുന്നു. അക്ഷരങ്ങളെക്കാൾ കൂടുതൽ ചിത്രങ്ങൾ ഉള്ള പുസ്തകം ഇഷ്ടമായെങ്കിലും അപ്പോൾ തന്നെ പത്താം ക്ലാസ്സ് കഴിഞ്ഞ ചേച്ചി പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഒരപകടം പതിയിരിക്കുന്നതായി തോന്നിത്തുടങ്ങി.
അതുവരെ അനുഭവിച്ച സമ്പൂർണ സ്വാതന്ത്ര്യം ഒരസ്തമനത്തിനും ഉദയത്തിനുമിടയിൽ നഷ്ടമാകാൻ പോകുന്നു എന്ന നഗ്നസത്യം അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല.
ഇഷ്ടപെട്ടവരുടെ ഇടയിൽ നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ അപരിചിതരായ കുറെ കുട്ടികളും അധ്യാപകരും മാത്രമുള്ള ഒരു സ്ഥലത്തേക്ക് താത്കാലികമായ ഒരു പറിച്ചുനടൽ. ഒപ്പം സഹോദരനുണ്ടായിരുന്നതുകൊണ്ടു കുറച്ചാശ്വാസം ഉണ്ടായിരിന്നു. എങ്കിലും കൂട്ടിലിട്ട കിളിയുടെ അവസ്ഥ തീരെ സഹി ക്കാനായില്ല.
അച്ഛൻ തൊട്ടടുതിരിക്കുന്ന ഒരു പെൺകുട്ടിയെ ഞങ്ങളെ ശ്രദ്ധിക്കാനേല്പിച്ചപ്പോൾ ആദ്യമായി പുരുഷസഹജമായ ആത്മാഭിമാനത്തിനേറ്റ മുറിവ് ആ അഞ്ചംവയസ്സിലും നെഞ്ചകം നീറ്റി. അവളോടൊപ്പം ബെഞ്ചിലിരിക്കേണ്ടി വന്നതിൽ നാണക്കേടിനൊടൊപ്പം അച്ഛനോട് അരിശവും തോന്നി. ചുറ്റും ആൺകുട്ടികൾ ഒരുമിച്ചിരുന്നു പുതുക്കക്കാരായ ഞങ്ങളെ നോക്കി കളിയാക്കി ചിരിക്കുന്നത് പോലൊരു തോന്നൽ. എല്ലാം കടിച്ചുപിടിച്ചിരിക്കുമ്പോൾ താലേനു വരെ വീട്ടിൽ ചിലവഴിച്ച നല്ല നിമിഷങ്ങളുടെ ഓർമ്മകൾ കൊഞ്ഞനം കാണിച്ചു തുടങ്ങി. ശരിക്കും കരച്ചിലിന്റെ വക്കതിരിക്കുമ്പോൾ ഒരു സാരി കൊണ്ട് തല മറച്ച ഒരു ടീച്ചർ കയറിവന്നു. പിന്നീടാണ് അത് ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ ആണ് എന്നു മനസ്സിലായത്.
മറിയക്കുട്ടി ടീച്ചർ.
അക്ഷരങ്ങളുടെ ലോകത്തിലേക്കു ഒരു ദേശത്തെ കുരുന്നു മനസ്സുകളെ മുഴുവൻ കൈ പിടിച്ചു നടത്തിയ മാതൃതുല്യയായി നാട്ടിലെത്തിയ മഹാപുണ്യം.
അതിനു മുൻപും പിന്നീടും അങ്ങനെ ഒരു ടീച്ചറെ ഞാൻ കണ്ടിട്ടില്ല. എപ്പോഴും പുള്ളിയോ പൂക്കളോ ഉള്ള വെള്ള സാരി മാത്രമാണ് അവർ ഉടുത്തു കണ്ടിട്ടുള്ളത്. വീട്ടിലെ സ്ത്രീകൾ ധരിക്കുന്ന തരം വിവിധ വർണങ്ങൾ അവർക്കു ചേരുമായിരുന്നില്ല എന്ന് ഇപ്പോൾ തോനുന്നു. കുറച്ചു സമയം കൊണ്ട് തന്നെ അങ്കലാപ്പെലാം പമ്പ കടന്നു. വേദനയില്ലാതെ ഇൻജെക്ഷൻ ചെയുന്നപോലെയാണ് ടീച്ചർ പാഠങ്ങൾ പറഞ്ഞു തന്നത്. അച്ഛൻ അവിടെ തന്നെ ഉള്ളത് കൊണ്ടാവാം ഒരു പ്രത്യേക വാത്സല്യം ഞങ്ങൾ രണ്ടു പേരോടും ടീച്ചർ കാണിച്ചിരുന്നു. എപ്പോഴും ഒരു വടി കൈലുണ്ടാകാറുണ്ടെങ്കിലും ആരെയും ടീച്ചർ അടിച്ചതായി ഓർമയില്ല.
ടീച്ചറിന്റെ ചോക്കപൊടി പുരണ്ട കൈകളുടെ നിറം താമരപ്പൂവിന്റെ ഇതളുകളെയാണ് ഓര്മിപ്പിച്ചിരുന്നത്. റോസ്ദളങ്ങളുടെ മാര്ദവമുള്ള ആ കൈകൾ ഒരു കുഞ്ഞിനേയും കരയിപ്പിച്ചിട്ടുണ്ടായിരിക്കില്ല. സമയം കിട്ടുമ്പോഴൊക്കെ അടുത്ത് വിളിച്ചു വീട്ടിലെ അടുക്കളയിലെ പലഹാരങ്ങളെകുറിച്ചും വീട്ടുകാരെ പറ്റിയുമൊക്കെ കാര്യമായി ചോദിചിച്ചിരുന്ന മറിയക്കുട്ടി ടീച്ചർ ഓർമ്മയായിട്ട് വര്ഷങ്ങളായി.
ഒരിക്കൽ ടീച്ചറിന്റെ മകനെ കാണാൻ എല്ലാവരും പോയകൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. ചുമരിൽ അവരുടെ കണ്ണടയിട്ട ചിത്രമാണ് ഞങ്ങളെ എതിരേറ്റത്. വർഷങ്ങൾക്ക് ശേഷം ആ മുഖം കണ്ടപ്പോൾ അറിയാതെ കുറെ നേരം നോക്കി നിന്നു. കൺപീലികളിലെ മഴയൊരുക്കം മറ്റുള്ളവർ അറിയാതിരിക്കാൻ ടീച്ചറുടെ രൂപ സാദൃശ്യമുള്ള മകന്റെ സംസാരത്തിലേക്കു ശ്രദ്ധ തിരിച്ചു .
കാറിൽ കയറി വീടടുക്കുന്നവരെയും ഓരോന്നോർത്തു പുറത്തേക്കു നോക്കിയിരുന്നു. പിന്നിലേക്കൊടിമറയുന്ന മനുഷ്യരും മരങ്ങളും മനസ്സിലെ കണ്ണാടിക്കൂട്ടിലിട്ട ചിന്തകളുടെ മൂർത്തമായ ബിംബങ്ങൾ തന്നെ. തിരിഞ്ഞുനോക്കിയാൽ അകന്നകന്നു പോകുന്ന പ്രിയപ്പെട്ടവരെ നിർനിമേഷരായി വീക്ഷിക്കുന്ന എന്തിലോ തളച്ചിടപ്പെട്ട കുറെ ആത്മാക്കൾ നമ്മുടെ അടുത്ത വരവിനായി അവിടെ കാത്തുനിൽക്കുനുണ്ടാവുമോ എന്നു വെറുതെ ആലോചിച്ചു. ഉണ്ടെങ്കിൽ അവരിലൊരാൾ ഞങ്ങളുടെ പ്രിയപ്പെട്ട ആ മാലാഖ തനെയാകണേ എന്നു വൃഥാ മോഹിച്ചു.