MRl സ്കാനിന്റെയും, CT സ്കാനിന്റെയും റിസൽട്ടുമായി ജാഫർ ബഷീർ ഡോക്ടറുടെ ക്യാബിനു മുന്നിൽ ചെല്ലുമ്പോൾ എനിക്ക് നല്ല പ്രതീക്ഷയായിരുന്നു. അച്ഛന് കനപ്പെട്ട അസുഖമൊന്നുമായിരിക്കില്ലെന്ന്.
രണ്ടാഴ്ചയിലേറെയായി അച്ഛനെ ഗവൺമെന്റ് ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്തിട്ട്. തുടക്കമൊരു ചുമയായിരുന്നു' ആദ്യമൊക്കെ മെഡിക്കൽ സ്റ്റോറിൽ നിന്നും പറഞ്ഞ് മരുന്നു വാങ്ങി കഴിച്ചുള്ള പരീക്ഷണമായിരുന്നു. അതു കൊണ്ടൊന്നും ഒരു പ്രയോജനവുമില്ലാത്തതിനാലായിരുന്നു ആസ്പത്രിയിലേക്ക് പോകാൻ സമ്മതിച്ചതു തന്നെ.
അച്ഛൻ അഡ്മിറ്റാണെന്ന് അമ്മ വിളിച്ചു പറഞ്ഞപ്പോൾ തന്നെ ഭർത്താവിന്റെ വീട്ടിൽ നിന്നും മോളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പുറപ്പെട്ടു. ഭർത്താവ് ഗൾഫിലായതു കൊണ്ട് യാത്രകളൊക്കെ ഒറ്റയ്ക്ക് തന്നെയായിരുന്നു. പോരാത്തതിന് സ്വന്തം നാട്ടിൽ തന്നെ സ്ഥലം വാങ്ങി വീട് വയ്ക്കുന്ന ഒരുക്കത്തിലും, ആകെയുള്ളൊരു അനിയനും ഗൾഫിൽ ആയതോണ്ട് എല്ലായിടത്തും ഓടി പിടിച്ചെത്തേണ്ട കടമയും എനിക്ക് തന്നെയായിരുന്നു.
ആസ്പത്രിയിലെ ചിട്ടവട്ടങ്ങൾക്കനു സരിച്ച് എല്ലാവിധ ചെക്കപ്പുകൾക്കും അവർ വിധേയമാക്കി കൊണ്ടിരുന്നു. പോരാത്തതിന് ഹൈ ഷുഗറും.
'ഇനിയൊരു ടെസ്റ്റും വേണ്ട. ശരീരത്തിലെ ഓരോ തുള്ളി ചോരയും ഇവരൂറ്റിയെടുക്കുകയാണ്ഷു. ഗറൊന്നും ഇവര് നോക്കുന്നതു പോലുമില്ല നമുക്ക് വീട്ടിലേക്ക് പോവാം.' അദ്ദേഹത്തിന്റെ വാക്കുകൾ ധിക്കരിച്ചു കണ്ട് ഞാൻ പറഞ്ഞു.
'ഏതായാലും ഈ ടെസറ്റുകൂടി നടത്താമച്ഛാ, എന്താണെന്നറിഞ്ഞാൽ സമാധാനിക്കാലോ.?' അച്ഛന്റെ വാത്സല്യ പുത്രിയുടെ വാക്കുകൾക്കു മുന്നിൽ അദ്ദേഹം സ്നേഹത്തോടു കൂടി സമ്മതിച്ചു.
അപ്പോഴാണ് ഡോ: അറിയിച്ചത് ആ ടെസ്റ്റിനുള്ള സൗകര്യം ഈ ആസ്പത്രിയിൽ ഇല്ല. ജില്ലാസ്പത്രിയിൽ ആണ് അതിനുള്ള സൗകര്യം. അതും ഏതെല്ലാം ദിവസമാണെന്നറിയില്ല... ഇന്നുതന്നെ അവിടെ പോയി ഒരു ടോക്കൺ ബുക്കു ചെയ്യു. ഈ കാര്യം ഡോ: പറയുമ്പോൾ സമയം 2 മണി. 4 മണി വരെയാണ് അവിടെ സമയം.
ഞാനാകെ അങ്കലാപ്പിലായ നിമിഷങ്ങൾ കൂടെ വരാൻ ആളില്ല, ആരെയെങ്കിലും വിളിച്ചാൽ തന്നെ എല്ലാവരും പണിത്തിരക്കിലാവും. അമ്മയെ കൂട്ടാമെന്ന വെച്ചാൽ നടക്കില്ല അച്ഛനൊറ്റയ്ക്കാവും. അവസാനം രണ്ടും കല്പിച്ച് ഞാനൊരു തീരുമാനത്തിലെത്തി. മോളെ അമ്മയുടെ അടുത്താക്കി നേരെ ജില്ലാസ്പത്രിയിലേക്ക്.
അവിടെ എത്തി എല്ലാ വിവരങ്ങളും ചോദിച്ചു മനസിലാക്കി നാളെ ഒമ്പതു മണിക്ക് എത്തണം ലൈറ്റായിട്ടുള്ള ഭക്ഷണം കൊടുത്താൽ മതി. എല്ലാം തലയാട്ടി സമ്മതിച്ചു. പിറ്റേന്ന് ബന്ധുവായ ഏട്ടന്റെ വണ്ടിൽ അച്ഛനെയും കൂട്ടികൊണ്ടു പോകുമ്പോൾ അമ്മ എന്റെ മുഖത്തേക്കുറ്റു നോക്കുന്നത് പാടെ ഞാനവഗണിച്ചു.
ടോക്കൺ നമ്പർ 23 സിസ്റ്ററുടെ ശബ്ദമാണ് എന്നെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത്. റിസൾട്ട് വാങ്ങി നോക്കിയ ഡോ: ഒരു നിമിഷം എന്റെ മുഖത്തേക്കു നോക്കി.
"കുട്ടിയുടെ പേരെന്താ.....?" ഞാൻ പേരു പറഞ്ഞു.
"കൂടെ ആരാ വന്നിരിക്കുന്നേ?"
'ആരുമില്ല സർ, ഞാനേ ഉള്ളൂ എന്താണ് സർ, അച്ഛന്.... എന്തായാലും എന്നോട് പറയൂ.'
അദ്ദേഹം കുറേ സമയം ഒന്നും മിണ്ടിയില്ല. ചെറിയൊരു മുഖവുരയോടെ അദ്ദേഹം പറയാൻ തുടങ്ങി.
"ഒരു സംശയം മാത്രമാണ്. റിസൾട്ട് അങ്ങനെയാണ് സൂചിപ്പിക്കുന്നത്... സംശയത്തോടെ ഞാനാ മുഖത്തേക്ക് നോക്കി, അപ്പോഴേക്കും ഹൃദയമിടിപ്പ് കൂടുന്നതും കൈകാലുകൾ തണുക്കുന്നതും ഞാനറിഞ്ഞു തുടങ്ങിയിരുന്നു. അപ്പോഴേക്കും ഡോ: അസുഖവിവരം വ്യക്തമാക്കി അദ്ദേഹത്തിന് Lungട Cancer ആണ്. "അതായത് ശ്വാസകോശാർബുദം" പെട്ടെന്ന് അദ്ദേഹമത് പറഞ്ഞപ്പോൾ പൂർണ്ണമായും ഞാനത് കേട്ടില്ല.. പിന്നെ പതിയെ പതിയെ ഉൾക്കൊണ്ട് വന്നപ്പോഴേക്കും കണ്ണുനീരുകൊണ്ടെന്റെ കാഴ്ചകൾ മറഞ്ഞു തുടങ്ങിയിരുന്നു. ഒരു പൊട്ടിക്കരച്ചിലിന്റെ ചീളുകൾ തൊണ്ടക്കുഴിയിലെവിടെയോ ഇരുന്ന് വിങ്ങി.
ആശ്വാസവും, സമാശ്വാസവുമായി ഡോ.. പറഞ്ഞ മറ്റു കാര്യങ്ങളൊന്നും തന്നെ എന്റെ കാതുകളെ സ്പർശിച്ചില്ലെന്നു വേണം പറയാൻ .ഞാനൊന്നും കേൾക്കുന്നില്ലെന്ന് മനസ്സിലാക്കിയിട്ടാവണം അദ്ദേഹം പറഞ്ഞു.
"പേടിക്കാനൊന്നുമില്ല. ഈ അസുഖം ഇപ്പൊ എല്ലാവർക്കും ഉണ്ട്. ചികിൽസിച്ചാൽ രക്ഷപ്പെടാതൊന്നുമല്ല. തലശ്ശേരി എം.സി.സിയിൽ ഇതിന് ചികിത്സയുണ്ട്. ഏത് തരത്തിൽപ്പെട്ടതാണെന്ന് അറിയണമെങ്കിൽ ബയോപ്സി ടെസ്റ്റ് നടത്തണം അതിൽ നിന്നു മാത്രമാണ് ഇത് ഏത് തരത്തിൽ പെട്ടതാണെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളു. ആഹ് അത് പോട്ടെ തലശ്ശേരിയിലേക്ക് പോകാനറിയ്യോ?"
ഉവ്വെന്നോ, ഇല്ലെന്നോ പറയാൻ തോന്നിയില്ല. അല്ലെങ്കിലും അവിടെ ഒത്തിരി ബന്ധുക്കൾ ഉണ്ടെന്ന കാര്യവും പെട്ടെന്നെനിക്ക് ഓർമ്മ വന്നില്ല. എന്റെ മനസപ്പോഴും ഒരു ചുഴിക്കുള്ളിൽ തന്നെയായിരുന്നു. ക്യാൻസർ എന്ന അസുഖം വന്നാൽ ഒരിക്കലും മാറാത്ത ഒന്നാണെന്ന ധാരണ എനിക്കുണ്ട് 'പക്ഷെ അതിനെ കുറിച്ച് കൂടുതലറിവില്ല താനും.
"നാളെ രാവിലെ ഡിസ്ചാർജ്ജ് എഴുതാം..... ബയോപ്സി സൗകര്യം ഞങ്ങളുടെ ഹോസ്പിറ്റലിൽ ഇല്ല. ആ ടെസ്റ്റും ചെയ്ത് റിസൾട്ട് എന്നെ കാണിച്ചിട്ട് എം.സി.സിയിലേക്ക് പോയാമതി". എല്ലാത്തിനും തുളുമ്പുന്ന കണ്ണുകളോടെ തലയാട്ടുവാനെ എനിക്ക് കഴിഞ്ഞുള്ളു.
ബാക്കിയാവില്ലെന്നുറപ്പുള്ള ജീവന്റെ ശേഷിപ്പുകളുടെ വിവരണവുമായി അച്ഛന്റെയും അമ്മയുടെയും അരികിലേക്ക് നടക്കുമ്പോൾ ഞാനൊരു മാത്ര ആശിച്ചു പോയി... എന്നിലെ ജീവൻ കൂടി പറന്നു പോയെങ്കിലെന്ന്. ദൂരെ നിന്നെ കണ്ടു എന്നെ പ്രതീക്ഷയോടെ നോക്കുന്ന ഒട്ടേറെ കണ്ണുകൾ. അച്ഛൻ അഡ്മിറ്റാണെന്നറിഞ്ഞ് കാണാൻ വന്ന ബന്ധുക്കൾ. എല്ലാവരെയും നോക്കി ഒരു ചിരി പാസാക്കിയെങ്കിലും... എന്റെ ഭാവങ്ങളിലെ ചെറിയ മാറ്റം പോലും തിരിച്ചറിഞ്ഞിരുന്ന അച്ഛൻ അവർ പോയ പാടെ ചോദിച്ചു എന്താണ് റിസൾട്ട് എന്ന്. ആ റിസൾട്ടിലും കാര്യമായ ഫലമൊന്നും കണ്ടില്ലെന്നും ഇനി ഒരു ടെസ്റ്റുകൂടി മാത്രമേ നടത്തുവാൻ ബാക്കിയുള്ളുവെന്നും, അതൂടെ നോക്കാമെന്നും തികട്ടി വന്ന സങ്കടത്തെ പണിപ്പെട്ടടക്കി എങ്ങനെയോ പറഞ്ഞൊപ്പിച്ചു.അപ്പോഴാണ് ഫോൺ റിങ് ചെയതത്. അച്ഛന്റെ മുന്നിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു വാതിൽ തുറന്നു കിട്ടിയ പോലെയായിരുന്നു എനിക്കപ്പോൾ തോന്നിയത്.
മനസിലടക്കിയ കണ്ണീർപ്പുഴയെ വീട്ടിലെത്തി ബാത്റൂമിലെ ഷവർ വെള്ളത്തിൽ ഒഴുക്കി കളയാൻ ശ്രമിച്ചതും ഒരു പാഴ്ശ്രമം മാത്രമായിരുന്നു. ഇല്ലാത്ത മനോധൈര്യം ഉണ്ടാക്കിയെടുക്കുമ്പോഴും കണ്ണീരിലൂടെ കണ്ണുകൾ എന്നെ ചതിക്കുന്നുണ്ടായിരുന്നു.
എന്താണ് അച്ഛന്റെ അസുഖമെന്നറിയാൻ അനിയൻ വിളിച്ചപ്പോഴും.... ശബ്ദത്തിൽ നനവു പടരാതെ...., ഒന്നുമില്ലെടാ അത് ശ്വാസം മുട്ടലാണെന്ന് പറഞ്ഞ് ഞാൻ രക്ഷപ്പെടുകയായിരുന്നു. ആരോടും ഞാനാക്കാര്യം പറഞ്ഞില്ല അല്ലെങ്കിൽ പറയാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. പക്ഷെ എന്റെ ഭർത്താവിനോട് ഞാനെല്ലാം പറഞ്ഞു. കടലുകൾക്കപ്പുറത്തു നിന്നും ആ പാവത്തിന് എന്നെ ആശ്വസിപ്പിക്കാനും, ധൈര്യം പകരാനുമല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ലല്ലോ ...? അദ്ദേഹം മുഖേന ആയിരുന്നു.... അനിയനെ വിവരം ധരിപ്പിച്ചത്. കേട്ട മാത്രയിൽ ജോലിക്കളഞ്ഞ് നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ അവനെ പോസറ്റീവു വാക്കുകൾ പറഞ്ഞ് നിരുത്സാഹപ്പെടുത്തിയത് ഞങ്ങളായിരുന്നു.
അതിനിടയ്ക്ക് ബയോപ്സി ടെസ്റ്റ് നടത്തിയെങ്കിലും ഏത് തരത്തിൽ പെട്ടതാണെന്ന് കണ്ടെത്താൻ ആ അണുക്കളിൽ നിന്നും തിരിച്ചറിയാൻ പറ്റിയിരുന്നില്ല. അപ്പോഴേക്കും അമ്മയുടെ ആങ്ങളമാരോട് ഞാൻ കാര്യങ്ങളൊക്കെ വ്യക്തമാക്കിയിരുന്നു.
(അച്ഛന് ബന്ധുക്കൾ എന്നു പറയാൻ ആരുമില്ലായിരുന്നു.ചെറുതിലെ അമ്മ മരിച്ചെന്നും, അച്ഛൻ നാടുവിട്ടെന്നും, സഹോദരങ്ങളായി ആരുമില്ലെന്ന അറിവാണ് ഞങ്ങൾക്കുണ്ടായത്.) അതിനിടയിൽ അനുജൻ പത്തു ദിവസത്തെ ലീവിന് നാട്ടിലെത്തി, തിരുവനന്തപുരം ആർ.സി.സിയിലേക്ക് അച്ഛനെക്കൊണ്ടുപോയി. പ്രതീക്ഷയ്ക്കുള്ള വകയൊന്നും അവിടെ നിന്നും ലഭിച്ചില്ല. കൂടിപ്പോയാൽ രണ്ടാഴ്ച അതായിരുന്നു അവരുടെ മറുപടി. അവനാകെ തകർന്ന മട്ടിലായിരുന്നു.... ജോലി ക്യാൻസലടിക്കുകയാണെന്നു പോലും പറഞ്ഞു. ആകെ നിസഹായനായ അവനെ കണ്ടപ്പോൾ ഒന്നാം ക്ലാസിൽ ചേർത്തിട്ടും, നാലാം ക്ലാസിൽ എന്റെ കൂടെ വന്നിരിക്കുന്ന ഒരു നിഷ്കളങ്കമുഖം ഓർമ്മയിൽ തെളിഞ്ഞു. എന്റെയും ഏട്ടന്റെയും, സ്നേഹശാസനകളിൽ മനസില്ലാ മനസോടെ വീണ്ടുമവൻ പ്രവാസ ലോകത്തിലേക്ക് പറന്നു.
തലശ്ശേരി MCC ഹോസ്പിറ്റലിലേക്ക് അച്ഛനെ കൊണ്ടു പോകുവാൻ എനിക്കൊരു സഹായം ആവശ്യമെന്ന നിലയിലാണ് അമ്മയുടെ വീട്ടുകാരോട് ഉള്ള സത്യം തുറന്ന് പറയാൻ എന്റെ ആത്മാഭിമാനം അനുവദിച്ചത്.
അങ്ങനെ അച്ഛനെയും കൊണ്ട് തലശ്ശേരിയിലേക്ക് പുറപ്പെടാൻ ഞങ്ങൾ തീരുമാനിച്ചു. ഒട്ടുമിക്ക കാര്യങ്ങളെ കുറിച്ചും നല്ല അവബോധം ഉണ്ടായിരുന്ന അച്ഛന് എന്തിനാണ് തലശ്ശേരി MCC യിലേക്ക് പോകുന്നതിനെ കുറിച്ച് അറിയാതിരിക്കോ...? നന്നായി അച്ഛനത് മനസിലാക്കിയിട്ടുണ്ടാവണം .... മനസിലായിട്ടില്ലെന്ന് ഞാനും നടിച്ചു.
ഏതൊരു കാര്യവും പെട്ടെന്ന് നടക്കണമെങ്കിൽ പിടിപാടുള്ളൊരാൾ കൂടെ വേണമെന്നത് MCC യിലും മറിച്ചൊന്നുമല്ലായിരുന്നു. അങ്ങനെയൊരാളിന്റെ റെക്കമെന്റുകളിൽ അധികം 'ക്യൂ' എന്ന ഫോർമാലിറ്റിക് മുമ്പിൽ കീഴടങ്ങേണ്ടി വന്നില്ല.
രണ്ടാഴ്ച്ച കൂടുമ്പോഴുള്ള ഹോസ്പിറ്റലുകളിലേക്കുള്ള യാത്രകൾ കൂടെ കൂടെയുള്ള ചെക്കപ്പുകൾ, ടെസ്റ്റുകൾ എല്ലാം കൊണ്ട് അച്ഛനാകെ അവശനായി തുടങ്ങിയിരുന്നു'. അതല്ല ഇതിലെ രസം അത്രയേറെ ടെസ്റ്റുകൾ നടത്തിയിട്ടും ഏതു തരത്തിലുള്ള ക്യാൻസറാണെന്ന് കണ്ടെത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ് അതിലെ പരമാർത്ഥം. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത രോഗികളെ ഇട്ട് അങ്ങോട്ടും, ഇങ്ങോട്ടും നടത്തിക്കുന്നത് കാണുമ്പോൾ പ്രതികരണ ശേഷിയില്ലാത്തവർ പോലും പ്രതികരിച്ചു പോകും. അങ്ങനെയൊരു അവസരത്തിലാണ് എന്റെയും ക്ഷമയുടെ അഗ്നി ആളിപ്പടർന്നത്. നഴ്സ് റൂമിലേക്ക് ഏതോ ശക്തി എന്നെ തള്ളിവിടുകയായിരുന്നു. നഴ്സിനോട് രണ്ട് ഡയലോഗും പറഞ്ഞ് അച്ഛന്റെ ഫയലും വാങ്ങി ഞാൻ പുറത്തേക്കിറങ്ങി.ഏതായാലും ഒന്നൂടെ ഡോക്ടറെ കണ്ടിട്ട് പോയാ മതി. പിറകെ വന്നു കൊണ്ടവർ വിളിച്ചു പറഞ്ഞു.
കലുഷിതമായ എന്റെ വർത്തമാനം കേട്ട് അമ്മയുടെ വലിയ ആങ്ങള ആകെ പരിഭ്രമിച്ചു പോയിരുന്നു. ഞാൻ പറഞ്ഞു മാമൻ പേടിക്കേണ്ട വരൂ, നമുക്ക് ഡോക്ടറെ കണ്ടിട്ടു വരാം. അതും പറഞ്ഞ് ഞാൻ അച്ഛന്റെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു .കൂടെ മാമനും.
"ഒന്നും പറയാനില്ലാത്തതു കൊണ്ടാവണം... ഇതിപ്പോ ലാസ്റ്റ് ഘട്ടത്തിലാണ് രക്ഷപ്പെടാൻ ഒരു ചാൻസും കാണുന്നില്ല... കൂടിപ്പോയാ ഒരു രണ്ടു മാസം അതിനപ്പുറം..." ഡോക്ടർ പറഞ്ഞു.
"അതുകൊണ്ട് അടുത്താഴ്ച മുതൽ 'കീമോ' സ്റ്റാർട്ട് ചെയ്തു തുടങ്ങാം."
ഞാനൊന്നും പറഞ്ഞില്ല. അച്ഛനെയും കൂട്ടി വീട്ടിലേക്ക് തിരിക്കുമ്പോൾ എന്റെ മനസു മുഴുവൻ അതു തന്നെയായിരുന്നു. "കീമോ " ... അത് ചെയ്തു കഴിഞ്ഞാൽ കുറച്ചു ദിവസത്തേക്ക് ഛർദ്ദി ആയിരിക്കുമെന്നും ഭക്ഷണം കഴിക്കാൻ പറ്റാറില്ലെന്നും, ആസ്പത്രിയിൽ എത്തുന്ന ഒരു പരിചയവും ഇല്ലാത്ത പരിചയക്കാരിൽ നിന്നും ഞാൻ മനസിലാക്കിയിരുന്നു.അതു കൊണ്ടാവണം" കീമോ '' ചെയ്യാൻ എനിക്കൊട്ടും താൽപ്പര്യമില്ലായിരുന്നു.
മോളേ... കണ്ണീർ നനവുള്ള അച്ഛന്റെ വിളിയിൽ തെല്ലൊന്ന് പതറിയ ഞാനാ വിളി കേട്ടു . എല്ലാത്തിനേയും പോസറ്റീവ് മൈന്റോടെ കാര്യങ്ങൾ ഉൾക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ കണ്ണുകൾ അന്നാദ്യമായി നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു.
"നമുക്കിനി തലശ്ശേരിയിലേക്ക് പോകണ്ട മോളേ... ഇവിടെ അടുത്തുള്ള ഏതെങ്കിലും ഹോമിയോ ഡോക്ടറെ കാണാം. എനിക്കിനി വയ്യ." ദയനീയമായ ആ പറച്ചിൽ. എന്റെ ഉള്ളമൊന്നു പിടഞ്ഞു. നിറഞ്ഞ കണ്ണുകൾ അച്ഛൻ കാണാതിരിക്കാൻ അകലേക്കു ഞാൻ നോട്ടം മാറ്റി. മാമൻമാരോട് ഞാൻ അഭിപ്രായമാരാഞ്ഞു. അതിലവർ നെഗറ്റീവ് അഭിപ്രായമാണ് പറഞ്ഞെതെങ്കിലും, ഞാനൊരു തീരുമാനത്തിൽ എത്തിയിരുന്നു. ബാക്കിയുള്ള അദ്ദേഹത്തിന്റെ ജീവിതം അധികം വേദനയില്ലാതെ, ഉള്ള ഭക്ഷണം കഴിച്ചും, ജീവൻ പോകുന്നത് വരെ അദ്ദേഹത്തിന്റെ ഇഷ്ടം പോലെ..., സ്വന്തം വീട്ടിൽ തന്നെ കഴിയട്ടെ എന്നും ഞങ്ങൾ തീരുമാനിച്ചു.
അടുത്ത ദിവസം ഫയലുകളെല്ലാം എടുത്ത് പരിചയമുള്ള ഹോമിയോ ഡോക്ടറുടെ അടുത്തേക്കാണ് ഞാൻ പോയത്. എല്ലാ ഫയലുകളും ,ഓടിച്ചു നോക്കിയും, നെറ്റിൽ സെർച്ചു ചെയ്തും, ആ അസുഖത്തിന്റെ വിശദ വിവരങ്ങൾ അദ്ദേഹം കണ്ടെത്തി.എന്നെ നിരാശപ്പെടുത്താതെ അച്ഛനെ ചികിത്സിക്കാമെന്ന് അദ്ദേഹം ഏറ്റു. അച്ഛനെ ഒരു തവണ കാണണമെന്ന ഡോക്ടറുടെ ആവശ്യം ഞാൻ അംഗീകരിച്ചു. അതിനു ശേഷം അച്ഛനിൽ ഉണ്ടാകുന്ന ഓരോ മാറ്റവും ഡോക്ടറെ അപ്പപ്പോൾ അറിയിച്ചു കൊണ്ടിരുന്നു... ഹോമിയോ മരുന്ന് കഴിക്കാൻ തുടങ്ങിയപ്പോൾ മുതൽ കുറച്ചേറെ മാറ്റം വന്നുവെങ്കിലും ,ചിലപ്പോഴൊക്കെ പുലരാൻ തുടങ്ങുന്ന തണുപ്പിൽ ശ്വാസംമുട്ടൽ വന്ന് ശ്വാസം കിട്ടാതെ അദ്ദേഹം വലഞ്ഞു.
ആ സമയത്ത് ഹോമിയോ മരുന്നൊന്നും ആശ്വാസം നൽകിയില്ല. അപ്പോഴൊക്കെ ഒരാഴ്ചയൊക്കെ പ്രൈവറ്റ് ഹോസ്പിറ്റലിന്റെ ICU വിൽ അദ്ദേഹത്തെ കിടത്തേണ്ടി വന്നു. ഇടക്കിടെ എടുക്കുന്ന സ്കാനിങ്ങിന്റെ റിപ്പോർട്ടുകൾ കാണുമ്പോൾ എന്റെ ഹൃദയവും ശൂന്യമാകുന്നത് ഞാനറിഞ്ഞു. കാരണം ഹൃദയത്തിന്റെ ഒരു ഭാഗം മുഴുവനും, മറുഭാഗത്തിന്റെ മുക്കാൽ ഭാഗവും പുകപടലം പോലെ മറഞ്ഞു തുടങ്ങിയിരുന്നു. അതിനിടയിൽ ശബ്ദവും കുറയാൻ തുടങ്ങി. പറയുന്നതൊന്നും വ്യക്തമാവാതെ, അവ്യക്തമായ വാക്കുകൾ മാത്രം പുറത്തേക്ക് വന്നു. ICU വിൽ കഴിയുന്ന സമയം മാത്രം ലഭിക്കുന്ന ആശ്വാസങ്ങൾ. മോളെ ശ്രദ്ധിച്ചും, അച്ഛനെ പരിചരിച്ചും, സ്കൂളിലേക്കുള്ള എന്റെ പോക്കും കണ്ടാവണം. വല്യ മാമൻ പലരോടും ഈ അസുഖത്തിന് വല്ല പ്രതിവിധിയും ഉണ്ടോന്ന് അന്വേഷിച്ചത്.ആ വഴിക്കാണ് ഈ അസുഖത്തെ ഭേദമാക്കുന്ന ഒരു ഡോക്ടർ ,ആയുർ വേദമാണ്... ചെറുകുന്നിലുണ്ടെന്നറിഞ്ഞത്.
അങ്ങനെ കയ്യിലുള്ള ഫയലുകളൊക്കെ പൊടിത്തട്ടിയെടുത്ത് അച്ഛനെയും കൊണ്ട് ഞങ്ങൾ ചെറുക്കുന്നിലേക്ക് പുറപ്പെട്ടു. അവിടത്തെ മരുന്ന് ഒരാഴ്ച കുടിച്ചിട്ടുണ്ടാവും. കാര്യമായ മാറ്റമൊന്നും കണ്ടില്ല. ഇടക്കിടെ ശ്വാസം മുട്ടൽ വന്ന് ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടായി. ചില സമയങ്ങളിൽ പ്രഷർ വല്ലാതെ വീക്കായി.... മനസിനെ അകാരണമായ ഭയം പിന്തുടർന്നു തുടങ്ങിയിരുന്നു.
വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായെങ്കിലും, ആദ്യത്തെ വിവാഹ വാർഷികം മാത്രമാണ് ഞങ്ങളൊന്നിച്ച് ആഘോഷിച്ചത്. അതു കൊണ്ട് തന്നെ ഈ വാർഷികത്തിന് ഒന്നിച്ച് ഉണ്ടാവണമെന്ന തീവ്രമായ ആഗ്രഹത്തോടെയായിരുന്നു... രതി ലീവെടുത്ത് ഡിസംബ്ബർ പതിനാലാം തീയതി നാട്ടിലെത്തിയത്. പതിനാറിനാണ് വെഡ്ഡിംങ് ആനിവേഴ്സറി .... അധികം ആർഭാടങ്ങളൊന്നുമില്ലാതെ, രാവിലെ അമ്പലത്തിൽ പോയി മോളുടെ സന്തോഷത്തിന് ചെറിയൊരു കേക്ക് കട്ടിംങ്ങ്. അതു മാത്രമായിരുന്നു ഞങ്ങളുടെ ആഗ്രഹം. ശരീരം രതിക്കൊപ്പമായിരുന്നുവെങ്കിലും. മനസു മുഴുവൻ അച്ഛനടുത്തായിരുന്നു. പതിനഞ്ചിന് അനിയനും എത്തും. അതു വരെ അച്ഛനടുത്ത് അമ്മ മാത്രമേ ഉള്ളു. രാവു പുലരുന്നത് വരെ മനസിന് വല്ലാത്തൊരു ടെൻഷൻ. പിറ്റേന്ന് രാവിലെ പറശ്ശിനിയിലൊക്കെ പോയി നേരെ അച്ഛനടുത്തേക്ക് പോയി. അച്ഛനോടൊന്നിച്ച് ഭക്ഷണം കഴിച്ചു. മൂന്ന് മൂന്നര ആയപ്പോഴേക്കും അനിയനും എത്തി. തിരികെ വരാൻ കഴിയാത്ത പോലെ ..... മടിച്ചു മടിച്ചു ആറു മണിയായി വീട്ടിൽ നിന്നും ഇറങ്ങാൻ ,ഇറങ്ങാൻ നേരം അനിയന്റെ കണ്ണു നിറഞ്ഞു. കണ്ണു നിറയ്ക്കാതെ മനസു കരഞ്ഞുകൊണ്ട് പടിയിറങ്ങുമ്പോൾ ശബ്ദമില്ലാതെ അച്ഛനും യാത്ര പറയുന്നുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ അമ്പലത്തിലൊക്കെ പോയി വന്ന് ഏട്ടന്റെ മക്കളും ഞങ്ങളുടെ മകളുടെയും മധ്യത്തിൽ വച്ച് ഒരു കുഞ്ഞ് കേക്കൊക്കെ മുറിച്ചു. ഉച്ചയ്ക്ക് ഒരു പന്ത്രണ്ട് മുപ്പത് ആയപ്പോൾ ഏട്ടന്റെ ഫോണിലേക്ക് അനിയന്റെ കോൾ വന്നു. "അച്ഛന് തീരെ വയ്യ ഇടക്കിടെ ബോധം പോകുന്നതുപോലെ....ഞങ്ങൾ ആസ്പത്രിയിലേക്ക് പോവ്വാണ് നിങ്ങൾ അങ്ങോട്ട് വാ"
കൂടുതലൊന്നും പറയാതെയുള്ള രതിയുടെ മൗനത്തിൽ നിന്നും ഞാനേതാണ്ടൊക്കെ ഊഹിച്ചു.
അവരെത്തും മുമ്പേ ഞങ്ങൾ ആസ്പത്രിയിൽ എത്തിയിരുന്നു. ശരീരമാസകലം നീരു വച്ചതുകൊണ്ട് നടക്കുവാൻ തീരെ വയ്യായിരുന്നു. വീൽച്ചെയറിലിരുത്തി ഡ്യൂട്ടി ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ അച്ഛനൊരു നിമിഷം ഞങ്ങളെ തന്നെ നോക്കി.
ഡോക്ടർ പൾസ് നോക്കി പെട്ടെന്ന് തന്നെ ICU വിലേക്ക് പറഞ്ഞയച്ചു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടുണ്ടാവും. സിസ്റ്റർ വന്നറിയിച്ചു. ആരെങ്കിലും ഒരാൾക്ക് അകത്തേക്ക് വരാമെന്ന്. ആരുടെയും അനുവാദത്തിനൊന്നും കാത്തു നിന്നില്ല. ഞാൻ തന്നെ കയ്യറി.അച്ഛൻ ഉറങ്ങുകയാണെന്ന് തോന്നി. അരികിലേക്ക് ചെന്നപ്പോൾ സിസ്റ്റർ പറഞ്ഞു. "അച്ഛൻ പോയെട്ടോ." അവരുടെ വാക്കുകൾ ഞാൻ കേട്ടുവെങ്കിലും ശരീരത്തിന്റെ ബാലൻസ് തെറ്റി തെറ്റി ഞാൻ പുറത്തേക്കിറങ്ങി. സങ്കടം മുഴുവൻ വന്ന് തൊണ്ടയിൽ തങ്ങിയതു പോലെ.... പുറത്തേക്ക് ഒരു തുള്ളി പോലും പ്രവഹിക്കാതെ, ആകെ മരവിച്ചതു പോലെ അദ്ദേഹത്തിന്റെ വിഷമവും വേദനയും കണ്ട് ശരിയാണ് ആകെ മരവിച്ചു പോയിരുന്നു.
ചിതയിലെടുക്കാൻ നേരമാണ് എന്റെ മനസും കണ്ണുമൊന്ന് പൊട്ടി പുറപ്പെട്ടത്. അതും അച്ഛനിനി ഞങ്ങളുടെ ജീവിതത്തിലില്ലെന്ന സത്യമോർത്തപ്പോൾ. അടക്കി വെച്ച സങ്കടമുകിലാകെ ആ ഒറ്റനിമിഷത്തിൽ ആർത്തലച്ചു പെയ്തു.
എന്നെ ഒരിത്തിരി സങ്കടത്തിലാക്കിയെങ്കിലും, അച്ഛനേറെ സന്തോഷിച്ചിട്ടുണ്ടാവും അവസാന നേരത്ത് മകനെയും, മരുമകനെയും കണ്ടു കൊണ്ട് പോകാൻ കഴിഞ്ഞല്ലോ?
ഇടയ്ക്ക് വല്ലപ്പോഴും അനിയൻ ചോദിക്കും. "അന്ന് ഞാൻ വന്നില്ലായിരുന്നെങ്കിൽ ,അച്ഛനെ ജീവനോടെ ഒരിക്കലും എനിക്ക് കാണാൻ പറ്റില്ലായിരുന്നു അല്ലേ.,, ഏച്ചി".
അന്ന് എന്നല്ല എന്നായാലും നീ വന്നാലേ അച്ഛൻ പോകുമായിരുന്നുള്ളുവെന്ന് പറഞ്ഞ് ഞാനവനെ ആശ്വസിപ്പിക്കും. കാരണം അതിനു മാത്രമുള്ള ദ്രോഹമൊന്നും ഞങ്ങളാരോടും ചെയ്തിട്ടില്ല. ഞങ്ങളാൽ ചെയ്യാൻ പറ്റുന്നതെല്ലാം അച്ഛനു വേണ്ടി ഞങ്ങൾ ചെയ്തിരുന്നു. ഇന്നും ചെയ്യുന്നു. എല്ലാ വർഷവും ഡിസംബർ 16ന് അമ്പലത്തിൽ പോയി അദ്ദേഹത്തിനു വേണ്ടി ഒരു പിടി ചോറ് സമർപ്പിക്കുന്നു. നമ്മൾ രണ്ട് മക്കളും ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആയിട്ടുണ്ടെങ്കിൽ തീർച്ചയായും അത് അച്ഛന്റെ അനുഗ്രഹം ഒന്ന് കൊണ്ടായിരിക്കണം. മക്കളുടെ വളർച്ചയും, ഉയർച്ചയും കാണാൻ അദ്ദേഹമില്ലെങ്കിലും അദൃശ്യമായ ഒരു സാന്നിധ്യം എപ്പൊഴും കൂട്ടായുണ്ട്.