മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ചില ബന്ധങ്ങൾ നമുക്ക് ഒരു ബാധ്യതയാണ്.  അത് നമ്മളെ ശ്വാസംമുട്ടിക്കും. ഒരു കുരുക്ക് മുറുകുന്നതുപോലെ അത് നമ്മുടെ ജീവിതം വഴിമുട്ടിക്കും. അത്തരം ബന്ധങ്ങൾ നമ്മുടെ വ്യക്തിജീവിതത്തിലും

പെരുമാറ്റ രീതിയിലും മറ്റു ബന്ധങ്ങളിലും വരുത്തിവെയ്ക്കുന്ന മാറ്റങ്ങൾ നമുക്ക് അത്രയെളുപ്പത്തിൽ തിരിച്ചറിയാൻ കഴിയില്ല... ആ മാറ്റങ്ങൾ അറിയണമെങ്കിൽ ആ ബന്ധത്തിൽ നിന്നും പൂർണമായി ഒഴിവായി എന്ന് ഉറപ്പായ ശേഷം ഒന്ന് തിരിഞ്ഞു നോക്കേണ്ടി വരും..

നമ്മുടെ അത്തരം ചെറുതും വലുതുമായ മാറ്റങ്ങൾ  നമ്മുടെ പ്രിയപ്പെട്ടവരിൽ ഉണ്ടാക്കിയ വിഷമം വളരെ വലുതായിരിക്കും... ഇത് നമ്മുടെ സുഹൃത്തുക്കളിൽ ആവാം, ബന്ധുക്കളിൽ ആവാം, കസിൻസിൽ ആവാം, ആങ്ങളായിലോ പെങ്ങളിലൊ ആവാം, അച്ഛനിലോ  അമ്മയിലോ  ആവാം, നമ്മളെ സ്നേഹിക്കുന്ന ആരിലും ആവാം...

അധികം ആയാൽ അമൃതും വിഷം എന്നാണല്ലോ..അതേ പോലെ തന്നെയാണ് സ്നേഹവും. സ്നേഹം, പൊസ്സസ്സീവ്നെസ്സ്, കെയർ, സംശയം ഇതെല്ലാം ഒരു പരിധിവരെ മാത്രമേ സഹിക്കാൻ കഴിയുകയുള്ളൂ...

ഒരാൾ നമ്മളെ സ്നേഹിക്കുന്നുണ്ട് എങ്കിൽ അതിന് അർത്ഥം അവർക്ക് നമ്മളെ ഇഷ്ടമാണ് എന്ന് മാത്രമാണ്.. നമ്മൾ ചെയ്യുന്ന എന്തും സഹിക്കാൻ അവർ ബാധ്യസ്ഥരാണ് എന്നല്ല.. ഒരു പരിധിക്കപ്പുറം ഉള്ള വാശി, സംശയം, ശല്യം, പൊസസീവ്നെസ്, സ്നേഹം ഇവയെല്ലാം ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വളരെ വലുതാണ്... അത്തരം ബുദ്ധിമുട്ടിൽ നിന്നും ഉണ്ടാകുന്ന വെറുപ്പ് അതിൽ ഏറ്റവും കടുപ്പം ഉള്ളതായിരിക്കും.. സ്നേഹക്കൂടുതൽ കൊണ്ട് ഉണ്ടാകുന്ന  വെറുപ്പ് ഒരിക്കലും മാറ്റാൻ കഴിയില്ല...

നമ്മളെ ഒരാൾ സ്നേഹിക്കുമ്പോൾ അവർക്ക് നമ്മളെയും സ്നേഹമാണ് എന്നു മാത്രമാണ് ഉദ്ദേശിക്കുന്നത്.. അവർക്ക് മറ്റാരെയും വേണ്ട എന്നല്ല.. അവർക്ക് നമ്മളെ മാത്രം മതി എന്നല്ല.. അവരുടെ സമയം, ജീവിതം എല്ലാം പൂർണമായും നമുക്ക് സമർപ്പിക്കണം എന്ന്  വാശി പിടിക്കാൻ പാടില്ല...

ഞാൻ പറയാൻ ഉദ്ദേശിച്ചത് എന്റെ ജീവിതത്തിലെ ഇത്തരമൊരു ബന്ധത്തെക്കുറിച്ചാണ്. 

ആളു വല്യ കെയർ ആയിരുന്നു.. ആസ്വദിച്ചിട്ടുണ്ട്  ആദ്യമൊക്കെ... ആദ്യം ശ്രിംഗരിക്കാൻ വേണ്ടി മാത്രം  കൂടെ കൂടിയ  കുറെ സുഹൃത്തുക്കളെ ഒഴിവാക്കി. അത്ര അത്യാവശ്യമില്ലാത്ത കുറെ ബന്ധുക്കളെ ഒഴിവാക്കി കുറെ ബന്ധങ്ങളെ ഒഴിവാക്കി.

അടുത്ത അദ്ധ്യായം കുറച്ചുകൂടി കടുപ്പം. ആണും പെണ്ണുമായി എല്ലാ സുഹൃത്തുക്കളെയും ഒഴിവാക്കേണ്ടിവന്നു. അടുത്ത ബന്ധുക്കളെയും കസിൻസിനെയും ഒഴിവാക്കേണ്ടിവന്നു. ഒരു തെറ്റും ചെയ്യാത്ത കുടുംബക്കാരുടെ മേൽ പഴിചാരി സുഹൃത്തുക്കളെ നൈസായിട്ട് ഒഴിവാക്കി. എന്റെ സൗഹൃദങ്ങൾ പോലും മനസ്സിലാക്കാൻ കഴിയാത്ത പേരെന്റ്സ്  ആണ്  എന്റെത് എന്ന് ഓർത്ത് സുഹൃത്തുക്കൾ ഒഴിവായി തന്നു. ജീവിതത്തിൽ ഇല്ലാത്ത തിരക്കുകൾ അഭിനയിച്ച് ബന്ധുക്കളിൽ നിന്നും കസിൻസിൽ  നിന്നും അകന്നു.

പിന്നെ എല്ലാ ഫങ്ക്ഷൻസും ഒഴിവാക്കി. യാത്രകൾ ഒഴിവാക്കി.. ആരോടും സംസാരിക്കാതെ ആയി. പേടിച്ചിട്ട് ആയിരുന്നില്ല. ഞാൻ മോശമാണെന്ന് എന്നും എപ്പോളും കേൾക്കേണ്ടിവരുന്നത് ബുദ്ധിമുട്ട് ആയതുകൊണ്ട് പറഞ്ഞതൊക്കെയും ചെയ്യേണ്ടിവന്നു. ഞാൻ കാണുന്നതും മിണ്ടുന്നതും ആയ എല്ലാവരെയും ചേർത്ത് സംശയിച്ചു.. അതും അവരോടൊക്കെയും ശാരീരിക ബന്ധം ആണ് ഉള്ളത് എന്ന്. അഞ്ചുമിനിറ്റ് ഒരാളോട് സംസാരിച്ചു നിന്നാൽ സ്പർശനസുഖം കിട്ടാൻ വേണ്ടിയാണ് എന്ന് ആയി.

ബന്ധുക്കൾ, സുഹൃത്തുക്കൾ, ഓഫീസിലെ ആൺ  സ്റ്റാഫുകൾ,  ഞാൻ കയറുന്ന ഓട്ടോ ഡ്രൈവർ, അയൽക്കാർ, പെൺ സുഹൃത്തുക്കളുടെ ഭർത്താവ്, സഹോദരൻ അങ്ങനെ നീണ്ടുപോയി എന്റെ ബന്ധങ്ങളുടെ ലിസ്റ്റ്.

ഒന്നാമത്  ഞാൻ ഇത്തരം ഒരു മോശമായ ബന്ധത്തിലാണ് ഉള്ളത് എന്ന് തുറന്നു പറയാനുള്ള മടി, നാണക്കേട്. ഇതൊന്നും കൊണ്ട് ആരോടും പറഞ്ഞില്ല.

രണ്ടാമത് ഇതെല്ലാം എന്നോടുള്ള സ്നേഹം ആണെന്നുള്ള തോന്നൽ. സഹിക്കാൻ പറ്റാതായി പിരിയാം എന്ന് ഒരു തീരുമാനത്തിൽ ഞാനെത്തുമ്പോൾ മാപ്പ് പറഞ്ഞിട്ട് ആണെങ്കിലും പിന്നെ പിടിച്ചുനിർത്തുന്ന ആളുടെ നിസ്സഹായാവസ്ഥ.

എന്നെ തന്നെ നഷ്ടപ്പെട്ട ദിനങ്ങൾ ആയിരുന്നു. ജീവൻ കൈവിട്ടു കളയേണ്ടി വരുന്നതിനുമുമ്പ് എനിക്ക് സാധിച്ച ഒരു തുറന്നുപറച്ചിൽ അതാണ് എന്നെ ഇന്നും ജീവിപ്പിക്കുന്നത്.

അന്ന് ഞാൻ പറഞ്ഞത് ഒരു സുഹൃത്തോ സഹോദരിയോ ഒക്കെ ആയ ഒരാളോട്  ആയിരുന്നു. അന്ന് അവർ പിന്തുണ നൽകി. അതാണ് എന്റെ ഇപ്പോഴത്തെ ജീവിതം. അതുകൊണ്ട് ഞാൻ പറയുന്നത് ഇതാണ്..

മറ്റൊരാളുടെ ജീവിതത്തിലേക്ക്  ഒരു പരിധിക്കപ്പുറം കടന്നുകയറരുത്. അവർക്ക് അവരുടെ സ്പേസ് എപ്പോഴും കൊടുക്കണം.

നമ്മുടെ ജീവിതത്തിലും ആരെയും ഒരു പരിധിയുടെ അപ്പുറം കടന്നു കയറാൻ സമ്മതിക്കരുത്. സഹിക്കാവുന്നതിലും അപ്പുറം ആയ എന്തെങ്കിലും ജീവിതത്തിൽ ഉണ്ടെങ്കിൽ ആരോടെങ്കിലും തുറന്നു പറയുക.

ഈ ജീവിതം നമ്മുടെ ആണ്. അതിന്റെ അവകാശി നമ്മൾ മാത്രം ആയിരിക്കുക..  സന്തോഷത്തിന്റെയും സങ്കടത്തിന്റെയും  ഉടമ നമ്മൾ മാത്രം ആയിരിക്കുക.

ഇത്തരം ബന്ധങ്ങൾ നമുക്ക് തരുന്നത് സ്നേഹം അല്ല മറിച്ച് ജീവിതത്തോട് വെറുപ്പും കുറേ ബുദ്ധിമുട്ടുകളും  മാത്രമാണ് എന്ന് തിരിച്ചറിയുക.. തേപ്പാണ് ചെയ്യുന്നത് എന്ന കുറ്റബോധം വേണ്ട.. കാരണം ഇപ്പോളും തീരുമാനം എടുത്തില്ലെങ്കിൽ നമ്മുടെ ജീവിതം പിന്നെയൊരിക്കലും നമ്മുടെ ആയിരിക്കില്ല..
 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ