മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

കുഞ്ഞ് നാളിൽ അമ്മയുടെ വിരൽ തുമ്പ് പിടിച്ചു നിരവധി തവണ പോയ വീടാണ് അത്. അങ്ങോട്ടേക്കാണെന്നറിഞ്ഞാൽ വലിയ ഉത്സാഹം തോന്നും. സ്വന്തം വീടിനടുത്തു തന്നെ ആയത് കൊണ്ടും കുടുംബാംഗങ്ങൾ ഏറെയായതും അവിടം സന്ദർശിക്കുക എന്നത് വളരെ പ്രിയപ്പെട്ടതാക്കിയിരുന്നു.

ദൂരയാത്രകൾ കൊല്ലത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് ഉള്ളത്. അത് അമ്മയുടെ വീട്ടിലേക്കാണ്. ഒന്നു സ്കൂൾ വേനലവധിക്ക്. മറ്റേതു അമ്മമ്മയുടെ ശ്രാർദ്ധത്തിൽ പങ്കെടുക്കാൻ. അത് കൊണ്ട് തന്നെ മേല്പറഞ്ഞ വീട്ടിലേക്കുള്ള യാത്രകൾ വളരെ കാത്തിരുന്നു കിട്ടുന്ന അവസരങ്ങളായിരുന്നു.

രണ്ടു പ്രവേശനകവാടങ്ങളുള്ള ഒരു നാലു കെട്ടാണത്. റോഡിനരികിൽ പഴയ പ്രതാപം വിളിച്ചോതുന്ന ഇരുനില കെട്ടിടം.തെക്കുഭാഗത്തു ടാർ ചെയ്ത റോഡാണ് ഓർമ വെച്ച കാലം മുതൽ. കിഴക്കു ഭാഗത്തു കൂടെയുള്ള ഗ്രാമീണ പാത പ്രദേശത്തെ ഉൾനാടിനെ ബന്ധിപ്പിക്കുന്നതും.കിഴക്കു ഭാഗത്തു കൂടെയാണ് അവിടേക്കു വീട്ടിൽ നിന്നും പോകുമ്പോൾ കയറുക.

രണ്ടു കാരണങ്ങളാണ് അതിനുള്ളത്. ഒന്നാമത് മുൻവശത്തു ചാരുകസേരയിൽ സ്ഥലത്തെ അധികാരി കൂടിയായ വീട്ടിലെ കാരണവർ ഇരിക്കുന്നുണ്ടാകും.

രണ്ടാമത്, അന്നൊക്കെ നേരെ മുൻവശത്തു കൂടെ വീട്ടിനകത്തേക്ക് സ്ത്രീജനങ്ങൾ കയറുമായിരുന്നില്ല. അത് കൊണ്ട് തന്നെ അകത്തേക്കു കടക്കാൻ തെക്കിനിയിൽ നിന്നും പുറത്തേക്കിറങ്ങാനുള്ള വാതിൽ ഉപയോഗിക്കുകയാണ് ചെയുക. വരാന്തയിൽ ഇരുന്നാലും കാരണവരുടെ കണിൽ പെടാതെ വീട്ടിനുളിൽ കയറാൻ കഴിയില്ല.

മുൻവശത്തു എപ്പോഴും സന്ദരർശകരോ ആശ്രിതരോ കാണും. ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കാനും കൃഷിയെ സംബന്ധിച്ച ചർച്ചകൾക്കും രാവിലെ മുതൽ ഉച്ചയൂണ് വരെ ആൾകൂട്ടം ഊഴമിട്ടു കാത്തു നിന്നിരുന്നത് ഇപ്പോഴും ഓർമയുണ്ട്. ആരും ഇല്ലെങ്കിൽ അമ്മയോട് എന്തെങ്കിലും ചോദിക്കും അകത്തേക്കു കടക്കുന്നതിനു മുൻപ്.

കോലായിൽ നിന്നും അകത്തേക്കു കടന്നാൽ പൂമുഖമാണ്. അവിടെ പ്രായത്തിൽ മൂത്ത ജ്യേഷ്ഠനാണ് എപ്പോഴും കാണാറുള്ളത്. ചുമരിനോട് ചേർത്ത് മരംകൊണ്ടുള്ള കട്ടിൽ പോലെയുള്ള കിഴക്കു ഭാഗത്തെ ഒരു നിർമിതി അന്നു ഏറെ ആകർഷിച്ചിരുന്നു. ഇപ്പറഞ്ഞ മൂത്ത കുടുംബാംഗം എപ്പോഴും ഈ കട്ടിൽ പോലെയുള്ളതിലാണ് ഇരിക്കുകയോ കിടക്കുകയോ ചെയ്യാറ്. ആളവിടെനിന്നു മാറിയാൽ ഉടൻ അവിടെ കയറി കുറച്ചു നേരം ഇരിക്കാതെ അവിടെ നിന്നും പോരാറില്ല.

നടുമുറ്റം അകത്തെ മറ്റൊരു ആകർഷണമാണ്. മഴക്കാലം ആണെങ്കിൽ അകത്തു മഴ പെയ്യുന്നതു കാണാൻ നല്ല രസമാണ്. മുകളിൽ എപ്പോഴും അമ്പലപ്രാവുകൾ കുറുകുന്നതും ഇടയ്ക്കിടെ അവയുടെ ചിറകടിശബ്‌ദം കേൾക്കുന്നതും അസാധാരണമായ ഒരനുഭവമായിരുന്നു. നടുമുറ്റത്തിനു പടിഞ്ഞാറു വശത്തു ഭഗവതിയെ കുടിയിരുത്തിയ മച്ചു കാണാം. എന്ന് ചെന്നാലും അവിടെ ഒന്നു പോയി എത്തി നോക്കുമായിരുന്നു. കെടാവിളക്കാണ് കത്തിയിരുന്നതെന്ന് തോന്നുന്നു. ജനൽ ഇല്ലാത്ത വാതിൽ മാത്രമുള്ള ആ മുറി എപ്പോഴും അടുത്തുള്ള അമ്പലത്തിന്റെ ശ്രീകോവിലിനെയാണ് ഓര്മിപ്പിച്ചിരുന്നത്.

അവിടെ നിന്നും വടക്കോട്ടു കടന്നാൽ മേലടുക്കളയും അടുക്കളയുമാണ്. എപ്പോഴും സജീവമായ സ്ഥലമാണത്. വീട്ടിൽ അംഗങ്ങൾ കൂടുതൽ ആയത് കൊണ്ട് പുറംപണിക്കാർ കുറേപേരുണ്ടാകുമായിരുന്നു. അമ്മിയുടെയും ഉരലിന്റെയും ശബ്ദവും മലക്കറികൾ മുറിച്ച ഗന്ധവും ഇരുളടഞ്ഞ അടുക്കളയിൽ തീനാളങ്ങൾ ഉണ്ടാക്കുന്ന ചുകന്ന വെളിച്ചവും ചൂട്ടഴിയിലൂടെ പോകുന്ന പുകയിൽ സൂര്യരശ്മികൾ സൃഷ്ടിക്കുന്ന പ്രകാശത്തൂണുകളുമെല്ലാം ഇപ്പോൾ ജീവിക്കുന്ന ഓർമ്മകൾ തന്നെ.

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള വീടായിരുന്നു അത്. പ്രായമായ രണ്ടു സ്ത്രീകളുള്ളതിൽ ഒരാൾ കുട്ടികളോട് അടുപ്പമൊന്നും കാട്ടാത്ത പ്രകൃതകാരിയായിരുന്നു. വലിയമ്മയുടെ രൂപസാദൃശ്യം അവരോടുള്ള ഇഷ്ടത്തിന് കാരണമായിരുന്നു. രണ്ടാമത്തെയാൾ ഞങ്ങളെ കാണുമ്പോഴേക്കും വിടർന്ന ചിരിയോടെ വിശേഷങ്ങൾ ചോദിച്ചിരുന്ന ആ വീടിന്റെ തന്നെ ഐശ്വര്യമായിരുന്നു. ആ വീട്ടിലേക്കു വീണ്ടും വീണ്ടും ചെല്ലാൻ തോന്നിച്ചിരുന്നത് അവരുടെ മുഖവും പെരുമാറ്റവും തന്നെ. അധികാരിമാമയുടെ ഭാര്യ ജീവിതത്തിൽ പരിചയപ്പെട്ടിട്ടുള്ളവരിൽ വെച്ചേറ്റവും ലാളിത്യം നിറഞ്ഞ ഒരു മാതൃതുല്യയായ ഒരു വ്യക്തിയായിരുന്നു. ഒരു വ്യത്യസ്തത തോന്നിയിരുന്നത് അവരുടെ സംസാരമായിരുന്നു. വളരെ ഉച്ചത്തിലായിരുന്നു എപ്പോഴും എന്തും പറഞ്ഞിരുന്നത്. പലപ്പോഴും എന്താണിങ്ങനെ ശബ്‌ദത്തിൽ സംസാരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

അന്നത്തെ സാഹചര്യത്തിൽ മുഴുവൻ അംഗങ്ങൾക്കും ആ വീട് തികയാതെ വന്നിരിക്കണം. എന്നാലിപ്പോൾ ആ വഴി പോകുമ്പോൾ ആൾപെരുമാറ്റം തീരെ കാണാറില്ല. ഭാഗത്തിൽ അനന്തരതലമുറയിൽ പെട്ട ഒരു താവഴിക്കാണ്‌ അത് നീക്കിവെച്ചിട്ടുള്ളത്. അവരാണെങ്കിൽ നാലു പേരുള്ള കുടുംബവും. ഇപ്പോൾ അവർപുതിയ വീടുണ്ടാക്കി മാറി താമസിക്കാൻ പോകുകയാണ്. ഈ വീടാണെങ്കിൽ കൂടൊഴിഞ്ഞ കിളിക്കൂട് പോലെ പഴയ സ്മരണകൾ അയവിറക്കി നിത്യ നിശ്ശബ്ദതയിലേക്കും വീണിരിക്കുന്നു.എല്ലാ പഴയ തറവാടുകളുടെയും വഴിയേ തന്നെയാണ് ഈ വീടിന്റെ അവസ്ഥയും. തൊട്ടടുത്ത കശാപ്പുശാലയിലെ അറവുമാടുകളുടെ പുലർച്ചയിലെ ദീനരോദനം കേട്ടു ഇരുളിൽ വിറങ്ങലിച്ചു നില്കുകയാകും ആ ഓര്മകളുറങ്ങുന്ന ചെങ്കൽസൗധം ഇപ്പോൾ.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ