മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

കലാലയത്തിന്റെപലയിടങ്ങളിൽ വച്ച് ഞാനയാളെ കണ്ടിട്ടുണ്ട്. ലൈബ്രറിയുടെ മുൻപിൽ, ക്യാന്റീനിൽ, ക്ലാസിനടുത്ത്, ഊണ് കഴിഞ്ഞ് കൈകഴുകുന്ന പൈപ്പിനരികിൽ ഇലക്ഷൻ സമയത്ത്‌,ക്യാംപയിനുകളിൽ അങ്ങനെ പലയിടത്തും...

പക്ഷേ ഒരുപാട് വൈകിയാണ് ശ്രദ്ധിച്ചുതുടങ്ങിയത്. വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഇടയ്ക്കുണ്ടാവുന്ന സംഘർഷങ്ങളിൽ കണ്ടിരുന്ന അയാളെ ചെറിയ ഭയത്തോടെ മാത്രമാണ് നോക്കിയിരുന്നത്. ഞാൻ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രത്തിന്റെ എതിർ ദിശയിലൂടെ നടക്കുന്ന അയാളോട് ഒരിക്കൽപോലും സംസാരിക്കാൻ ആഗ്രഹം തോന്നിയിരുന്നില്ല ആദ്യമൊന്നും. അന്നത്തെ അപക്വമായ മനസ്സിൽ ഉണ്ടായിരുന്ന തോന്നലുകളിൽ ഒന്ന് എതിർ പാർട്ടിയിലെ

വിദ്യാർത്ഥികളോട് സംസാരിക്കുന്നതോ കൂട്ടുകൂടുന്നതോ ശരിയല്ല എന്നായിരുന്നു, അങ്ങനെയാരും പറഞ്ഞു പഠിപ്പിച്ചിട്ടില്ല എങ്കിലും...

കലാലയത്തിന് പരിചിതനായ അയാളുടെ ഫേസ്ബുക്ക് റിക്വസ്റ്റ് എന്നെ തേടിയെത്തിയപ്പോൾ സ്വീകരിക്കാൻ തെല്ലൊന്നു മടിച്ചതും അതുകൊണ്ടാണ്. പക്ഷേ സാഹിത്യവുമായി അടുത്തു നിൽക്കുന്ന ആളാണ് എന്ന തോന്നലിൽ പിന്നീടെപ്പോഴോ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയായിരുന്നു.പക്ഷേ ഫേസ്ബുക്കിലെ ഫ്രണ്ട്ലിസ്റ്റിലെ പേരിൽ മാത്രം ഒതുങ്ങിനിന്നു,ആ സൗഹൃദം. 

അതിനും മുൻപേ അവളെ ഞാൻ ശ്രദ്ധിച്ചിരുന്നു..കലാലയത്തിന് പരിചിതയായ അവളെ, അവളുടെ വാക്ചാതുര്യത്തെ കൗതുകത്തോടെ നോക്കിനിന്നിട്ടുള്ള ഒരുപാട് പേരിൽ ഒരാളായിരുന്നു ഞാൻ. പക്ഷേ ഇവിടെ, എതിർ പാർട്ടിയിലെ സജീവ പ്രവർത്തകയായിരുന്ന അവളെ പരിചയപ്പെടണം എന്നും അവളോട് കൂട്ടു കൂട്ടണമെന്നും പലപ്പോഴും തോന്നിയിരുന്നു! ഏറ്റവുമടുത്ത കൂട്ടുകാരിയോട് കലാലയ വിശേഷങ്ങൾ പങ്കു വയ്ക്കുമ്പോൾ ഒക്കെ ഞാനിത് പറയുമായിരുന്നു. പരിചയപ്പെടാനുള്ള അവസരം വരുമായിരിക്കും എന്ന് പ്രതീക്ഷിച്ച് ഇരിക്കുമ്പോഴാണ് ഒരു ദിവസം മലയാള വിഭാഗത്തിലെ ടീച്ചർ എന്നെ വിളിച്ചു ക്യാമ്പസിലെ, കലാസാഹിത്യ മേഖലകളിൽ മിടുക്കരായ കുറച്ചു വിദ്യാർത്ഥികളുടെ പേരൊന്ന് അത്യാവശ്യമായി എഴുതിത്തരണം എന്നാവശ്യപ്പെടുന്നത്.നാളെ നടക്കുന്ന ഒരു മത്സരത്തിന് വേണ്ടിയാണെന്നും ആതിരയ്ക്ക് അത്യാവശ്യം സുഹൃത്ത് വലയം ഉണ്ടല്ലോ എന്നും ടീച്ചർ പറഞ്ഞപ്പോൾ മനസ്സിൽ പെട്ടെന്ന് വന്ന കുറച്ചു പേരുകൾ ഞാൻ എഴുതി കൊടുത്തു. കൂട്ടത്തിൽ അയാളുടെയും അവളുടെയും പേരുകൾ കൂടി എഴുതിച്ചേർത്തു. അയാളെ ക്ലാസിൽ ചെന്ന് പരിചയപ്പെട്ടോളാം എന്ന് പറഞ്ഞ ടീച്ചർ,അവളെ കൂട്ടിക്കൊണ്ടു വരാൻ എന്നെ ഏല്പ്പിച്ചു.! ഇത് കേൾക്കേണ്ട താമസം ഞാൻ സന്തോഷത്തോടെ അവളുടെ ക്ലാസ്സിനെ ലക്ഷ്യമാക്കി നടന്നു.അപ്പോഴുണ്ട് തേടിയ വള്ളി കാലിൽ ചുറ്റി എന്ന പറഞ്ഞ പോലെ അവൾ എൻറെ നേരെ നടന്നുവരുന്നു. പെട്ടെന്ന് കണ്ട എക്സൈറ്റ്മെൻറിൽ, പണ്ട് സ്കൂളിൽ പഠിച്ച കൂട്ടുകാരിയുടെ പേരിന് സമാനമായ ഓർമ്മയിൽ അവളെ ഞാൻ ആ പേരു വിളിച്ച് അഭിസംബോധന ചെയ്തു പോയി.അത് ഇഷ്ടപ്പെടാതെ പേര് തിരുത്തിപ്പറഞ്ഞ അവളോട്, ചമ്മൽ മറച്ചുവെച്ച് ,ടീച്ചർ വിളിക്കുന്നുണ്ട് എന്നറിയിച്ചപ്പോൾ ഒന്നും മിണ്ടാതെ തിടുക്കത്തിൽ നടന്നു പോയി. പരിചയപ്പെടാൻ പറ്റാത്ത വിഷമത്തിൽ അന്ന് അവളെ നോക്കി നിന്ന 'എന്നെ' ഞാനിപ്പോഴുമോർക്കുന്നു!പിറ്റേന്ന് ക്ലാസ്സ് കഴിഞ്ഞു നടന്നു വരുന്ന വഴി അവളെ ഞാൻ വീണ്ടും കണ്ടു.എന്തായി മത്സരം എന്ന് തിരക്കിയപ്പോൾ,ഒന്നാം സ്ഥാനം കിട്ടി എന്നായിരുന്നു മറുപടി. അതു കേട്ടുണ്ടായ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. തിരിച്ച് എന്റെ പേര് പോലും ചോദിക്കാതെ എനിക്ക് പുറകെ വന്ന അവളുടെ സുഹൃത്തുക്കളോട് ചിരിച്ച് സംസാരിച്ചു അവൾ നടന്നു പോയപ്പോൾ വീണ്ടും വിഷമമായി..ടീച്ചറിനോട് പേരു പറഞ്ഞത് വെറുതെയായില്ല എന്ന് പറയാനുള്ള ആഗ്രഹം പാടെ ഉപേക്ഷിച്ച് ഈ കുട്ടി എന്താ ഇങ്ങനെ എന്ന് ചിന്തിച്ചു തിരിഞ്ഞു നടന്നപ്പോൾ പണ്ടേ കൂടപ്പിറപ്പായ പിണക്കം എന്നിൽ ഉണർന്നു. സുഹൃത്തു പോലുമാകാത്ത ഒരാളോട് അവൾ പോലും അറിയാത്ത ഒരു പിണക്കവും മനസ്സിലേറി ഇനിയൊരിക്കലും മിണ്ടാനെ പോകുന്നില്ല എന്ന് ബാലിശമായി ചിന്തിച്ചുകൊണ്ട് ഞാനും നടന്നുപോയി. പിന്നീടെപ്പോഴോ അയാളുമായി സംസാരിച്ചുതുടങ്ങി, അതും വളരെ കുറച്ചു മാത്രം. പിന്നൊരിക്കൽ തിരക്കിട്ട് നടന്നു വരുമ്പോൾ, അവളും അയാളും എനിക്കുനേരെ ഒരുമിച്ച് നടന്നു വരുന്നത് കണ്ടു.! ഇതുതന്നെ അവസരം എന്നോർത്ത് അവളെ ശ്രദ്ധിക്കാതെ, അയാളോട് ഞാൻ സംസാരിക്കാൻ തുടങ്ങി. ഏതോ പുസ്തകത്തിനെക്കുറിച്ചാണ് സംസാരിച്ചത്.അതുകഴിഞ്ഞ് നടന്നുനീങ്ങുമ്പോൾ അതാരാണെന്ന് അവൾ ചോദിക്കുന്നതും അതെഴുതുന്ന കുട്ടിയാണെന്ന് അയാൾ പറഞ്ഞതും ഞാൻ വ്യക്തമായി കേട്ടു. പിന്നീട് അവളെ കാണുന്നത് നാലാം സെമസ്റ്റർ പരീക്ഷ നടക്കുന്ന ഒരു പരീക്ഷ ഹാളിൽ വച്ചാണ്. പരീക്ഷ കഴിഞ്ഞ് ഒരുമിച്ച് ഇറങ്ങുമ്പോഴും എൻറെ തൊട്ടടുത്തു നിന്ന് ,എന്റെ ഏറ്റവുമടുത്ത കൂട്ടുകാരിയോട് പരീക്ഷയെപ്പറ്റി തിരക്കുമ്പോഴും ഞങ്ങൾ തമ്മിൽ സംസാരിച്ചതേയില്ല! വീണ്ടുമൊരിക്കൽ കലാലയത്തിലെ പടവുകൾ കയറിവരുമ്പോൾ എനിക്കഭിമുഖമായി അവൾ നടന്നു വന്നു. മുഖം കൊടുക്കണ്ട എന്ന് കരുതി തൊട്ടപ്പുറത്തെ വഴിയിലൂടെ മാറി നടക്കാൻ തുടങ്ങുമ്പോഴുണ്ട് ഒട്ടും പ്രതീക്ഷിക്കാതെ എന്നെ അതിശയിപ്പിച്ചു കൊണ്ട് അവൾ ഓടിവന്നു എനിക്കഭിമുഖമായി നിന്ന് പറയുന്നു, 'മാതൃഭൂമിയിൽ വന്ന ആതിരയുടെ കഥ ഞാൻ വായിച്ചു. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഇനിയും എഴുതണം.! ' ഉള്ളിൽ ഊറിവന്ന സന്തോഷവും അഭിമാനവും മറച്ചുവെച്ച് മധുരപ്രതികാരം എന്നപോലെ ഭാവഭേദം കൂടാതെ താങ്ക്‌യൂ എന്ന് മാത്രം പറഞ്ഞു,കൂടുതൽ സംഭാഷണത്തിന് മുതിരാതെ ഞാൻ നടന്നു പോയപ്പോൾ പണ്ട് ഞാൻ നിന്നത് പോലെ ആകണം അവളും നിന്നിട്ട് ഉണ്ടാവുക! പിന്നീട് ഒരിക്കലും ഞാൻ അവളെ കണ്ടിട്ടില്ല. ടി.സി വാങ്ങാൻ ചെന്നപ്പോൾ അയാളെ ഒരിക്കൽകൂടി ആകസ്മികമായി കാണുകയുണ്ടായി. അന്ന് യാത്ര പറഞ്ഞു തിരിച്ചു നടന്നപ്പോഴും അയാളും അവളും തമ്മിൽ പ്രണയത്തിലാണെന്ന കാര്യം എനിക്കറിയാം എന്ന് അയാളോ അവളോ അറിഞ്ഞിരുന്നില്ല! കലാലയത്തിൽ നിന്ന് ഇറങ്ങിയിട്ടും അയാളുമായുള്ള ഫേസ്ബുക്ക് സൗഹൃദം എൻറെ എഴുത്തുകളിൽ കമൻറ് ആയും വല്ലപ്പോഴും മാത്രമുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചയായും ഒതുങ്ങിനിന്നു. ഇതിനിടയിൽ എന്നാണ് എപ്പോഴാണ് എൻറെ ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റിൽ അവളുടെ പേരും ചേർക്കപ്പെട്ടത് എന്ന് ഇന്നും എനിക്ക് ഓർമ്മയില്ല.പക്ഷേ അപ്പോഴും അവൾ എനിക്ക് പരിചിതയായ അപരിചിതയായിരുന്നു! പഠിച്ചിറങ്ങി വർഷങ്ങൾക്കിപ്പുറം കോളേജിൽ ബാച്ച്മേറ്റ് ആയിരുന്ന സമാനചിന്താഗതിയുള്ള ഒരു സുഹൃത്ത് പറഞ്ഞാണ് ഞാനറിയുന്നത്, അവളെന്നോട് കൂട്ടു കൂടണം എന്ന് ആഗ്രഹിച്ച് നടക്കാൻ തുടങ്ങിയിട്ട് കുറേ കാലമായെന്ന്! എന്റെഎഴുത്തുകളും വരികളും ഒക്കെ വലിയ ഇഷ്ടമാണ് അവൾക്കെന്നും സുഹൃത്ത് പറഞ്ഞപ്പോൾ, എനിക്കും അങ്ങനെ തന്നെ എന്ന എന്റെ മറുപടി വന്നതും അതുകഴിഞ്ഞ് അവളുടെ മെസ്സേജ് വന്നതും പെട്ടെന്നായിരുന്നു. അതൊരു തുടക്കമായിരുന്നു.. പുതിയൊരു സൗഹൃദത്തിൻറെ തുടക്കം. അധികമാരും അറിയാത്ത ഒരു സൗഹൃദം.എൻറെ കഥകളും ഓർമ്മക്കുറിപ്പുകളും വരികളും എന്നേക്കാൾ നന്നായി ഇത്ര കൃത്യമായി ഓർത്ത് വച്ചിരിക്കുന്ന അവൾ, എന്നെ ഞാനറിയാതെ ശ്രദ്ധിക്കുകയായിരുന്നു എന്ന് ഞാൻ വൈകിമാത്രം തിരിച്ചറിഞ്ഞ രണ്ടാമത്തെ വ്യക്തിയായിരുന്നു!

 ഇന്ന് അയാളും അവളും എനിക്ക് പ്രിയപ്പെട്ടവരാണ് ..പക്ഷേ ഇതുവരെയും ഈ കഥ ഞാനവരോട് പറയുകയോ അയാളെക്കുറിച്ച് അവളോടോ അവളെക്കുറിച്ച് അയാളോടോ ചോദിച്ചിട്ടോ ഇല്ല!

'പക്ഷേ പ്രതീക്ഷിക്കാത്ത ചില മനുഷ്യരുണ്ട്. ചില എക്സ്ക്ലൂസീവ് കക്ഷികൾ' എന്ന ചാർലിയിലെ വാചകം ഞാനൊരിക്കൽ ഫേസ്ബുക്കിൽ കുറിച്ചത് അവളെ ഉദ്ദേശിച്ചായിരുന്നു. അതവൾക്ക് മനസ്സിലായിരുന്നോ?അതോ ആയിട്ടും മൗനം നടിച്ചതോ?! പക്ഷേ ഞങ്ങളുടെ സൗഹൃദം അറിയാതെ ഇത്ര കൃത്യമായി അയാൾ എങ്ങനെയാണ് ആ പോസ്റ്റിൽ വന്ന് അതാരെക്കുറിച്ചാണ് എന്ന്ചോദിച്ചത്!? ഒരിക്കൽ ഒരു കഥ എഴുതാൻ എന്നെ ഏറ്റവും കൂടുതൽ പ്രേരിപ്പിച്ചവരിൽ ഒരാൾ അവളും ആ കഥ പരിപൂർണ്ണതയിലെത്തിക്കാൻ സഹായിച്ചത് അയാളും ആയിരുന്നു.ഈയിടയ്ക്ക് എന്തോ പറയുന്ന കൂട്ടത്തിൽ എനിക്ക് ഒരു ഊഹം ഉണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു 'ആ ഊഹം എന്തെന്ന് നീ പറയണ്ട. അതെനിക്ക് ഏകദേശം ധാരണയുണ്ട് .നിനക്ക് ഇങ്ങനെയൊരു ഊഹം ഉണ്ടെന്ന് അവൾക്കും അറിയാമത്ര!

ഇതെഴുതി കഴിയുമ്പോഴും ഞങ്ങൾ മൂന്നു പേരും പരസ്പരം ഒന്നും പറഞ്ഞിട്ടില്ല... അതായത് അയാൾ സ്നേഹിക്കുന്നത് അവളെ ആണെന്ന് അയാളോ അയാളെ താൻ സ്നേഹിക്കുന്നുണ്ടെന്ന് അവളോ നിങ്ങൾ തമ്മിൽ പ്രണയത്തിൽ അല്ലേയെന്ന് ഞാനോ തമ്മിൽ പറഞ്ഞിട്ടില്ല !

ചില കാര്യങ്ങളുണ്ട് ,പറയാതെ തന്നെ മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ..അങ്ങനെ രസകരമായ ഒരു അനുഭവമായി ഇതും നിലനിൽക്കട്ടെ. എന്നെങ്കിലും ഒരിക്കൽ അയാളും അവളും ഞാനും തമ്മിൽ കണ്ടുമുട്ടാതെ ഇരിക്കില്ല.അന്നുമാത്രം പരസ്പരം അറിയട്ടെ ! അതുവരെ അയാളുടെയും അവളുടെയും പ്രണയത്തിന് മൂകസാക്ഷിയായി ഞാനിവിടെ ഉണ്ട്! 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ