എന്റെ കുട്ടിക്കാലത്ത് വീട്ടിൽ ധാരാളം പശുക്കളും എരുമയും പോത്തും ഉണ്ടായിരുന്നു. കുട്ടികളായ ഞങ്ങൾ ആണ് അവയെ അഴിച്ച് തീറ്റാൻ കൊണ്ടു പോകാറുള്ളത്. നാലു മണിയായാൽ പോത്തിനെ കുളിപ്പി ക്കാനായി അടുത്തുള്ള
പുഴയിലേക്ക് അഴിച്ചു കൊണ്ടുപോകും. റോഡ് സൈഡിലാണ് എന്റെ വീട്. പുഴയിലേയ്ക്ക് പോകാൻ റോഡിലൂടെ രണ്ടു ഫർലോംഗ് പോകണം. അന്ന് പോത്തിനെ അഴിച്ചുവിട്ട് അതിന്റെ പിറകെ ഞാൻ പോകുമ്പോൾ അടുത്ത വീട്ടിലെ ചേട്ടൻ എന്നോട് പറഞ്ഞു. " മോളെ,നീ എന്തിനാ നടക്കുന്നത് പോത്തിന്റെ പുറത്ത് കയറി ഇരുന്നാൽ പോരെ."ഏഴു വയസ്സുകാരിയുടെ സ്വതസിദ്ധമായ കൗതുകത്തോടെ, നിഷ്കളങ്കതയോടെ ഞാൻ പറഞ്ഞു.
"എനിക്ക് അതിൻെറ പുറത്ത് കയറാൻ പറ്റില്ല ചേട്ടാ. എന്നെ ഒന്ന് പോത്തിന്റെ പുറത്ത് കയറ്റിതരുമോ?" ഉദാരമനസ്കനായ ചേട്ടൻ, ''അതിനെന്താ മോളെ,"
എന്നും പറഞ്ഞു എന്നെഎടുത്ത് പോത്തിന്റെ പുറത്തിരുത്തി.
"അതിന്റെ മൂക്കു കയറിൽ മുറുക്കെ പിടിച്ചോണം. വിട്ടേക്കരുത് കേട്ടോ. "
എന്ന് ചേട്ടൻ ഉപദേശ രൂപേണെ എന്നോട് പറഞ്ഞു .
ഞാൻ അതിന്റെ പുറത്ത് ഇരുന്നതും പോത്ത് വാലും പൊക്കി ഒരു ഓട്ടം. കൂടെ ഒരു അലർച്ചയും, ഞാനാകെ പേടിച്ചു പോയി. കയറിൽ നിന്ന് കൈവിട്ടാൽ ഞാൻ താഴെ വീഴും. ചവിട്ടും കൊള്ളും. ഞാൻ കയറിൽ മുറുകെ പിടിച്ചിരുന്നു .പേടി കൊണ്ട് കണ്ണടച്ച് പോത്തിന്റെ പുറത്ത് കമഴ്ന്നു കിടക്കും പോലെ. റോഡരുകിൽ നിന്ന് ആൾക്കാരെല്ലാം ഈ കാഴ്ച്ച കാണുന്നുണ്ടായിരുന്നു. പലരും പിറകെ ഓടി വരുന്നുണ്ടായിരുന്നു. ഏതായാലും രണ്ടു ഫർലോംഗ് ദൂരെയുള്ള പുഴയിലേയ്ക്ക് ആണ് പോത്ത് ഓടി പോയത്. സ്ഥിരം പോകുന്ന വഴിയാണ്. പാഞ്ഞു ചെന്നപോത്ത് പുഴയിലേയ്ക്ക് ചാടി. വലിയ ഒരു കയമായിരുന്നു അത്. കയത്തിന്റെ നടുവിലേക്ക് പോത്ത് നീന്തി. ഏകദേശം മധ്യ ഭാഗത്തെത്തിയപ്പോൾ ഇനി പോത്ത് എന്നെ ഒന്നും ചെയ്യില്ല എന്ന ധൈര്യത്തിൽ ഞാൻ കയറിൽ നിന്ന് പിടി വിട്ടു. പുറകോട്ട് ഞാൻ നീന്തി. ചെറുപ്രായത്തിൽതന്നെ നീന്തൽ അറിയാമായിരുന്നതു കൊണ്ട് ഞാൻ നീന്തി രക്ഷപ്പെട്ടു. ഞാൻ കരയിൽ കയറിയപ്പോൾ പിറകേ ഓടി വന്ന കുറേ ആൾക്കാർ നോക്കി നിൽക്കുന്നു. ചിലർ ദൂരെ നിന്ന് ഓടി വരുന്നു. എന്നെ പോത്തിന്റെ പുറത്ത് ഇരുത്തിയ ചേട്ടൻ "എന്റെ പൊന്നുമോളേ ,നിന്നെ ദൈവം കാത്തു." എന്നു പറഞ്ഞു. ഏതായാലും അവിടെ കൂടിയ എല്ലാവരും എന്നെ അഭിനന്ദിച്ചു. കയറിൽ നിന്ന് പിടിവിടാതെ ഇരുന്നതിന്. എന്റെ ഓർമ്മയിൽ മായാതെ നിൽക്കുന്ന ഏറ്റവും കൗതുകകരമായ കുട്ടിക്കാല സംഭവങ്ങളിൽ ഒന്നാണ് അത്. ഇന്നും പോത്തിനെ കണ്ടാൽ എന്റെ മനസ്സിൽ ഓടിയെത്തുന്ന ഓർമ്മ ഞാൻ അതിന്റെ പുറത്തുകയറിയതും, പേടിച്ചരണ്ട പോത്തിന്റെ ഓട്ടവും , മൂക്കുകയറിൽ പിടിച്ച് പോത്തിന്റെ പുറത്ത് കമഴ്ന്നു വീണ രീതിയിലുള്ള എന്റെ ഇരിപ്പും ആണ്.