mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

എന്‍റെ ജീവിതത്തിലെ  നിറമുള്ള ഓര്‍മ്മകളുടെ കാലം സ്കൂള്‍ ദിനങ്ങൾ തന്നെയായിരുന്നു. നാട്യങ്ങളറിയാത്ത പ്രായമായതു കൊണ്ടാവാം, ഒളിച്ചുവെയ്ക്കാന്‍  ഒന്നുമില്ലാതെ,

മത്സരങ്ങളില്ലാത്ത സൗഹൃദങ്ങളും ആഘോഷങ്ങളുടെ സീമകളില്ലാത്ത സ്കൂള്‍മുറ്റങ്ങളും മനസ്സിന്‍റെ ഉള്ളറയില്‍ ഇപ്പൊഴും ചിതലരിക്കാതെ അവശേഷിക്കുന്നുണ്ട്. കലാലയ കാലത്തേക്കാള്‍ ബന്ധങ്ങളുടെ ഊഷ്മളത എന്നും നിലനിന്നിരുന്നത് സ്കൂൾ കാലഘട്ടത്തിൽ തന്നെയാണ്.

ആ കാലഘട്ടത്തിലെ എന്തിനെക്കുറിച്ച് ചിന്തിക്കുമ്പോഴും മനസ്സില്‍ കുളിര്‍മ്മയുടെ ഒരു നേര്‍ത്ത തലോടല്‍പ്പോലെയാണ് അനുഭവപ്പെടുന്നത്..

1991 ജൂൺ മാസത്തിലെ ഏതോ ഒരു പുലരിയിലാണ് ഞാനും അച്ഛന്റെ കയ്യും പിടിച്ച് കൂനം എ എൽ പി സ്കൂളിന്റെ തിരുമുറ്റത്ത് എത്തിയതെന്ന നേരിയ ഓർമ്മയുണ്ട്. ഒന്നു മുതൽ അഞ്ച് വരെ ക്ലാസ് മുറികളുള്ള ആ പൊതു വിദ്യാലയം നാടിന്റെ അഹങ്കാരവും, അഭിമാനവും തന്നെയാണ് എന്ന് എടുത്ത് പറയേണ്ടി വരില്ല.
കോവിഡിന് മുന്നേയുള്ള സ്കൂൾ പ്രവേശനം പോലെയൊന്നും ആയിരുന്നില്ല ഞാനൊക്കെ പഠിച്ച സമയത്തെ പ്രവേശനോത്സവം, അപ്പോഴൊന്നും അങ്ങെനെയൊരു ആഘോഷവും ഉണ്ടായിരുന്നില്ല.ആർത്തലച്ച് പെയ്യുന്ന മാരിയേക്കാൾ ഉച്ചത്തിൽ അമ്മയെ വിളിച്ചു കൊണ്ടുള്ള കുഞ്ഞു നിലവിളികൾ ആണ് സ്കൂൾ മൊത്തം മുഴങ്ങി കേൾക്കുക.  പോയെന്ന് പറഞ്ഞ് ഞാൻ കാണാതെ വാതിലിന്റെ മറവിൽ നിന്ന് ഒളിഞ്ഞു നോക്കുന്ന അച്ഛന്റെ മുഖം ഇന്നലെ എന്നതു പോലെ മനതാരിൽ തെളിയുന്നു. കരയാതെ പകപ്പോടെ ചുറ്റിലും നോക്കി നിൽക്കുമ്പോൾ മുടിയിഴകളിൽ ഒരു സ്നേഹസ്പർശം "എന്തിനാ കുമ്പേ സങ്കടം, അച്ഛൻ ഉച്ചക്ക് കൊണ്ട് പോകാൻ വരൂലേ"എന്ന ഒരു ആശ്വാസവാക്ക്.ആ സ്നേഹ സ്വരത്തിന്റെ പേര് കുറേ ദിവസം കഴിഞ്ഞാണ് എനിക്ക് പിടി കിട്ടിയത്.'നാരായണൻകുട്ടി മാഷ് ' എപ്പൊഴും കുട്ടികൾക്കൊപ്പവും, അവരുടെ ഇഷ്ടത്തിനനുസരിച്ച് നിൽക്കുന്നതും കൊണ്ടാവണം അദ്ദേഹത്തിന്റെ പേരിനൊപ്പം 'കുട്ടി' വിളി കടന്നു കൂടിയതെന്ന് തോന്നുന്നു.

ഇന്നത്തെ പോലെ രണ്ടാമത്തെ ദിവസം തൊട്ട് ക്ലാസുകളുടെ പ്രവർത്തനം  വൈകുന്നേരം വരെയൊന്നും ആയിരുന്നില്ല. ഒന്ന് രണ്ട് ആഴ്ചയോളം ഉച്ചക്കഞ്ഞി ഇല്ലാത്തതു കൊണ്ട് (ഇന്നാണെങ്കിൽ പ്രവേശനോത്സവം തൊട്ട് മാർച്ച് മാസം സ്കൂൾ അടക്കുന്നതു വരെ സദ്യയാണ് ) ഉച്ചവരെ മാത്രമെ ക്ലാസുകൾ ഉണ്ടാവൂ. സ്കൂളിൽ അരി വരുന്നതുവരെ പിന്നെ ചോറു കൊണ്ടു പോകാൻ തുടങ്ങി. തിന്നാൻ വളരെ മടിച്ചിയായിരുന്ന ഞാൻ പതിയെ മാത്രമേ ചോറ് തിന്നു തീർക്കൂ. കൂട്ടിനുള്ള ഏച്ചി മാര് ( വല്ല്യച്ഛൻമാരുടെ മക്കൾ അവരുടെ ഒപ്പമാണ് സ്കൂളിൽ പോക്കും വരവും) ശബ്ദം അധികം പുറത്തെടുക്കാതെ വഴക്കുണ്ടാക്കാൻ തുടങ്ങും. കാരണം ഞാൻ കഴിച്ച് തീർന്നിട്ട് വേണം അവർക്ക് കളിക്കാൻ പോകാൻ. ചോറ്റു പാത്രം നിറയെ അമ്മ കുത്തിനിറച്ച് തരുന്ന കുത്തരി ചോറും, കായവട്ടവും എന്നെ തുറിച്ച് നോക്കുന്നതു പോലെ തോന്നും.

അവിടെയും എന്റെ രക്ഷയ്ക്ക് എത്തുന്നത് നാരായണൻ മാഷാണ്."വേഗം തിന്ന് കുമ്പേ എന്നിട്ട് കളിക്കണ്ടെ"എന്ന് പറയും. മാഷിനെ പേടിച്ച് ഞാനെല്ലാം തിന്ന് തീർക്കും.പിന്നെ സ്കൂളിനോട് ചേർന്നുള്ള കിണറിന്റെ അടുത്തേക്ക് എച്ചിൽ പാത്രവുമായി ചെല്ലും.   അഞ്ചാം ക്ലാസിലെ മുതിർന്ന ഏച്ചിമാർ കിണറിൽ നിന്ന് കോരി തരുന്ന വെള്ളത്തിനായി  കരുണ കാത്തു നിൽക്കും.

പിന്നെ  പഴമയുടെ രഹസ്യവുമായി നിൽക്കുന്ന മുറ്റത്തെ വലിയ ആൽമരത്തിന്റെ ചുവട്ടിലേക്ക് ഒരു ഓട്ടമാണ് അവിടെ കൂട്ടുകാരുണ്ട്. ജനനിയുടെ മാറിലേക്ക് ആഴ്ന്നിറങ്ങിയ ആലിന്റെ തടിച്ച വേരുകൾ (രാമായണത്തിലെ പല അസുരൻമാരെയും ഓർമ്മിക്കുo) അതിലെ കുഞ്ഞുകുഴികളിൽ പഴുത്ത ആൽക്കായകൾ പെറുക്കി നിറച്ച് കല്ലുകൊണ്ട് കുത്തി ചമ്മന്തിയാക്കാൻ തുടങ്ങും. അതുപോലെ ശിഖരങ്ങളിൽ നിന്നുള്ള നേരിയ വേരുകൾ കാണുമ്പോൾ ജടാധാരിയായ ഏതോ രാക്ഷസിമാർ മുടിയഴിച്ചിട്ട് തലകീഴായി തൂങ്ങി കിടക്കുകയാണോ എന്നു പോലും തോന്നും. അതിന്റെ തുമ്പത്ത് പിടിച്ച് നിലം തൊടാതെ സർവ്വ ശക്തിയുമെടുത്ത് കുരുത്തം കെട്ട പിള്ളേര് ആടും. ചിലരൊക്കെ ആടി വീഴുകയും പരിക്ക് പറ്റുകയും ചെയ്യും. വീണത് വല്ലവരും കാണുന്നുണ്ടോ എന്ന്  ചുറ്റിലും വീക്ഷിക്കുമ്പോഴേക്കും,കോൾമയിർ കൊള്ളിച്ചുകൊണ്ട് മണിയടി നാദം കാതുകളിൽ ഇമ്പം തീർക്കും.

പിന്നെയും എന്തെല്ലാമോ കളികൾ. സ്കൂളിന് അടുത്ത് തന്നെ വലിയൊരു ഗ്രൗണ്ട് ഉണ്ട് അവിടെയാണ് മുതിർന്ന കുട്ടികളൊക്കെ കളിക്കാൻ പോവുക. സ്കൂൾ തലത്തിൽ സ്പോർട്സ് മൽസരത്തിനൊക്കെ കൊണ്ട് പോകാൻ അവിടെ നിന്നാണ് പ്രാക്ടീസ് ചെയ്യീക്കുക.അതിനൊക്കെ നേതൃത്വം കൊടുത്തു കൊണ്ടിരുന്നത് നാരായണൻ മാഷ് തന്നെയായിരുന്നു.

അതേപോലെ കൂനത്തെ സ്കൂളിൽ പഠിച്ചപ്പോഴായിരുന്നു ആദ്യമായി ഒരു ഗ്രൂപ്പ് ഡാൻസ് കളിച്ചത്. അതു പോലെ വണ്ടിയുടെ ടയറിന് വലിയ കയറ് കെട്ടി മാവിന്റെ ഒത്ത നടുക്ക് ഊഞ്ഞാല് കെട്ടും, അതിൽ നീണ്ട് നിവർന്ന് ആടാൻ എല്ലാരും മത്സരമായിരിക്കും. 'കയ്യൂക്കുള്ളവൻ കാര്യക്കാരൻ' എന്ന് പറഞ്ഞ പോലെ വലിയ പിള്ളേര് മുറക്ക് ആടിക്കൊണ്ടിരിക്കും അതിനും നാരായണൻ മാഷ് വഴി കണ്ടു പിടിക്കും ഓരോരുത്തർക്കും ഊഴം വച്ച് പത്ത് തവണ ആടാം. ആടി കൊതി തീരുന്നതിനിടക്ക് ഊഴം തീരം. പിന്നെ ബാക്കി വെച്ച കളികളിലേക്ക് പതിയെ ചെല്ലും. സാറ്റ് കളി, കൊത്തങ്കല്ല്, കക്ക്, അണ്ടർ ഓവർ ,കബഡി, പിന്നെയും പേരറിയാത്ത ഒട്ടനവധി കളികൾ.
     
ഞാൻ ഒന്നിൽ ചേർന്ന സമയത്താണ് ആദ്യം ക്ലാസ് ടീച്ചറായിരുന്ന ചന്ദ്രമതി ടീച്ചർ പോയതും, പുതിയ ടീച്ചറായി ജയന്തി ടീച്ചർ വന്നതും.പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതെ റോഡിലൂടെ പോകുന്ന ബസിനെ (അപൂർവ്വമായിട്ടേ നാട്ടിലപ്പോൾ ബസ് ഓടാറുള്ളു. ഇപ്പൊഴും അങ്ങനെ തന്നെ) ബാല്യത്തിന്റെ കൗതുകത്തോടെ നോക്കി നിന്നപ്പോൾ ടീച്ചർ തന്ന ചെറിയൊരു അടിയുണ്ട്. അതിൽ തുടങ്ങിയൊരു ആത്മബന്ധം വർഷം ഇത്രയുമായിട്ടും അതിനൊരു കേടും വന്നിട്ടില്ല.( വർഷങ്ങൾക്കിപ്പുറം പഠിച്ചിറങ്ങിയ ആ വിദ്യാലയത്തിൽ തന്നെ കമ്പ്യൂട്ടർ അധ്യാപികയായി കടന്നു ചെന്ന നിമിഷം നീ രമ്യയല്ലേ! കുളിച്ച് ചന്ദനക്കുറിയൊക്കെ തൊട്ട് ചിരിച്ചോണ്ട് വരുന്ന നിന്നെ എനിക്ക് നല്ല ഓർമ്മയുണ്ടെന്ന ടീച്ചറിന്റെ ഓർമ്മപ്പെടുത്തൽ ,ആ ഓർമ്മ തന്നെയാണ് ഒരു അധ്യാപികയും, വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം. ഇന്ന് ആ വിദ്യാലയത്തിന്റെ പ്രധാന അധ്യാപികയായി ടീച്ചറും ,ചെറിയൊരു സ്റ്റാഫായി ടീച്ചറുടെ വിളിക്കപ്പറുത്ത് ഞാനും മാറി എന്നത് കാലത്തിന്റെ ഒരു മായാജാലം തന്നെയാണ്)

ആ സമയത്തെ പ്രധാന അധ്യാപികയായിരുന്ന ' കമലാക്ഷി ടീച്ചർ' ഹിന്ദിയാണ് എടുത്തിരുന്നത്. പ്രത്യേക ഈണത്തിലുള്ള യെഹ്‌ കലം ഹേ!, യെഹ് കമൽ ഹേ! തുടങ്ങിയ ഹിന്ദി വാക്കുകൾ ഒക്കെ ഇപ്പൊഴും കാതോരമുണ്ട്. പിന്നെ സയൻസ് പഠിപ്പിച്ച 'മാധവികുട്ടി ടീച്ചർ' ഞങ്ങളുടെ മാതിക്കുട്ടി ടീച്ചർ. അറബി എടുക്കുന്ന 'സലാം മാഷ് !' മാഷിന്റെ തല വരാന്തയിൽ കാണുമ്പോഴേ ഞങ്ങൾ ഓടാൻ തയ്യാറാകും കളിക്കാൻ! ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത വിഷമം തോന്നും (അന്നേരം അറബി ക്ലാസിലിരുന്ന് രണ്ട് അറബി വാക്ക് പഠിക്കാൻ നോക്കിയില്ലല്ലോ എന്നോർത്ത്.അതൊക്കെ മുസ്ലീം കുട്ടികൾക്ക് മാത്രമേ പാടുള്ളു എന്ന ധാരണയായിരുന്നു അന്നൊക്കെ, പിന്നെ കുഞ്ഞു മനസ്സിൽ കുത്തിനിറക്കപ്പെട്ട വൃത്തികെട്ട ചിന്താഗതികളും. ഇന്ന് അങ്ങനെ അല്ല ഏത് ഭാഷയും നമുക്ക് ഇഷ്ടമുണ്ടെങ്കിൽ പഠിക്കാം) പിന്നെ 'ചന്ദ്രൻ മാഷിനെ' ഞാൻ അഞ്ചിൽ എത്തിയപ്പോഴാണ് കണ്ടതെന്ന് തോന്നുന്നു ശരിക്കും ഓർമ്മയില്ല. മാഷന്ന് സാമൂഹ്യ ശാസ്ത്രമാണ് എടുത്തത്.(ചന്ദ്രൻമാഷ് ഹെഡ്മാസ്റ്റർ ആയ സമയത്താണ് കമ്പ്യൂട്ടർ ഒഴിവിലേക്ക് ഞാൻ കയറി ചെല്ലുന്നത്. തുറന്ന മനസ്സിന്റെ ഉടമയായ അദ്ദേഹം ഗോവിന്ദേട്ടന്റെ മോളല്ലേ എന്ന് ഇങ്ങോട്ട് ചോദിച്ചപ്പോൾ തന്നെ മനസ്സ് നിറഞ്ഞു. ഏതൊരു ചെറിയ സംശയവും ചോദിച്ചാൽ അതിനുള്ള ഉത്തരം മാഷിനടുത്ത് ഉണ്ടാവും. പഠിക്കുന്ന കാലത്തെക്കാളും, സ്കൂളിലെ സ്റ്റാഫായി ചെന്നതിനു ശേഷമാണ് മാഷ് എന്തായിരുന്നു എന്ന് തിരിച്ചറിയാൻ പറ്റിയതെന്ന് തോന്നുന്നു).

അതുപോലെ ഉച്ചക്കഞ്ഞി വെക്കുന്ന ദേവിയേച്ചി! രാവിലെ വരുമ്പോ അവരുടെ തലയിൽ ഒരു വിറക് കെട്ട് എപ്പൊഴും ഉണ്ടാവും കഞ്ഞി വെക്കാൻ. (ഇപ്പോൾ സാങ്കേതിക സൗകര്യങ്ങൾ ഒരു പാട് ഉണ്ട്‌. , ഗ്യാസടുപ്പും, ആവശ്യത്തിന് വിറകും എല്ലാം ചേർന്ന മനോഹരമായ പാചകപുരയാണ് ഇപ്പോൾ).

സ്കൂൾ തുറക്കുമ്പോൾ തന്നെ പടി കടന്നു വരുന്ന കാലവർഷത്തിന്റെ തണുപ്പിൽ ആവി പറക്കുന്ന ചൂടു കഞ്ഞിയും, അതിനു കറിയായി ചെറുപയറോ, കടലയോ ആയിരിക്കും അതിന്റെ രുചിയൊന്നും ഇപ്പോഴത്തെ സദ്യയിൽ കിട്ടാറില്ല.

പിന്നെ ഏറെ ഇഷ്ടം വെള്ളിയാഴ്ചകൾ ആയിരുന്നു. രാവിലെ ഒമ്പതര ആവുമ്പേഴേക്കും സ്കൂളിൽ എത്താൻ മടി ആയിരുന്നുവെങ്കിലും ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് ചോറുണ്ണാൻ വിടും പിന്നെ രണ്ടരക്കേ ക്ലാസിൽ കയറേണ്ടു. മടുപ്പ് തോന്നുന്നതു വരെ കളിക്കാം കൂട്ടുകാരുടെ വീട്ടിൽ പോയി പുളിയും, ചാമ്പങ്ങയും, ഫാഷൻ ഫ്രൂട്ടും പെറുക്കാം.

തിരികെ വരുമ്പോൾ കടയിൽ നിന്ന് മജാക്കറിന്റെ അച്ചാറും, അടുച്ചൂറ്റി മിഠായിയും, പല നിറത്തിലുള്ള പഠാണി കടലയും, തേൻ മിഠായിയും വാങ്ങാം. ഇതൊക്കെ വാങ്ങാനുള്ള  പൈസ കിട്ടുന്നത് രാവിലെ ബേക്കറിയിൽ പോകുമ്പോൾ അച്ഛൻ ഭണ്ഡാരത്തിൽ ഇടാൻ തരുന്ന അമ്പത് പൈസയോ, ഒരു രൂപയോ മാറ്റി വെച്ചിട്ടാവും.

വൈകുന്നേരം സ്കൂൾ വിടുമ്പോൾ ചൊല്ലുന്ന ദേശിയ ഗാനത്തിന്റെ അവസാന വരികളെത്തുമ്പോൾ ഒരു കാൽ ക്ലാസ് റൂമിന് പുറത്തായിരിക്കും 'ജയ ഹേ ' തീരുന്നതിനൊപ്പം മലവെള്ളം തുറന്നിട്ടപോലെ ഒറ്റ ഓട്ടമാണ്.പിന്നെ കണ്ട പുല്ലിനോടും, കാടിനോടും കഥകൾ ചൊല്ലി കൂട്ടുകാരൊപ്പം സ്കൂളിൽ നിന്ന് വീട്ടിലേക്ക് ഒരു കിലോമീറ്റർ തികച്ചും ഉണ്ടോ എന്നറിയില്ല. എന്നാലും ഞങ്ങളുടെ യാത്രകൾ ദീർഘമായിരുന്നു. മഴക്കാലത്ത് കുട പറത്തി മലർത്തി പിടിച്ചാവും നടപ്പ്. വലിയൊരു ജലസംഭരണി തലയിൽ ചൂടി പോകുന്നതു പോലിരിക്കും. എവിടെയൊക്കെ ചളിവെള്ളം ഉണ്ടോ അതിലൊക്കെ ചവിട്ടിയും കൂട്ടുകാരുടെ ദേഹത്തേക്ക് തെറിപ്പിച്ചും കടന്നു പോയ ദിനങ്ങൾ ആണിച്ചാലിലൂടെ ചായ നിറത്തിൽ ഒഴുകുന്ന വെള്ളത്തിൽ വെള്ളയും നീലയും നിറത്തിലുള്ള സ്പോഞ്ച് ചെരിപ്പ് ഊരിയിട്ട് ഒഴുക്കിന്റെ സ്പീഡിനൊപ്പം ഓടുന്നതും മറ്റൊരു ത്രില്ലായിരുന്നു.
   
സ്കൂൾ വിട്ട് വരുമ്പോൾ കാണുന്ന അപൂർവ്വ കാഴ്ചകളിലൊന്ന് വലിയ ചെവികൾ ആട്ടി മണിക്കിലുക്കി വരുന്ന ആന! എന്നും ഒരു പേടി സ്വപ്നം തന്നെ ആയിരുന്നു. അതിനെ പേടിച്ച് കുന്നിൻ മുകളിലെ വലിയ പാറയുടെ പിറകിൽ കൂട്ടുകാർക്കൊപ്പം മിണ്ടാതെ ഒളിച്ചു നിന്നതും. എല്ലാം ഇന്നലെ എന്നതുപോലെ...

അഞ്ചാം ക്ലാസുവരെ കൂനത്തു പഠിച്ചതിനു ശേഷം ആറാം ക്ലാസു മുതൽ പത്തുവരെ ചുഴലി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു ശേഷിച്ച പഠനം.കൂട്ടുകാരോടൊപ്പം സ്കൂളിൽ എത്തുമ്പോഴേക്കും ഒരു നേരമാവും.(ഇന്നത്തെ പോലെ മുട്ടിന് മുട്ടിന് സ്കൂൾ ബസോ, വാനോ ഒന്നും ഉണ്ടായിരുന്നില്ല യാത്ര എന്നും നടരാജ് സർവ്വീസിൽ തന്നെ) കോരിച്ചൊരിയുന്ന മഴയും, കാറ്റും കൊണ്ട് സ്കൂളിൽ എത്തുമ്പോൾ യൂണിഫോമൊക്കെ നനഞ്ഞ് ഒരു വിധമായിട്ടുണ്ടാവും. ക്ലാസിലെ ആൺകുട്ടികൾ കാണാതെ പാവാട കുത്തി പിഴിഞ്ഞ് വെള്ളം കളയും. കുടഞ്ഞ് വീശി ഉണക്കാനുള്ള ശ്രമം വൃഥാവിലാവും, അപ്പോഴേക്കും ക്ലാസിൽ മാഷ് വന്നിരിക്കും. പിന്നെ നനഞ്ഞ ഡ്രസോടെ ബെഞ്ചിൽ അമർന്നിരിക്കും. ഇരുന്ന് എഴുന്നേൽക്കുമ്പോഴേക്കും നനവു കൊണ്ട് ബെഞ്ചിലെ അഴുക്കൊക്കെ ഡ്രസിലേക്ക് പടർന്നിട്ടുണ്ടാവും. നനഞ്ഞ ഉടുപ്പും ഇട്ട് പോകാൻ മടിച്ച് പലപ്പോഴും വയറുവേദനയാണെന്ന് പറഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങും.

ആഴ്ചയിൽ നാലു ദിവസം യൂണിഫോം ആണെങ്കിൽ ബുധനാഴ്ച മാത്രം കളർ ഇടാം. ഓണത്തിനോ, വിഷു വിനോ വാങ്ങി തരുന്ന ഒരു ജോടി കളർ ഡ്രസ് ഇട്ട് പോകാൻ മടിയായിരുന്നു.കൂട്ടുകാരികളൊക്കെ എല്ലാ ബുധനും മാറി മാറി പുതിയ ഡ്രസ് ഇട്ടു വരുമ്പോൾ മനസ്സിലൊരു അപകർഷതാബോധമായിരുന്നു. ക്ലാസിലെ മറിയാമ്മ എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവള് അഞ്ചു ദിനവും യൂണിഫോമിൽ വരാൻ തുടങ്ങിയപ്പോൾ ഞാനും പതിയെ ആ പാത അനുകരിക്കാൻ തുടങ്ങി.

ഇന്ന് അതൊക്കെ ഓർക്കുമ്പോൾ മനസ്സിനൊരു വിഷമം പോലെ. പഠിക്കുന്ന സമയത്ത് അധികം ആരോടും സംസാരിക്കാതെ എപ്പൊഴും ഒരു പുസ്തകവും, പേനയും കൊണ്ട് ഇരിക്കുന്നതിലായിരുന്നു ഏറെ ഇഷ്ടം. പിന്നെ എപ്പോഴോ അതിന്റെ താളുകളിലേക്ക് കഥയും,കവിതയും അതിഥിയായി വരാൻ തുടങ്ങി.അതിന്റെ ഗന്ധം തേടി ഒരു പ്രണയവും മനസ്സിൽ ഉടലെടുത്തു. അതിന്റെ അവസാനം ആട്ടോ ഗ്രാഫ് താളുകളിൽ 'വീണ്ടും എന്നെങ്കിലും കണ്ടാൽ ചിരിക്കാൻ മറക്കല്ലെ !' എന്ന കുറിപ്പുമാത്രമായി പരിണമിച്ചു.

കലോത്സവ വേദികളായി പലപ്പോഴും ചുഴലി സ്കൂൾ മാറുന്നത് മനസ്സിൽ വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്. ഗ്രീൻ, യെല്ലോ, റെഡ്, ബ്ലൂ തുടങ്ങി നാലു ഹൗസുകൾ തിരിച്ചാണ് പലപ്പോഴും മത്സരം നടക്കുക. പരിപാടികളിലൊന്നും പങ്കെടുക്കില്ലെങ്കിലും നല്ലൊരു കാണിയായി മാറാൻ സാധിച്ചിരുന്നു.പല മത്സരങ്ങളും നന്നായി പഠിക്കുന്ന കുട്ടികൾക്ക് മാത്രമേ വഴങ്ങൂ എന്ന മിഥ്യാധാരണ മനസ്സുനിറയെ ഉള്ളതുകൊണ്ടായിരുന്നിരിക്കണം എല്ലാറ്റിൽ നിന്നും മാറി നിൽക്കാൻ പ്രേരിപ്പിച്ചത് (ഇന്ന് അങ്ങനെ അല്ല എല്ലാ കുട്ടികളെയും ഒരു പോലെ ഏതെങ്കിലും ഒരു ഐറ്റത്തിൽ പങ്കെടുപ്പിക്കാൻ സ്കൂൾ അധികൃതർ ശ്രമിക്കാറുണ്ട്).

വൈകുന്നേരം നാലു മണിക്ക് സ്കൂൾ വിട്ടാൽ വീട്ടിലെത്തുന്നത് ആറുമണിക്കാവും, സ്കൂളിൽ നിന്ന് വീട്ടിലേക്ക് എത്താൻഎത്ര വഴികൾ ഉണ്ടെന്ന് അന്നത്തെ കുട്ടികളോട് ചോദിച്ചാലറിയാം. കാരണം എല്ലാ തരം ഊടുവഴികളിലൂടെയും ആവും ഞങ്ങളുടെ സഞ്ചാരം.

ഡിസംബർ മാസത്തിൽ പാറപ്പുറത്ത് വിരിച്ചിരിക്കുന്ന നെയ് പുല്ലിൽ കുറച്ചു സമയം ആകാശം നോക്കി കിടന്നും, ഉരുണ്ടും, പിന്നെ പലതരത്തിലുള്ള കൊട്ടക്കകൾ രുചിച്ചും, കശുമാങ്ങയുടെ നീരൂറ്റി കുടിച്ചും വീടണയുമ്പോൾ വിശപ്പൊക്കെ എങ്ങോ മറഞ്ഞ് പോയിട്ടുണ്ടാവും.

പുതിയ പുസ്തകത്തിന്റെയും, യൂണിഫോമിന്റെയും, ഒക്കെ പുതുമണം ഇപ്പൊഴും സിരകളെ മത്തുപിടിപ്പിക്കുന്നതു പോലെ... ഇപ്പോഴും ഒരു പുതിയ പുസ്തകം കിട്ടിയാൽ നാസികത്തുമ്പിനടുത്ത് കൊണ്ടുപോയി  ഒരു സ്കൂൾ കുട്ടിയായി മണത്തു നോക്കാറുണ്ട്.

ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ഒരു നഷ്ടസ്വർഗ്ഗം മനസ്സിൽ പീലി വിടർത്തുന്നു. ഞങ്ങളുടെ കാലത്തെ സ്കൂൾ ജീവിതമൊന്നും പിന്നീടു വന്ന  തലമുറക്ക് സ്വപ്നം പോലും കാണാൻ പറ്റില്ലെന്ന് ഉറപ്പാണ്.

എന്നാൽ  ഇന്ന് കോവിഡിന്റെ പിടിയിൽ പ്രവേശനോത്സവത്തിന്റെ നിറവും മധുരവും നുണയാൻ കഴിയാതെ കുരുന്നുകളും, അവധിയുടെ ആലസ്യം വിട്ടൊഴിയാതെ വിദ്യാലയങ്ങളും നിലകൊള്ളുന്നതു കാണുമ്പോൾ ചങ്കിനുളളിൽ  ഒരു മഴ പെയ്യുകയാണ്.  ഓർമ്മകളുടെ നഷ്ടത്തിന്റെ പെരുമഴ!

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ