വിലങ്ങാട് എന്ന കുടിയേറ്റ ഗ്രാമത്തിലായിരുന്നു ഞാൻ ജനിച്ചത്. കുന്നുകളും മലകളും നിറഞ്ഞ ജൈവ സംപുഷ്ടമായ ഒരുഹരിതാഭ ഭൂമി. ഞങ്ങളുടെ ഗ്രാമത്തിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയം ഗ്രാമ മധ്യത്തിൽ നിലകൊള്ളുന്ന സെൻ്റ് ജോർജ് ഹൈസ്ക്കൂൾ ആണ്.
കുന്നിൻ പ്രദേശമായതിനാൽ വലിയമൺതിട്ടകൾ വെട്ടി നിരപ്പാക്കിയാണ് സ്കൂൾ കെട്ടിടങ്ങൾ ഉണ്ടാക്കിയിരുന്നത്. സ്ക്കൂളിന്റെ മധ്യത്തിലായ് ഞങ്ങളുടെ ഇടവകപ്പള്ളിയും. സ്കൂൾ മുറ്റത്ത് പുഷ്പവൃഷ്ടി നടത്താൻ നിറയെ പൂവാകകളും.
1974 അന്ന് ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്നു. എൻ്റെ ക്ലാസ് ടീച്ചർ ചൂരപൊയ്കയിൽ ചാക്കോ സാറാണ്. ക്ലാസിൽ വന്ന് പുസ്തകം ബെഞ്ചിൽ വച്ച് പിന്നെ ഒരോട്ടമാണ്, പള്ളിയിലേയ്ക്ക്. അഞ്ചാറു സ്കൂൾ കെട്ടിടങ്ങൾ. അവയ്ക്കു മധ്യത്തിലായി ഞങ്ങളുടെ പള്ളി സ്ഥിതി ചെയ്യുന്നു. ഓരോ കെട്ടിടവും വലിയ മൺതിട്ട ഇടിച്ച് നിരപ്പാക്കി ഉണ്ടാക്കിയതാണ്. ഞാൻ പള്ളിയിൽ നിന്നും ഇറങ്ങിയപ്പോൾ സെക്കന്റ് ബെൽ അടിച്ചു. ക്ലാസിലേയ്ക്ക് ഓടി പോകുന്നതിനിടയിൽ ഞാൻ മറ്റൊരു കുട്ടിയുമായി കൂട്ടിയിടിച്ചു വീണു. ഞാൻ ഉരുണ്ട് വീണത് താഴെത്തെ കെട്ടിടം ഉണ്ടാക്കാൻ വേണ്ടി വെട്ടിയെടുത്ത 15 അടി താഴേയ്ക്ക്. എന്നെ തട്ടിയിട്ട കുട്ടി ഞാൻ കുഴിയിൽ വീണ കാര്യം ആരോടും പറഞ്ഞില്ല. വീഴ്ചയുടെ ആഘാതത്തിൽ ഞാൻ ബോധരഹിതയായി. അന്ന് പള്ളിയിൽ ഒരു കല്ല്യാണം ഉണ്ടായിരുന്നു.
കല്യാണം കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീകളാണ് താഴെ ഒരു കുട്ടി വീണു കിടക്കുന്നു എന്ന് പറഞ്ഞ് ബഹളം വെച്ചത്. ആരൊക്കെയോ കൂടി ഓടി വന്ന് എന്നെ വാരിയെടുത്ത് സ്കൂൾ കോമ്പൗണ്ടിനു താഴെയുള്ള പ്രഭാകരൻ ചേട്ടന്റെ ചായക്കടയിൽ കൊണ്ടു കിടത്തി. മുഖത്ത് വെള്ളം തളിച്ചു. ബോധമുണർന്ന ഞാൻ കണ്ടത് ഉൽക്കണ്ഠയോടെ നിൽക്കുന്ന എന്റെ ക്ലാസ് ടീച്ചറും മറ്റ് മൂന്ന് അധ്യാപകരും. അവർ സ്വന്തം മകളോടെന്ന പോലെ എന്നെ ശുശ്രൂഷിച്ചു. സാന്ത്വനിപ്പിച്ചു.
അന്ന് വാഹനസൗകര്യം ഇല്ല. അടുത്തുള്ള ആശുപത്രിയിയിൽ പോണേൽ തന്നെ 15 കിലോമീറ്റർ ദൂരെ പോണം. ആരോ പോയി വിവരം പറഞ്ഞ് എന്റെ ചാച്ചനെ കൂട്ടി വരും വരെ ആ അധ്യാപകർ എനിക്കു ചുറ്റും കാവലായ് ഉണ്ടായിരുന്നു.
ദിവസങ്ങൾക്കു ശേഷം ക്ലാസിൽ എത്തിയപ്പോൾ കുട്ടികൾ ചോദിച്ചു. "നീ സാറിന്റെ മകളാണോ?"
അല്ലെന്നു പറഞ്ഞ എന്നോട് അവർ പറഞ്ഞു. നീ വീണ കാര്യം അറിഞ്ഞപ്പോൾ സാർ "അയ്യോ അത് എന്റെ കൊച്ചാണല്ലോ" എന്നു പറഞ്ഞാണ് ഓടി വന്നത് എന്നാണ്. മറ്റു ക്ലാസിലെ ടീച്ചേഴ്സും അങ്ങനെ
തന്നെ എന്നെ കരുതി സന്മനസോടെ ഓടിയെത്തി. എന്റെ ചാച്ചൻ വരും വരെ കുട്ടികളേയും, ക്ലാസും മറന്ന് എനിക്ക് സഹായ ഹസ്തവുമായി നിന്നു. പ്രിയപ്പെട്ട ഗുരുക്കൻമാരേ ഇന്ന് ഞാൻ അറിയുന്നു, അന്ന് ഓരോ വിദ്യാർത്ഥിയും നിങ്ങൾക്ക് സ്വന്തം മകനോ, മകളോ ആയിരുന്നു എന്ന്.
എന്റെ ക്ലാസ് ടീച്ചറായിരുന്ന ചാക്കോ സാർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു വെങ്കിലും സാർ ഇന്നും എന്റെ ഹൃദയത്തിൽ സൂര്യതേജസ്സോടെ പ്രകാശിക്കുന്നു. ദീപ്ത സ്മരണകൾക്കു മുൻപിൽ ഒരു കോടി പ്രണാമം.