കർഷകരെ ആദരിക്കുന്ന ചടങ്ങിൽ വച്ചാണ് ഞാൻ ദാസൂട്ടിയെ വീണ്ടും കാണുന്നത്. അയാൾ ധരിച്ചിരുന്ന ചെരിപ്പുകളിൽ ആണ് ആദ്യം എൻറെ കണ്ണുകൾ ഉടക്കിയത്. ചെരിപ്പിൻ്റെ വള്ളി പൊട്ടിയതിനാൽ ഒരു തുണി നാട കൊണ്ട്പൊട്ടിയ ഭാഗം ബന്ധിപ്പിച്ചിരിക്കുന്നു.
എൻ്റെ ഒരു പഴയ സഹപാഠിയുടെ പിതാവാണ് ദാസൂട്ടി. മാത്രമല്ല മുൻപ് ഞങ്ങളുടെ പറമ്പിലെ പണികൾ ദാസൂട്ടിയാണ് ചെയ്തിരുന്നത്…. പിന്നെ ഞാൻ വിദേശത്തേക്ക് പോവുകയായിരുന്നു.
അടുത്ത ദിവസം ജംഗ്ഷനിൽ വച്ച് വീണ്ടും ദാസൂട്ടിയെ കണ്ടു. എൻ്റെ നോട്ടം ചെരിപ്പിലേക്ക് നീണ്ടു. ആ ഏച്ചുകെട്ടിയ ചെരിപ്പുകൾ തന്നെ. ഞാൻ അടുത്തു ചെന്നു. ദാസൂട്ടിക്ക് എന്ന് മനസ്സിലായില്ല. പിന്നെ പറഞ്ഞു പരിചയപ്പെടുത്തേണ്ടിവന്നു. ആളിനെ അറിഞ്ഞപ്പോൾ എൻറെ കയ്യിൽപിടിച്ച് സ്നേഹം പ്രകടിപ്പിച്ചു. ഞാനയാളെ അടുത്ത ചെരിപ്പ് കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി, ഒരു ജോഡി നല്ല ചെരിപ്പുകൾ വാങ്ങി കൊടുത്തു.
പിന്നെ ഞാൻ ദാസൂട്ടിയെ കാണുന്നത് പള്ളിമുറ്റത്ത് വച്ചാണ്. ഞാൻ വാങ്ങിക്കൊടുത്ത ചെരിപ്പുകൾ കാണാനായി ഞാനാ കാലുകളിലേക്ക് നോക്കി. എന്നെ നിരാശനാക്കി കൊണ്ട് ആ പഴയ തുന്നിക്കെട്ടിയ ചെരിപ്പ് തന്നെയാണ് അവിടെ കണ്ടത് .അത് ഉളവാക്കിയ അനിഷ്ടത്തോടെഞാൻ അടുത്തു ചെന്നു .
"ഞാൻ വാങ്ങിത്തന്ന ചെരിപ്പ് എവിടെ?"
എൻ്റെ അധികാര സ്വരം കേട്ട് അയാൾ പുഞ്ചിരിച്ചു.
"അത് ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. മക്കൾ വാങ്ങിത്തന്ന മൂന്നാലെണ്ണം വേറെയുമുണ്ട്."
"പിന്നെന്താ അത് ഇടാത്തത് ?"
"എന്തിനാ എല്ലാംകൂടെ ചീത്തയാക്കുന്നത്. ഇത് പൊട്ടിയിട്ട് ഇടാം .. "
എൻറെ ഉള്ളിൽ പൊട്ടിയ ചിരി ഞാൻ അടക്കി നിർത്തിയില്ല. ആ ചിരിയിൽ അയാളും പങ്കുചേർന്നു.
ദാസൂട്ടി മുറ്റത്തു നിന്ന് ആ ചെരിപ്പുകൾ ഊരി, കളവു പോകാതിരിക്കാൻ ഒരു തൂണിൻ്റെ മറവിലേക്ക് മാറ്റിയിട്ടശേഷം പള്ളിക്കകത്തേക്ക് കയറി.