മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

കുട്ടിക്കാലവും ആ മധുരിക്കുന്ന ഓർമ്മകളും ഇന്നും എന്റെ മനസ്സിനെ ത്രസിപ്പിക്കാറുണ്ട്.കൂടെ ദുഃഖവും തോന്നാറുണ്ട്, ആ മാധുര്യമുള്ള നാളുകൾ ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലല്ലോ എന്നോർത്ത്.

വല്ല്യമ്മച്ചിയുടെ മുണ്ടിന്റെ ഞൊറിയില്‍ പിടിച്ചു പിറകെ നടന്നതും, അമ്മാവൻമാരുടെ പുന്നാര കൺമണിയായി അമ്മ വീട്ടിൽ വളർന്ന ബാല്യവും, മനസ്സിലിന്നും ബാല്യത്തിന്റെ മധുര സ്മരണകളായി അവശേഷിക്കുന്നു. ആ കുട്ടിക്കാലത്തിലേയ്ക്ക് ഒരിക്കല്‍ കൂടെ തിരിഞ്ഞു നടക്കാൻ, ഓര്‍മകളുടെ ലോകത്തു ഒരു കൊച്ചു കുട്ടിയാകാന്‍ ഇന്നും എൻ്റെ മനസ്സു വെമ്പുന്നു.

പ്രകൃതി സുന്ദരമായ വിലങ്ങാട് എന്ന കുടിയേറ്റ ഗ്രാമം. ഗ്രാമത്തിൻ്റെ തിലക കുറിപോലെ ശോഭിച്ചു നില്‍ക്കുന്ന എന്റെ വിദ്യാലയം. സ്നേഹത്തിന്റെയും സഹകരണത്തിന്റെയും കാര്യത്തില്‍ ഏറ്റവും മാതൃക കാട്ടിയ ഗ്രാമവാസികള്‍. മത വിദ്വേഷത്തിന്റെയോ വഞ്ചനയുടെയോ യാതൊരു കറയും പുരളാത്ത കുറെ നല്ല മനുഷ്യരുള്ള നാടായിരുന്നു അത്.

മലയും താഴ് വാരങ്ങളും പുഴയും ചെറിയ തോടുകളും നിറഞ്ഞ ജൈവ സംപുഷ്ടമായ എന്റെ നാട്. ഒരു ചെറിയ കുന്നിൻപുറത്തായിരുന്നു എന്റെ വീട്. വീട്ടില്‍ ചാച്ചനും അമ്മയും ഞാനും എന്റെ സഹോദരങ്ങളും. വീടിൻ്റെ മുറ്റത്ത് ഒരു പനിനീർച്ചെടി .അതിൽ നിറയെ ഭംഗിയും മണവും ഉള്ളപൂക്കൾ .പൂക്കൾ പറിക്കാൻ കൊതിയോടെ അടുത്തു ചെല്ലും .പക്ഷേ ചെടിയിലെ മുള്ളുകൾ ആ ഉദ്യമത്തിൽ നിന്നും എന്നെ പിൻതിരിപ്പിക്കും.
വാടാമുല്ലയിൽ ഒരിക്കലും വാടാത്ത കുഞ്ഞുകുഞ്ഞു പൂക്കൾ. കുട്ടിക്കാലത്തെങ്ങും സുലഭമായ വെന്തിപ്പൂക്കൾ. മുറ്റത്തരികിലായി പാവലും പയറും പടർന്നു കയറിയ പന്തൽ. തൊടിയിലെമ്പാടും കപ്പയും വാഴയും.

സഹോദരങ്ങളുമായി ഇടയ്ക്കിടെ ചെറിയ കാര്യങ്ങള്‍ക്കു പോലും തല്ലു കൂടുന്നതും പിന്നീടുള്ള പിണക്കവും ഇണക്കവും എൻ്റെ ജീവിതത്തിലെ നിത്യസംഭവങ്ങളായിരുന്നു. മൂത്തയാൾ എന്ന പരിഗണന'യിൽ ആവും ഏറ്റവും കൂടുതൽ തല്ല് കിട്ടിയതും എനിക്കു തന്നെയാണ്.

പറമ്പിൻ്റെ അതിർത്തിയിലായി റോഡുവക്കിൽ നിൽക്കുന്ന വലിയ മാവിൽ നല്ല സ്വാദുള്ള മാമ്പഴങ്ങൾ. മലബാറിലെ മാമ്പഴപ്പേരുകൾ കേൾക്കാൻ തന്നെ ഒരു രസമാണ്. മുല്ലക്കരിമാങ്ങ, (മുവാണ്ടൻ്റെ പേരാണേ) കുറുക്കൻ മാങ്ങ, (അതിന് നല്ല പുളിയും പഴുത്താൽ നല്ല മധുരവുമാണ്.)

അക്ഷരമുറ്റത്ത് പിച്ചവെയ്ക്കാൻ പോവുമ്പോൾ പേടിച്ച് വിറച്ച് കരഞ്ഞ് എത്തിയ എൻ്റെ ക്ലാസ് ടീച്ചർ 'വേറോനിക്കാ' ടീച്ചറാണന്നറിഞ്ഞപ്പോൾ ഞാൻ ചങ്കുപൊട്ടിക്കരഞ്ഞതും, കർക്കശക്കാരിയായ ടീച്ചറിനെ സ്വപ്നം കണ്ട് രാത്രികളിൽ നിലവിളിച്ചതും, ഇന്നലെയെന്ന പോലെ ഞാനിന്നും ഓർക്കുന്നു. സ്ക്കൂളിൽ പോകാൻ എനിക്കു മടിയായിരുന്നു. കാരണം വേറോനിക്കാ ടീച്ചറിനോടുള്ള പേടി. സ്ഥിരമായി കരച്ചിലായിരുന്നു എൻ്റെ 'ആയുധം'.

സ്കൂളിൽ എന്നെ കൊണ്ടു പോയിരുന്നതും തിരികെ കൊണ്ടു വന്നിരുന്നതും എൻ്റെ പേരപ്പൻ്റെ മകൾ എൽസി ചേച്ചിയായിരുന്നു. നീണ്ടചുരുളൻ മുടി പിന്നിയിട്ട് ധാവണിയുടുത്ത സുന്ദരി ചേച്ചി. എൻ്റെ 'റോൾ മോഡലായ 'എൽസി ചേച്ചിയെപ്പോലെ വളരുമ്പോൾ ധാവണിയുടുത്ത് മുടി പിന്നിയിട്ടു നടക്കണമെന്നായിരുന്നു അക്കാലത്തെ എൻ്റെ മോഹം.

ഉച്ചയ്ക്ക് എൽസി ചേച്ചിയുടെ ക്ലാസിൽ പോയി അവിടിരുന്നാണ് എൻ്റെ പൊതിച്ചോറ് ഉണ്ണുന്നത്. ചേച്ചിയും കൂട്ടുകാരും ഊണു കഴിഞ്ഞു എണീറ്റു പോയാലും ഞാനെൻ്റെ ചോറ്റുപാത്രത്തിൽ കൈയ്യിട്ട് അവിടിരിക്കും. ബെല്ലടിച്ചാൽ ചേച്ചി ദേഷ്യപ്പെട്ട് 'ഇനി നീ ഉണ്ണണ്ടാ ' എന്നു പറഞ്ഞ് എൻ്റെ ചോറ് എടുത്ത് കളയും. അതിനു മുൻപായി എൻ്റെ ചോറ്റുപാത്രത്തിലെ മീൻ വറുത്തത് ഞാൻ എടുത്ത് വായിലിടും.

സ്കൂളുവിട്ട് പോകുമ്പോഴും ഞാൻ കാരണം ചേച്ചി ആകെ വിഷമിച്ചു.ഒന്നാം ക്ലാസുകാരിയായ ഞാൻ കുന്നുകയറുമ്പോൾ കാൽ വേദനിക്കുന്നു എന്നു പറഞ്ഞ് കരയും. എൻ്റെ സങ്കടം മാറ്റാനായി ചേച്ചി വരുന്ന വഴിക്കുള്ള വലിയ മരത്തിൽ നിന്നും വീണു കിടക്കുന്ന കായ്കൾ (താന്നിയ്ക്ക)കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ച് അതിൻ്റെ പരിപ്പ് തിന്നാൻ തരും. എന്തൊക്കെ കിട്ടിയാലും ഞാൻ നടക്കക്കുകയുമില്ല. എന്നെ വിട്ടിട്ടു പോകാനുമാവാതെ ചേച്ചി എന്നെക്കൊണ്ട്‌ ഏറെ പ്രയാസപ്പെട്ടിട്ടുണ്ട്. എൻ്റെ കരച്ചിലു കൊണ്ട് തന്നെ എനിക്ക് ഒരു പേരു വീണു, 'വ്യാകുലമാതാവ് ' എന്ന്!

കുറച്ചു കാലം കഴിഞ്ഞപ്പോൾ ഞങ്ങളുടെ താമസം മാറി. ഒരു പുഴയുടെ തീരത്തായിരുന്നു വീട്. പുഴയിൽ നിന്നും ചുണ്ടയിട്ട് മീന്‍ പിടിക്കുന്നതും, ഹിപ്പി മുകുന്ദൻ്റെ തെങ്ങിൽ തോപ്പിലൂടെ പശുക്കളെ തീറ്റുന്നതും, കുട്ടുകാരൊത്ത് കളിക്കുന്നതും, കുളിക്കാൻ പോയാൽ മണിക്കൂറുകൾ പുഴയിൽ നീന്തുന്നതും, വൈകി വന്നാൽ ആറ്റുവഞ്ചിയുടെ ചില്ലകൾ കൊണ്ട് കിട്ടുന്ന തല്ലും ആ വേദനയും ,ഇന്നും എന്റെ മനസ്സിന്റെ കോണില്‍ മായാത്ത ചിത്രമായി അവശേഷിക്കുന്നു.

പുതുമഴ പെയ്ത് വെള്ളം പൊങ്ങിയാൽ ചെറിയ തോടുകൾ വഴി മീൻ കയറി കരയിലെ ചെറിയ വെള്ളത്തിലൂടെ പുളഞ്ഞ് നടക്കും. സത്യത്തിൽ ആ മീനുകൾ മുട്ടയിടാൻ പറ്റിയ സുരക്ഷിത താവളം തേടി നടക്കുന്നതാണ്.
'ഊത്തകയറ്റം' എന്നാണ് അതിനു പറയുന്ന പേര്.ഞങ്ങൾ എല്ലാ വർഷവും പുതുവെള്ളത്തിൽ മീൻ പിടിക്കാൻ പോകും. നാട്ടുമ്പുറത്തുകാരുടെ ചാകരക്കാലമാണത്.

ഇത് പോലെ എത്രയോ അനുഭവങ്ങൾ.എത്ര പെട്ടെന്നാണ് ദിവസങ്ങളും വര്‍ഷങ്ങളും ഓടി മറയുന്നത്. ഇനിയും തിരിച്ചു കിട്ടാത്ത എന്റെ ബാല്യത്തോട് എനിക്ക് വല്ലാത്ത പ്രണയമാണ്.മറക്കാത്ത ഓർമ്മകളുമായി എൻ്റെ മനസ്സ് പലപ്പോഴും കുട്ടിക്കാലത്തേക്ക് യാത്ര പോകാറുണ്ട്.എത്ര വലുതായി എന്നു പറഞ്ഞാലും ഓര്‍മ്മയുടെ ലോകത്തു ഞാന്‍ എന്നും ആ കൊച്ചു കുട്ടിയായി മാറുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ