ചില ഓർമ്മകൾ അങ്ങനെയാണ് കാലമേറെ കഴിഞ്ഞാലും നിറം മങ്ങില്ല. ആദ്യ പ്രണയം പോലെ തന്നെയാണ് ആദ്യ ആരാധനയും. ബഥനി L.P school സ്കൂൾ. എന്റെ ആദ്യവിദ്യാലയം. ഒരേ നാട്ടിൽ ജീവിക്കുന്നവർക്ക്
ഏറെകുറെ ഒരേ ചിന്തായാഗതിയുമാവാം. അതിനാലാവാം സൗഹൃദവലയത്തിലെ പ്രധാന കണ്ണികളെല്ലാം ചെറിയ ക്ലാസ്സിൽ കൂടെ പഠിച്ചവരാകുന്നത്. പറഞ്ഞു വന്നത് എന്റെ L.K.G ക്ലാസ്സ് ടീച്ചറെ കുറിച്ചാണ്. പേര് സുമ. മുഴുവൻ പേരെന്താണെന്നറിയില്ല. ഇനി സുമ എന്ന് മാത്രമേ ഉള്ളോയെന്നും അറിയില്ല. ആളൊരു കന്യാസ്ത്രീ ആയിരുന്നു. അതുകൊണ്ട് ഞങ്ങളെല്ലാരും 'സുമ സിസ്റ്റർ' എന്നു വിളിച്ചു.
കുഞ്ഞുങ്ങളുടെ കൂടെ ആടിയും പാടിയും ഒരു കുഞ്ഞായി മാറി കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന സിസ്റ്റർ. എനിക്കെന്തോ ആ സിസ്റ്ററോട് വല്ലാത്തൊരു അടുപ്പമായിരുന്നു. സ്കൂളിൽ വേറെയും സിസ്റ്റർമാർ പഠിപ്പിക്കുന്നുണ്ടാരുന്നു. പക്ഷേ ചിലർ നമ്മുടേ ആരുമല്ലെങ്കിലും ഏറ്റവും വേണ്ടപെട്ടതായി തോന്നില്ലേ. വെറും 4 വയസുള്ള എന്നെ അത്രത്തോളം സ്വാധീനിക്കാൻ എന്ത് പ്രത്യേകതയാണ് സിസ്റ്റർക്ക് ഉണ്ടായിരുന്നതെന്ന് ഇന്നുമെനിക്കറിയില്ല.
ഒരിക്കൽ ഞാൻ സിസ്റ്ററോട് പറഞ്ഞു. "എന്റെ പപ്പാ അടുത്ത ലീവ്ന് വരുമ്പോൾ സിസ്റ്റർനു ഉടുപ്പു തൈപ്പിക്കാൻ തുണി കൊണ്ടുവരാൻ പറയും". ഒരു നിറഞ്ഞ പുഞ്ചിരിയായിരുന്നു മുഖത്ത്. പിന്നെ ഏതൊരു മുതിർന്ന ആൾ സിസ്റ്ററെ കാണാൻ വന്നാലും സിസ്റ്റർ എന്നേ അടുത്തുവിളിച്ചു അവർ കേൾക്കെ ചോദിക്കും. "മോൾടെ പപ്പാ ലീവിന് വരുമ്പോ സിസ്റ്റർക്കെന്താ കൊണ്ട് വരുന്നേ?". "സിസ്റ്റർനു ഉടുപ്പ് തൈപ്പിക്കാൻ തുണി". ഞാൻ നിഷ്കളങ്കമായി പറയും. എന്തിനാണ് എന്നെകൊണ്ട് ഈ വരുന്നവരോടൊക്കെ അക്കാര്യം പറയിക്കുന്നതെന്ന് അന്നെനിക്ക് മനസ്സിലായിരുന്നില്ല. ഇപ്പോളറിയാം ആ കുഞ്ഞുമനസിലെ നിഷ്കളങ്കത സിസ്റ്റർനു കിട്ടിയ ചെറുതല്ലാത്തൊരു അംഗീകാരമായിരുന്നെന്ന്.
പക്ഷേ ഒരു വൈകുന്നേരം സ്കൂൾബസ് കാത്തു വരാന്തയിൽ നിന്ന എന്റെ അടുക്കൽ വന്നു സിസ്റ്റർ പറഞ്ഞു. "ഇനി മോൾടെ പപ്പാ വരുമ്പോ സിസ്റ്റർനു ഉടുപ്പ് തൈപ്പിക്കാൻ തുണി കൊണ്ടുവരണ്ടാന്ന് പറയണം". ഞാൻ കാര്യമറിയാതെ സിസ്റ്ററെ നോക്കി. സിസ്റ്റർ കരയുന്നുണ്ടാരുന്നു. "സിസ്റ്റർനു സ്ഥലമാറ്റം കിട്ടി. സിസ്റ്റർ ഈ സ്കൂളിൽ നിന്നും പോകുവാണ്". കൂടുതലൊന്നും മനസിലായില്ലെങ്കിലും ഇനി സിസ്റ്ററെ കാണാൻ പറ്റില്ലെന്നെനിക്ക് മനസിലായി.
ഞാൻ സിസ്റ്ററെ കെട്ടിപിടിച്ചു ഉച്ചത്തിൽ കരയാൻ തുടങ്ങി. ഞാൻ കരയുമെന്നറിയാവുന്നത് കൊണ്ടാവാം സിസ്റ്റർ അവസാനനിമിഷം മാത്രം എന്നോട് പറഞ്ഞത്. ഞാൻ സ്നേഹിച്ചത് പോലെ സിസ്റ്റർ എന്നെയും സ്നേഹിച്ചിരുന്നു.
ഞാൻ വീട്ടിലെത്തിയിട്ടും കരച്ചിൽ നിർത്തിയില്ല. "എന്റെ സിസ്റ്റർനെ ഇനി കാണാൻ പറ്റില്ലേ... സിസ്റ്ററിനിനി ഉടുപ്പ് തൈപ്പിക്കാൻ തുണി കൊടുക്കാൻ പറ്റില്ലേ"- ന് പറഞ്ഞാരുന്നു കരച്ചിൽ. അമ്മ എന്തൊക്കെയോ പറഞ്ഞെന്നെ ആശ്വസിപ്പിച്ചു. അടുത്ത ദിവസം അമ്മ കൂടെ സ്കൂളിൽ വന്നു. പപ്പാ നേരത്തെ കൊണ്ടു വന്ന കുറച്ചു വെള്ളത്തുണിയും എടുത്തിരുന്നു. പക്ഷേ അത് വാങ്ങാൻ സിസ്റ്റർ വന്നിരുന്നില്ല.
പുതിയ കുഞ്ഞുങ്ങളോടൊപ്പം ആടിയും പാടിയും അവരിലൊരാളായി അവരെ പഠിപ്പിക്കാൻ സിസ്റ്റർ പോയിരുന്നു. ഇന്നും എവിടെയേലും കന്യാസ്ത്രീകളെ കാണുമ്പോൾ എന്റെ കണ്ണുകൾ തിരയാറുണ്ട് അതെന്റെ എന്റെ സുമസിസ്റ്റർ ആണോയെന്ന്. വീണ്ടും ഒരു നാല് വയസ്സുകാരിയായിമാറാൻ.