(അനുഷ)
അവധിക്കാലത്ത് അമ്മയുടെ വീട്ടിൽ പോയാൽ പിന്നെ സന്ധ്യ വന്നു എന്നറിയുന്നത് പടിഞ്ഞാറ് ആകാശം ചുവക്കുമ്പോഴാണ്. വീടിനു പുറകിൽ പുഴയിലേക്കുള്ള വഴിയിൽ തിങ്ങി നില്ക്കുന്ന പച്ചക്കാടിനു മുകളിൽ കിളികൾ കൂട്ടിലേക്ക് മടങ്ങിപ്പോകുന്നത് കാണുമ്പോഴാണ്. വീട്ടിൽ കേൾക്കുന്ന പോലെ, പള്ളിയിലെ ബാങ്ക് വിളി ഇവിടെ കേൾക്കില്ല. അതുകൊണ്ട് ബാങ്ക് വിളി കേൾക്കുമ്പോൾ വിളക്ക് വയ്ക്കാൻ സമയമായെന്ന് പറയാനും ഇവിടെ ആളില്ല. ഈ നാട്ടിൽ ഇന്നും പള്ളികൾ ഇല്ലെന്നത് അദ്ഭുതമാണ്. വർഷങ്ങളെത്ര കഴിഞ്ഞിട്ടും മാറ്റങ്ങളില്ലാത്ത ഒരു നാട്.
മുറ്റത്ത് വെളിച്ചം മങ്ങിത്തുടങ്ങുമ്പോൾ അമ്മായി അടുക്കളയിൽ നിന്ന് വിളിച്ചോർമ്മിപ്പിക്കും കളി നിർത്താൻ സമയം ആയെന്ന്. എന്തു കളി ആണെങ്കിലും അപ്പോൾ തന്നെ നിറുത്തിയേ പറ്റൂ. ഇല്ലെങ്കിൽ അമ്മായി പിന്നെ ചീത്ത പറയുന്നത് മുഴുവൻ കുട്ടേട്ടനെ ആയിരിക്കും. സന്ധ്യ ആയാൽ പുഴയിലേക്കുള്ള വഴിയിൽ ഇരുട്ട് കട്ട പിടിക്കും. ഇഴജന്തുക്കൾ ഉണ്ടെങ്കിൽ കാണില്ല. ഞങ്ങളെ ഒറ്റയ്ക്ക് പുഴയിലേക്ക് പോവാൻ സമ്മതിക്കാത്തതു കൊണ്ട് താഴെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൻ കരയിൽ ആണ് വൈകുന്നേരത്തെ കുളി. വീടിന്റെ അടുക്കളമുറ്റത്ത് ഒരു കുളിമുറി ഉണ്ടെങ്കിലും അതിൽ ആരെങ്കിലും കുളിക്കുന്നത് ഞാനന്നു വരെ കണ്ടിരുന്നില്ല. വാതിൽ പിടിപ്പിച്ചിട്ടില്ലാത്ത ആ കുളിമുറി ഉപയോഗിച്ചിരുന്നത്, പറമ്പിൽ പഴുത്ത് വീഴുന്ന അടയ്ക്കകളും മറ്റു ചിലപ്പോൾ അടുക്കളയിലേക്ക് ആവശ്യം ഉള്ള ഉണക്ക തേങ്ങകളും കൂട്ടിയിട്ട് സൂക്ഷിക്കാനാണ്.
കിണറ്റിൻ കരയിലെ കുളി കഴിഞ്ഞ് ഈറൻ തോർത്തും ഉടുത്ത് വരുന്ന ഞങ്ങൾക്ക് അമ്മ വേറെ ഉടുപ്പെടുത്ത് തരും. ചെളി പറ്റാത്ത ആ ഉടുപ്പിട്ട് നാമം ചൊല്ലാൻ ഉമ്മറത്തേക്ക് ചെല്ലുമ്പോൾ കുട്ടേട്ടൻ ആണ് ഭസ്മം തൊട്ടു തരുന്നത്. കോലായയിൽ നിലവിളക്കിന് ചുറ്റും ഇരുന്ന് ഞങ്ങൾ നാമം ചൊല്ലും. കുട്ടേട്ടനോ അല്ലെങ്കിൽ വല്യേട്ടനോ ചൊല്ലിത്തരും. ഞങ്ങൾ ഏറ്റു ചൊല്ലും. സിനി ചേച്ചി അപ്പോൾ പൂജാമുറിയിലെ ദൈവങ്ങൾക്കു മുൻപിലെ വിളക്കും തെളിയിച്ച് അമ്മമ്മയുടെയും അമ്മച്ഛന്റെയും, മാലയിട്ട ചില്ലു ഫോട്ടോയ്ക്ക് താഴെയുള്ള മിന്നിക്കത്തുന്ന ഓറഞ്ച് ബൾബും കത്തിച്ച് അടുക്കളയിലേക്ക് നടന്നിട്ടുണ്ടാവും. നാമജപം കഴിഞ്ഞ് എണീക്കുമ്പോൾ ചമ്രം പടിഞ്ഞിരുന്ന കാലൊക്കെ മരവിച്ചിട്ടുണ്ടാവും. തരിപ്പ് മാറാൻ ഒരു നൂൽ നനച്ച് കാലിൽ ഇട്ടാൽ മതീന്ന് ആണ് കുട്ടേട്ടൻ പറയാറ്. എന്നാലും ഞാൻ ഇങ്ങനെ തുള്ളി തുള്ളി നടക്കും. ഏതാണ്ട് ആ സമയത്ത് ചുമരിലെ ക്ലോക്കിലെ പെൻഡുലം ഒന്ന് ആടും. ആറര മണിയെ സൂചിപ്പിച്ചു കൊണ്ട്. ഒരു പെട്ടി ക്ലോക്ക് ആണ് അത്. ചാവി കൊടുക്കുന്ന ക്ലോക്ക്. നീല നിറത്തിൽ വെളുത്ത അക്കങ്ങളും വെളുത്ത സൂചികളും നീണ്ട പെൻഡുലവും ചില്ലു വാതിലും. അമ്മമ്മയുടെയും അമ്മച്ഛന്റെയും ഫോട്ടോയുടെ ഇടതു ഭാഗത്തായി ഒരു വലിയ ചില്ലിട്ട പടം ഉണ്ട്. അത് രാജീവ് ഗാന്ധിയാണെന്ന് അമ്മ പറഞ്ഞു. നീലയും വെള്ളയും നിറമുള്ള ആ ഫോട്ടോയുടെ ചില്ലിൽ നിലവിളക്കിന്റെ വെളിച്ചം പ്രതിബിംബിക്കുന്നത് നോക്കി ഞാൻ നില്ക്കും.
അമ്മയും അമ്മായിയും അടുക്കളയിലേക്ക് വിളിക്കുമ്പോൾ പിന്നെ ഒരോട്ടമാണ്. എന്റെ ഓട്ടം കേൾക്കുമ്പഴേ വീട്ടിനകത്ത് കോണിച്ചുവട്ടിലും ഇരുട്ടുമുറിയുടെ വാതില്ക്കലും ഒക്കെയായി സ്വൈര്യവിഹാരം നടത്തിക്കൊണ്ടിരിക്കുന്ന പൂച്ചക്കുഞ്ഞുങ്ങളെല്ലാം പേടിച്ച് ഓരോ മൂലകളിലേക്ക് ഒതുങ്ങും.വൈകുന്നേരത്തെ കളിയ്ക്കും നാമജപത്തിനും ഇടയിൽ മറന്നു പോയ വിശപ്പ് അപ്പോഴാവും തല പൊക്കി തുടങ്ങുക. വേനല്ക്കാലമാണെങ്കിൽ, ഇഷ്ടം പോലെ ചക്കയും മാങ്ങയും കിട്ടുന്ന കാലമാണ്. അമ്മയും സിനിച്ചേച്ചിയും അടുക്കള കോലായയിൽ ചാണകം മെഴുകിയ തറയിൽ മരപ്പലകയിൽ ഇരുന്ന് കൊണ്ട് ചക്കച്ചുളകൾ എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ടു തരും. അടുക്കളച്ചുമരിനോട് ചേർത്ത് ചെരിച്ചു കിടത്തി വച്ച, ഉരലിൽ കയറിയിരുന്ന് അവയോരോന്നായി ഞാൻ തിന്നു തുടങ്ങും. മരം കൊണ്ടുണ്ടാക്കിയ ആ ഉരലായിരുന്നു എന്റെ സ്ഥിരം ഇരിപ്പിടം. ഉരലിന്റെ മുകളിൽ കയറി ഇരിക്കാൻ പാടില്ലെന്ന് ആരൊക്കെ ശാസിച്ചാലും ഞാൻ അതൊന്നും കൂട്ടാക്കാൻ തയ്യാറായിരുന്നില്ല. അതായിരുന്നു എന്റെ സിംഹാസനം.
ചക്ക മാത്രമായിരുന്നില്ല. ചിലപ്പോൾ നല്ല നിലക്കടല ചേർത്തു വറുത്തു പൊടിച്ച അരിപ്പൊടി. മറ്റു ചിലപ്പോൾ അടുപ്പിലെ കനലിലിട്ടു വേവിച്ച ചക്കക്കുരുവും പറങ്കിയണ്ടിയും പഴുത്ത മാങ്ങയും. അല്ലെങ്കിൽ ആത്തച്ചക്കയെന്ന് അമ്മ വീട്ടുകാരും, കുറ്റിച്ചക്കയെന്ന് നാട്ടിലെ ഞങ്ങളുടെ അയല്ക്കാരും പറഞ്ഞിരുന്ന പഴവും അവിടെ സുലഭമായിരുന്നു. അതായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടവും. വെളുത്ത് ഐസ്ക്രീം പോലുള്ള കാമ്പ് കഴിക്കുമ്പോൾ വായിൽ കുടുങ്ങുന്ന കറുത്ത വിത്തുകളെ ഞാൻ അടുക്കള കോലായയിലെ എന്റെ സിംഹാസനത്തിലിരുന്ന് പുറത്തേക്ക് നീട്ടിത്തുപ്പി. ചുമരിനോട് ചേർത്തു വച്ച ആ ഉരൽ ഉരുണ്ടു പോവാതിരിക്കാൻ, അമ്മായി രണ്ട് ചിരട്ടകൾ ചേർത്തു വയ്ക്കുമായിരുന്നു. ഏതോ ഒരു ദിവസം സന്ധ്യയ്ക്ക്, ഇരിപ്പിനിടയിലെ എന്റെ അഭ്യാസം കാരണം ചിരട്ട തെറിച്ചു പോവുകയും ചെരിച്ചു കിടത്തിയ ഉരൽ അങ്ങ് ഉരുണ്ട് പോവുകയും ചെയ്തു. ചുമരിനിട്ട് തല ഇടിച്ച്, ഞാൻ ദാ കിടക്കുന്നു താഴെ. അമ്മയോട് തല്ലു കിട്ടിയതിൽ ആയിരുന്നില്ല അന്നത്തെ ആ കരച്ചിൽ. എന്റെ അഭിമാനത്തിന് വളരെ ചെറുപ്പത്തിൽ തന്നെ ഏറ്റ ഒരു ക്ഷതം ആയിരുന്നു അത്. അതെന്റെ തലയുടെ പിൻഭാഗത്ത് മുഴച്ചു തന്നെ നിന്നു, കുറേ നാളത്തേക്ക്.