മഹാമാരി തുടങ്ങിയ ശേഷം ക്ലാസ്സുകളെല്ലാം ഇപ്പോൾ ഓൺ ലൈനാണല്ലൊ. സുഹൃത്തായ ഒരു സഹാദ്ധ്യാപികയുടെ ഓൺലൈൻ ക്ലാസ്സനുഭവമാണ് കുറിക്കുന്നത്. ഏഴാം ക്ലാസ്സിലെ അദ്ധ്യാപികയായ
സുഹൃത്ത് ഓൺലൈനിൽക്കൂടി ഇംഗ്ലീഷ് റീഡർ പഠിപ്പിക്കുകയായിരുന്നു. വാട്സപ്പ് ഗ്രൂപ്പുവഴി രാത്രിയിലായിരുന്നു അദ്ധ്യയനം. വീഡിയോ ക്ലിപ്പുകൾ വഴിയും ,വോയ്സ് മെസേജുകൾ വഴിയും പാoഭാഗം നന്നായി വിശദീകരിച്ച ശേഷം അവർ ചോദ്യോത്തരങ്ങളിലേക്കു കടന്നു. ഓൺലൈൻ വഴിയുള്ള പoനത്തിന് ഏറ്റവും അഭികാമ്യമായൊരു മെത്തേഡാണല്ലൊ ചോദ്യോത്തര രീതി.
ടീച്ചർ പാo ഭാഗത്തെ ആസ്പദമാക്കിയുള്ള കുറച്ചു ചോദ്യങ്ങൾ ഗ്രൂപ്പിലേക്കയച്ചു. കുട്ടികൾ ഓരോരുത്തരായി ഉത്തരങ്ങളും എഴുതിയിടാൻ തുടങ്ങി.അവസാനത്തെ കുട്ടിയുടെ ഉത്തരങ്ങളും ലഭിച്ചശേഷം ടീച്ചർവേയ്സ് മെസേജുകൾ വഴി ഓരോരുത്തരുടേയും ഉത്തരങ്ങൾ വിശകലനം ചെയ്യാനാരംഭിച്ചു. ഒന്നു രണ്ടു കുട്ടികളുടെ ഉത്തരങ്ങളുടെ വിശകലനത്തിനു ശേഷം, പിന്നീട് ടീച്ചറിൻ്റേതായി ഒരു സന്ദേശവും ഗ്രൂപ്പിലേക്ക് വരാതായി. എന്തെങ്കിലും ടെക്നിക്കൽ പ്രശ്നമാകാമെന്ന് നിനച്ച് കുട്ടികൾ കാത്തിരുന്നു.എന്നാൽ സമയം അധികരിച്ചിട്ടും ടീച്ചറുടെ യാതൊരനക്കവുമില്ല. ടീച്ചർ മിണ്ടുന്നില്ല! എന്തു സംഭവിച്ചെന്ന് അറിയാതെ കുട്ടികൾ പരിഭ്രാന്തരായി. ടീച്ചറുടെ നമ്പരിലേക്ക് മെസേജുകൾ പ്രവഹിച്ചു. "ടീച്ചറേ ... ടീച്ചറു പോയോ?" ",ടീച്ചറെന്താ മിണ്ടാത്തെ "? "ടീച്ചറ് ഒറങ്ങിപ്പോയോ?"നിഷ്കളങ്ക മായ ആ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതായപ്പോൾ ഒരു മിടുക്കൻ ടീച്ചറിൻ്റെ നമ്പരിലേക്കു വിളിച്ചു. കുറച്ചു നേരത്തെ ബെല്ലടിക്കു ശേഷം ടീച്ചർ ഫോണെടുത്തു?"ഹലോ ടീച്ചറേ ഇതു ഞാനാ ഏഴ് ബിയിലെ ഹരി, ടീച്ചറെന്താ ക്ലാസ്സീന്ന് പൊയ്ക്കളഞ്ഞേ?" " ങ്ഹാ മോനായിരുന്നോ? ടീച്ചറ് പോയതൊന്നുമല്ല മോനേ ,രാവിലേ മുതൽ പല ക്ലാസ്സുകളിലായി ഓൺലൈനിലല്ലാരുന്നോ? .... ഡെയ്ലി ഡാറ്റാ തീർന്നു പോയി!നാളെ പുതിയ ഡാറ്റാ വന്നിട്ടേ ഇനി ക്ലാസ്സ് തുടരാൻ പറ്റൂ ,മോനെല്ലാരോടും പറഞ്ഞേക്കണേ ..." ടീച്ചർ പ്രതിവചിച്ചു.
സർക്കാർ നിർദ്ദേശം വരുന്നതിനു മുമ്പുതന്നെ ഇതുപോലെ ഓൺലൈനായി ക്ലാസ്സുകൾ മിക്ക സ്കൂളുകളിലും ആരംഭിച്ചിരുന്നു. അതിനിടയിൽ ഇത്തരം ചില തമാശകളും .