മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കഥാപാത്രങ്ങൾ:  അച്ഛേമ, മുത്തശ്ശൻ, എളേച്ഛൻ,  എളേമ്മ, അമ്മു, ചന്ദ്രൻ, രാശേട്ട, ഭൂതഗണങ്ങൾ.

കിർണീ..... ബെല്ലടിച്ചില്ല  തിരശീല പൊങ്ങിയില്ല.  ഉച്ചഭാഷിണിയിൽ അനൗൺസ്‌മെന്റ് വന്നില്ല. നാടകം തുടങ്ങുന്നു. 

അച്ഛേമ അടുപ്പിൽ വെച്ച കൽച്ചട്ടിയിൽ തിളക്കുന്ന മാങ്ങാപ്പഴ പുളിശ്ശേരി വലത്തേ കയ്യിലിൽ ഉള്ള ചിരട്ട കയിലിൽ സ്വല്പം കോരിയെടുത്ത്‌ ഇടത്തെ ഉള്ളം കയ്യിലേക്കൊഴിച്ചു. ചൂടാറുവാൻ രണ്ടു വട്ടം "ഫൂ ഫൂ" എന്നൂതി ഒരുതുള്ളി പോലും പുറത്തു പോകാതെ നാവിലെത്തിച്ചു. വീട്ടിലെ മനുഷ്യരൊഴിച്ചുള്ള ഭൂമിയിലെ അവകാശികളുമായി സൊറ പറഞ്ഞു സമയം നീക്കുന്ന പഴയ സിംഹത്തിനു കൂട്ടാനിൽ ഉപ്പു കുറച്ചേ കൊടുക്കൂ. അല്ലെങ്കിൽ ബി.പി കൂടി മ്ലേച്ച മലയാളത്തിന് കടുപ്പം കൂടും. ഉപ്പ്‌, മധുരം, പുളി, എരുവ് എല്ലാം വിചാരിച്ച പോലെ തന്നെ. മനസ്സിൽ "അമ്പടി ഞാനേ" ന്ന് പറഞ്ഞു പുളിശേരി അടുപ്പിൽ നിന്ന് വാങ്ങി അടുത്തുള്ള കറുകറുത്ത കയർ തെരുക്കിന്‌ മേലെ വെച്ച് ഒരു കിണ്ണവും കവുത്തി. ഇനി ഉപ്പേരിക്കുള്ള പണി നോക്കണം. ചക്കക്കുരു ഉണ്ട്. രണ്ടു ദിവസം തുടച്ചയായി ചക്ക കൂട്ടാൻ കൂട്ടി ഇനി ചക്കക്കുരു  ഉപ്പേരി കൂടിയായാൽ ബക്കിയുള്ളവര്ക്ക് കുരു പൊട്ടുമെന്നറിയാം. ബട്ട് നോ അദർ ചോയ്സ്. ചക്കക്കുരു വെച്ച പാത്രമെടുത്ത്‌ നടക്കുമ്പോൾ സുന്ദരി പൂച്ച ഐ ലവ് യു എന്ന് പറഞ്ഞു കൊണ്ട് വാലും പൊക്കി നടക്കുന്നുണ്ടായിരുന്നു. സുന്ദരിയൊഴിച്ചു വേറെ ആരും ചുറ്റുവട്ടത്തൊന്നുമില്ല. 

പിന്നെ, അയ്യോ...ഓടിവരണേ..ഞാൻ വീണുവോ..ന്നുള്ള അച്ഛേയുടെ ദീന രോദനവും കേട്ട് ഓടിയെത്തിയ മുത്തശ്ശന്നെ കൂടാതുള്ളവർ കണ്ടത് ചിതറി തെറിച്ച ചക്കകുരുക്കൾക്കു നടുവിൽ പ്ലാവിൻ തുഞ്ചത്തു നിന്നും വീണ ചക്കപ്പഴം പോലെ നിലത്തു മലന്നു  കിടക്കുന്ന അച്ഛേമയെയാണ്. വേദന കൊണ്ട് അടി കിട്ടിയ പാമ്പിനെപ്പോലെ പുളയുകയും കണ്ണിൽ നിന്ന് പ്രളയത്തിൽ ഡാമു കവിഞ്ഞു വെള്ളം വരുന്നതുപോലെ കണ്ണീരും വരുന്നുണ്ട്. ലീലയമ്മ വേഗം പോയി മുത്തശ്ശന്റെ പോത്തുംപാടം എണ്ണ കൊണ്ടുവന്ന്‌ ചക്കപ്പഴത്തിനെ ചോറ് വാർക്കാൻ വയ്ക്കുന്ന തിട്ടിൽ പിടിച്ചിരുത്തി മുട്ടുംകാല് തൊട്ടു താഴോട്ട് അമർത്തി ഉഴിയാൻ തുടങ്ങി. പേടിച്ചു വിറച്ച ലീലയമ്മക്ക് എന്തിനൊക്കെയോ മുട്ടിയപ്പോൾ അമ്മു  ഉഴിച്ചിൽ ഏറ്റെടുത്തു. വിവരമറിഞ്ഞ സിംഹം ഗർജ്ജിച്ചു തുടങ്ങി. ബഹളം കേട്ടെത്തിയ ബാബു നായ അയ്യോ..ന്നു ഓളിയിട്ടു ദുഃഖം രേഖപ്പെടുത്തി. രാജിയെളേച്ഛൻ സൈക് കിളെടുത്തു ടാക്സി വിളിക്കാൻ പുറപ്പെട്ടു.

കർട്ടൻ ....

രംഗം രണ്ട്

അച്ഛേമ കുടത്തിൽ വെള്ളവുമായി കിണറ്റിൻ പള്ളയിൽ നിന്നും അടുക്കളയിലേക്കുള്ള പതിനെട്ടാംപടി ചവിട്ടാൻ കല്ലും മുള്ളും കാലിക്കു മെത്ത എന്ന മുദ്രാ വാക്യം വിളിയുമായി നടന്നടുക്കുന്നു. ഗുണ്ട് മൂച്ചി ചുവട്ടിൽ വിറകടുക്കിയതിനു സമീപം എത്തിയതും "അയ്യോ ...പാമ്പ്" എന്ന് വലിയ വായിൽ വിളിച്ചു കൂവി. എച്ചു മുത്തിയുടെ വീട്ടിൽ കിണറുകുത്തുന്ന തെണ്ടമുത്ത ചാരൻ മായപ്പന്റെ അനിയൻ ചന്ദ്രനെയും ഭൂതഗണങ്ങളെയും വിളിച്ചുകൂട്ടി. ഉഗ്രവിഷ ജാതിയും ഒരാൾ നീളവും ഉള്ള സാധനമാണെന്ന്‌ എല്ലാവരെയും ധരിപ്പിച്ചു. സംഘം വടിയും കുന്തവുമായി വിറകുകൾ മാറ്റി സാധനത്തെ തപ്പി. വിറകുകൾ അവിടെ തന്നെ ഇടേണ്ടേന്നും  പടി മുകളിലുള്ള വിറകു തൊട്ടിയിൽ ഇടാനും അച്ഛേമ കല്പിച്ചു. തപാലാപ്പീസിൽ നിന്നും നാണ്വാരുടെ കത്ത് കാർഡുമായി വന്ന രാശേട്ട പാമ്പിനെ കൊല്ലാൻ  ഒലക്കയുമായി സ്റ്റപ്പെടുത്തു നിന്നു. പത്തു മിനിട്ടു കൊണ്ട് യുദ്ധ കാലാടിസ്ഥാത്തിൽ  വിയർത്തു കുളിച്ച് വിറകൊക്കെ മാറ്റിക്കഴിഞ്ഞിട്ടും പാമ്പിനെ കാണാതെ സംഘം രണ്ടു താങ്ക്‌സും വാങ്ങി ഭഗ്നാശരായി കിണറു കുത്താൻ പോയി. അച്ഛേമ രണ്ടു മിനിറ്റു അവിടെ തന്നെ നിന്നിട്ട്‌ "അമ്പടി ഞാനേ" ന്നും പറഞ്ഞു പതിനെട്ടാം പടി കയറി. 

കർട്ടൻ..

ബിഹൈൻഡ് ദി സീൻ..

ഈ രണ്ടു സംഭവങ്ങളും നടന്നത് രണ്ടു വർഷത്തെ വിഡ്ഢി ദിനങ്ങളിലായിരുന്നത്രെ. ഏപ്രിൽ ഫൂളിനെ കുറിച്ചുള്ള സമഗ്ര ചർച്ചകൾ നടന്നു കൊണ്ടിരുന്ന രണ്ട്‌ അസരങ്ങൾക്കിടയിലാണ് ഈ 
നടകങ്ങൾ അരങ്ങേറിയത് എന്ന വസ്തുത എടുത്തു പറയേണ്ടതും അച്ഛേമയുടെ അഭിനയ പാടവം വിളിച്ചറിയിക്കുന്നതുമാണ്. ആദ്യ സംഭവത്തിൽ നിലത്തു സുന്ദരി പൂച്ച തട്ടിക്കളിച്ചിരുന്ന ചക്ക കുരുവിൽ കാൽ നിരങ്ങി സ്കെയ്റ്റ് ചെയ്തു താരം നിലംപതിച്ചതാണെന്നും, വീണേടം വിദ്യയാക്കിയതാണെന്നും ചിലർ പറഞ്ഞു നടക്കുന്നുണ്ട്.  എനി ഹൌ, സംഭവം കേട്ടറിഞ്ഞ ഡ്രൈവർ ശശി പൊറാട്ടം കളി മത്സരം  ഉത്ഘാടനത്തിനു അയിലൂരിൽ വന്ന ലോഹിയോട് താരത്തെ പറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അടുത്ത സിനിമയിൽ തരക്കേടില്ലാത്ത ഒരു റോൾ അദ്ദേഹം ഓഫർ ചെയ്‌തെന്നും താരം സ്നേഹപൂർവ്വം "പാം പറ" എന്ന് പാഞ്ഞു ഓഫർ നിരസിച്ചുവെന്നും തോട്ടശ്ശേരിക്കാർ പറയുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ