(Sohan KP)
തിരക്കേറിയ ട്രാഫിക് ജംഗ്ഷനില്‍ എത്തിയ വാഹനങ്ങള്‍, നിശ്ചലമായി. ഇനി കാല്‍നടക്കാര്‍ക്ക് മുറിച്ചു കടക്കാനുള്ള ഊഴമാണ്.
കാത്തു നിന്ന വ്യദ്ധന്‍ മെല്ലെ, നടക്കാന്‍ ആരംഭിച്ചു. ഒരു കൈയ്യില്‍ വാക്കിംഗ് സ്റ്റിക്കും മറുകൈയ്യില്‍ അല്‍പ്പം ഭാരമുള്ള സഞ്ചിയുമായി അയാള്‍ റോഡ് കുറുകെ കടക്കാന്‍ ആരംഭിച്ചു. സമയം തീര്‍ന്ന് വണ്ടികള്‍ പോകുന്നതിന് മുന്‍പ് മുറിച്ചു കടക്കാന്‍ കഴിയുമോ എന്നൊരു ചിന്തയും അമ്പരപ്പും അയാളുടെ മുഖത്ത് വായിച്ചെടുക്കാമായിരുന്നു.
പെട്ടെന്നാണതു സംഭവിച്ചത്. വ്യദ്ധന്‍ടെ സഞ്ചി നിലത്ത് വീണു. തക്കാളിയും വെണ്ടയ്ക്കയും മറ്റു പച്ചക്കറികളും റോഡില്‍ ചിതറി വീണു. അയാള്‍ ഒന്നമ്പരന്നു. കുറച്ച് പച്ചക്കറി സഞ്ചിയില്‍ തിരികെയിടാന്‍ ശ്രമിച്ചു. സമയം തീരുന്നതിനു മുന്‍പ് തനിക്കതിനു കഴിയില്ലെന്നു ബോധ്യമായപ്പോള്‍ അയാള്‍ ആ വിഫലശ്രമം ഉപേക്ഷിച്ചു മുന്നോട്ടു നീങ്ങി.
ഈ സമയം മുന്‍പിലുള്ള കാറിലും ബൈക്കിലും മറ്റു വാഹനങ്ങളിലും ഇരുന്ന് പലരും അതു കാണുന്നുണ്ടായിരുന്നു. ഒന്നു സംശയിച്ചിട്ടാണെങ്കിലും താമസമുണ്ടായില്ല.
അവരില്‍ ഒട്ടുമുക്കാലും പേര്‍ വാഹനങ്ങളില്‍ നിന്നും ഓടിയിറങ്ങി വന്നു. തിരക്കിട്ട് പച്ചക്കറികള്‍ പെറുക്കി സഞ്ചിയില്‍ ശേഖരിച്ച് വ്യദ്ധനു നല്‍കി.
അപ്പോഴേക്കും അയാള്‍ തെരുവിന് മറുവശത്തെത്തിയിരുന്നു. സന്തോഷം കൊണ്ട് എല്ലാവര്‍ക്കും നേരെ കൈകള്‍ ഉയര്‍ത്തി വീശി നന്ദി പ്രകടിപ്പിച്ചു.
ഇതെല്ലാം കണ്ട് നിശ്ചലനായിപ്പോയ ട്രാഫിക് പോലീസുകാരന്‍ ഒരു പുഞ്ചിരിയോടെ കൈ വീശി.
വീണ്ടും റോഡില്‍ വാഹനത്തിരക്ക് ആരംഭിച്ചു.