മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(ഷൈലാ ബാബു)

ഒരു മലയോര ഗ്രാമത്തിലായിരുന്നു ഞാൻ ജനിച്ചതും വളർന്നതും. മദ്ധ്യവേനലവധിക്കാലത്ത് ഞങ്ങൾ കുട്ടികൾ, മാങ്ങ പറിച്ചും കശുവണ്ടി പെറുക്കിയും തോട്ടിൽ കുളിച്ചും മറ്റും നടന്ന കാലം! കൊഴിഞ്ഞു പോയ ആ മാമ്പഴക്കാലത്തിന്റെ ഹൃദ്യമായ ഓർമകൾ ഇന്നും മായാതെ മനസ്സിൽ തങ്ങി നിൽക്കുന്നു.

അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ സുമിത്രയെന്നു പേരുള്ള ഒരു സ്വാമിജി കുടുംബമായി താമസിക്കുന്നുണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെയും വൈകിട്ടും പൂജാകർമങ്ങളും മറ്റുമായി കഴിഞ്ഞിരുന്ന അവർ വളരെ പെട്ടെന്നു തന്നെ നാട്ടുകാർക്കിടയിൽ മാനിക്കപ്പെട്ടു. പനി, തലവേദന, വയറുവേദന, ഛർദി, ശരീര വേദന തുടങ്ങിയ ചെറിയ ചെറിയ അസുഖങ്ങൾ എല്ലാം തന്നെ അവർ കുടിക്കാൻ കൊടുക്കുന്ന ഒരു പ്രത്യേക തരം വെള്ളത്തിന്റെ ശക്തിയാൽ മാറുമായിരുന്നു. അതിനാൽ നിത്യവും രാവിലെയും വൈകിട്ടും ഭക്തജനങ്ങൾ അവരുടെ ആവശ്യങ്ങളുമായി വന്നു പോയിക്കൊണ്ടിരുന്നു.

എന്റെ അമ്മയുടെ കൂടെ ജോലി ചെയ്തിരുന്ന ഒരു ടീച്ചറിൽ നിന്നുമാണ് രോഗസൗഖ്യത്തിനായി സ്വാമിജി കൊടുക്കുന്ന മരുന്നു വെള്ളത്തെപ്പറ്റി അറിയാൻ കഴിഞ്ഞത്. ദൈവങ്ങളുടെയെല്ലാം പടങ്ങൾക്കുമുന്നിൽ ഏഴുതിരിയിട്ട നിലവിളക്കുകത്തിച്ചു, ചന്ദനത്തിരി കൊളുത്തി, മണികിലുക്കിയുള്ള പൂജകളും മറ്റും നടത്തി യതിനു ശേഷം ഒരു തളികയിൽ വെള്ളത്തിലിട്ടു വച്ചിരിക്കുന്ന ഒരു തരം അത്ഭുത അപ്പത്തിൽ നിന്നും ഊറിവരുന്ന വെള്ളം ആണ് ഭക്തജനങ്ങൾക്ക് സകലത്തിനും മരുന്നായി കൊടുത്തു കൊണ്ടിരിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും ഈ അപ്പം പ്രസവിക്കുമത്രേ. ഉണ്ടായിരുന്ന പഴയ അപ്പത്തിന്റെ മുകളിലായി അതേ വലിപ്പത്തിൽ ഒരു പുതിയ അപ്പം കൂടി ഉണ്ടാകുമായിരുന്നത്രേ. പുതുതായി ഉണ്ടാകുന്ന അപ്പം, എല്ലാ ദിവസവും നേരം പുലരുന്നതിനു മുൻപു തന്നെ പുഴയിലോ തോട്ടിലോ കൊണ്ടുപോയി വെള്ളത്തിൽ ഒഴുക്കിക്കളയുമായിരുന്നത്രേ. ഈ അത്ഭുത അപ്പത്തിന്റെ രഹസ്യം എന്തായിരുന്നു എന്ന് ആർക്കും അറിയാൻ കഴിഞ്ഞിരുന്നില്ല. സ്വാമിജിയുടെ പ്രസിദ്ധി നാട്ടിലെങ്ങും പരന്നു. പനിയും തലവേദനയും വന്നപ്പോൾ ഒരു ദിവസം എന്നെയും കൂട്ടി അമ്മ അവരുടെ വീട്ടിൽ  ചെന്നു. പൂജ കഴിഞ്ഞ് കത്തിച്ച കർപ്പൂരവുമായി വെളിയിൽ വന്ന സ്വാമിജിയോട് എന്റെ അസുഖത്തെപ്പറ്റി അമ്മ പറഞ്ഞു. എന്നെ ഒന്നു നോക്കിയിട്ട് പൂജാമുറിയിലേക്കു പോയി അവർ ഒരു സ്‌റ്റീൽ ഗ്ലാസ്സിൽ വെള്ളവുമായി വന്നു. എന്റെ വായിലേക്ക് അവർ ആ വെളളം ഒഴിച്ചു തന്നു. പുളിപ്പു കലർന്ന വെള്ളം അല്പം പ്രയാസത്തോടെ ഞാൻ ഇറക്കി. കുറച്ചു സമയം കഴിഞ്ഞപ്പോൾ പനിയും തലവേദനയും കുറഞ്ഞു. അങ്ങനെ മറ്റു ആളുകളെ പോലെ എനിക്കും അവരിൽ വിശ്വാസം ആയി. വരുന്നവർ കൊടുക്കുന്ന പൈസ കൊണ്ട് അവർ മനോഹരമായ ഒരു വീടു വച്ചു.  പിന്നീട് പല കഥകളും അവരെക്കുറിച്ച് നാട്ടിൽ പരന്നു.  കാൻസർ രോഗം ബാധിച്ചു അവർ മരിച്ചു പോയി എന്ന് കുറേക്കാലങ്ങൾക്കു ശേഷം അറിയാൻ കഴിഞ്ഞു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ