പുസ്തകം : പുസ്തകങ്ങൾക്കും ജീവനുണ്ട് (പി കെ പാറക്കടവ്)
പി കെ പാറക്കടവ് വ്യത്യസ്ത കാലങ്ങളിൽ എഴുതിയ ലേഖനങ്ങളുടെയും ഓർമക്കുറിപ്പുകലുകളുടെയും സമാഹാരണമാണ് പുസ്തകങ്ങൾക്കും ജീവനുണ്ട് എന്ന ഈ പുസ്തകം. ഒപ്പം സാമൂഹികമായ
വിഷയങ്ങളിൽ ആർജവത്തോടെയുള്ള ഇടപെടലിന്റെയും. സാഹിത്യം, ഓർമ, സമകാലികം എനിങ്ങനെ മൂന്നുവിഭാഗമായി തിരിച്ചിട്ടുണ്ട് പുസ്തകത്തിലെ അദ്ധ്യായങ്ങൾ.
മലയാളത്തിന്റെ പ്രമുഖ സാഹിത്യകാരന്മാരെ കുറിച്ചുള്ള ഒരു വിശകലനമാണ് സാഹിത്യം എന്ന ഭാഗത്തുള്ള ഏഴുഅദ്ധ്യായങ്ങൾ. കഥയുടെ കുലപതി ടി പത്മനാഭനെയും, പുനത്തിൽ കുഞ്ഞബ്ദുള്ളയെയും ഒ വി വിജയനെയും, യു എ ഖാദറിനെയും അടക്കമുള്ള സാഹിത്യകാരന്മാരെ പാറക്കടവ് പഠനവിധേയമാക്കുന്നുണ്ട് സാഹിത്യത്തിൽ. എന്നാൽ ഓർമ എന്ന ഭാഗത്ത് മേല്പറഞ്ഞ സാഹിത്യകാരന്മാരോടൊപ്പം യാത്രചെയ്തതും സഹവസിച്ചതും അടക്കമുള്ള ഓർമകളാണ് എഴുത്തുകാരൻ രേഖപ്പെടുത്തിയിട്ടുള്ളത്. ധിക്കാരിയായ കഥാകാരൻ ടി പത്മനാഭനെ അടുത്തറിഞ്ഞപ്പോൾ കൂടെ സഹവാസിച്ചപ്പോൾ സസ്യാഹാരിയായ കഥാകാരൻ തനിക്ക് വേണ്ടി മാത്രം മാംസാഹാരം ഓർഡർ ചെയ്തതടക്കമുള്ള കാര്യങ്ങൾ പാറക്കടവ് ഓർമയിൽ ഉൾപെടുത്തിയിട്ടുണ്ട്.
സമകാലികം എന്ന ശീർഷകത്തിൽ പാറക്കടവ് വളരെ വ്യക്തമായിതന്നെ രാഷ്ട്രീയകയ്യാം കളികളെ സമൂഹത്തിന് മുന്നിൽ തുറന്ന് കാണിക്കുകയും അതിന്റെ ഇരകൾ അനുഭവിക്കുന്ന പീഡനങ്ങളും ഭവിഷത്തുകളും വ്യക്തമായി കോറിയിടുന്നുണ്ട്. സ്വന്തം ജന്മനാട്ടിലെ കുട്ടിക്കാലം ഓർത്തെടുക്കുന്നതോടൊപ്പം ഇന്ന് രാഷ്ട്രീയപാർട്ടികൾ ചേർന്ന് കൊലക്കളമാക്കി മാറ്റിയ നാദാപുരത്തിന്റെ ദയനീയമായ അവസ്ഥ നിയന്ത്രിക്കാൻ വേണ്ടി സമകാലികത്തിൽ ആദ്യ അദ്ധ്യായം 'സി പി എം -ലീഗ് നേതാക്കൾ അറിയാൻ' എന്ന തലക്കെട്ടിൽ നേതാക്കളെ ഉണർത്തുവാൻ വേണ്ടിയുള്ളതാണ്.
അതുപോലെതന്നെ കേന്ദ്ര ഭരണകൂടം നടത്തുന്ന ന്യൂനപക്ഷ വേട്ടയും, നോട്ട് നിരോധനം പോലുള്ള കിരാത നടപടികളുടെ ആഗാതങ്ങളും, നെറികേടിനെതിരെ വിരലനക്കിയവരെ കൊന്നുതള്ളിയതും, തങ്ങൾക്കെതിരെ വിരൽ ചൂണ്ടാൻ ഭയം ഉണ്ടാക്കുന്ന രീതിയിൽ ജനങ്ങളെ ആക്കിത്തീർക്കുന്ന ഫാഷിസ അജണ്ട വെളിച്ചത്തിൽ കൊണ്ടുവരുന്നതോടൊപ്പം, ഡൽഹി, ജെ എൻ യു തുടങ്ങിയ സർവകലാശാലകളിലെ വിദ്യാർത്ഥികൾ ഫാഷിസഅജണ്ടകൾക്കെതിരെ, ഹിന്ദുരാഷ്ട്ര വാദത്തിനെതിരെ ശബ്ദിച്ചപ്പോൾ മൗനിയായി നിന്ന പ്രബുദ്ധ കേരളത്തിലെ വിദ്യാർത്ഥികളെ (സർവകലാശാലകളെ) കഠിനമായി വിമർശിക്കുന്നുമുണ്ട്.
ഭരണകൂടഭീകരതക്കെതിരെ സാഹിത്യപുരസ്കാരങ്ങൾ തിരിച്ചേൽപ്പിച്ച് പ്രതിഷേധിക്കുന്ന എഴുത്തുകാരെ കൊഞ്ഞനം കുത്തി ഫാഷസത്തിന്റ കാലുതടവുന്നവരെയും നുണകൾ പലവട്ടം പറഞ് സത്യമാക്കി വരുത്തിതീർക്കുന്ന രീതികൾ ലോകസാഹിത്യകാരൻമാരുടെ വാക്കുകൾ കൊണ്ട് സ്ഥിരപ്പെടുത്തുന്നുമുണ്ട് പാറക്കടവ്.
ചുരുക്കത്തിൽ മലയാളത്തിന്റെ സാഹിത്യകാരന്മാരെ അടുത്തറിയാനും അവരുമായുള്ള തന്റെ സഹവാസത്തിൽ ലഭിച്ച വളരെ നല്ല അനുഭവങ്ങളും, സമകാലിക ഇന്ത്യൻ അവസ്ഥയെ വളരെ ആയത്തിൽ വായനക്കാരന് മനസ്സിലാക്കിത്തരുന്നുണ്ട് ഈ ജീവനുള്ള പുസ്തകം.
പുസ്തകം :പുസ്തകങ്ങൾക്കും ജീവനുണ്ട്
പി കെ പാറക്കടവ്
Published by :pendulum books
വില 120 രൂപ