പുസ്തകം: പെരുവിരൽകഥകൾ (THUMB TALES) - പി കെ പാറക്കടവ്.
പി കെ പാറക്കടവിന്റെ ഏറ്റവും പുതിയ മിന്നൽ കഥകളുടെ സമാഹാരമാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പെരുവിരൽ കഥകൾ.
അമ്പത്തിയഞ്ഞോളാം കുഞ്ഞുകഥകൾ ഉൾകൊള്ളുന്ന പുസ്തകത്തിന്റെ കവർ തന്നെ വായനക്കാർക്ക് ഉള്ളിലെ തീയിനെകുറിച്ച് സൂചന നൽകുന്നതാണ്.
ക്ഷണികനേരത്തെ പെരുവിരലിന്റെ പ്രവർത്തിമൂലം പുറത്തേക്ക് തലനീട്ടുന്നതീനാളത്തെ പ്രതിനിധാനം ചെയ്യുന്ന സിഗർലൈറ്റാണ് കവർ ചിത്രം. വലിയക്യാൻവാസിൽ വലിയ കഥ പറയുമ്പോലെ അല്ലെങ്കിൽ അതിലേറെ പ്രയാസമേറിയതാണ് ചുരുങ്ങിയ വാക്കുകളിൽ ജീവിതം വരച്ചിടാനുള്ള ശ്രമം. അതിൽ പി കെ പാറക്കടവ് വിജയിച്ചു എന്നത് പുസ്തകത്തിന്റെ ബ്ലർബ് വായിച്ചാൽ മനസ്സിലാകും.
"പാറക്കടവിന്റെ കഥകൾ വായിച്ചപ്പോൾ 'ചെറുതാണ് സുന്ദരം 'എന്ന എന്റെ വിശ്വാസം ഒന്നുകൂടി ബലപ്പെട്ടു. ടാഗോറിന്റെയും ജിബ്രാന്റെയും കൃതികളിലൂടെ പോകുമ്പോൾ അനുഭവിക്കുന്ന സന്തോഷം ഒന്നുകൂടി അനുഭവപ്പെടുകയുണ്ടായി "എന്ന ടി പത്മനാഭന്റെ വാക്കാണ് ബ്ലർബിലും പുറമെ പുസ്തകത്തിന്റെ മുഖവുരയിൽ "ലിഡിയ ഡേവിസിന്റെ കഥകൾ വായിക്കുമ്പോൾ വനഫൂലിനെയും പി കെ പാറക്കടവിനെയും ഓർക്കുന്നു"എന്ന വി സുകുമാരന്റെ പ്രയോഗവും തന്റെ വിദ്യാർത്ഥികാലത്തെ മിന്നൽകഥകൾക്ക് പ്രമുഖഎഴുത്തുകാരിൽ നിന്നും ലഭിച്ച പ്രതികരണങ്ങളും പ്രോത്സാഹനങ്ങളും ഉത്സാഹത്തോടെ ഓർക്കുന്നുമുണ്ട് രചയിതാവ്.
യാത്ര എന്ന കഥയിൽ തുടങ്ങുന്ന മിന്നൽകഥകൾ ഓരോന്നും ഓരോ ജീവിതസന്ദർഭങ്ങൾ ആഴത്തിൽ പ്രതിനിധാനം ചെയ്യുന്നുണ്ട്. ആർത്തിമൂത്ത മനുഷ്യരുടെ ഹീനകരങ്ങളാണ് ചിലയിടത്ത് വരച്ചിട്ടത്. മറ്റുചിലയിടത്ത് വെട്ടംപകരുന്ന മനുഷ്യനെ സ്മരിക്കുന്നുമുണ്ട് പാറക്കടവ്.
മിന്നൽകഥ, കഥയുടെ ഇംഗ്ലീഷ് വിവർത്തനം, കഥക്കനുയോജ്യമായ ചിത്രം എന്നിവ യഥാക്രമം ഓരോ താളിലും ക്രമീകരിച്ചകാരണത്താൽ പുസ്തകം കൂടുതൽ ആകർഷണീയവും വ്യത്യസ്തവുമാണ്. ഡോ. അബൂബക്കർ കാപ്പാടാണ് വിവർത്തകൻ.
പെരുവിരൽ കഥകൾ
മാതൃഭൂമി ബുക്സ്
100 രൂപ