(കണ്ണന്‍ ഏലശ്ശേരി)
നന്നായി സംസാരിക്കാൻ കഴിയുന്നൊരാൾക്ക് ഭംഗിയായി എഴുതാൻ കഴിയണമെന്നില്ല, നന്നായി എഴുതുന്ന ഒരാൾക്ക് ഭംഗിയായി സംസാരിക്കാനും. എന്നാൽ ഈ പുസ്തകം ജോസഫ് അന്നംക്കുട്ടി ജോസ് എന്ന
റേഡിയോ ജോക്കിയെ പോലെ നമ്മോട് നന്നായി സംസാരിക്കുന്നു. ഡിസി ബുക്‌സ് പബ്ലിഷ് ചെയ്‌ത 235 രൂപ വിലയുള്ള ഈ പുസ്തകം ഓർമ്മ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുണപാഠ കഥകളേക്കാൾ നമ്മുടേതോ ചുറ്റുമുള്ളതോ ആയ കുഞ്ഞ് കുഞ്ഞ് കാര്യങ്ങളെ നീരിക്ഷിക്കുകയും അതിൽ നിന്നും നന്മ ഉൾകൊള്ളുകയും ചെയ്യുന്ന എഴുത്താണ് ദൈവത്തിന്‍റെ ചാരന്മാറില്‍ . നമ്മുടെ ജീവിതത്തിന്‍റെ ഇന്നലെകളിലേക്കു ബൈനോകുലറും എടുത്ത് ഇറങ്ങാൻ പ്രേരിപ്പിക്കുന്നതാണ് ഈ പുസ്തകം . ഇന്നത്തെ ജീവിതത്തിലേക്ക് എത്തിക്കാൻ പണ്ട് വഴിയൊരുക്കിയവരെയാണ് ദൈവത്തിന്‍റെ ചാരന്മാർ എന്ന് എഴുത്തുകാരൻ വിളിക്കുന്നത്. ഇത്തരം എഴുത്തുകളെ കൊണ്ട് വായനക്കാരനുള്ളിൽ എവിടെയെങ്കിലും നന്മയുടെ ഒരു വിത്ത് മുളപ്പിക്കാന്‍ കഴിഞ്ഞാൽ ജോസഫ് അന്നംക്കുട്ടി ജോസഫ് എന്ന എഴുത്തുകാരനും ദൈവത്തിന്‍റെ ഒരു ചാരൻ തന്നെ.
ജോസഫിന്റെ നന്ദിയോടെയുള്ള ആമുഖം, ഹൃഷികേശ് മുണ്ടാണി യുടെ അവതാരിക, ജീവിത ഗന്ധിയായ 21 അധ്യായങ്ങൾ, ഇത്രയും ചേര്‍ന്നതാണ് ദൈവത്തിന്‍റെ ചാരന്മാര്‍. പ്രചോദനം, സാമൂഹിക വിമർശനം, ചില ഓർമ്മപ്പെടുത്തലുകൾ, സ്നേഹം, പ്രണയം, ജീവിതം, സൗഹൃദം എന്നിങ്ങനെ പല വിഷയങ്ങളാണ് ഓരോ അധ്യായങ്ങളും സംസാരിക്കുന്നത് . ജോസെഫിന്റെ ജീവിതത്തിൽ വ്യത്യസ്ത സമയത്തുണ്ടായ കാഴ്ചപാടുകൾ ഒട്ടും പൊള്ളത്തരമില്ലാതെ പലയിടത്തും പച്ചക്ക് കുറിച്ചിട്ടിരിക്കുന്നു. എങ്കിലും തുടര്‍ച്ചയ 21 അധ്യയങ്ങളുടെ വായന പലപ്പോഴും ഒരു പള്ളിയിലച്ചന്‍റെ ഉപദേശങ്ങളുടെ ശൈലി പോലെ അനുഭവപ്പെട്ടേക്കാം. അതൊരു പക്ഷേ എഴുത്തുകാരന്‍ വളര്‍ന്നു വന്ന ജീവിത സാഹാച്ചര്യത്തിന്‍റെ സ്വാധീനം ആകാം. എന്നിരുന്നാലും ജീവിതവും കാഴ്ച്ചപാടുകളും മാറുന്നത് വളരെ തന്മയത്തത്തോടെ എഴുതി ചേര്‍ക്കുന്നതിനോടൊപ്പം സ്വന്തം നിലപാടുകള്‍ കൂടിചെര്‍ക്കാനും ജോസഫ് പലയിടത്തും ശ്രമിച്ചു.
വെറുതെ കഥകള്‍ വായിച്ചു രസിക്കുന്നതിനുമപ്പുറം നമ്മുടെ ജീവിതത്തിലും സ്വാധീനം ചെലുത്തിയ ദൈവത്തിന്‍റെ ചാരന്മാരെ ഓര്‍ക്കാന്‍ ഈ പുസ്തകം പ്രേരിപ്പിക്കുന്നതാണ് എഴുത്തുകാരന്‍റെ വിജയമായി തോന്നുന്നത്. ഈ പുസ്തകവായന ഹൃദ്യമാക്കി തരുന്നത് ജോസഫിന്റെ എഴുത്ത് ശൈലിയോടൊപ്പം നമ്മുടെ ജീവിതത്തിലെ ചാരന്മാരും കൂടെ കൂടിയാണ്.