(കണ്ണന്‍ ഏലശ്ശേരി)
AD-992 ലെ ഒരു കഥയാണിത്. കുലശേഖര സാമ്രാജ്യത്തിലെ കാന്തള്ളൂര്‍ കളരിയിലെ പ്രധാന ഗുരു പെരികൊയിക്കന്‍റെ നാലാമത്തെ മകളായിരുന്നു ദേവനായകി. സംഗീതം, നൃത്തം, ശാസ്ത്രം, ആയോധനകലകള്‍ ഉള്‍പ്പെടെ എല്ലാത്തിലും പ്രാവീണ്യമുള്ള ഒരു ജ്വലിക്കുന്ന സൗന്ദര്യത്തിനുടമയായ ചെറുപ്പകാരി.
ചേര സാമ്രാജ്യം ഭരിച്ചിരുന്ന കുലശേഖര രാജ്യത്തെ രാജാവായ മഹീന്ദ്ര വര്‍മ്മന്‍, ദേവനായകിയെ തന്‍റെ എട്ടാമത്തെ ഭാര്യയായി സ്വീകരിക്കുന്നു. ദേവനായകി രാജാവിന്‍റെ ഭാര്യയാവാന്‍ സമ്മതിച്ചതിന് കാരണം, "തോല്‍ക്കുമെന്ന് ഉറപ്പുള്ള യുദ്ധത്തില്‍ നിന്നും പിന്തിരിയുന്നതാണ് ബുദ്ധി, ജയിക്കുമെന്നുള്ള അവസരത്തിനായി കാത്തിരിക്കുക" എന്ന രാഷ്ട്രമീമാംസയിലെ അറിവ് കൊണ്ടാണ്. ഭരണ നൈപുണ്യവും സൗന്ദര്യവും കൊണ്ട് രാജാവിനെ മതിമയക്കാന്‍ ദേവനായകിക്കായി. ചോളരാജ്യവുമായ ഒരു യുദ്ധത്തില്‍ ദേവനായകിയുടെ വാക്ക് കേള്‍ക്കാതെ മഹീന്ദ്രന്‍ യുദ്ധത്തിനുപോകുകയും പരാജയപ്പെടുകയും ചെയ്തു. അങ്ങനെ ചേര സാമ്രാജ്യം അവസാനിച്ച് ചോള സാമ്രാജ്യം ആരംഭിച്ചു.
എന്നാല്‍ യുദ്ധത്തില്‍ സ്വന്തം ഭര്‍ത്താവ് തോറ്റതറിഞ്ഞ ദേവനായകി രഹസ്യ തുരങ്കത്തിലൂടെ രക്ഷപ്പെടുകയും അനന്തപദ്മനാഭന്‍റെ മുമ്പില്‍ വന്ന് ഒരുപാട് നേരം നൃത്തം ചെയ്ത് തളര്‍ന്ന് വീഴുകയും ചെയ്യുന്നു. ഒടുവില്‍ ദേവനായകിയുടെ ആത്മാവ് അനന്തപദ്മനാഭനില്‍ വിലയം പ്രാപിക്കുന്നു.
എന്നാല്‍ ദേവനായകിയുടെ ഈ കഥയെ ചരിത്ര ഗ്രന്ഥമായ "സുസാന സുപിന" മറ്റൊരു വഴിയിലൂടെയാണ് കൊണ്ട് പോകുന്നത്. :-
മഹീന്ദ്ര വര്‍മ്മന്‍റെ പരാജയത്തിനു ശേഷം ദേവനായകി ആരതി ഉഴിഞ്ഞ് വിജയശ്രീ ലാളിതനായ ചോള രാജാവിനെ സ്വീകരിക്കുകയും ശേഷം സ്വന്തം കിടപ്പറയിലേക്ക് ആനയിക്കുകയും ചെയ്യുന്നു. പിന്നീട് ദേവനായകി ചോള രാജാവിന്‍റെ ഏഴാമത്തെ പത്നിയാകുകയും അവര്‍ക്ക് 'കൂവേണി' എന്ന പേരില്‍ ഒരു കുഞ്ഞ് ജനിക്കുകയും ചെയ്യുന്നു. ദേവനായകിയുടെ ഉപദേശങ്ങളാല്‍ ചേര സാമ്രാജ്യം വിസ്തൃതമാകുന്നു. അങ്ങനെ ചോള രാജാവിനു ദേവനായകിയുടെ ഭരണപരമായ കഴിവുകളില്‍ വളരെ പ്രീതിയുണ്ടാകുകയും ചെയ്തു. രാജ്യം വിസ്തൃതി പ്രാപിച്ച് സിംഹള ദേശത്തോളം എത്തി. അവിടുത്തെ രാജാവിനെ തുരത്തിയോടിച്ച്, ചോള സാമ്രാജ്യം അധികാരം പിടിച്ചെടുക്കുന്നു. എന്നാല്‍ സിംഹള ദേശത്തെ രാജാവായിരുന്ന മഹീന്ദന്‍ പകരം വീട്ടിയത് ദേവനായകിയുടെ മകളായ കൂവേണിയെ തട്ടികൊണ്ട് പോയാണ്. പിന്നീട് മൂന്ന് വയസ്സുള്ള ആ കുഞ്ഞിനെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നു. എന്നാല്‍ ചോള രാജാവ് അപ്പോഴും രാജ്യം വിസ്തൃതമാക്കുന്നതില്‍ മുഴുകിയിരിക്കുകയാണ് ചെയ്തത്. ദേവനായകിക്ക് ഉള്ളില്‍ പ്രതികാരം ശക്തിയായി ജ്വലിച്ചപ്പോള്‍ പകരം വീട്ടാനായി, ചോള രാജാവിന്‍റെ മൂത്ത പുത്രനും യുവരാജാവുമായ രാജേന്ദ്ര ചോളനെ പ്രണയത്തിലാക്കുന്നു. ദേവനായകി ആ ബന്ധത്തെ നന്നായി ഉപയോഗപ്പെടുത്തുന്നു. ശേഷം രാജേന്ദ്ര ചോളന്‍ ദേവനായകിക്ക് ഒരു കുഞ്ഞിനേയും മഹിന്ദന്‍റെ തലയും വാഗ്ദാനം ചെയ്യുന്നു. പക്ഷേ ഒരേ സമയം അച്ഛന്‍റെയും മകന്‍റെയും കൂടെ ഒരു പോലേ കിടക്ക പങ്കിട്ടതിന്‍റെ ശരികേടില്‍ വിഷമിച്ച് ദേവനായകി രാജ്യം വിടുന്നു.
ശേഷം സിംഹള മന്നന്‍റെ ഉറ്റ സുഹൃത്തായ ചാം പ്രസിദ് എന്ന രത്ന വ്യാപാരിയെ സ്വാധീനിച്ച് ദേവനായകി അനുരാധാപുരയില്‍ എത്തുന്നു. അവിടെയാണ് മഹിന്ദന്‍റെ കൊട്ടാരം സ്ഥിതി ചെയ്തിരുന്നത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും തീര്‍ത്തും ഉപഭോഗസംസ്കാരത്തിലൂടെ നോക്കി കാണുന്ന അനുരാധപുരയിലെ രീതികള്‍ ദേവനായകിയുടെ മനസിലെ പ്രതികാരം കൂടുതല്‍ ജ്വലിപ്പിക്കുന്നു. അതേ സമയം ദേവനായകി സ്വന്തം ശരീരം കൊണ്ടും പ്രവര്‍ത്തി കൊണ്ടും സിംഹള രാജാവായ മഹിന്ദനെ എല്ലാ രീതിയിലും സ്വാധീനിക്കുന്നു, അതോടൊപ്പം രാജ്യ ഭരണത്തില്‍ കൈകടത്തി സിംഹള സാമ്രാജ്യം തകര്‍ക്കുകയും ചെയ്തു.
ആ സമയത്ത് ദേവനായകി കാമം, പ്രതികാരം തുടങ്ങി എല്ലാ വികാരങ്ങളുടെയും പരമ ഉന്നതിയില്‍ ആയിരുന്നു. 'നിശാങ്കവജ്രന്‍' എന്ന ഒരു ബുദ്ധ സന്ന്യാസിയില്‍ നിന്നും നിര്‍വാണത്തിന്‍റെ എല്ലാ ഭാഗങ്ങളും അഭ്യസിച്ച ശേഷം, ദേവനായകി ഒടുവില്‍ ശാന്തിയുടെയും സ്നേഹത്തിന്‍റെയും പ്രതീകമായി ആകാശത്തിലേക്ക് നടന്ന് മറഞ്ഞു എന്നാണ് സുസാന സുപിന പറയുന്നത്.
വയലാര്‍ അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ വാരി കൂട്ടിയ പുസ്തകമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ഓരോ മലയാളിക്കും മികച്ച വയാനാനുഭാവമാണ് ടി ഡി രാമകൃഷ്ണന്‍ സുഗന്ധിയിലൂടെ പകര്‍ന്നു തരുന്നത്.