mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

വായിച്ചിട്ടുള്ള പുസ്തകങ്ങളില്‍ ഏറെ ആകര്‍ഷിച്ചിട്ടുള്ള ഒരു കൃതിയാണിത്. മനസ്സിന്‍റെ കോണിലെവിടെയോ ഒരാത്മ നൊമ്പരമായി അത് ഇന്നും അവശേഷിക്കുന്നു. വിശ്വ വിഖ്യാത എഴുത്തുകാരനായ

വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലായ ബാല്യകാലസഖി, കഥാകാരന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് ഇതിലെ ഇതിവൃത്തം എന്നാണ്  എം.പി. പോൾ  അവതാരികയിൽ എഴുതിയിരിക്കുന്നത്. "ബാല്യകാല സഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്, വാക്കിൽ രക്തം പൊടിഞ്ഞിരിയ്ക്കുന്നു." സധാരണയായി പറഞ്ഞുവരുന്നതും കേട്ടുവരുന്നതുമായ ആഖ്യാനരീതിയിൽനിന്നും മാറി അതിദാരുണങ്ങളായ ജീവിതയാഥാർത്ഥ്യങ്ങളെ കൂടി ഉൾക്കൊള്ളിച്ചാണ് ഈ രചന എഴുതിയിരിക്കുന്നത്. ചെറുതാണെങ്കിലും പതിറ്റാണ്ടുകൾക്കിപ്പുറവും ജനമനസ്സിനെയാകെ സ്വാധീനവലയത്തിലാക്കാൻ കഴിയുന്നു. കാരണം മറ്റൊന്നുമല്ല, മറ്റുള്ള എഴുത്തുകാർ തങ്ങളുടെ കൃതികളിൽ ഭാവനയെ ഒരു വലിയ ഘടകമായി എഴുതിയപ്പോൾ ബഷീർ എഴുതിയത് മിക്കതും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നായിരുന്നു. മറ്റു ഗ്രന്ഥകാരന്മാർ സാഹിത്യ പ്രയോഗങ്ങൾ തങ്ങളുടെ കൃതികളിൽ കുത്തിനിറച്ചപ്പോൾ ബഷീർ തന്റെ ആശയങ്ങളെ അല്ലെങ്കിൽ കഥയെ താൻ സംസാരിക്കുന്നത് ഏതൊരു രീതിയിലാണോ ആ രീതിയിൽ തന്നെ എഴുതി എന്നുള്ളതാണ് ബഷീറിന്റെ കഥകളുടെയെല്ലാം പ്രത്യേകത.

മജീദിന്റെയും സുഹറയുടെയും ബാല്യ കാല അനുഭവങ്ങൾ വിവരിച്ചു കൊണ്ടാണ് കഥ തുടങ്ങുന്നത്. മജീദിന്റെ 'ആണുങ്ങൾക്ക് എന്തും ചെയ്യാം' എന്ന അവകാശത്തെ കൂർത്ത നഖങ്ങളുള്ള സുഹറ ചെറുത്തു തോല്പ്പിക്കുന്നത് "ഞാനിനിയും മാന്തും" എന്ന് ഭീഷണിപ്പെടുത്തിയാണ്.ഫിഫ്ത് ഫോറത്തിൽ പഠിച്ചിരുന്ന കാലത്ത്  സ്വാതന്ത്ര്യ സമരത്തിൽ ആവേശം കൊണ്ട് നാടുവിട്ട ബഷീർ, ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്റെ ഈ ദേശാടനവേളയിൽ  കൽക്കത്തയിലായിരിക്കുന്ന കാലം. താൻ താമസിക്കുന്ന ആറ് നിലക്കെട്ടിടത്തിന്റെ ടെറസ്സിൽ വിശ്രമിക്കുന്ന സമയത്ത് ഉറങ്ങിപ്പോയ അദ്ദേഹം എന്തോ ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു. അപ്പോൾ ഒരിഞ്ചിന്റെ വ്യത്യാസത്തിൽ തന്റെ മുൻപിൽ അഗാധമായ താഴ്ചയിൽ അദ്ദേഹം നഗരത്തെ കണ്ടു. താൻ മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു എന്ന് അദ്ദേഹം മനസ്സിലാക്കി. വീണ്ടും നിദ്രയിലാണ്ട അദ്ദേഹത്തിന്റെ സ്വപ്നത്തിൽ തന്റെ കളിക്കൂട്ടുകാരിയായ സുഹറ പ്രത്യക്ഷപ്പെട്ടു. താൻ മരിച്ച്‌പോയെന്നും തന്നെ അടക്കം ചെയ്തെന്നും അവൾ പറഞ്ഞു. അങ്ങനെയാണത്രേ തന്റെ കളിക്കൂട്ടുകാരിയുടെ അകാലമരണം അദ്ദേഹം അറിഞ്ഞത്. പിറ്റേന്ന് തന്നെ തന്റെ വിചിത്രങ്ങളായ ഈ അനുഭവങ്ങൾ, ബാല്യകാല അനുഭവങ്ങളോട് കൂടി അദ്ദേഹം രചിച്ചു. ഈ രചന ഇംഗ്ലീഷിലാണ് നടന്നത്. നാട്ടിലെത്തിയശേഷം അതു മാതൃഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തു. ഈ കഥയിലെ നായകനായ മജീദ്, ബഷീർ തന്നെയും നായിക സുഹറ, അദ്ദേഹത്തിന്റെ ബാല്യകാല സഖിയും ആണ്

നിരവധി സാമൂഹ്യ പ്രശ്നങ്ങള്‍ ഈ നോവല്‍ കൈകാര്യം ചെയ്യുന്നുണ്ട്. മിടുക്കിയായിട്ടും ദാരിദ്ര്യം മൂലം തുടര്‍ന്ന് പഠിക്കാനാവാത്ത സുഹറ ഇന്ത്യയിലെ ഒട്ടനവധി നിരക്ഷര ബാലികമാരുടെ പ്രതീകമാണ്. മനോഹരമായ ആഖ്യാന ശൈലിയാണ് നോവലിന്റെ മറ്റൊരു “പ്ലസ്‌ പോയിന്റ്”. അന്ന്  വരെ നമ്മുടെ സാഹിത്യത്തിനു അജ്ഞാതമായിരുന്ന മുസ്ലിം സമൂഹത്തിന്റെ ജീവിതം  ‘കഥകളുടെ സുല്‍ത്താന്‍’ എത്ര മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. 'എന്റെ വാക്കാണെന്റെ ഭാഷ’ എന്നുറക്കെ പ്രഖ്യാപിച്ച ബഷീര്‍ തന്നെയാണോ ഇത്ര ലളിതമായി അച്ചടി ഭാഷയില്‍ എഴുതിയത് എന്ന സംശയം സ്വാഭാവികമാണ്. എം .പി പോളിന്റെ വാക്കുകള്‍ കടമെടുത്താല്‍ “മലയാള നോവല്‍ സാഹിത്യത്തിലെ കിടയറ്റ നോവല്‍" ആണ് ഇതെന്ന് പറയാം.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ