അശ്വിൻ ചന്ദ്രൻ
തിരുവനന്തപുരത്ത് വന്ന് ഹോസ്റ്റൽ വാസം തുടങ്ങിയിട്ട് രണ്ട് രണ്ടര വർഷമാവാറായെങ്കിലും, ഇപ്പോഴും ഇടയ്ക്കിടെ കാസർകോടിനെ പ്രതിയുള്ള ഒരു 'പൊഞ്ഞാറ് 'മനസ്സിനെ വന്നു പൊതിയാറുണ്ട് ചിലപ്പോഴെങ്കിലും. അങ്ങനെയുള്ള അവസ്ഥകളിൽ അതിവേഗം എത്താൻ സാധിക്കാത്ത കാസർകോടൻ ഗൃഹാതുരതകളെ വായനയിൽ ഉൾചേർത്തുകൊണ്ട് മുറിവുണക്കാറാണ് പതിവ്. സ്റ്റേറ്റ് ലൈബ്രറിയിൽ ചെന്ന് ഷാജി കുമാറിന്റെയും അംബികാസുതൻ മാഷിന്റെയും ഏച്ചിക്കാനത്തിന്റെയും ഒക്കെ പുസ്തകങ്ങൾ തന്നെയും പിന്നെയും വായിക്കുന്നത് ഈ ശീലത്തിന്റെ ഭാഗമെന്നോണമാണ്.
എന്നാൽ വി ഹരീഷിന്റെ ഒരു കാസർകോടൻ രാമായണം (കറന്റ് ബുക്ക്സ് തൃശ്ശൂർ ) എന്ന നോവൽ എന്റെ കയ്യിൽ എത്തുന്നത് വളരെ യാദൃശ്ചികമാ യിട്ടായിരുന്നു. പേര് പോലെ തന്നെ രാമായണത്തെ കാസർകോടൻ ഭാഷ പശ്ചാത്തലത്തിൽ പുനരാഖ്യാനം ചെയ്തുകൊണ്ടാണ് നോവലിന്റെ ക്രാഫ്റ്റ് നിർവഹിച്ചിരിക്കുന്നത്. എന്നാൽ നാം പറഞ്ഞു കേട്ട രാമായണ കഥ വെറുതെ അങ്ങ് കാസറകോടൻ സ്ലാങ്ങിലിട്ട് പറഞ്ഞു പോവുകയില്ല നോവലിസ്റ്റ് ഇതിൽ ചെയ്തിരിക്കുന്നത്.
ഇതിനുമുമ്പും രാമായണത്തിന്റെ പല വായനകളും ഫിക്ഷൻ ആഖ്യാനങ്ങളും (ആനന്ദ് നീലകണ്ഠന്റെ അസുരയെ ഓർക്കുന്നു) ഉപകഥകളും വായിച്ചിട്ടുണ്ടെങ്കിലും കാസർകോടൻ രാമായണത്തെ അതിൽനിന്ന് വ്യത്യസ്തമാക്കുന്നത് തദ്ദേശീയമായ ഭാഷ കൊണ്ട് ബൃഹത്തായ രാമായണ കഥയെ കാച്ചിക്കുറുക്കി പറയുന്ന അതിന്റെ ട്രീറ്റ്മെന്റാണ്. നിലനിൽക്കുന്ന മാനക ഭാഷയെ വീണ്ടും ചുരുക്കിപ്പറയുന്ന കാസർകോടൻ മലയാളത്തിൽ ഒരു ഇതിഹാസത്തെ വീണ്ടും പുനരാഖ്യാനം ചെയ്യുക എന്നത് തികച്ചും വെല്ലുവിളി ഉയർത്തുന്ന സമസ്യയാണ്. എന്നാൽ ഈ സമസ്യയെ വളരെ കയ്യൊതുക്കത്തോടെ തന്നെ അവതരിപ്പിക്കാൻ നോവലിസ്റ്റ് കാണിച്ച പരിശ്രമം അഭിനന്ദനാർഹമാണ്.
വാത്മീകി പറഞ്ഞുവെച്ച പല കഥാപാത്രങ്ങളെയും അതിന്റെ വ്യാപ്തിയിൽ നിന്ന് പുറത്തെടുത്തുകൊണ്ട് വീണ്ടും ഒരു പുനർവായനയ്ക്ക് വിധേയമാക്കാനുള്ള നോവലിസ്റ്റിന്റെ ശ്രമവും ശ്രദ്ധേയമാണ്. രാമായണത്തിൽ നിന്നും കാസർകോടൻ രാമായണത്തിലേക്ക് എത്തുമ്പോൾ വാത്മീകി കാട്ടിതരാത്ത പല കഥാപാത്രങ്ങളെയും ഹരീഷ് കാട്ടിത്തരുന്നു. അതിൽ വളരെ പ്രധാനമാണ് രാവണകഥാപാത്രം. സ്ഥിരം കേട്ടുപഴകിയ ഒരു സ്റ്റീരിയോടൈപ്പ് രാവണനിൽ നിന്നും വ്യത്യസ്തമായി രാവണനിലെ പല അടരുകളെയും സ്വത്വങ്ങളെയും വേർതിരിച്ചെടുക്കാൻ നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. അതിന് നല്ലൊരു ഉദാഹരണമാണ് 'ഐരാവണൻ ','മൈ രാവണൻ ' എന്നീ രണ്ട് രാവണ സ്വത്വങ്ങൾ.
ക്ഷിപ്രകോപിയായ രാവണനിൽ നിന്നും സ്നേഹനിധിയും നീതിമാനുമായ മറ്റൊരു രാവണനിലേക്കുള്ള നിരന്തരമായ മാനസിക സഞ്ചാരം അതിൽ എടുത്തു പറയേണ്ടതാണ്. സീതയെ രാവണപുത്രിയായിട്ടാണ് നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. താന്മൂലം തന്നെ നഷ്ടപ്പെട്ടുപോയ സീതയെ രാവണൻ വീണ്ടും തിരിച്ചു പിടിക്കുമ്പോൾ സ്നേഹനിധിയായ ഒരു 'ഐരാവണനെ ' വായനക്കാർക്ക് കാണാൻ സാധിക്കുന്നു. എന്നാൽ രാജകുമാരിയായ തന്റെ മകളെ രാമൻ ദണ്ഡകാരണ്യത്തിൽ കൊണ്ടുവന്ന് കഷ്ടപ്പെടുത്തുകയാണ് എന്നറിയുന്ന രാവണനിൽ ഒരു 'മൈ രാവണൻ ' (മഹി രാവണൻ) ഉടലെടുക്കുന്നതായും കാണാം. ഇവിടെ 'മൈ' എന്ന ഉപസർഗ്ഗം സെൻസർ ചെയ്യപ്പെടേണ്ടതല്ല എന്നും മഹിരാവണൻ എന്നതിന്റെ ഷോർട്ട് വേർഷനാണ് എന്നും കാസർകോട്കാരനല്ലാത്ത ഒരു വായനകാരന് മനസ്സിലാവാൻ വഴിയില്ല.
രാവണനെ വെറും ലങ്കാധിപതിയായിട്ടല്ല നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രമീമാംസയുടെ പിതാവായ അരിസ്റ്റോട്ടിൽ തന്റെ ' പൊളിറ്റിക്സ് ' എന്ന വിഖ്യാത കൃതിയിൽ ഒരു രാജാവിന് ഉണ്ടാവേണ്ട ഗുണത്തെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്-" The ruler should be a philosopher king / learned person." വാത്മീകി രാമായണത്തിൽ നിന്നും ഹരീഷിന്റെ രാമായണത്തിലേക്ക് വരുമ്പോൾ രാവണന്റ്റെ 'ക്യാരക്ടർ ആർക്കി'നെ വികസിപ്പിക്കുന്നത് ഈ ഗുണമാണ്. ഇത് തെളിയിക്കുന്ന ഒരു ദൃഷ്ടാന്തം ചുവടെ നൽകിയിരിക്കുന്നു:
"വിശ്വകർമ്മാവാണ് സേതു പണിതത്. അതോണ്ടെന്നേ അയിന് അതിന്റേതായ നെലവാരൂണ്ടാവും. അത്ര പെട്ടെന്ന് അത് പൊളിക്കാൻ പറ്റീല്ല. അതോണ്ട് നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം സേതുനാ സംരക്ഷിക്കലാണ്. കാരണം രാമൻ എന്തായാലും യുദ്ധത്തില് ജയിക്കാൻ പോകുന്നില്ല. അതോണ്ടന്നെ ആ പാത ഭാവീല് നമ്മക്ക് കച്ചവടം ചെയ്യാൻ സഹായിക്കും. ദണ്ഡകാരണ്യത്തിലേക്ക് ചരക്ക് കേറ്റാനും ഇറക്കാനും സാധാരണക്കാർക്ക് പോലും ആടത്തേക്ക് എത്തിപെടാനും സഹായിക്കും . അതോണ്ട് അത് പൊളിച്ചു കളയണ്ടപ്പാ. കളഞ്ഞാല് നമ്മോ ബില്യ വിഡ്ഢികളെ മാതിര്യാവും."
ശത്രുവിനെ ഇല്ലാതാക്കാൻ എല്ലാം നശിപ്പിക്കാൻ ഒരുങ്ങുന്ന ക്ഷി പ്രകോപിയിൽ നിന്നും രാജ്യത്തിന്റെ വാണിജ്യ പുരോഗതിക്കു മുൻതൂക്കം നൽകുന്ന ഒരു ' ഫിലോസഫർ കിങ്ങി'നെ നോവലിസ്റ്റ് കണ്ടെടുക്കുന്നു.
ഉത്തരാധുനിക രാഷ്ട്ര തന്ത്രജ്ഞർ പ്രാധാന്യം നൽകുന്ന റിയലിസ്റ്റിക്ക് കാഴ്ചപ്പാടിലൂടെയാണ് രാവണന്റെ രാഷ്ട്ര ധർമ്മം നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. നോവലിന്റെ ഒരു ഘട്ടത്തിൽ വെച്ച് കിഷ്കിന്ധയിലെ വാനര സേന ലങ്കയെ ആക്രമിക്കാൻ ഒരുങ്ങുന്ന സാഹചര്യം വരുന്നുണ്ട്. ലങ്ക യെക്കാൾ പത്തിരട്ടി വലിപ്പമുള്ള അയോധ്യയുടെ പിൻബലം കിഷിക്കിന്ധ യ്ക്ക് ഉണ്ടാവുമെന്ന് അറിയാമായിരുന്നിട്ടും, ഏതെങ്കിലും തരത്തിൽ ലങ്ക ആക്രമിക്കപ്പെട്ടാൽ കിഷ്ക്കിന്ധയും അയോധ്യയും അതിന് വലിയ വില കൊടുക്കേണ്ടി വരും എന്ന് രാവണപ്രഭു ഓർമ്മിപ്പിക്കുന്നു. ഇത് രാവണൻ എന്ന എടുത്തുചാട്ടക്കാരനെ അല്ല, എന്ത് വിലകൊടുത്തും സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഉത്തമനായ രാജാവിനെയാണ് കാട്ടിത്തരുന്നത്.
ഇതിലൊക്കെ ഉപരി' 'maximization of power of the state ' എന്ന റിയലിസ്റ്റിക് ചിന്ത ധാരയുടെ മൗലിക സങ്കല്പത്തെ രാവണന്റെ ചെയ്തികളിൽ ഉൾച്ചേർത്ത് വെക്കാൻ ഹരീഷ് മറക്കുന്നില്ല.
വാത്മീകി രാമായണത്തിൽ കിഷ്കിന്ധ കാണ്ഡത്തിൽ മാത്രം ഒതുങ്ങിപ്പോകുന്ന ബാലിയുടെ കഥാപാത്ര വ്യാപ്തിക്ക് കാസറകോടൻ രാമായണത്തിൽ നോവലിസ്റ്റ് വീണ്ടും തെളിച്ചം നൽകുന്നു. കാര്യബോധമില്ലാതെ പടവെട്ടിയും രമിച്ചും നടക്കുന്ന ഒരു എടുത്തുചാട്ടക്കാരൻ അല്ല ഇതിലെ ബാലി. അജയ്യനായ ലങ്കാധിപതിയെ തന്റെ വാലിനാൽ വരിഞ്ഞുമുറുക്കി മൂന്നു ലോകവും ചുഴറ്റിയ ഒരു ധീരയോദ്ധാവായാണ് ചിത്രീകരിച്ചിരിക്കുന്നത്. രാവണൻ ശിവനെ അല്ലാതെ മറ്റാരെയെങ്കിലും ഭയപ്പെടുന്നുണ്ടെങ്കിൽ അത് ഈ മർക്കട രാജനെയാണ്. ഇതിലൊക്കെ ഉപരി രാവണനിൽ കണ്ട അതേ രാജഗുണങ്ങളും നേതൃപാടവവും ദീർഘവീക്ഷണവും ബാലിയിലും ഉൾ ചേർത്തുവെക്കാൻ നോവലിസ്റ്റ് ശ്രദ്ധിക്കുന്നു .
സ്വന്തം സേനയ്ക്ക് മർ ക്കട മുഷ്ട്ടിക്കപ്പുറമുള്ള ആയോധന വിദ്യകൾ അഭ്യസിപ്പിക്കാൻ ബാലി പ്രത്യേക പരിശീലനങ്ങൾ ഏർപ്പാടാക്കുന്നു. മർക്കട സൈന്യത്തെ അസ്ത്രവിദ്യയിൽ പ്രാവീണ്യമുള്ളവരാക്കാൻ ബാലി അക്ഷീണം പ്രയത്നിക്കുന്നു. ബാലിയുടെ ഭരണപാടവത്തിന് ആദരസൂചകമായി രാവണൻ ദണ്ഡകാരണ്യത്തിലെ വൻമരങ്ങളിൽ ബാലിയുടെ മുഖം കൊത്തിവെക്കാൻ പ്രത്യേക സജ്ജീകരണങ്ങൾ ചെയ്യുന്നു. മുഖ്യധാരാ ഇതിഹാസം മറന്നുപോയ രണ്ട് രാജാക്കന്മാർ പരസ്പരം കൈമാറുന്ന ആദരസൂചകങ്ങൾ
കൂടിയാണ് ഇവ.
ബാലിയെ നേരിട്ട് വകവരുത്താൻ ആവില്ല എന്ന് സുഗ്രീവനിൽ നിന്നും അറിയുന്ന രാമൻ ബാലിയെ വധിക്കുന്നത് ഒളിയമ്പ് ഏയ്‌തുകൊണ്ടാണ്. അതുകൊണ്ടുതന്നെ ബാലി രാമന് പറ്റിയ ഒരു കൈയബദ്ധത്തിന്റെ രക്തസാക്ഷി കൂടിയാണ്. രാമബാണം ഏറ്റതിനാൽ ബാലിക്ക് സ്വർഗ്ഗലബ്ധി സുനിശ്ചിതമാണ് എന്ന ചരിത്രപരമായ ന്യായീകരണം കൊണ്ട് ഈ അനീതിയെ മറച്ചുവെക്കാൻ നോവലിസ്റ്റ് ശ്രമിക്കുന്നില്ല.
ഇങ്ങനെ ഒരുപാട് കാരണങ്ങളാൽ മുഖ്യ ധാര രാമായണത്തിൽ നിന്നും വഴിമാറി നടക്കുവാനുള്ള ബോധപൂർവ്വമായ ശ്രമം ഹരീഷ് ഇവിടെ പരീക്ഷിക്കുന്നു. സ്വന്തം താല്പര്യങ്ങൾക്ക നുസരിച്ച് ഇന്ന് ഇതിഹാസങ്ങൾ അട്ടിമറിക്കപ്പെടുമ്പോൾ മുഖ്യധാര രാമായണം കാണാതെപോയ ഒരുപിടി നല്ല കഥാപാത്രങ്ങളെ കണ്ടെടുക്കുന്ന ഈ നോവലിസ്റ്റ് കാലത്തിനുമുമ്പേ സഞ്ചരിക്കാൻ കഴിവുള്ള ഒരു ചരിത്ര ഗവേഷകനും കൂടിയാവുന്നു.