mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

oru kasargodan ramayanam

Balakrishnan Pallaram

കാസർകോടൻ രാമായണം കരന്റ് ബുക്സ് തൃശ്ശൂർ പ്രസിദ്ധീകരിച്ച പുസ്തകം വായിച്ചു. ഒത്തിരി സന്തോഷം കാസർകോടൻ ഭാഷയുടെ സൗന്ദര്യം കൃത്യമായി രേഖപ്പെടുത്താൻ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. ആദ്യമായാണ് രാമായണം നോവൽ രൂപത്തിൽ കാണുന്നത്. കർക്കിടക മാസത്തിൽ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം വായിക്കുന്ന ആളാണ് ഞാൻ. പണ്ട് പഞ്ഞ മാസത്തിൽ വായന വിശപ്പിനെ ശമിപ്പിക്കുമായിരുന്നു. ഇന്ന് ഏറെ മാറി എങ്കിലും പുതിയ തലമുറ നമ്മളുടെ അനുഭവലോകം ഓർത്തെടുക്കുന്നതിൽ ഏറെ കൃതാർത്ഥനാണ് ഞാൻ. 

"ഇത്രേം ബില്ലെ പരീക്ഷയൊന്നും ഒരു മംഗലത്തിനും ബേണ്ടീറ്റ് ആയിക്കൂടട്ട്വൊ." അദ്ധ്യായം-1 അയോദ്ധ്യ പേജ് -21

വിശ്വാമിത്രൻ ജനകന്റെ ചെവീല് പറഞ്ഞു. ജനകൻ ചിരിച്ചു.വിശ്വാമിത്രനും ജനകനും രണ്ട് ചിന്താഗതികളാണ്. ജനകൻ പെണ്ണിന് മൂല്യം കൽപ്പിക്കുന്ന ആളും, വിശ്വാമിത്രൻ വിവാഹം എന്ന ചടങ്ങിനെ ലളിതവത്കരിക്കുന്ന ആളുമാണ്. സമകാലിക കേരളീയ സ്ത്രീ സമൂഹം വിദ്യാഭ്യാസം കൊണ്ടും, സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് കൊണ്ടും, ശക്തി കൊണ്ടും,സംഘടനാ ബലം കൊണ്ടും അവളുടെ യശ്ശസ്സ് ഉയർത്തിക്കൊണ്ടിരിക്കുന്നു. പഴയ പുകഴ്ത്തൽ രീതികളോട്, പുരുഷസമവാക്യങ്ങളോട് പൊരുത്തപ്പെടാത്ത നിരവധി സന്ദർഭങ്ങൾ നോവലിൽ കാണാം. 

സീതയുടെ കഴിവിനനുസരിച്ചാണ് അവളെ വരിക്കുന്നവന്റെ പരീക്ഷ കഠിനമായിപ്പോയതെന്ന് ജനകന്റെ വെളിപ്പെടുത്തൽ (രണ്ടാം അദ്ധ്യായം -പേജ് 28) ൽ കാണുന്നു. രാവണപുത്രിയാണ് സീതയെങ്കിലും രാവണനെക്കാൾ നിപുണയും, തേജസ്വിയുമാണെന്ന് സീതയെ വെളിപ്പെടുത്തുന്നു. മണ്ഡോദരിയുടെ പുത്രി വാത്സല്യമാണ്, ദു:ഖമാണ് സീതാന്വേഷണത്തിന് രാവണനെ പ്രേരിപ്പിച്ചതെന്ന് കൃത്യമായി നോവലിസ്റ്റ് രേഖപ്പെടുത്തുന്നു. 

"തെളീം ബറ്റും കുടിക്കാതെ ഓള് കെടക്ക്ന്ന്ണ്ട്, ഞാനെന്താക്കല്?" (തെളീം,ബറ്റും- കഞ്ഞി, കുൾത്ത്.) പേജ് -29 അദ്ധ്യായം - ലങ്ക

എന്ന പ്രയോഗം സ്വന്തം മകൾ നഷ്ടപ്പെട്ടത് മുതലുള്ള അമ്മയുടെ സങ്കടം കാസർകോടൻ മനസിനെ സ്പർശിക്കും രീതിയിൽ പകർത്തിയിരിക്കുന്നു. 

"എണെ നിന്റെ മോന രാജാവാക്ക്ന്ന? " 

(അദ്ധ്യായം-3 ഏട രാമ പൊന്ന്, പേജ് -36) ഒരു പക്ഷെ മന്ഥരയുടെ ഈ ചോദ്യം പുരുഷാധിപത്യ സമൂഹവ്യവസ്ഥിതിയോടുള്ള ചോദ്യമാണ്. കുടുംബ വ്യവസ്ഥിതിയിൽ മൂത്ത മകൻ എത്ര കൊള്ളരുതാത്തവനായാലും അവന് അവകാശം നൽകുന്ന കുടുംബത്തിനോടുള്ള വെല്ലുവിളിയാണ്.പക്ഷെ രാമൻ കൊള്ളരുതാത്തവനല്ലങ്കിലും, ജനാധിപത്യത്തിൽ മകനെന്ന ചിന്താഗതിയൊ,മൂത്തവനെന്ന ചിന്താഗതിയൊ ഇല്ലെന്ന് മന്ഥരയിലൂടെ കാണിച്ചു തരുന്നു. " സീന്തിരി " എന്ന വാക്ക് ഏറെ പ്രാധാന്യം അർഹിക്കുന്നു.കുപ്രചരണം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തെ നശിപ്പിക്കാൻ എളുപ്പമാണ്.

"എപ്പൊ ചോയ്ച്ചാലും കിട്ടുന്ന രണ്ട് വരം" എന്നത് ട്രാപ്പിംഗ് സമൂഹത്തിന്റെ വിപ്ലവോന്മുഖമായ തടഞ്ഞു നിർത്തലാണ്. തുല്യതയുടെ ത്രാസ് അളക്കാൻ നിയോഗിക്കപ്പെട്ട സമൂഹം മറ്റൊരു തലത്തിൽ അന്ധരായി പോവുകയാണ്.ചാതുർവർണ്യ വ്യവസ്ഥിതിയെ ശക്തമായി ചോദ്യം ചെയ്യാൻ ഒരു കാസർകോടൻ രാമായണം തയ്യാറാകുന്നു.ഭരതൻ ഭരണകാര്യങ്ങളിൽ വിജയിച്ചിരുന്നൊ എന്നത് പ്രശ്നമല്ല, പ്രസക്തമല്ല. സീതയുടെ പ്രശ്നം തന്നെയാണ് അയോദ്ധ്യയുടെ പ്രശ്നവും. 

" ഓളൊരു പൗറ് " അദ്ധ്യായം -ലങ്ക പേജ് 44

സുമന്ത്രർ കൈകേയിയെ കുറിച്ച് ചിന്തിക്കുന്നതാണിത്."പൗറ്" എന്ന പദം കാസർകോടിന് സ്വന്തമാണ്. ഗമ,ഗ്ലാമർ എന്നീ പുതിയ കാല പദങ്ങളുമായി ഇതിന് ബന്ധമുണ്ട്. ഗ്ലാമർ എന്നത് ക്രിത്രിമമെന്നും അത് ശാശ്വതമല്ലെന്നും എന്ന തിരിച്ചറിവിലേക്ക് ഭരതന്റെ സിംഹാസനാരോഹണം തെളിയിക്കുന്നുണ്ട്. കാസർകോടൻ രാമായണത്തിൽ ആദിമ മനുഷ്യനും ആധുനിക മനുഷ്യനും ഉണ്ടാക്കിയെടുത്ത സംസ്കാരം വിലയിരുത്തപ്പെടുന്നുണ്ട്. 

" ഏട മപ്പാനു,?, ചിങ്ങാണു, ചന്താച്ചി, മൊള കൊത്ത്, കോർത്ത് കെട്ട്, നാള പോമ്പഴേക്ക് ചങ്ങാടം പൊഴേല് കാണണം."(അദ്ധ്യായം-4, ആശ്രമം,കാട്,മരം,പുഴ) ഗുഹനെന്ന ആദിമ മനുഷ്യന്റെ ആദിത്യ മൈര്യാദയും, ദശരഥനോടുള്ള കടപ്പാടും ഇവിടെ വെളിവാകുന്നു. ഗുഹന്റെ ആഞ്ജ രാമലക്ഷ്മണസീതമാരെ സുരക്ഷിതമായ സ്ഥലത്തെത്തിക്കുന്നു.

പക്ഷികൾ, മൃഗങ്ങൾ,മനുഷ്യർ എന്നീ ആവാസവ്യവസ്ഥയിലെ ശാസ്ത്രീയ ജീവിത വ്യവസ്ഥിതിയെ മനസിലിക്കാൻ ഒരു കാസർകോടൻ രാമായണം എന്ന നോവൽ പ്രസക്തമാണ്.ദേവാസുര സങ്കൽപങ്ങളും ഉൾച്ചേർന്ന ഈ പുസ്തകം മാനവരാശിയുടെ അതിജീവനചരിത്രം വെളിപ്പെടുത്തുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ