തന്റേതായ ശൈലിയിൽ രചനകൾ രചിച്ചുകൊണ്ട് മലയാളികൾക്കിടയിൽ ഹാസ്യസാമ്രാട്ട് എന്ന പദവിയിലേക്ക് ഉയർന്നുവന്ന എഴുത്തുകാരണാണ് ശ്രീ വൈക്കം മുഹമ്മദ് ബഷീർ. സാധാരണക്കാരുടെ ഭാഷയും ചുറ്റുമുള്ള കഥാപാത്രങ്ങളുംമായിരുന്നു അദ്ദേഹത്തിന്റെ രചനകളിലെ പ്രധാന ആകർഷണം. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ചെറുകഥയാണ് "തേന്മാവ്." പേര് സൂചിപ്പിക്കുന്നതുപലെ തന്നെ ഒരു "തേൻമാവാണ്" കഥയിലെ കേന്ദ്രബിന്ദു. മിക്ക കൃതികളിലെയും പോലെ തന്നെ ബഷീറും ഈ കഥയിൽ ഒരു കഥാപാത്രമാണ്.
തേന്മാവിനെ വളരെയധികം സ്നേഹിക്കുന്ന അതിന്റെ ഉടമസ്ഥർ റഷീദ് അസ്മയും, അവരുടെ ജീവിതത്തിൽ തേന്മാവിന്റെ സ്ഥാനവും, അവർക്ക് തേന്മാവ് ലഭിക്കുവാൻ ഉണ്ടായ സാഹചര്യവും ബഷീറിനോട് വിവരിക്കുന്ന രീതിയിലാണ് തേൻമാവ് എന്ന കൃതി രചിച്ചിരിക്കുന്നത്.
റഷീദ് ചെറുപ്പത്തിൽ തന്റെ സഹോദരനായ പോലീസ് ഓഫീസറെ കാണാൻ ദൂരെയുള്ള പട്ടണത്തിൽ പോയി. കടുത്ത വേനലായിരുന്നു. വഴിമധ്യേ എൺപതുവയസ്സുള്ള ഒരു വൃദ്ധൻ തളർന്നുകിടക്കുന്നത് റഷീദ് കണ്ടു. അയാൾ വെള്ളത്തിനുവേണ്ടി യാചിച്ചിരുന്നു.
റഷീദ് തൊട്ടടുത്തുള്ള ഒരു വീട്ടിൽക്കയറി വെള്ളംചോദിച്ചു. വീടിന്റെ പൂമുഖത്ത് ഒരുസ്ത്രീ പത്രം വായിച്ചുകൊണ്ടിരുന്നു. വിവരമറിഞ്ഞ ആ സ്ത്രീ ഒരു ഗ്ളാസ് വെള്ളവുമായി റഷീദിനെ സഹായിക്കാനായി ഒപ്പമെത്തി. അസ്മ എന്നായിരുന്നു ആ യുവതിയുടെ പേര്. രണ്ടുപേരും ചേർന്ന് വെള്ളം വൃദ്ധന് നൽകി. യൂസുഫ് സിദ്ധിഖ് എന്നായിരുന്നു വൃദ്ധന്റെ പേര്. അയാൾ ഒരു അനാഥനായിരുന്നു.
ഗ്ളാസിലെ പകുതിവെള്ളം അയാൾ കുടിക്കുകയും പകുതിവെള്ളം തൊട്ടടുത്തുനിന്നിരുന്ന ഒരു മാവിൻതൈയുടെ ചുവട്ടിലേക്ക് ഒഴിക്കുകയുംചെയ്തു. തുടർന്ന് വൃദ്ധൻ മരണത്തിനുകീഴടങ്ങി. റഷീദ് തന്റെ സഹോദരനായ പോലീസ് ഓഫീസറെ വിളിച്ച് വൃദ്ധന്റെ സംസ്കാരത്തിനുവേണ്ട കാര്യങ്ങൾചെയ്തു.
ആ മാവിൻതൈയ്ക്ക് എന്നും വെള്ളമൊഴിക്കാൻ അസ്മ ശ്രദ്ധിച്ചിരുന്നു. കുറച്ചുനാൾ കഴിഞ്ഞ് അസ്മയും റഷീദും വിവാഹിതരായി. ആ മാവിൻതൈ അവൾ ഒപ്പംകൂട്ടി. ആ ചെറിയ മാവിൻതൈ വളർന്ന് ഒരു വലിയ തേന്മാവായിമാറി. അതിൽനിറയെ തേൻരുചിയുള്ള മാങ്ങകളുണ്ടായി.
ഒരു മാമ്പഴക്കാലത്ത് ആ മാവിൻചുവട്ടിൽവെച്ചാണ് ബഷീറിനോട് റെഷീദ് ആ മാവിന്റെ കഥപറയുന്നത്. ബഷീറിന് അത് നന്നായി ഇഷ്ടപ്പെട്ടു.
മനുഷ്യൻ മാത്രമല്ല ഈ ഭൂമിയിലെ ജീവജാലങ്ങളെല്ലാം ഭൂമിയുടെ അവകാശികളാണ് എന്ന് എപ്പോഴും പറയുന്ന ബഷീർ ഈ കഥ വായിക്കുന്ന ഓരോ വ്യക്തിയും ഒരു വൃക്ഷത്തൈ എങ്കിലും നടണം എന്ന് മനസ്സിൽ വിചാരിചിട്ടുണ്ടാകാം. ഒരു എഴുത്തുകാരൻ എന്നതിലുപരി ഭൂമിയെ ഒരുപാട് സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ബഷീർ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അദ്ദേഹം ഈ കൃതിയിലൂടെ.