വൈക്കം മുഹമ്മദ് ബഷീറിന്റെ 'ജന്മദിനം' എന്ന ചെറുകഥ വായിച്ചു. അദ്ദേഹത്തിന്റെ മറ്റെല്ലാ രചനകളെയും പോലെ തന്നെ വളരെ മനോഹരമായ ഒരു ചെറുകഥ. പച്ചയായ യാഥാർഥ്യങ്ങൾ വായനക്കാർക്ക് ദഹിക്കുന്ന ഭാഷയിൽ അവരിൽ എത്തിക്കാൻ കഴിയുന്ന ബഷീറിന്റെ കഴിവ് പ്രശംസനീയമാണ്.
'ജന്മദിനം' മകരം എട്ടാം തിയ്യതി. ബഷീറിന്റെ ജന്മദിനമായ അന്നേദിവസം ഉറക്കം ഉണർന്നതുമുതൽ രാത്രി വരെയുള്ള സംഭവവികാസങ്ങൾ ഒരു ചെറുകഥാരൂപത്തിൽ വായനക്കാരിലേക്ക് എത്തിച്ചിരിക്കുകയാണ് അദ്ദേഹം. നുറുങ്ങു ഹാസ്യം ആവോളം ഉള്ള ഈ ചെറുകഥയിൽ ഹാസ്യത്തിലൊളിപ്പിച്ച യാഥാർഥ്യങ്ങളാണ് എന്നെ സ്പർശിച്ചത്.
കഴിഞ്ഞു പോയ ദിവസങ്ങളിൽ നിന്നും ഒട്ടും വ്യത്യാസമല്ലാത്ത ഒരു ദിവസം. എന്നാൽ ഇന്ന് ബഷീറിന്റെ ജന്മദിനമാണ്. ഇന്നേ ദിവസമെങ്കിലും ആരോടും കടം പറയാതെ ആരിൽ നിന്നും ഇരന്നു വാങ്ങാതെ വിശപ്പടക്കണം. ജന്മദിനമാണല്ലോ! ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ പെട്ട് ചായ കുടിയ്ക്കാൻ പോലും കാലണ കൈയിൽ ഇല്ലാതെ വിപ്ലവം പറഞ്ഞും പ്രവർത്തിച്ചും നടക്കുന്ന തന്റെ ജന്മദിനത്തിൽ കടന്നു പോകുന്ന ഓരോ മണിക്കൂറും വരികളിലൂടെ വായിച്ചെടുത്തപ്പോൾ ഞാൻ ഏറെ ചിന്താകുലനായി.
ദരിദ്രന്റെ നിർവികാരതയും ധനികന്റെ ആഡംബര ജീവിതവും ഒരു തുലാസിന്റെ രണ്ടറ്റത്തു കോർത്ത് വായനക്കാർക്ക് അളന്നു തിട്ടപ്പെടുത്താൻ വിട്ടു തന്നിരിക്കുകയാണ് ബഷീർ. മെതിയടി വിൽക്കാൻ വന്ന രണ്ടുകുട്ടികൾ എന്റെ ഉള്ളിൽ ചെറു നോവ് പൊടിയിച്ചപ്പോൾ അച്ഛനമ്മമാരുടെ വിയർപ്പിന്റെ വിലകൊണ്ട് ദൂർത്തടിക്കുന്ന സ്കൂൾ കുട്ടികൾ എന്റെ ഉള്ളിൽ തീക്കനൽ കോരിയിട്ടു.
വിശപ്പിന്റെ വിലയോളം വലുതല്ല ഈ ഭൂമിയിൽ മറ്റൊന്നിനും എന്ന് ബഷീർ പറയാതെ പറഞ്ഞു. തന്റെ ജന്മദിനത്തിൽ കടം പറയാതിരുന്നിട്ടും ആരുടേയും പങ്കു പറ്റാതിരുന്നിട്ടും ഒടുവിൽ ഒരു ചാൺ വയറിന്റെ വിശപ്പടക്കാൻ കള്ളനാവേണ്ടി വന്നു. ആരും കണ്ടില്ല എങ്കിലും തന്റെ മനസാക്ഷിയ്ക്കു മുന്നിൽ ബഷീർ കള്ളനായി.
'ജന്മദിനം' അതൊരു ഓർമപ്പെടുത്തലാണ്.. ബഷീർ ആശംസിച്ചതുപോലെ പ്രതീക്ഷകളുടെ നല്ലൊരു നാളെ പുലരട്ടെ...